Image

സിനിമാ പരസ്യത്തെച്ചൊല്ലി സൈബര്‍ പൊങ്കാല ; നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 11 August, 2022
സിനിമാ പരസ്യത്തെച്ചൊല്ലി സൈബര്‍ പൊങ്കാല ; നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ്)

കാലിക പ്രശ്‌നങ്ങള്‍ സിനിമയിലും സിനിമാ പരസ്യങ്ങളിലും വരുന്നത് ഇതാദ്യമല്ല 'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ  'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പത്രപരസ്യം സൈബര്‍ സഖാക്കള്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല . ആ സിനിമ പിണറായി സര്‍ക്കാറിന് എതിരാണെന്ന മട്ടിലാണ് ആക്രമണം . ഒപ്പം പ്രതിപക്ഷത്തിന്റെ കട്ട സപ്പോര്‍ട്ടും ശരിക്കുമൊരു കലാപം ! 

ദേശീയ പാതയിലെ കുഴിയെച്ചൊല്ലി കുറച്ചു നാളായല്ലോ മാധ്യമങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചര്‍ച്ച . ചര്‍ച്ച കൂടിയതോടെ റോഡിലെ കുഴികള്‍ കൂടി . അതിനിടെ കായംകുളം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍ റോഡിലെ കുഴിയില്‍ വീണ് ആശുപത്രിയിലുമായി 2 കുഴി മരണങ്ങള്‍ നടന്നതോടെ ചര്‍ച്ചകള്‍ നേരത്തെ തന്നെ കാട് കയറിയതാണ് .

ഇടപ്പിള്ളി - മണ്ണുത്തി ദേശീയ പാതയിലായിരുന്നു ഏറ്റവും ഒടുവില്‍ നടന്ന 'കുഴി ദുരന്തം' . എറണാകുളത്തെ രേണുരാജ് കളക്ടറോ തൃശൂരിലെ ഹരിതാ കളക്ടറോ കുഴിയടക്കും വരെ ടോള്‍ പിരിക്കേണ്ട എന്നൊരു ഉത്തരവിട്ടാല്‍ തീരാവുന്ന കാര്യം . റിയാസ് മന്ത്രി അതൊന്ന് ഈ മഹിളകളോട് വിളിച്ചു പറഞ്ഞാല്‍ ചെയ്യാവുന്നതേയുള്ളു എന്ന നമ്മളും ഈ പംക്തിയിലൂടെ ഓര്‍മപ്പെടുത്തിയതാണ് . അതൊന്നും സംഭവിക്കാത്തതിനാല്‍ ഹൈക്കോടതി ഇടപെട്ട് ഒരാഴ്ചക്കകം കുഴിയൊന്നും റോഡില്‍ കണ്ടു  പോകരുതെന്നും ഒരാഴ്ചക്കകം അതടക്കണമെന്നും ഉത്തരവിട്ടു . കരാറുകാരല്ലേ , അവര്‍ ചാക്കില്‍ ബിറ്റുമെനും മണലും നിറച്ചു കൊണ്ട് വന്ന് കുഴികളില്‍ ഇട്ട് അതിന്റെ മേല്‍ ശകലം ടാറും തെളിച്ചു ഉപായപ്പണി  ചെയ്തു വച്ച് . കോടതി വീണ്ടും ഇടപെട്ടതോടെ ദേശീയ മാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും സ്റ്റോറിയായി , ഫീച്ചറായി സിനിമ റിലീസ് ചെയ്യുന്ന അവസരം ഒത്തു വന്നപ്പോള്‍ സിനിമാക്കാര്‍ അത് വച്ച് നല്ലൊരു പരസ്യവുമാക്കി കാശുവാരാന്‍ നോക്കി അത്രയേയുള്ളൂ കാര്യം .

മന്ത്രി റിയാസ് വളരെ യാഥാര്‍ഥ്യ ബോധത്തോടെ തന്നെ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു 'പരസ്യങ്ങളെ പരസ്യമായി തന്നെ കണ്ടാല്‍ പോരെ ?' ഏതും വിമര്‍ശനവും നിരീക്ഷണവും അങ്ങനെയുടുത്താല്‍ പോരെ എന്ന ചോദ്യം ചോദ്യത്തിന്റെ വഴിക്കും സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ആ വഴിയും അങ്ങനെ അങ്ങ് അഭംഗുരം പോകുന്നു . അതോടെ ഈയിടെ ഉഷാറായ കോണ്‍ഗ്രസിന്റെ സൈബര്‍ താരങ്ങളുടെ പുതിയ ഹാഷ്ടാഗ് ന്നാ താന്‍ പോയി കുഴിയടക്ക് !  അപ്പോള്‍ ഒരു ദൃശ്യമാധ്യമം വീണ്ടും കുഴിയെണ്ണല്‍ ആദ്യം പൂതിം തുടങ്ങുന്നു . എല്ലാം പതിവ് സ്‌റ്റൈല്‍ ! 

ഇ.ഡിയുടെ കുഴിയടക്കാന്‍ തോമസ് ഐസക് ഇതിനിടെ ദല്‍ഹി വരെ പോയി സുപ്രീം കോടതിയില്‍ എത്തിയപ്പോഴേക്കും ഇ.ഡിക്ക് കുഴിയില്‍ വീണ ചിരിയുമായി നില്‍ക്കേണ്ടതായി വന്നു . തോമസ് ഐസക്കിനെ പ്രതിയാക്കാനല്ല സാക്ഷിയാക്കാനാണ് കുഴി കുഴിച്ചത് എന്നായി അവര്‍ എങ്കില്‍ എന്തിന് സാക്ഷിയുടെ വ്യക്തിപരമായ കാര്യങ്ങളുടെ കുഴിയെണ്ണുന്നുവെന്നായി തോമസ് ഐസക് . ആര്‍ക്കും കുഴികള്‍ അടക്കാനല്ല താല്പര്യം കുഴികളുണ്ടാക്കി പരസ്പരം വീഴ്ത്താനാണല്ലോ 

വാല്‍ക്കഷ്ണം : ജോര്‍ജേട്ടന്‍ കുറച്ചുനാളായി വാ തുറക്കാതെ ഇരിക്കുകയായിരുന്നല്ലോ വീര്‍പ്പ് മുട്ടി ഇന്ന് കോട്ടയം പ്രസ് ക്ലബില്‍ പാഞ്ഞെത്തി പുതിയൊരു വിവാദത്തിന് തുടക്കമിട്ടു . ഫ്രാങ്കോ പിതാവിനെ പോലെ നടന്‍ ദിലീപിന്റെയും ആരാധകനാണ് ജോര്‍ജേട്ടന്‍ എന്ന് ആര്‍ക്കാണ് അറിയാത്തത് ? അതിജീവിതക്ക് കേസിന് ആസ്പദമായ സംഭവം നടന്നത് കൊണ്ട് കൂടുതല്‍ സിനിമ കിട്ടിയെന്നാണ് ജോര്‍ജേട്ടന്റെ പുതിയ ജോക്ക് ! ഇയാളൊരു 'ജോക്കറച്ചായന്‍' തന്നെ ...

കെ.എ ഫ്രാന്‍സിസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക