Image

ഹനുമാന്‍ സീതയെക്കാണുന്നു : (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 11 August, 2022
 ഹനുമാന്‍ സീതയെക്കാണുന്നു : (ദുര്‍ഗ മനോജ്)


സുന്ദരകാണ്ഡം മുപ്പത്തി ഒന്നു മുതല്‍ അറുപത്തിയെട്ടുവരെ സര്‍ഗം
(ഹനുമാന്‍ സീതയെ കാണുന്നതും വൃത്താന്തങ്ങളറിയുന്നതുമാണ് പ്രതിപാദ്യം)

രാമനെ പിരിഞ്ഞ സീതയുടെ മുന്നിലേക്കു പെട്ടന്നു മാരുതി പ്രത്യക്ഷപ്പെട്ടാല്‍ അതും രാക്ഷസനാണെന്നു കരുതി ഭയന്നാലോ എന്നു നിനച്ച്, ഹനുമാന്‍, ആ ശിംശപാമരത്തിലിരുന്നു രാമന്റെ അപദാനങ്ങള്‍ പാടിത്തുടങ്ങി.  ഇതാരാണ് രാവണ രാജ്യത്തു രാമനാമം ജപിക്കുന്നതെന്നോര്‍ത്തു സീത ശബ്ദംകേട്ട ദിക്കിലേക്കു നോക്കി. അവിടെ വിനയത്തോടെ രാമനാമം ജപിക്കുന്ന വാനരനെക്കണ്ടു. അതും രാവണന്റെ മായ എന്നോര്‍ത്തവള്‍ പേടിച്ചു കരഞ്ഞു. അപ്പോഴേക്കും മാരുതി അവളുടെ അടുത്തെത്തിയിരുന്നു. പതിഞ്ഞ ശബ്ദത്തില്‍, മറ്റു രാക്ഷസികള്‍ കേള്‍ക്കാതെ നടന്ന കഥകളേതും പറഞ്ഞു സീതയുടെ ഭയം മാറ്റി. എന്നിട്ടും സംശയം അവസാനിച്ചിട്ടില്ല എന്ന തോന്നലില്‍  രാമന്‍ കൊടുത്തുവിട്ട മോതിരം  സീതയെ കാണിച്ചു. അതു കണ്ടു ആ ശോഭന മുഖം അത്യന്തം ഹര്‍ഷം കൊണ്ടു. പിന്നെ സാവകാശം രാമവൃത്താന്തമേതും പറഞ്ഞു കൊടുത്തു. ഒപ്പം, ദേവിയെ ഞാന്‍ ചുമലില്‍ വഹിച്ചു രാമസവിധത്തില്‍ എത്തിക്കാമെന്നും ഹനുമാന്‍ പറഞ്ഞു. എന്നാല്‍ അതു ദേവി നിരാകരിച്ചു. എന്നിട്ടു പറഞ്ഞു, രാവണന്‍ തന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ തന്നെ കടത്തിക്കൊണ്ടു വരികയാണുണ്ടായത്. താന്‍ രാമനെ അല്ലാതെ മറ്റൊരു പുരുഷനേയും മനസറിവില്ലാതെ തൊടുകയില്ല. ആയതിനാല്‍ രാമന്‍ വന്നു രാവണനെ വധിച്ച് എന്നെ രക്ഷിക്കട്ടെ. 

അങ്ങനെയെങ്കില്‍ ഭവതിയെ കണ്ടെത്തിയ വിവരം എത്രയും വേഗം അദ്ദേഹത്തെ അറിയിക്കട്ടെ എന്നു പറഞ്ഞു പുറപ്പെടാന്‍ ഒരുങ്ങിയ ഹനുമാന്റെ കൈവശം ദിവ്യവും ശുഭവുമായ ചൂഡാമണി അഴിച്ച്, അതു 'രാമനു നല്‍കുക ' എന്നു പറഞ്ഞു നല്‍കി. അതു സശ്രദ്ധം വാങ്ങി ഹനുമാന്‍ മടക്കയാത്രയെക്കാരുങ്ങി.

മടക്കയാത്ര തുടങ്ങും മുന്‍പ് മാരുതി, രാവണനെക്കണ്ട് അവന്റെ ബലവും അന്തര്‍ഗതവും കൂടി അറിഞ്ഞു വയ്ക്കുക എന്നു തീരുമാനമെടുത്തു. പിന്നെ നിമിഷനേരം കൊണ്ടു അശോകവനിക അടിച്ചു തകര്‍ത്തു ഹനുമാന്‍. അവന്റെ വിളയാട്ടം കണ്ടു ഭയന്ന രാക്ഷസികള്‍ രാവണ സവിധത്തിലേക്കോടി. ഈ സമയം കൊണ്ടു ചൈത്യപ്രസാദവും തകര്‍ത്തു, തടയാന്‍ വന്ന ജംബുമാലി എന്ന രാക്ഷസനേയും വധിച്ചു ലങ്കയിലാകെ പരിഭ്രാന്തി പടര്‍ത്തി. പിടിച്ചുകെട്ടാന്‍ ചെന്ന മന്ത്രിപുത്രന്മാരും എന്തിനു വിരൂപാക്ഷന്‍, യൂപാക്ഷന്‍,ദുര്‍ധര രാക്ഷസന്‍, പ്രഘസന്‍ ,ഭാസ കര്‍ണ്ണന്‍ എന്ന നയവിശാദരരും ബലവാന്മാരായ മറ്റു ദാനവരും കൊല്ലപ്പെട്ടു. ഇത്രയും ആയതോടെ രാവണപുത്രന്‍ അക്ഷകുമാരന്‍ പോരിനിറങ്ങി. പിന്നെ, ആന തേര്‍ കുതിരകളുടെ നാദത്താല്‍ മണ്ണും വിണ്ണും മലയും മുഴക്കി പടയെത്തി. എന്നാല്‍ വാനര വീരന്റെ വീര്യത്തിനൊത്ത് പൊരുതാനാകാതെ പടമുടിഞ്ഞു. അക്ഷ കുമാരനും കൊല്ലപ്പെട്ടു.


അക്ഷ കുമാരന്‍ കൊല്ലപ്പെട്ടതു കണ്ട് ഇന്ദ്രജിത് പോര്‍ക്കളത്തിലിറങ്ങി. പിന്നെ നടന്ന ഉഗ്രമായ യുദ്ധത്തില്‍ രണ്ടു പേരും സമാസമം നിന്നു. ഒടുവില്‍ ഇന്ദ്രജിത് ഹനുമാനു നേരെ ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചു. ബ്രഹ്‌മാവില്‍ നിന്നും ബ്രഹ്‌മാസ്ത്രത്താല്‍ പോലും ഹാനി സംഭവിക്കില്ലെന്നു ഹനുമാന് വരം ലഭിച്ച വസ്തുത ഇന്ദ്രജിത്തിന് അറിയില്ലായിരുന്നുവെങ്കിലും ബ്രഹ്‌മാമാസ്ത്ര പ്രഭാവം മാനിച്ച് ഹനുമാന്‍ സ്വയം കീഴടങ്ങി. അങ്ങനെ ആ കപീന്ദ്രനെ വരിഞ്ഞു കെട്ടി രാവണ സദസിലെത്തിച്ചു.

നേര്‍ക്കുനേര്‍ രാവണനും ഹനുമാനും കണ്ടു.താന്‍ സുഗ്രീവാജ്ഞയാല്‍ വന്നതാണെന്നും. അയോധ്യയിലെ രാമപത്‌നി സീതയെ അപഹരിച്ചതന്വേഷിച്ചു വന്നതാണെന്നും. രാമന്‍ തന്റെ പത്‌നിയെ അപഹരിച്ചവനെ വധിച്ചു സീതയെ വീണ്ടെടുക്കുക തന്നെ ചെയ്യുമെന്നും ഹനുമാന്‍ അറിയിച്ചു. ഇതു കേട്ടു ക്രുദ്ധനായ രാവണന്‍ ഹനുമാനെ വധിക്കുവാന്‍ ഉത്തരവിട്ടു. എന്നാല്‍ രാവണ സോദരന്‍ വിഭീഷണന്‍ ദൂതരെ വധിക്കുന്നതു ധര്‍മ്മമല്ലെന്നും അതിനാല്‍ വിട്ടയക്കണമെന്നും അപേക്ഷിച്ചു.

എന്നാല്‍ വെറുതേ വിട്ടയക്കാന്‍ രാവണന്‍ തയ്യാറല്ലായിരുന്നു. അതിനാല്‍ ഹനുമാന്റെ വാലില്‍ തുണി ചുറ്റി പന്തമാക്കി തീ കൊടുത്തു. കാത്തിരുന്നതു പോലെ കത്തുന്ന വാലു നീട്ടി ചാടി നടന്നു ലങ്ക മുഴുവന്‍ അഗ്‌നികുണ്ഡമാക്കി ഹനുമാന്‍. പിന്നെ, ഒട്ടൊന്നടങ്ങി, പെട്ടെന്നു സീതയെ ഓര്‍ത്തു. ലങ്ക അപ്പാടെ കത്തിഎരിയുകയാണ്. അതില്‍ സീതയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരിക്കുമോ എന്നായി ഹനുമാന്റെ ആശങ്ക അതോടെ വേഗം അശോക വനികയിലേക്കു ഹനുമാല്‍ കുതിച്ചു. നോക്കുമ്പോള്‍ ആ പാവം ചുറ്റും നടക്കുന്ന കോലാഹലങ്ങള്‍ക്കിടയില്‍ ആ അശോകമരച്ചുവട്ടില്‍ രാമാ വാര്‍ത്ത കേട്ട സന്തോഷം തിളങ്ങുന്ന കണ്ണുകളോടെ പ്രാര്‍ത്ഥനയോടെ ഇരിക്കുന്നതാണ് കണ്ടത്. അതോടെ ആശ്വാസത്തോടെ ഹനുമാന്‍ , ഇനി സങ്കടം വേണ്ട. രാമനിതാ വന്നെത്തിപ്പോയി എന്നു സീതയോടു  പറഞ്ഞു തിരികെ മടങ്ങി.

തിരികെ ആഹ്ലാദത്തോടെ വന്നണഞ്ഞ ഹനുമാനെക്കണ്ട് തെക്കു തീരത്തു ആ വരവും കാത്തിരുന്ന വാനരക്കു സമാധാനമായി. ഒപ്പം സീതയെ കണ്ടുവെന്ന വൃത്താന്തം വാനരന്മാരില്‍ ആനന്ദം തിരതല്ലിച്ചു. അതോടെ ഈ സന്തോഷ വാര്‍ത്ത എത്രയും വേഗം സുഗ്രീവ സവിധത്തിലെത്തിക്കുവാന്‍  അവര്‍ക്കു തിടുക്കമായി. അങ്ങനെ തെക്കു ദിക്കിലേക്കു സീതയെത്തേടി ഇറങ്ങിയവര്‍ ഏവരും സുഗ്രീവനും രാമലക്ഷ്മണന്മാര്‍ക്കുമടുത്തേക്കു യാത്രയായി. അവിടെ എത്തി വിവരങ്ങള്‍ ഏതും വിശദമായി ധരിപ്പിച്ച്, സീത നല്‍കിയ ചൂഢാമണി രാമനു മുന്നില്‍ സമര്‍പ്പിച്ച്, ആ സാധ്വി അനുഭവിച്ച എല്ലാ സങ്കടങ്ങളും ഹനുമാന്‍ വിശദമായി അറിയിച്ചു. അതോടെ സീതയെ കണ്ടെത്തിയ സന്തോഷത്താലും എന്നാല്‍ ആ സാധ്വിയെ പിരിഞ്ഞ സങ്കടത്താലും രാമന്‍ ചിന്താധീനനായി.


സാരാംശം

സുന്ദരകാണ്ഡത്തിന് എന്തേ അങ്ങനെ പേരു വന്നു എന്നു സ്വാഭാവികമായും നമുക്കു ചിന്തയുണ്ടാകാം. യഥാര്‍ത്ഥത്തില്‍ സീതയുടെ ദുഃഖമാണ് സുന്ദരകാണ്ഡം മുഴുവന്‍. രാക്ഷസ രാജന്റെ ഭര്‍ത്സനവും കാമകേളിക്കുള്ള നിരന്തരക്ഷണവും പ്രലോഭനങ്ങളും ഓരോ നിമിഷവും അവളുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്. ഒടുവില്‍ മതിയീ ജീവിതമെന്നു പോലും ആ പാവം നിശ്ചയിക്കുന്നുമുണ്ട്. അത്രയേറെ സീതാകഥനം വിവരിക്കുന്ന കാണ്ഡത്തിന് ദുഃഖ കാണ്ഡമെന്നല്ല ആദികവി പേരു നല്‍കിയത്. തന്റെ പുത്രിയെപ്പോലെ ഒരു കാലത്തു വാല്മീകിയാല്‍ സംരക്ഷിക്കപ്പെടുന്നുണ്ട് സീത. അപ്പോള്‍ സ്വന്തം മകളുടെ ദുഃഖം ആ രീതിയില്‍ കാണുന്നതിനു പകരം  ആ പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ശ്രീരാമചന്ദ്രനോടവള്‍ ചേരുകയാണുണ്ടാവുക എന്ന ശുഭപ്രതീക്ഷയുമാകാം സുന്ദരകാണ്ഡമെന്ന പേരിനു പിന്നില്‍.ഹനുമാന്‍ മടങ്ങുന്നതോടെ പ്രത്യാശയുടെ ദിനങ്ങളാരംഭിക്കുന്നു. രാക്ഷസ പതനത്തിന്റേയും. നന്മയുടെ പാതയില്‍ കഷ്ടതകള്‍ അനുഭവിക്കുമ്പോഴും അന്തിമ വിജയം അവിടെയുണ്ടാവും.രാക്ഷസീയ ചിന്തകള്‍ ഒരിക്കല്‍ നിലം തൊടും. സീതാദുഃഖം അവസാനിച്ചുകൊണ്ട് സുന്ദരകാണ്ഡം സമാപിക്കുന്നു

ദുര്‍ഗ മനോജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക