MediaAppUSA

സമുദ്രതരണം (രാമായണ മാസം-ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 10 August, 2022
സമുദ്രതരണം (രാമായണ മാസം-ദുര്‍ഗ മനോജ് )


             സുന്ദരകാണ്ഡം ഒന്നു മുതല്‍ മുപ്പതു വരെ സര്‍ഗം
(ഹനുമാന്റെ സമുദ്രതരണവും സീതയെ കണ്ടെത്തലുമാണ് ഇവിടെ പ്രതിപാദ്യം)

സമുദ്രതരണം ചെയ്യാന്‍ ഹനുമാന്‍ തയ്യാറായി. സൂര്യനും മഹേന്ദ്രനും, പവനനും, വിരിഞ്ചനും, ഭൂതങ്ങള്‍ക്കും കൈകൂപ്പി, പുറപ്പെടാന്‍ ഒരുങ്ങി. പിന്നെ താതനായ പവനനെ സ്മരിച്ചു തെക്കു ദിക്കിലേക്കു ചാടുവാന്‍ തയ്യാറായി. മലയോളം വളര്‍ന്ന്, ആകാശത്തേക്കുയര്‍ന്ന്, നൂറു യോജന ദൂരത്തേക്കായി ആ കപീന്ദ്രന്‍ യാത്രയായി. വായു മാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍ ഇക്ഷ്വാകുവംശ സഗരനാല്‍ വളര്‍ത്തപ്പെട്ട സാഗരം,  രാമനു വേണ്ടി സീതയെ അന്വേഷിക്കുന്ന ഹനുമാന് എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ട് എന്നും. അതിനായി സമുദ്രത്തിനടിയിലെ ഗിരി, മൈനാകത്തോട് ഉയര്‍ന്നു പൊങ്ങുവാനും ഹനുമാനു യാത്രാവേളയില്‍ വിശ്രമിക്കുവാന്‍ സൗകര്യമൊരുക്കുവാനും ആവശ്യപ്പെട്ടു. എന്നാല്‍ യാത്രാമധ്യേ കാണപ്പെട്ട പര്‍വ്വതം തന്റെ വഴിമുടക്കുകയാണെന്നാണ് ഹനുമാന്‍ ആദ്യം ധരിച്ചത്. തന്നെ സ്വീകരിക്കുവാന്‍ ഒരുങ്ങി നില്‍ക്കുകയാണ് മൈനാകം എന്നറിഞ്ഞ്, അങ്ങോട്ടു പോകുമ്പോള്‍ വിശ്രമിക്കുവാന്‍ നിവര്‍ത്തിയില്ലെന്ന് അറിയിച്ചു ഹനുമാന്‍, മുന്നോട്ടു പ്രയാണം തുടര്‍ന്നു.

ഈ സമയം മഹര്‍ഷിമാരും സിദ്ധന്മാരും നാഗമാതാവായ സുരസയോടു പറഞ്ഞു, ഹനുമാന്‍ എപ്രകാരം തടസങ്ങള്‍ നേരിടുമെന്നറിയുവാന്‍ ഞങ്ങള്‍ക്കു താത്പര്യമുണ്ട്. അതിനാല്‍ വായുപുത്രനെ വഴിയില്‍ തടയുക എന്ന്. അപ്രകാരം സുരസ ചെയ്തു. അവള്‍ ഹനുമാന്റെ പാതയില്‍ തടസം സൃഷടിച്ചു നിന്നു. എന്നാല്‍ അവളെ സമര്‍ത്ഥമായി കബളിപ്പിച്ചു ഹനുമാന്‍ മുന്നോട്ടു പോയി. പിന്നീടു നേരിടേണ്ടി വന്നത് ഛായയെ പിടികൂടി ആളെ നശിപ്പിക്കുന്ന സിംഹികയെ ആയിരുന്നു. അവളുടെ പെരുത്തവായില്‍ ചെറിയ രൂപമായി പ്രവേശിച്ച് പിന്നെ ആകാശത്തോളം വലുതായി അവളെ പിളര്‍ന്നു കൊന്നുകൊണ്ട് ഹനുമാന്റെ യാത്ര തുടര്‍ന്നു.അങ്ങനെ ലങ്കയില്‍ എത്തിയ കപിയ്ക്ക് എവിടെ സീതയെ തിരയണമെന്ന് സംശയമായി.  സ്വന്തം വാനരരൂപം മാറി ലങ്കാപുരിയില്‍ പ്രവേശിച്ചു. എന്നാലോ ലങ്കാലക്ഷ്മിയുടെ കണ്ണുവെട്ടിക്കുവാന്‍ ആര്‍ക്കു സാധിക്കും? ഒരു കുരങ്ങന്‍ ലങ്കയില്‍ കടന്നിരിക്കുന്നതു കണ്ട് ക്രുദ്ധയായ ലങ്കാലക്ഷ്മി ഹനുമാനെ തല്ലി. തിരികെ ഇടതു കൈ കൊണ്ടു ലങ്കാലക്ഷ്മിയുടെ മുഖത്ത് ഹനുമാനും ആഞ്ഞിടിച്ചു. അതേറ്റ് നിലത്തു വീണ ലങ്കാലക്ഷ്മി ഹനുമാനോടു പറഞ്ഞു, 'ഇതു ബ്രഹ്‌മാവ് പറഞ്ഞിട്ടുള്ളതാണ്. ലങ്കയുടെ പതനം ആരംഭിച്ചിരിക്കുന്നു. ഞാന്‍ തടയുന്നില്ല. നിനക്ക് ലങ്കയില്‍ കടക്കാം.'
ഹനുമാന്‍ ലങ്കയെന്ന അത്ഭുതലോകത്തിലേക്കു കടന്നു. ദേവലോകസമമായ അവിടെ എവിടേയും സീതയെ കണ്ടെത്താനായില്ല. അന്തഃപുരത്തിലെ അനേകശതം നാരിമാരിലും സീതയെ കണ്ടത്താനാകാതെ, ഹനുമാന്‍ അശോകവനികയില്‍ പ്രവേശിച്ചു. അവിടെ ഒരു വലിയ അശോകമരത്തിനു കീഴില്‍ മലിന വസ്ത്രത്തോടെ ഉപവാസത്താല്‍ തളര്‍ന്നവളും ശോകത്താല്‍ മൃതപ്രായയെന്നു തോന്നുന്നവളുമായ സീതയെ ഹനുമാന്‍ തിരിച്ചറിഞ്ഞു. രാക്ഷസികളാല്‍ ചുറ്റപ്പെട്ട സീതയുടെ മുന്നിലേക്ക് ഉടന്‍ പ്രത്യക്ഷപ്പെടാന്‍ മടിച്ച് പിറ്റേന്നു പുലരുവാന്‍ ആ മരത്തില്‍ ഒളിച്ചിരുന്നു.
പിറ്റേന്നു രാവിലെ തന്നെ രാവണന്‍ നൂറുതോഴിമാരുമൊത്ത് അവിടെത്തി.പ്രലോഭനങ്ങള്‍ക്കു വശംവദയാകാത്തപക്ഷം രണ്ടു മാസങ്ങള്‍ക്കൂടി കാത്ത ശേഷം പാചകക്കാര്‍ക്കു പ്രാതലൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഭീഷണിപ്പെടുത്തി അവന്‍ മടങ്ങി.
സീതയ്ക്കു ചുറ്റുമിരുന്ന അരക്കികള്‍, ഇനിയും കാത്തിരിക്കേണ്ടതില്ല ഇപ്പോള്‍ തന്നെ കൊന്നുതിന്നാമിവളെ എന്ന നിലയില്‍ സീതയെ ഭയപ്പെടുത്തി. എന്നാല്‍ ത്രിജട എന്ന വൃദ്ധയായ രാക്ഷസി മറ്റു രാക്ഷസിമാരെ ചീത്ത പറഞ്ഞു കൊണ്ട് ഇപ്രകാരം പറഞ്ഞു, 'ലങ്കക്ക് ആപത്ത് അടുത്തിരിക്കുന്നു. സീതയെ അപഹരിച്ചതോടെ ലങ്ക മുടിഞ്ഞു.രാമന്‍ സീതയെ നേടും രാവണനെ കൊല്ലും.' അരക്കികളുടെ ഭയപ്പെടുത്തലിലും രാവണന്റെ കാമ ചിന്തയിലും തളര്‍ന്ന് ഇതിലും ഭേദം പ്രാണത്യാഗം തന്നെയെന്നു സീതയും ചിന്തിച്ചു. അവള്‍ രാമനെ ഓര്‍ത്തു. പൊടുന്നനെ ചില ശുഭശകുനങ്ങള്‍ കണ്ടുതുടങ്ങി. സീതയുടെ ഇടം കണ്ണു തുടിച്ചു, ഇടം കൈ തുടിച്ചു, ശുഭസൂചന നല്‍കി. ഇത്രയുമായപ്പോള്‍ ഹനുമാന്‍ ഇനിയും വൈകിക്കാതെ സീതയെ രാമവൃത്താന്തമറിയിക്കുവാന്‍ നിശ്ചയിച്ചു.

സാരാംശം

അസാധ്യമെന്ന ഒന്ന് സാധ്യമാക്കുന്ന മാരുതിയാണ് ഈ അദ്ധ്യായം ഉജ്വലമാക്കുന്നത്. ഇടയ്ക്കുണ്ടാകുന്ന തടസങ്ങള്‍ നിഷ്പ്രഭങ്ങളാകുന്നു. ഒന്നറിയാം. ജീവിതം ഒരു സമുദ്രതരണം പോലെ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അതു മറികടക്കേണ്ടത് സ്വന്തം ആത്മവിശ്വാസത്തിലൂന്നിയാണ്. അതായത് ഹനുമാന്‍ മുന്നോട്ടു കുതിക്കുമ്പോള്‍ സ്വന്തം ശക്തിയിലെ വിശ്വാസം മാത്രമാണ് അതിനു തുണയാകുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക