Image

അൽബുക്കർക്ക് കൊലകൾ വിദ്വേഷ കുറ്റകൃത്യമായി കാണാൻ തെളിവില്ലെന്നു പൊലീസ് 

Published on 10 August, 2022
അൽബുക്കർക്ക് കൊലകൾ വിദ്വേഷ കുറ്റകൃത്യമായി കാണാൻ തെളിവില്ലെന്നു പൊലീസ് 

see also: https://indialife.us/article.php?id=187407

ന്യൂ മെക്സിക്കോയിലെ അൽബുക്കർക്ക് നഗരത്തിൽ നാലു മുസ്ലിംകൾ കൊല്ലപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് സയിദ്   അഫ്ഘാൻ വംശജനാണെന്നു പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബർ മുതൽ കൊല്ലപ്പെട്ട നാലു പേരിൽ രണ്ടു പേർ അഫ്ഘാൻ വംശജരും രണ്ടു പേർ പാക്കിസ്ഥാനികളുമാണ്. 

ജൂലൈ 26നു അഫ്‌താബ്‌ ഹുസൈൻ എന്നയാളെയും ഓഗസ്റ്റ് 1 നു മുഹമ്മദ് അഫ്സൽ ഹുസൈനെയും വധിച്ച കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതിനു വ്യക്തമായ തെളിവ് കിട്ടി. കഴിഞ്ഞ നവംബറിൽ മുഹമ്മദ് സാഹിർ അഹ്മദിയെയും ഓഗസ്റ്റ് 5 നു നയീം ഹുസൈനെയും വധിച്ചതും ഇയാൾ തന്നെയാണെന്ന് പൊലീസ് കരുതുന്നു. 

ആ വഴിക്കാണ് ഇപ്പോൾ അന്വേഷണം. സുന്നി മുസ്ലിമായ പ്രതിയുടെ മകളെ ഷിയാ വിഭാഗത്തിൽ പെട്ട ഒരാൾ വിവാഹം കഴിച്ചതിന്റെ പ്രതികാരമായാണ് കൊലകൾ നടത്തിയതെന്ന നിഗമനവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് പ്രസ്താവനയിൽ ഇങ്ങിനെ പറയുന്നുണ്ട്: "വ്യക്തി വൈരാഗ്യമാവാം കൊലയ്ക്കു കാരണം എന്ന സൂചനയുണ്ട്. ഇരകളെ കൊലയാളിക്ക് അറിയാമായിരുന്നു എന്നതിനു തെളിവ് കിട്ടി."  

കൊല്ലപ്പെട്ട നയീം ഹുസൈൻ ആയിരുന്നു വരൻ എന്ന പാക്ക് മാധ്യമ വാർത്തകൾക്കും പോലീസിന്റെ  സ്ഥിരീകരണമില്ല. 
 
അന്വേഷണത്തിൽ പ്രതിയുടെ രോഷകാരണമായി പറയുന്ന പ്രശ്നം കണക്കിലെടുത്തിട്ടുണ്ടെന്നു ന്യൂ മെക്സിക്കോ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് അഹ്മദ് അസദ് സ്ഥിരീകരിച്ചു. എന്നാൽ വിശദ വിവരങ്ങൾ ലഭ്യമല്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മരിച്ചവരിൽ ഒരാൾ സുന്നി മുസ്ലിമാണു താനും. 

വിദ്വേഷ കുറ്റകൃത്യമായി ഇതിനെ കാണാൻ ഇപ്പോൾ കാരണമില്ലെന്നു പൊലീസ് ചീഫ് ഹരോൾഡ് മെദിന പറഞ്ഞു. 

മുസ്ലിം സമുദായത്തിൽ പെട്ടവരെ ഭീതിയിലാഴ്ത്തിയ കൊലപാതകങ്ങൾക്ക് ശേഷം സമുദായ അംഗങ്ങൾ തന്നെയാണ് അന്വേഷണം തുടങ്ങിയപ്പോൾ പൊലീസിനു സൂചനകൾ നൽകിയത്. പൊലീസ് സയിദിനെ തേടി വീട്ടിൽ എത്തിയപ്പോൾ അയാൾ പലായനം ചെയ്തു. സാന്താ റോസയിൽ നിന്നാണ് പിടികിട്ടിയത്. 

പ്രതിയെ പിടിക്കാൻ വിവരം നൽകുന്നവർക്ക് $10,000 പ്രതിഫലം പ്രഖ്യാപിച്ചിരുന്ന കൌൺസിൽ ഓഫ് അമേരിക്കൻ-ഇസ്ലാമിക്ക് റിലേഷൻസ് (സി എ ഐ ആർ) അറസ്റ്റിൽ സന്തോഷം രേഖപ്പെടുത്തി. പൊലീസിന് നന്ദിയും പറഞ്ഞു. "ന്യൂ മെക്സിക്കൻ മുസ്ലിം സമൂഹത്തിനു കുറച്ചു ആശ്വാസവും സുരക്ഷാ ബോധവും ലഭിക്കും," അവർ പറഞ്ഞു. 

എന്നാൽ ഷിയാ സമൂഹത്തെ കൊലയാളി ലക്‌ഷ്യം വച്ച് എന്നതു തീർത്തും അസ്വീകാര്യമാണെന്നു അവർ പറഞ്ഞു. അത് ശരിയാണെങ്കിൽ വിദ്വേഷ കുറ്റം ചുമത്തണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക