Image

മറവി (ചെറുകഥ: സന്തോഷ് ഗംഗാധരൻ)

Published on 12 August, 2022
 മറവി (ചെറുകഥ: സന്തോഷ് ഗംഗാധരൻ)

“സാർ, കുറച്ചുകൂടി അടുത്ത് നിൽക്കു. അപ്പോഴല്ലേ ഫോട്ടോ ഒന്ന് ജോഷാവുക.”

ആ ചെറുപ്പക്കാരൻ പറയുന്നത് കേട്ട് അയാൾ അവളുടെയടുത്തേയ്ക്ക് ചേർന്ന് നിന്നു. എന്തായാലും ഫോട്ടോ നന്നാവട്ടേ.

ഫോട്ടോഗ്രാഫറുടെ നിർദ്ദേശമനുസരിച്ച് അവർ പല പോസുകളിലും നിന്നുകൊടുത്തു. മെറീനാബീച്ചിൽ ഇത്രയും ആളുകളുടെയിടയിൽ ഇയാൾ തങ്ങളെ എങ്ങനെയാണ് കണ്ടുപിടിച്ചടുത്തെത്തിയതെന്ന് അയാൾക്ക് ആദ്യം അത്ഭുതം തോന്നിയെങ്കിലും പോകപ്പോകെ അത് സന്തോഷമായി മാറി. സെൽഫിയെടുത്താൽ ഫോട്ടോ നന്നായി വരാൻ പ്രയാസമാണ്. 

“ഇങ്ങനെയൊരു കാമറ ഓർമ്മയുണ്ടോ, സാർ?”

ഫോട്ടോഗ്രാഫറുടെ ചോദ്യം കേട്ടപ്പോഴാണ് അയാൾ ആ കാമറ ശ്രദ്ധിച്ചത്. അപ്പോൾ താൻ കൊടുത്ത മൊബൈലിലല്ലേ ഇവൻ ഇത്രയും നേരം ക്ലിക്ക് ചെയ്തിരുന്നത്? അവന്റെ കൈയിൽ ഒരു പഴയ മോഡൽ യാഷിക കാമറയാണ് ഉണ്ടായിരുന്നത്. സർവ്വരും ഡിജിറ്റൽ കാമറ ഉപയോഗിക്കുന്ന ഈ യുഗത്തിൽ ഇവനെന്താണ് ഫിലിം ഇടുന്ന കാമറയുമായി നടക്കുന്നത്?

“എന്റെ മൊബൈൽ എവിടെ?” അയാളുടെ സ്വരത്തിൽ പരിഭ്രമം കലർന്നിരുന്നു.

“അതെന്റെ കൈയിലുണ്ട് സാറേ. പേടിക്കണ്ട. പക്ഷേ, ഈ കാമറയുടെ കഥയൊന്ന് ആലോചിച്ചു നോക്കു.” അവൻ ആ കാമറ അയാളുടെ നേരെ നീട്ടി.

എന്തോ അകാരണമായൊരു ഭയം അയാളെ പിടികൂടി. ഇവൻ എന്തിന് വേണ്ടിയാണ് ഒരു പഴയ കാമറയുടെ കാര്യം ഓർമ്മിപ്പിക്കാൻ നോക്കുന്നത്?

“താനെന്താണ് ഈ കാണിക്കുന്നത്? എന്റെ മൊബൈലിൽ ഫോട്ടോ എടുക്കാനല്ലേ പറഞ്ഞത്. എന്നിട്ട് തന്റെ ഈ ഉടങ്കൊല്ലി കാമറയിൽ ഞങ്ങളുടെ ഫോട്ടോ എടുത്തതെന്തിനാണ്?” അയാൾ ഉള്ളിൽ നുരഞ്ഞുപൊന്തിയ ഭയം മുഖത്തെ ദേഷ്യഭാവം കൊണ്ട് മറയ്ക്കാൻ ശ്രമിച്ചു.

“ഈ എൺപത് മോഡൽ യാഷിക കാമറ ഇപ്പോഴും നല്ല കണ്ടീഷനിലാണ്, സാറേ. സാറിന് ഇത്രയ്ക്ക് മറവിയോ? സ്വന്തമായിട്ടുള്ളതെല്ലാം മറക്കാമോ?” അവന്റെ ശബ്ദത്തിൽ പുച്ഛം കലർന്നിരുന്നു.

“എനിയ്ക്ക് യാതൊരു മറവിയുമില്ല. തന്റെ കൈയിലിരിക്കുന്ന കാമറ എന്റേയാണെന്ന് പറയാൻ മാത്രം ഞാനൊരു മണ്ടനൊന്നുമല്ല.” അയാൾ ശബ്ദം ഉയർത്തി. 

അയാളുടെ ശബ്ദം ഉയരുന്നത് കേട്ടപ്പോൾ അവൾ അയാളുടെ കൈയിലെ പിടി മുറുക്കി. “വെറുതെ ബഹളത്തിനൊന്നും പോകണ്ട. നിങ്ങളുടെ മൊബൈൽ തിരിച്ചുവാങ്ങിയിട്ട് നമുക്ക് പോകാം. ചുറ്റിനുമുള്ളവർ നോക്കുന്നു.”

“അപ്പോൾപിന്നെ കൂടെയുള്ളയാളെ സ്വന്തമാണെന്ന് പറഞ്ഞ് കൊണ്ടുനടക്കുന്നത് ശരിയാണോ?” അവന്റെ സ്വരം മൃദുവായിരുന്നെങ്കിലും പുച്ഛം നിറഞ്ഞതായിരുന്നു.

അയാൾ അവളുടെ മുഖത്ത് നോക്കി. ഇത് തന്റെ ഭാര്യ തന്നെയല്ലേ! ഇവനെന്തൊക്കെയാണീ പറയുന്നത്? ഈയിടെയായി കുറേശ്ശേ മറവിയുണ്ടെങ്കിലും ഭാര്യയെ മറക്കാൻ മാത്രം ആയിട്ടില്ല. അയാൾ ആ കാമറയിലേയ്ക്ക് തുറിച്ചുനോക്കി. പഴയതെന്തോ മനസ്സിൽ തികട്ടിവരുന്നു.

അതേ, എൺപതുകളിലെ മദ്രാസ്. ബാത്ത്റൂമിൽ കൂടി അകത്തേയ്ക്ക് കയറുന്ന വാസസ്ഥലം. കൂടെ താമസിച്ചിരുന്ന സുഭാഷും സത്യനും. പിന്നെ പാചകത്തിനും മുറി വൃത്തിയാക്കാനും കൂടെ കൂടിയ ആ പയ്യൻ. എന്തായിരുന്നു അവന്റെ പേര്? അവന്റെ മുഖം ഓർക്കാൻ ശ്രമിച്ചു. 

രഘു. അതെ, അതായിരുന്നു അവന്റെ പേര്. അന്ന് തന്റെ കൈയിലുണ്ടായിരുന്നു ഒരു യാഷിക കാമറ. 

അയാൾ ആ കാമറയിൽ സൂക്ഷിച്ചുനോക്കി. തന്റെ പഴയ ആ കാമറ എങ്ങനെ ഇവന്റെ കൈയിലെത്തി?

“രഘു ... നീയെങ്ങനെ ഇവിടെ?”

“അപ്പോൾ മുഴുമറവിക്കാരൻ ആയിട്ടില്ലാല്ലേ. ചിലതെല്ലാം ഇപ്പോഴും ഓർമ്മയുണ്ട്. നന്നായി. എങ്കിൽപിന്നെ ഈ കാമറയുടെ കഥ ...”

രഘുവിനെ അവസാനമായി കണ്ടത് ദുർഗുണപരിഹാര പാഠശാലയിലായിരുന്നു. ട്രിപ്ലിക്കേനിലെ ജുവനൈൽ ജയിൽ. തല മൊട്ടയടിച്ച് ബാക്കിയുള്ള കുറേ പിള്ളേരുടെ കൂടെ മുഖത്ത് ഒരു നിസ്സംഗഭാവത്തോടെയിരിക്കുന്ന രഘു. 

വീട്ടിലെ ജോലികളെല്ലാം നന്നായി ചെയ്തിരുന്ന രഘുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. പക്ഷേ, ആരുടേയോ കഷ്ടകാലത്തിന് അവൻ ഒരു ദിവസം അയാളുടെ കാമറയുമായി കടന്നുകളഞ്ഞു. ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും അവന്റെ യാതൊരു വിവരവും കിട്ടാഞ്ഞപ്പോൾ സത്യൻ പൊലീസിൽ പരാതി നല്കി. 

സുഭാഷിന് അവന്റെ വീട്ടഡ്രസ് അറിയാമായിരുന്നു. പിറ്റേന്ന് ഒരു പൊലീസുകാരൻ സുഭാഷിനേയും കൂട്ടി താമ്പരത്തേയ്ക്ക് യാത്രയായി. അവന്റെ വീടിന്റെ മുമ്പിൽ അവനും മറ്റൊരു കൂട്ടുകാരനും കാമറ വച്ച് കളിക്കുകയായിരുന്നു. കൂട്ടുകാരന്റെ പ്രലോഭനത്താലാണ് അവൻ കാമറ മോഷ്ടിച്ചത്. രണ്ടാളേയും പൊലീസ് പൊക്കി.

രഘുവിനെ വെറുതെ വിടാൻ പല പ്രാവശ്യം പറഞ്ഞുനോക്കിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. ഒരു കൊല്ലം ജുവനൈൽ ജയിലിൽ കിടക്കാൻ വിധിയായി.

രഘുവിനെ ജയിലിൽ ഒരിക്കൽ കണ്ടതിന് ശേഷം പിന്നെ കണ്ടിട്ടേയില്ല. മദ്രാസ് വിട്ട് മറ്റ് പല സ്ഥലങ്ങളിലും ജോലിയായി പോയതിനിടയിൽ രഘു വിസ്മൃതിയിൽ പോയ് മറഞ്ഞു.

“ഇപ്പോൾ എല്ലാം തെളിവായി ഓർമ്മ വരുന്നുണ്ടല്ലേ, സാറേ. എന്നെ കള്ളനാക്കിയ ഈ കാമറ സ്വന്തമാക്കണമെന്ന് അന്ന് തീരുമാനിച്ചതാണ്. സാറ് അത് വിറ്റപ്പോൾ അവന്റെ കൈയിൽ നിന്നും അന്നേ ഞാനതെടുത്തു. പിന്നെ സാറിനെ തെരഞ്ഞുള്ള അലച്ചിലായിരുന്നു. ഒടുവിൽ ഇതാ ഈ മെറീനാ ബീച്ചിൽ തന്നെ നാം തമ്മിൽ കണ്ടുമുട്ടി.” അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

അയാൾ അത്ഭുതത്തോടെ രഘുവിന്റെ മുഖത്ത് നോക്കി നിന്നു. ഇവനിതിനി എന്തിനുള്ള പുറപ്പാടാണ്?

“സ്വന്തമല്ലാത്തത് ആഗ്രഹിക്കരുതെന്ന് സാറ് അന്ന് പറഞ്ഞുതന്നതാണ്. അതനുസരിച്ച് തന്നെയാണ് ഇത്രയും നാൾ ജീവിച്ചതും. പക്ഷേ, സാറ് പറയുന്നത് സാറിന് തന്നെ പ്രാവർത്തികമാക്കാൻ പറ്റില്ലെങ്കിൽ പിന്നെയെന്ത് കാര്യം?” അവൻ അയാളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു.

അയാളുടെ മനസ്സിൽ എന്തോ ഒരു അപകടശ്ശങ്ക കിനിഞ്ഞുകേറി. ഇവൻ തന്നെ കുടുക്കാനായി കച്ചകെട്ടിയിറങ്ങിയ പോലുണ്ട്. എന്തായിരിക്കാം ഇവന്റെ ഉദ്ദേശ്യം? പകപോക്കലാണോ?

“അന്ന് നിന്നെ വെറുതെ വിടാൻ ഞങ്ങൾ കുറേ പറഞ്ഞുനോക്കിയതാണ്. പക്ഷേ, ആ പൊലീസുകാർ സമ്മതിക്കാഞ്ഞിട്ടാണ്. നിന്നെ അകത്തിടണമെന്ന് ഞങ്ങൾക്ക് ഉദ്ദേശ്യമില്ലായിരുന്നു.” അങ്ങനെയെങ്കിലും അവൻ മയപ്പെടട്ടേയെന്ന് അയാൾ കരുതി.

“അതിന് ഞാൻ സാറിനെ കുറ്റപ്പെടുത്തിയില്ലല്ലോ. ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ എനിയ്ക്ക് കിട്ടി. എനിയ്ക്കതിൽ പരാതിയില്ല. സാറിനെ കണ്ടൊരു നന്ദി പറയണമെന്നേ എനിയ്ക്കുണ്ടായിരുന്നുള്ളു.”

“പിന്നെന്തിനാ ഞങ്ങളുടെ ഫോട്ടോ നിന്റെ കാമറയിൽ പകർത്തിയത്? എന്റെ മൊബൈലിൽ എടുക്കാനല്ലേ ഞാൻ പറഞ്ഞത്.” അയാളുടെ ശബ്ദം കർക്കശമായി.

“അതൊരു തമാശ. ഇത് സാറിന്റെ ഭാര്യയാണെങ്കിൽ സാറെന്തിനാ പേടിക്കുന്നേ?” അവൻ കളിയാക്കുകയാണെന്ന് അയാൾക്ക് മനസ്സിലായി.

അയാൾ അവളെ നോക്കി. ഇത് അയാളുടെ ഭാര്യ തന്നെയല്ലേ? എന്തോ ഈയിടെയായി ഈ മറവി വല്ലാതെ കുഴക്കുന്നുണ്ട്. അവളാകെ പകച്ചു നിൽക്കുന്നു. അവൾ അയാളുടെ ഭാര്യ തന്നെയാണെങ്കിൽ അവളെന്തിനാണ് ഇങ്ങനെ വിഷമിച്ച് നിൽക്കുന്നത്? അയാളുടെ സംശയം കൂടിവന്നു.

“ഏതായാലും സാറ് തന്നെ തീരുമാനിയ്ക്ക് സാറിന്റെ ഭാര്യ ഏതാണെന്ന്. ഉപദേശം സ്വന്തം പ്രവർത്തിയിൽ കൂടി കാണിക്കണമെന്നേ എനിയ്ക്ക് പറയാനുള്ളു.” അതും പറഞ്ഞ് അവൻ തന്റെ കൈയിലിരുന്ന മൊബൈൽ അയാളുടെ നേരെ നീട്ടി.

കിട്ടിയ സമയം പാഴാക്കാതെ അയാൾ മൊബൈൽ അവന്റെ കൈയിൽ നിന്നും വാങ്ങി. “ആ കാമറ കൂടി തന്നേയ്ക്ക്. അതിലല്ലേ ഞങ്ങളുടെ ഫോട്ടോ മൊത്തം.”

“അന്യരുടെ മുതൽ ആഗ്രഹിക്കാൻ പാടില്ല, സാറേ. സാറ് തന്നെയാണ് എന്നെ പഠിപ്പിച്ചത്. ഈ കാമറ ഇപ്പോൾ എന്റേയാണ്. അതിലെ ഫിലിമും ഞാൻ കാശ് കൊടുത്ത് വാങ്ങിയിട്ടതാണ്. അപ്പോൾപിന്നെ അതിലെ ഫോട്ടോസും എന്റെ തന്നെയല്ലേ? അതെന്ത് ചെയ്യണമെന്ന് ഞാനല്ലേ തീരുമാനിയ്ക്കേണ്ടത്?” 

അവന്റെ ശബ്ദത്തിന് ദൃഢത ഏറുന്തോറും അയാളുടെ മനസ്സ് കൂടുതൽ ഇടിഞ്ഞു. അവനുമായി ഒരു മൽപ്പിടുത്തത്തിന് അയാൾക്ക് താല്പര്യമില്ലായിരുന്നു. ചുറ്റിനും ധാരാളം ആളുകളുള്ള സമയമാണ്. കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളു.

“നിനക്ക് ആ ഫോട്ടോസ് കൊണ്ട് ഗുണമൊന്നുമില്ലല്ലോ. പിന്നെന്തിനാ? ആ ഫിലിം എനിയ്ക്ക് തന്നേയ്ക്ക്. അതിന്റെ വില ഞാൻ തന്നാൽ പോരേ?” അയാൾ ഒരു ഒത്തുതീർപ്പിന് തെയ്യാറായി.

“ഇതിന്റെ ഗുണം എനിയ്ക്കല്ലേ അറിയുള്ളു. സാറിനോട് തർക്കിച്ച് നിൽക്കാനൊന്നും എനിയ്ക്ക് സമയമില്ല.” അതും പറഞ്ഞ് അവൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി.

എന്താണ് ചെയ്യേണ്ടതെന്നറിയാതെ അയാൾ സ്തബ്ധനായി നിന്നു. 

അവൾ അയാളുടെ കൈ പിടിച്ചു. “വാ, നമുക്ക് പോകാം. അവനെന്തെങ്കിലും ചെയ്യട്ടേ.”

ആ സമയം അവൻ നടത്തം നിർത്തി തിരിഞ്ഞുനോക്കി. “ഇവിടെ നിന്നും പോകുന്നതിന് മുമ്പ് ഇവർ തന്നെയാണോ സാറിന്റെ ഭാര്യ എന്ന് തീർച്ചയാക്കുന്നത് നന്നായിരിക്കും.”

അവൻ അയാളെ നോക്കി പരിഹാസത്തോടെ ഒന്ന് ചിരിച്ചു. അയാളുടെ മുഖം വിവർണ്ണമാകുന്നത് കണ്ടിട്ട് അവൻ വീണ്ടും തന്റെ നടത്തം തുടർന്നു.

അയാൾ അവളുടെ നേരെ നോക്കി. ശരിക്കും ഇവൾ തന്റെ ഭാര്യയല്ലെങ്കിൽ പിന്നെ ആരായിരിക്കും?

അതിനിടയിൽ അവൻ കാമറയിൽ നിന്നും ഫിലിം പുറത്തെടുത്ത് വലിച്ച് തുറന്ന് കാറ്റിൽ പറത്തിയത് അയാളുടേയൊ അവളുടേയൊ ശ്രദ്ധയിൽ പെട്ടില്ല.

Join WhatsApp News
Prasannan CH 2022-08-15 04:13:27
സ്വന്തമല്ലാത്തത് ആഗ്രഹിക്കരുത് ..... ഭൂതകാലവും , വർത്തമാന കാലവും , ഭാവി കാലമായാലും ..... അത് പിന്തുടരും " വാക്കുകളും , പ്രവർത്തികളും ഒന്നാവട്ടെ "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക