Image

കാൾ  മാർക്സിന്റെ ആശയ സ്വപ്‌നങ്ങൾ (ജെ.എസ്. അടൂർ)

Published on 10 August, 2022
കാൾ  മാർക്സിന്റെ ആശയ സ്വപ്‌നങ്ങൾ (ജെ.എസ്. അടൂർ)

കൗമാരകാലങ്ങളിൽ കൂടുതൽ വായിച്ചത് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയും മാർക്‌സും എങ്കൽസും ലെനിനും ഈ എം എസും മൊക്കെയാണ്. ആ വായനകൾ പല രീതിയിൽ ഇന്നും തുടരുന്നു. എന്റെ പുസ്തക ശേഖരത്തിൽ മാർക്സിന്റെയും മാർക്സിനെകുറിച്ചും കുറഞ്ഞത് നൂറു പുസ്തകങ്ങൾ കാണും. ഈ എം എസിന്റെ സമ്പൂർണ കൃതികളുമുണ്ട്. എന്നെ സ്വാധീനിച്ച വിചാരധാരകളിൽ പ്രധാനമാണ് മാർക്സിയൻ ആശയങ്ങളിൽ ചിലത്.
ഓരോ പുസ്തകങ്ങളും വായിക്കുന്നതു അതു എഴുതപെട്ട കാലത്തെ സാഹചര്യത്തിലും അതിന്റ വർത്തമാനകാല പ്രസക്തിയിലുമാണ്. ഓരോ ആശയങ്ങളും ആശയവ്യൂഹങ്ങളും മനസ്സിലാക്കേണ്ടത് ആശയങ്ങളുടെയും അവയുടെ രാഷ്ട്രീയ -സാമൂഹിക സാമ്പത്തിക ചരിത്രത്തിലൂടെയും അവയുടെ സമകാലിക പരിസരങ്ങളിലുടെയാണ്.
അല്ലാതെ അതു എഴുതിയാൾ എല്ലാ ദിവസവും കുളിക്കുമോ എത്ര കുട്ടികളുടെ പിതാവായിരുന്നു, എത്ര സ്ത്രീകളുമായി രമിച്ചിരുന്നു എന്നതിലല്ല. ആശയങ്ങളെ അറിയാതെ, ഒരാൾ എഴുതിയത് വായിക്കാതെ, അയാളുടെ വ്യക്തികാര്യങ്ങളുടെ ഗോസിപ്പ് കൊളങ്ങൾ മാത്രം വായിച്ചു പറയുന്നത് ആശയ ദാരിദ്ര്യമുള്ളവരാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ  യന്ത്രവൽകൃത
വ്യവസായികവൽക്കാരണത്തിന്റെ പശ്ചാത്തലത്തിൽ നടന്ന അമാനവൽക്കരണത്തെകുറിച്ച് പല രീതിയിൽ പലരും എഴുതിയിട്ടുണ്ട് . കാൾ മാർക്സിനെക്കാൾ ഒരു കൊല്ലം മുമ്പ് ജനിച്ചു 59 വയസ്സ് മാത്രം ജീവിച്ച ചാൾസ് ഡിക്കൻസിന്റെ നോവലുകൾ പത്തൊമ്പതാം  നൂറ്റാണ്ടിലെ ഇഗ്ലൻഡിലെ കൊളോണിയൽ വ്യവസയികവൽക്കരണത്തിന്റെ നിഷ്ടൂരതകളുടെ നേർകാഴ്ച്ചകളാണ് .
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തുശ്ച കൂലിയിൽ കൊച്ചു കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ ചൂഷണം ചെയ്യുപ്പെടുന്നതിന്റ സാമൂഹിക ചരിത്രം കൂടിയാണ് . ഒലിവർ ട്വസ്റ്റ്, ഹാർഡ് ടൈമ്സ് ഒക്കെ ഇപ്പോൾ വായിക്കുമ്പോഴും നരകതുല്യതയിൽ ജീവിച്ചിരുന്ന മൃഗങ്ങളെക്കാൾ കഷ്ട്ടത്തിൽ ജീവിച്ചവരെ ഓർമ്മിപ്പിക്കുന്നു.
അങ്ങനെ തൊഴിലാളികൾ ഏറ്റവും ദുരിതപൂർണ്ണമായി, ചൂഷിതരായി, മൃഗതുല്യമായി ജീവിച്ച കാലത്താണ് കാൾ മാർക്സ് ജീവിച്ചതും വായിച്ചതും എഴുതിയതും. അതുപോലെ കോളനികളിൽ വെള്ളക്കാരുടെ നിഷ്ട്ടൂര സാമ്രജ്യത്വം ജനതകളെ അടിച്ചമർത്തിയകാലം. ആഫ്രിക്കയിലെ മനുഷ്യരെ ചങ്ങലക്കിട്ടു അടിമകളാക്കി വിറ്റിരുന്ന പത്തൊൻപതാം നൂറ്റാണ്ടിലാണ് മാർക്സ് ജീവിച്ചത്.
അടിമ നുകത്തിൽ രാപ്പകൽ പണി എടുത്തു മരിക്കാൻ വിധിക്കപെട്ട തൊഴിലാളികളുടെ നരകയാതന മനസ്സിലാക്കിയ സാഹചര്യത്തിലാണ് കാൾ മാർക്സ് ചിന്തിച്ചതും എഴുതിയതും.
1818 മെയ്‌ 5 നു ജനിച്ചു 1883 മാർച്ച്‌ 14 വരെ ജീവിച്ച കാൾ മാർക്സ് പത്തൊമ്പതാം നൂറ്റാണ്ടിലെ എല്ലാ മാനവിക നിഷ്ട്ടൂരതകളും കൊളോണിയൽ സാമ്രാജ്യത്തവു മനസ്സിലാക്കി ജീവിച്ചു ആക്ടിവിസ്റ്റ് ചിന്തകനായിരുന്നു.  അദ്ദേഹം ജീവിച്ചത് 65 വർഷങ്ങൾ മാത്രമാണ്.  അതിൽ 50 വർഷങ്ങളിൽ അധികം വായിക്കാനാണ് ഉപയോഗിച്ചത്.,
1849 മുതലുള്ള  34 കൊല്ലം ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിലാണ് വായിച്ചത്. കാൾ മാർക്സ് എഴുതിയതിൽ കൂടുതൽ ചിന്ത കുറിപ്പുകളും. ഇരുപത്തി മൂന്നാമത്തെ വയസ്സിൽ ഡോക്റ്ററേറ്റ് നേടിയ മാർക്സ് ആദ്യമെഴുതിയത് ചെറിയ നോവലും ചെറുകഥകളും കവിതകളുമൊക്കെയാണ്. അദ്ദേഹത്തിന്റെ എഴുത്തുകളിൽ പലതിലും കാവ്യത്മക ഭാഷയും ഭാവനയും കാണാം.
എഴുതിയതിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടത് 1848 ൽ (മുപ്പതു വയസ്സിൽ ) ഫെഡ്രിക് എങ്കൽസിനോടൊപ്പം എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ്. അതു എഴുതിയത് അന്നുണ്ടായിരുന്ന കമ്മ്യുണിസ്റ്റ് ലീഗിന് വേണ്ടിയാണ്. ആദ്യം ഫെഡ്രിക് എൻഗൽസിനോടാണ് കമ്മ്യുണിസ്റ്റ് ലീഗിന്റെ ഒരു നയ വിശ്വാസ രേഖയുണ്ടാക്കാൻ ആവശ്യപ്പെട്ടത്. പിന്നീട് എൻഗൽസ് മാർക്സിന്റെ സഹായമാവശ്യപെട്ടു. അതു അനുസരിച്ചു അവർ ചർച്ചകൾ ചെയ്തു മാർക്സാണ് മാനിഫെസ്റ്റോ ഓഫ് കമ്മ്യൂണിസ്റ് പാർട്ടി എന്ന പേരിൽ ഒരു ചെറിയ രേഖ എഴുതി 1848 ൽ ജർമ്മൻ ഭാഷയിൽ എഴുതി ലണ്ടനിൽ പ്രസിദ്ധീകരിച്ചത്.  ഇതും പിന്നെ മൂലധനത്തിന്റ ഒന്നാം വോളിയവുമാണ് മാർക്സിന്റെ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകൾ.
1844ൽ എഴുതിയ ഇക്കോണമിക് ആൻഡ് ഫിലോസഫിക്കൽ മാനുസ്ക്രീപ്റ്റ് മാർക്സിറ്റ് ചിന്തധാരയുടെ ആദ്യ പ്രകാശനങ്ങളാണ്. പക്ഷെ അതുൾപ്പെടെ പല പ്രധാന കുറിപ്പുകളും പ്രസിദ്ധീകരിച്ചത് ഇരുപതാം നൂറ്റാണ്ടിലാണ്.
 മാർക്സ് ജീവിച്ചിരുന്ന കാലത്ത് ആളുകൾ കൂടുതൽ വായിച്ചത് വിവിധ പത്രങ്ങൾക്ക് വേണ്ടിയുള്ള ലേഖനങ്ങളാണ്. മാർക്സ് ജീവിച്ചിരുന്നപ്പോൾ താരതമ്യേന ചെറിയ ഒരു സുഹൃത് വലയത്തിൽ മാത്രമറിഞ്ഞിരുന്നയാളാണ്.1883 ൽ നോർത്ത് ലണ്ടനിലെ സെമിത്തെരിയിൽ അദ്ദേഹത്തിന്റ സംസ്കാരത്തിൽ പങ്കെടുത്തത് കുടുമ്പത്തിലുള്ളവരും സുഹൃത്തുക്കളുമായി മുപ്പതിൽ താഴെയാളുകളാണ്. ഇപ്പോൾ അവിടെ കാണുന്ന മാർക്സിന്റ കുടിരവും പ്രതിമയുമൊക്കെ 1954 ൽ ലണ്ടനിലെ മാർക്സ് മെമ്മോറിയൽ കമ്മറ്റി സ്ഥാപിച്ചതാണ്.
മാർക്സ് ലോകത്തെങ്ങും പ്രശസ്തി നേടിയതും വായിക്കപ്പെടാൻ തുടങ്ങിയതും  ലെനിന്റെ നേതൃത്വത്തിൽ 1917ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവത്തിനു ശേഷവും സോവിയറ്റ് കമ്മ്യൂണിസ്റ് പാർട്ടിയുടെ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ് ആശയപ്രചാരണ പരിപാടികളിലൂടെയുമാണ്‌
കഴിഞ്ഞ ഇരുനൂറ് വർഷങ്ങളിലെ ബൌദ്ധീക ചരിത്രത്തിലെ ആശയ വിശകലന പരിസരത്തിൽ കാൾ മാർക്സിന്റെ സാമ്പത്തിക- രാഷ്ട്രീയ, സാമൂഹിക ചരിത്ര വിശകലനങ്ങൾ പ്രകാശ ഗോപുരങ്ങളാണ്.മാർക്സ് നടത്തിയ ചരിത്ര, സാമ്പത്തിക രാഷ്ട്രീയ വിശകലനങ്ങൾ ഇന്നും സാമൂഹിക വിശകലനങ്ങളിൽ അറിവിന്റെ അക്കാഡമിക വിജ്ഞാന ചരിത്രത്തിൽ പ്രധാനമാണ്. പ്രത്യകിച്ചു Dialectic materialist വിശകലന സമീപനം.
 ചരിത്രത്തെയും സമൂഹത്തെയും പഠിക്കുവാൻ. മുതലാളിത്വ പ്രയോഗ രീതികൾ മനസ്സിലാക്കാനുമെല്ലാം മാർക്സിറ്റ് വിജ്ഞാന രീതിശാസ്ത്രത്തിനു ഇന്നും പ്രസക്തിയുണ്ട്. കാൾ മാർക്സ് പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പ്യൻ സാമൂഹിക-സാമ്പത്തിക -രാഷ്ട്രീയ അവസ്ഥകളിളുണ്ടായ മാറ്റങ്ങളെ ഒരു സാകല്യ വിജ്ഞാന രീതി ഉപയോഗിച്ചു വിശകലനം ചെയ്തു മാനവിക വിജ്ഞാന ചരിത്രത്തെ സ്വാധീനിച്ച അപാര പണ്ഡിതനായിരുന്നു എന്നതിൽ സംശയം ഇല്ല.
 പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യാവസായിക വികസനത്തിൽ (industrialization ) ചൂഷണം തുശ്ച കൂലിയിൽ അന്യവൽക്കരിക്കപ്പെട്ടും അമനവൽക്കരിക്കപ്പെട്ടും(dehumanizing )ചൂഷിതരായ തൊഴിലാളികളുടെ മോചനമാണ് മാർക്സ് സ്വപ്നം കണ്ടത്.
ഇരുപതാംനൂറ്റാണ്ടിലെ തൊഴിൽ അവകാശങ്ങളെയും തൊഴിൽ അവകാശസമരങ്ങളെയും തെളിഞ്ഞും ഒളിഞ്ഞും ഏറ്റവും സ്വാധീനിച്ചത് മാർക്സിന്റ ആശയങ്ങൾ തന്നെയായിരുന്നു.. ഇന്ന് ലോകത്തെങ്ങും തൊഴിൽ നിയമങ്ങളും തൊഴിൽ അവകാശങ്ങളുമുണ്ട്. ആ സാമൂഹിക /സാമ്പത്തിക മുന്നേറ്റത്തിൽ മാർക്സിന്റെ ആശയ സ്വാധീനം പല തരത്തിലുണ്ട്.
കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് അപ്പുറത്ത്  ഇരുപതാം നൂറ്റാണ്ടിൽ യൂറോപ്പിലെ ലേബർ പാർട്ടികളിലും സോഷ്യൽ ഡെമോക്രറ്റിക് പാർട്ടികളിലും മാർക്സിന്റെ ചിന്തകളുടെ ആശയ സ്വാധീനങ്ങളുണ്ട്.
തൊഴിലും മൂലധനവുമുള്ള ബന്ധത്തെകുറിച്ച് ഏറ്റവും മൗലിക ആശയ വിചാരങ്ങൾ അവതരിപ്പിച്ചത് കാൾ മാർക്സിന്റ മൂലധനം ഒന്നാം വോളിയത്തിലാണ്. അതിന്റ ആറാം അധ്യായത്തിൽ തൊഴിലിനെ ഏറ്റവും കൃത്യമായി വിവരിച്ചിരിക്കുന്നത് ഇന്നും പ്രസക്തം.
"By labour-power or capacity for labour is to be understood the aggregate of those mental and physical capabilities existing in a human being, which he exercises whenever he produces a use-value of any description"
"Labour-power, however, becomes a reality only by its exercise; it sets itself in action only by working. But thereby a definite quantity of human muscle, nerve. brain, &c., is wasted, and these require to be restored."
അങ്ങനെ മാർക്സിന്റ മൗലിക ആശയ- വിജ്ഞാന  ചിന്തകൾ സമൂഹത്തെയും ചരിത്രത്തെയും സാമ്പത്തിക രംഗത്തെയും തൊഴിലിനെയുമൊക്കെ വിശകലനം ചെയ്യുവാൻ ഇന്നും സാമൂഹിക ശാസ്ത്ര വിജ്ഞാന വിശകലനത്തിനാവശ്യമാണ് എന്നതാണ് മാർക്സിയൻ ചിന്തകളുടെ കാലിക പ്രസക്തി.
പക്ഷെ മാർക്‌സും എൻഗൽസും   കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയിൽ എഴുതിയ സ്വപ്‌നങ്ങളും ഭരണ അധികാര വിനിയോഗവും എങ്ങും ഒരു രാജ്യത്തും യഥാർത്ഥത്തിൽ നടന്നില്ല എന്നതാണ് പ്രശ്നം.
കാൾ മാർക്സ് സ്വപ്നം കണ്ടതും അതു പോലെ കമ്മ്യൂണിസ്റ് മാനിഫെസ്റ്റോയുടെ അവസാന വരികളും" The proletarians have nothing to lose but their chains. They have a world to win. Proletarians of All Countries, Unite" ഒന്നും അധികാരം കിട്ടിയടത്തോന്നും നടന്നില്ല.
യഥാർത്ഥത്തിൽ നടന്നത് മരിക്കുന്നത് വരെ ഏകാധിപത്യത്തെ പുൽകുന്ന അധികാര ധാർഷ്ട്യ നേതാക്കളും അവരുടെ ശിങ്കിടികൾ കൂടെ നടത്തിയ അധികാര തേർവാഴ്ച്ചകളാണ്.
തുടരും
ജെ എസ്‌ അടൂർ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക