Image

റിയാസേ , മാധ്യമക്കാരെ വെറുതെ ആസാക്കല്ലേ ? : നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ് )

കെ.എ ഫ്രാന്‍സിസ്  Published on 12 August, 2022
റിയാസേ , മാധ്യമക്കാരെ വെറുതെ ആസാക്കല്ലേ ? : നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ് )

'റോഡില്‍ കുഴിയുണ്ടെങ്കിലും സിനിമ കാണാന്‍ വരണേ' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ പരസ്യത്തിനെതിരെ സിപിഎം സൈബര്‍ പട കോലാഹലം തുടങ്ങിയപ്പോള്‍ നമ്മുടെ റിയാസ് മന്ത്രി പ്രതികരിച്ചത് കേട്ടില്ലേ ? പരസ്യമല്ലേ അത് പരസ്യമായി തന്നെ കണ്ടാല്‍ മതിയല്ലോ എന്നായിരുന്നല്ലോ നമ്മുടെ വായനക്കാര്‍ക്ക് എല്ലാം അതിഷ്ടമായി പക്ഷെ ഇന്ന് മാധ്യമക്കാരെ പറ്റി റിയാസ് പറഞ്ഞതോ ? 

റിയാസ് മന്ത്രിയെ പറ്റി എല്ലാവരും നന്നായി ഇന്നലെ പറഞ്ഞു . റിയാസിനെ നല്ലൊരു ഭാവി മുഖ്യമന്ത്രിയായി തന്നെ നാമൊക്കെ കണ്ടു . അഭിനന്ദനം കയ്യോടെ നാം അറിയിക്കുകയും ചെയ്തു പക്ഷെ ഇന്ന് പത്രങ്ങളില്‍ വന്ന 'മന്ത്രിമാരുടെ പ്രകടനം പോരാ' എന്ന വാര്‍ത്ത ഒരു ഇല്ലാ കഥയായി ഇന്ന് രാവിലെ തന്നെ റിയാസ് പ്രതികരിച്ചത് വേണ്ടത്ര ശരിയായോ ?

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ചില പത്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തത് പോലെയായി . അവരുടെ വാര്‍ത്തകളെന്നു റിയാസ് മന്ത്രി സൂചിപ്പിച്ചു  . പണ്ടത്തെ പാര്‍ട്ടിയല്ല ഇപ്പോഴത്തെ പാര്‍ട്ടിയെന്ന കാര്യം തന്നെ അദ്ദേഹം മറന്നോ ? ഏത് രഹസ്യ യോഗം ചേര്‍ന്നാലും തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി യോഗ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ അതേപടി ഇപ്പോള്‍ വരും അത്തരം സൗഹൃദം ലേഖകര്‍ക്ക് പാര്‍ട്ടിയിലെ പ്രധാന നേതാക്കളുമായി ഉണ്ട്  മാത്രവുമല്ല , പത്രങ്ങളില്‍ വന്നത് മന്ത്രിമാരെ തീരെ മോശമാക്കുന്ന വാര്‍ത്തകള്‍ ഒന്നുമായിരുന്നില്ല . മന്ത്രിമാര്‍ കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കണം . ചില മന്ത്രിമാര്‍ അറിയപ്പെടുന്ന നേതാക്കള്‍ പോലും ഫോണില്‍ വിളിച്ചാല്‍ എടുക്കാന്‍ പറ്റാത്ത വിധം ബിസിയാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ഇടയ്ക്കിടെ പറയുന്നത് പോലെ പറഞ്ഞുവെന്നേയുള്ളു ഏത് ഭരണകക്ഷി സംസ്ഥാന കമ്മിറ്റി ചേര്‍ന്നാലും പോരാ , ഇനിയും നന്നാക്കണമെന്ന് ഒക്കെ പറയുക പതിവല്ലേ റിയാസേ , അതിന് ലേഖകര്‍ക്ക് എന്ത് മനസുഖം കിട്ടാനാണ് ? അവരുടെ പല രോഗങ്ങളും ഭേദമാകട്ടെ എന്നൊക്കെ ആശംസിച്ചത് അധികമായില്ലേ ? 

ഇത്  തന്നയെല്ലേ കോടിയേരി സഖാവ് പത്രക്കാരോട് ഇന്ന് ഉച്ചക്ക് പറഞ്ഞത് . വേറെയാരും മാധ്യമപ്രവര്‍ത്തകരെ കളിയാക്കിയാലും അവര്‍ക്ക് ഫീല്‍ ചെയ്യില്ല . താങ്കളെ മന്ത്രിയാക്കി  ഗ്രൂം ചെയ്തു കൊണ്ട് വരികയാണെന്ന കാര്യം റിയാസ് ഇടക്കിടക്ക് മറന്നു പോകുകയാണോ ? മാധ്യമങ്ങളുമായ ഇടപെടല്‍ കാര്യക്ഷമമാകാത്തത് കൊണ്ടാണ് അവര്‍ പിണങ്ങുന്നതെന്ന് റിയാസിനു അറിയില്ലേ ? ഡി.വൈ.എഫ്.ഐ നേതാവായിരുന്നപ്പോള്‍ അക്കാര്യത്തില്‍ റിയാസ് ഒന്നാമന്‍ ആയിരുന്നല്ലോ 

പിണറായി സഖാവിന് കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്തും പ്രളയകാലത്തും വലിയ ഇമേജ് ഉണ്ടാക്കി തുടര്‍ഭരണം വാങ്ങി തരുന്നതില്‍ നാട്ടിലെ മാധ്യമങ്ങള്‍ക്കുമില്ലേ നല്ല ഒരു പങ്ക് . ഇലക്ഷന്‍ സമയത്ത് പിണറായി വിരുദ്ധ വാര്‍ത്തകള്‍ പതിവ് പോലെ അവര്‍ ധാരാളമായി നല്‍കിയെങ്കിലും മുന്‍പ് അവര്‍ തന്നെ പിണറായിക്ക് കല്‍പ്പിച്ചു കൊടുത്ത ഇമേജ് സാധാരണക്കാരുടെ മനസ്സില്‍ നിന്ന് എങ്ങനെ മായും ? പട്ടിണികാലത്ത് കിറ്റ് നല്‍കിയതും റേഷന്‍ കട എല്ലാവര്ക്കും കയറി ചെല്ലാവുന്ന ഇടമാക്കിയതും പിണറായി സര്‍ക്കാരല്ല ? പ്രളയകാലത്ത് കാര്യങ്ങള്‍ നേരെ ചൊവ്വേ നടത്തിയതും പിണറായിയല്ലേ? ഇതൊക്കെ ആര് മറന്നാലും വൈകുന്നേരങ്ങളില്‍ പ്രിയസീരിയലുകള്‍ കാണും പോലെ പെണ്ണുങ്ങള്‍ കാത്തിരുന്നു . 'പിണറായി ഷോ'യ്ക്ക് അവസരം  ഒരുക്കിയത് മാധ്യമങ്ങള്‍ അല്ലെ റിയാസേ ? അത് മറക്കാമോ ? നല്ലത് ചെയ്താല്‍ മാധ്യമങ്ങള്‍ക്ക് അത് ജനത്തിന് മുന്‍പില്‍ അവതരിപ്പിക്കാതിരിക്കാന്‍ പറ്റില്ല റിയാസെ , റിയാസിന് നല്ലൊരു ഭാവി ഞങ്ങള്‍ കാണുന്നു . റിയാസ് ചെറുപ്പമാണ് മിടുക്കനാണ് നല്ല നയചാതുര്യവുമുണ്ട് . നിരീക്ഷണക്കഴിവ് ബെസ്റ്റ് . കൂടെ നില്‍ക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ അറിയാം , ഉടന്‍ നടപടികള്‍ എടുക്കും . ഒരു ലീഡര്‍ക്ക് വേണ്ട എല്ലാം റിയാസിനുണ്ട് . സുതാര്യത മുഖമുദ്ര ആക്കിയത് തന്നെ റിയാസിന് കൂടുതല്‍ മാര്‍ക്ക് തരുന്നു .

അതിനിടെ , കൃഷ്ണപ്പയെ പോലുള്ളവരെ റോഡിലെ കുഴിയടക്കാന്‍ വിട്ടാല്‍ തിളച്ച ടാര്‍ ശണ്ഠക്ക് വന്ന കാര്‍ യാത്രക്കാരുടെ നേര്‍ക്ക് ഒഴിച്ചാല്‍ റിയാസിന് എന്ത് ചെയ്യാന്‍ പറ്റും ?ടോള്‍ പ്ലാസയിലെ എമര്‍ജന്‍സി പാതയിലൂടെ പാഞ്ഞു വന്ന കാര്‍ തടഞ്ഞപ്പോള്‍ അതിലിരിക്കുന്ന ലഞ്ജിത്ത് ജീവനക്കാരന്‍ അരുണിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു പൊക്കി കാര്‍ കുറച്ചു ദൂരം ഓടിപ്പിച്ചു നടുറോഡിലേക്ക് എറിഞ്ഞാല്‍ റിയാസിനു എന്ത് ചെയ്യാന്‍ പറ്റും ? തമാശയൊക്കെ പറയാം മാധ്യമക്കാരെ ആസാക്കിയാലോ ? 'ന്നാല്‍ താന്‍ പോയി കേസ് കൊട്' എന്നൊന്നും റിയാസ് പറയാതിരിക്കുന്നത്  തന്നെയല്ലേ ബുദ്ധി ? 

വാല്‍ക്കഷ്ണം : കഴിഞ്ഞ ദിവസം 'ജോക്കറാച്ചായ'നായത് ജോര്‍ജേട്ടന്‍ . അതിജീവിതക്ക് എതിരെ ആയിരുന്നു ബ്‌ളാക്ക് ജോക്ക് ഇന്നിപ്പോ ആ സ്ഥാനം ജലീല്‍ ഇക്കക്ക് ! രണ്ടാം കാശ്മീര്‍ യാത്ര നടത്തിയതോടെ ജലീലിന് പാക്ക് അധീന കാശ്മീര്‍ ആസാദ് കാശ്മീരായി ഇന്ത്യയുടെ ഭാഗമായി തുടരുന്നത് ഇന്ത്യന്‍ അധീനകാശ്മീറും ഭാഷയും വീക്ഷണവും ഒരു പാകിസ്ഥാന്‍ പൗരന്റേത് പോലെ .വെറുതെയാണോ ജലീലെ സ്വപ്ന താങ്കള്‍ ദേശവിരുദ്ധനാണെന്ന് വിശേഷിപ്പിക്കുന്നത്? സ്വപ്ന ഇങ്ങനെയൊക്കെ പറയുന്ന സമയത്ത് തന്നെ വേണമായിരുന്നോ ഈ ഫേസ്ബുക്ക് പോസ്റ്റ് ! പത്രസമ്മേളനത്തില്‍ മറുപടി നല്‍കാന്‍ കഴിയാതെ കോടിയേരി സഖാവിന് ഈ രോഗാവസ്ഥയിലും താങ്കള്‍ക്ക് വേണ്ടി ഉരുണ്ടു കളിക്കേണ്ടി വന്നത് ജലീല്‍ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടില്ലേ  ? പിണറായി താങ്കളെ എന്നെങ്കിലും ഒരു നാള്‍ കാണും ! 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക