Image

ഘനമൗനങ്ങൾ (കവിത: ജയശ്രീ രാജേഷ്)

Published on 11 August, 2022
ഘനമൗനങ്ങൾ (കവിത: ജയശ്രീ രാജേഷ്)

മൊഴികളിൽ കൂമ്പിയ
മിഴികളിൽ വിടരുന്ന
മണമോലും മൗനത്തിൻ
മഴ നനയാം

വിരഹത്തിൻ വേദന
മൗനമായ് തൂവുന്ന
പ്രണയത്തിൻ കരിമഷി
കണ്ണെഴുതാം

അകലെയായ് കാണുന്ന
പുകമഞ്ഞു പോലെയെൻ
മൗനത്തിൻ മറയൊന്നു
തേങ്ങിടുമ്പോൾ

മനസ്സിൻ ചുഴികളിൽ
അറിയാതലിഞ്ഞു നീ
മൗനത്തിൻ നേർത്ത
പടം പൊഴിക്കേ 

ശൂന്യമാം ചിന്തയിൽ
ആഴത്തിൽ ഉഴലുന്നു
ഒരു പിടി നോവിന്റെ 
മൗനമേഘം

നിഴലുപോലെപ്പോഴും
സഹയാത്ര ചെയ്യുന്നു
മയിൽപ്പീലി തുണ്ടു പോൽ
എന്നിലെ മൗനരാഗം

നോവിൻ ശ്രുതിഭംഗം
തമ്പുരു മീട്ടുമ്പോൾ
ലിപിയില്ലാതെഴുതും ഞാൻ
മൗനാക്ഷരങ്ങൾ ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക