Image

ജയ് ഭീം വിവാദം: നടന്‍ സൂര്യയ്ക്കും സംവിധായകനുമെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി

Published on 11 August, 2022
ജയ് ഭീം വിവാദം: നടന്‍ സൂര്യയ്ക്കും സംവിധായകനുമെതിരായ എഫ്.ഐ.ആര്‍  റദ്ദാക്കി

ജയ് ഭീം' എന്ന തമിഴ് സിനിമയില്‍ വണ്ണിയര്‍ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ നടന്‍ സൂര്യ ശിവകുമാറിനും സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍രാജയ്ക്കും എതിരെ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

ജസ്റ്റിസ് എന്‍ സതീഷ്‌കുമാറാണ് എഫ്.ഐ.ആര്‍ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രം വണ്ണിയാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വാദിച്ച്‌ നഗരത്തിലെ രുദ്ര വണ്ണിയര്‍ സേനയുടെ അഭിഭാഷകന്‍ കെ സന്തോഷാണ് സൈദാപേട്ടയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനെ സമീപിച്ചത്. പിന്നീട് സിനിമാ നിര്‍മ്മാതാവിനും നടനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്‌ ചിത്രത്തിന്റെ നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ജ്ഞാനവേലിനും വണ്ണിയാര്‍ സംഘം നേരത്തെ നോട്ടീസ് അയച്ചിരുന്നു.

സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിര്‍മാതാക്കള്‍ മാപ്പുപറയണമെന്നും നോട്ടീസ് ലഭിച്ച്‌ ഏഴു ദിവസത്തിനകം അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമായിരുന്നു ആവശ്യം. മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കാത്ത പക്ഷം സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ ജ്ഞാനവേല്‍ തന്നെ രംഗത്തെത്തിയിരുന്നു. സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക