Image

ബന്ദിയായ ലേഖകനെ മോചിപ്പിക്കാൻ ബൈഡൻ സിറിയയോട് ആവശ്യപ്പെട്ടു 

Published on 11 August, 2022
ബന്ദിയായ ലേഖകനെ മോചിപ്പിക്കാൻ ബൈഡൻ സിറിയയോട് ആവശ്യപ്പെട്ടു 

ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ 10  വർഷം മുൻപ് അപ്രത്യക്ഷനായ യു എസ് മാധ്യമ ലേഖകൻ ഓസ്റ്റിൻ ടൈസ് സിറിയയുടെ കസ്റ്റഡിയിൽ ഉണ്ടെന്നു അമേരിക്കയ്ക്ക് 'ഉറപ്പായ' വിവരം ലഭിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. മുൻ മറീൻ കൂടിയായ ടൈസിനെ തിരിച്ചയക്കണമെന്നു അദ്ദേഹം സിറിയൻ ഏകാധിപതി ബാഷർ അൽ അസദിനോട് ആവശ്യപ്പെട്ടു. 

വിദേശത്തു ബന്ദികളാക്കപ്പെട്ട അമേരിക്കൻ പൗരന്മാരുടെ മോചനത്തെക്കാൾ വലിയ മുൻഗണന മറ്റൊന്നിനും തന്റെ ഭരണകൂടം നൽകുന്നില്ലെന്നു വ്യക്തമാക്കിയ ബൈഡൻ, ടൈസിനെ തിരിച്ചു കൊണ്ടുവരാൻ സഹകരിക്കണമെന്ന് നിരവധി തവണ സിറിയയോട് ആവശ്യപ്പെട്ടിരുന്നു എന്നു ചൂണ്ടിക്കാട്ടി. എന്നാൽ അവർ ഇക്കാര്യം അറിയില്ലെന്നും പറഞ്ഞു. "ഓസ്റ്റിനെ തട്ടിക്കൊണ്ടു പോയതിന്റെ പത്താം  വാർഷികത്തിൽ ഞാൻ അഭ്യർത്ഥന ഒരിക്കൽ കൂടി ആവർത്തിക്കുന്നു." 

സിറിയൻ യുദ്ധം ആരംഭിച്ച ശേഷം 2012ൽ വാഷിംഗ്‌ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി റിപ്പോർട്ടിങ്ങിനാണ് ഓസ്റ്റിൻ ടൈസ് സിറിയയിലേക്കു പോയത്. സിറിയൻ ചെക്‌പോസ്റ്റിൽ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു എന്നാണ് യു എസ് അധികൃതർക്ക് ലഭിച്ച വിവരം. 

ടൈസിനെ കാണാതായി ആറാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടു. തടവിൽ കിടക്കുന്നതായിട്ടാണു കണ്ടത്. ടൈസിനെ തടവിൽ വച്ചിട്ടുണ്ടെന്നു സിറിയൻ അധികൃതർ സമ്മതിക്കണമെന്നു വിദേശകാര്യ സെക്രട്ടറി ആന്തണി ബ്ലിങ്കൻ ആവശ്യപ്പെട്ടു. രാജ്യാന്തര നിയമങ്ങൾ അനുസരിച്ചു അതൊരു കടമയാണ്. മോചനത്തിനു തുടക്കം കുറിക്കുന്ന നടപടിയും. 

ടൈസിന്റെ മാതാപിതാക്കൾ മാർക്കും ഡെബ്രയും മേയിൽ വൈറ്റ് ഹൗസിൽ ബൈഡനെ കണ്ടിരുന്നു. ബന്ദികളുടെ കാര്യം കൈകാര്യം ചെയ്യുന്ന റോജർ കാസ്റ്റെൺസിനെയാണ് ഇക്കാര്യം ഏല്പിച്ചത്. 

"ആ കുടുംബത്തിന് ഉത്തരങ്ങൾ അറിയാൻ അവകാശമുണ്ട്," ബൈഡൻ ബുധനാഴ്ച പറഞ്ഞു. "വേഗത്തിൽ ഓസ്റ്റിനുമായി ഒന്നിക്കാൻ അവർക്കു അവകാശമുണ്ട്. ഓസ്റ്റിനെ തിരിച്ചു കൊണ്ട് വരുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല." 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക