Image

രാമ രാവണ യുദ്ധം (ദുർഗ മനോജ് )                                  

Published on 13 August, 2022
രാമ രാവണ യുദ്ധം (ദുർഗ മനോജ് )                                  

യുദ്ധകാണ്ഡം, ഒന്നു മുതൽ ഇരുപത്താറു മുതൽ അറുപത്തിയഞ്ചു വരെ സർഗം

(യുദ്ധത്തിൻ്റെ തയ്യാറെടുപ്പുകളും യുദ്ധാരംഭവുമാണ് പ്രതിപാദ്യം)

ലങ്കയിൽ നിന്നും തിരികെ വന്ന ഹനുമാൻ പറഞ്ഞ വിശേഷങ്ങൾ വളരെ വ്യക്തമായി രാമലക്ഷ്മണന്മാരും സുഗ്രീവനും മന്ത്രിമാരും കേട്ടു. അതിൽ നിന്നും എപ്രകാരമാണ് ലങ്കയിലെ സൈനിക വിന്യാസമെന്നും, എപ്രകാരം മാത്രമേ അവിടെ എത്തിച്ചേരാനാകുവെന്നും അവർക്കു ബോധ്യമായി.ഈ സമയം രാമൻ ഹനുമാനെ ഇത്ര പ്രയാസകരമായ ദൗത്യത്തിൽ വിജയിച്ചു വന്നതിൽ ആശ്ലേഷിച്ച് അനുമോദിച്ചു. ഏവർക്കും സന്തോഷമായി. വൈകാതെ തെക്കൻ സമുദ്രതീരത്തേക്കു വാനരസൈന്യം നീങ്ങട്ടെ എന്നു സുഗ്രീവൻ കല്പ്പിച്ചു. അതനുസരിച്ചു കരുത്തരായ വാനര പ്രവരന്മാർ തെക്കുദിക്കിലേക്കു സുഗ്രീവൻ്റെ നേതൃത്വത്തിൽ യുദ്ധകാഹളം മുഴക്കി യാത്ര ആരംഭിച്ചു.എല്ലാവരും വർദ്ധിത വീര്യത്തോടെ സമുദ്രതീരത്തിലേക്കു പുറപ്പെട്ടു. ഹനുമാൻ പറഞ്ഞ പ്രകാരം ലങ്കയുടെ മുക്കുംമൂലയും വാനരസേനാധിപൻ മന:പാഠമാക്കി.

ഈ സമയം ലങ്കയിൽ കാര്യങ്ങൾ കൈവിട്ട നിലയിലായിരുന്നു. സീതാപഹരണത്തിനു ശേഷം സർവ്വവും നാശം തന്നെയെന്നു അനുഭവത്തിൽ വന്നു തുടങ്ങിയിരിക്കുന്നു. ഒരു കുരങ്ങൻ സമുദ്രം താണ്ടി വരുക, അതിനു ശേഷം അവൻ അശോകവനിയിൽ കടന്നു സീതയെക്കാണുക, അതും പോരാഞ്ഞ് ചൈത്യപ്രാസാദം ചുട്ടെരിക്കുക. പോരിൽ അരക്കന്മാരെക്കൊല്ലുക, എന്തിന്, രാവണപുത്രൻ അക്ഷ കുമാരൻ തന്നെ കൊല്ലപ്പെടുക, രാവണൻ അങ്കലാപ്പിലാകുവാൻ മറ്റെന്തു വേണ്ടൂ? വേഗം സഭ വിളിച്ചു കൂട്ടുവാൻ തീരുമാനമായി. ഒറ്റ ചിന്ത മാത്രം, രാമൻ വന്നേക്കാം സീതയെ കൊണ്ടു പോകുവാൻ. അതു തടയണം. എന്താണതിനു വഴി?

 മന്ത്രിമാരിൽ ചിലർ വമ്പു പറഞ്ഞു. കടൽ കടന്നു ചെന്നു വാനരന്മാരെ മുച്ചൂടും മുടിച്ചു ഞാനിതാ വരാം എന്ന മട്ടിലായിരുന്നു പലരുടേയും ഉപദേശങ്ങൾ. ചിലർ ലങ്കയുടെ പ്രതിരോധ സംവിധാനങ്ങളെ വാനോളമുയർത്തി, ശത്രുക്കളാൽ അപ്രാപ്യമെന്നു ഘോഷിച്ചു. ഏതായാലും സഹോദരന്മാരോടു കൂടി അഭിപ്രായമാരായാൻ രാവണൻ നിശ്ചയിച്ചു. വിഭീഷണൻ ആദ്യം തന്നെ നിലപാടു വ്യക്തമാക്കി. ഇത് അനീതിയാണ്. അപകടമാണ്. അന്യൻ്റെ ഭാര്യയെ തട്ടിയെടുത്താൽ ഫലം മരണം തന്നെ. അവളെ വിട്ടുകൊടുക്കുക.
പിന്നെ കുംഭകർണ്ണൻ്റെ ഊഴമായി. ഉറക്കത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടു മുൻപാണ് കുംഭകർണ്ണനോടും രക്ഷാവിധി തേടുന്നത്. അവൻ പറഞ്ഞു, ഞാൻ രാമൻ്റെ പടയെ മുടിക്കാം. പക്ഷേ ജേഷ്ഠാ നീ ചെയ്തത് അധർമ്മമാണ്. സീതയെ തൊടാൻ പാടില്ലായിരുന്നു.അതും പറഞ്ഞ് അവൻ തൻ്റെ അടുത്ത നീണ്ട ഉറക്കത്തിലേക്കു പ്രവേശിച്ചു.

ഈ സമയം ചില മന്ത്രിമാർ രാവണനെ വീണ്ടും വീണ്ടും വാഴ്ത്തി. യുദ്ധംഅരുതെന്നു പറഞ്ഞ വിഭീഷണനോട് ഇന്ദ്രജിത്ത് പരുഷമായി സംസാരിച്ചു. രാവണ സഹോദരനായിരിക്കേ രാവണനെ അംഗീകരിക്കാതെ വെറുമൊരു മനുഷ്യനു വേണ്ടി വാദിക്കുന്നതിൽ അത്ഭുതം കൂറി. ഒടുവിൽ വിഭീഷണൻ ലങ്ക വിട്ടു രാമനെ അഭയം പ്രാപിക്കുവാൻ നിശ്ചയിച്ചു. വിഭീഷണൻ ലങ്ക വിട്ടു രാമസവിധത്തിലെത്തി.
ചില രാക്ഷസർ രാവണനോട് ബലമായി സീതയെ പ്രാപിക്കുവാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് പണ്ട് പുഞ്ജികസ്ഥല എന്ന അപ്സരസ്സിനെ ബലേന പ്രാപിച്ചതറിഞ്ഞ് ബ്രഹ്മാവ് ഏതെങ്കിലും സ്ത്രീയെ ബലേന പ്രാപിച്ചാൽ തല പൊട്ടിത്തെറിച്ചു പോകുമെന്നു ശപിച്ചത് എന്ന കഥ രാവണൻ അവരോടു പറയുന്നത്.

രാമ പക്ഷത്ത് എത്തിയ വിഭീഷണനെ ഒന്നു ശങ്കിച്ചുവെങ്കിലും നല്ലവനെന്നു കണ്ട് സ്വന്തം പക്ഷത്തു ചേർത്തു രാമൻ  അഭിഷേകം നടത്തി. പിന്നെ ഏവരും സമുദ്രതീരത്തെത്തി. എന്നാൽ സമുദ്രം തരണം ചെയ്യാൻ വഴിയൊന്നും തെളിഞ്ഞു കണ്ടില്ല. എല്ലാവരും നിരാശരായി. ക്ഷമകെട്ട രാമൻ സമുദ്രത്തെ നോക്കി കോപംപൂണ്ടു. ഈ സമയം ഭയന്നു പ്രത്യക്ഷപ്പെട്ട വരുണൻ, രാമനോടു നിങ്ങൾ സമുദ്രത്തിൽ  ചിറകെട്ടൂ അതു ഞാൻ സംരക്ഷിക്കാമെന്നു വാക്കു കൊടുത്തു. അങ്ങനെ സേതുബന്ധനം ആരംഭിച്ചു.


വിഭീഷണനും രാമ പക്ഷത്ത് എത്തിയതോടെ രാമലക്ഷ്മണൻമാരിൽ പുതിയൊരു ഊർജ്ജം രൂപംകൊണ്ടു. സേനാ നീക്കങ്ങൾക്കു വേണ്ട തയ്യാറെടുപ്പു തകൃതിയായി. ഈ സമയം രാവണൻ അയച്ച ശുകനും സാരണനും പക്ഷി രൂപം ധരിച്ചു രാമൻ്റെ പട എത്രത്തോളമെന്നു വിലയിരുത്താൻ കടന്നുവന്നു. വാനരവേഷം പൂണ്ടു, വാനരസേനയ്ക്കുള്ളിൽ ഒളിഞ്ഞ  അവരെ വിഭീഷണൻ കണ്ടെത്തി പിടികൂടി. മറ്റു വാനരന്മാർ അവരെ ഉപദ്രവിക്കാൻ തുടങ്ങും മുൻപ് രാമൻ അവരെ സ്വതന്ത്രരാക്കി. പിന്നെ, അവർ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ  പടയുടെ ഒരുക്കങ്ങൾ കൃത്യമായി അറിയിക്കുവാൻ രാവണ സവിധത്തിലേക്കു പാഞ്ഞു. അവിടെ എത്തിയ അവർ രാമനോടു സന്ധി ചെയ്യുന്നതാണു നല്ലതെന്നും ഒരു യുദ്ധത്തിനൊരുങ്ങാതിരിക്കുക എന്നും രാവണനോടു പറഞ്ഞു.
എന്നാൽ ദുർബുദ്ധിയിൽ നല്ലതു തെളിയുമോ? അവൻ സീതയെ വിട്ടുക്കെടുക്കില്ലെന്നു തന്നെ നിശ്ചയിച്ചു. ശുകസാരണന്മാർ വാനരപടയിലെ ഓരോരുത്തരേയും രാവണനു വ്യക്തമാക്കിക്കൊടുത്തു. അക്ഷോഭ്യനായ രാമനെ നേരിടുക എളുപ്പമല്ല എന്നും ഉപദേശിച്ചു. ഒപ്പം വൻ പാറകൾ കൊണ്ടു സേതുബന്ധനം നടത്തുകയാണെന്നും നിമിഷം കൊണ്ടു അവർ ലങ്കയിൽ കടക്കുമെന്നും അറിയിച്ചു.
എല്ലാം കേട്ട രാവണൻ മന്ത്രിമാര വിളിച്ചു കൂട്ടാൻ പറഞ്ഞിട്ട്, വിദ്യുത്ജിഹ്വൻ എന്നു പേരുള്ള ഒരു മായാവി രാഷസനേയും കൂട്ടി സീതയുടെ മുന്നിലെത്തി. എന്നിട്ട് രാമനും വാനരൻമാരും പടയുമായി എത്തി എന്നും. പക്ഷേ കടൽ താണ്ടി അവശരായ അവരെ വധിക്കുവാൻ വലിയ പ്രയാസം നേരിട്ടില്ലെന്നും. വളരെ എളുപ്പത്തിൽ രാമനെ വധിച്ചുവെന്നും സീതയോടു കള്ളം പറഞ്ഞു. ഒപ്പം വിദ്യുത്ജിഹ്വൻ മായയാൽ  രാമ ശിരസ്സ് കാട്ടിക്കൊടുത്തു. അതു കണ്ടു സീത തളർന്നു നിലത്തു വീണു.അവളുടെ ഹൃദയം നുറുങ്ങിയ വിലാപം അവിടെ ഉയർന്നുപൊങ്ങി. ഓരോരോ സംഭവങ്ങൾ എണ്ണിപ്പറഞ്ഞു ബോധംകെട്ടു കരയുന്ന സീതയുടെ അടുത്തേക്കു സരമ എന്ന രാക്ഷസി ചെന്നു. അവൾ സീതയെ സമാശ്വസിപ്പിച്ചു രാമൻ കൊല്ലപ്പെട്ടിട്ടില്ല എന്നും അതുമായക്കാഴ്ചയാണെന്നും ധരിപ്പിച്ചു. അന്നേരം ഭേരി ശംഖനാദങ്ങളിടകലർന്നു സർവ്വ സേനകളുടേയും കോലാഹലം ഊഴിയെ വിറപ്പിക്കുമാറു കേൾക്കാറായി. വാനരസേനകളുടെ ആ നാദം കേട്ടു ലങ്കാ വാസികൾ ഒന്നു നടുങ്ങി. ഇനി യുദ്ധം തന്നെ.
 "പോരിനൊരുങ്ങുക " എന്ന രാവണനിർദ്ദേശം കേട്ടു മാതാമഹനായ മാല്യവാൻ യുദ്ധത്തിൽ നിന്നും പിന്തിരിയുവാൻ രാവണനെ ഉപദേശിച്ചു . അതു രാവണനു സഹിച്ചില്ല. ആ ഉപദേശവും ക്രോധം കൊണ്ടവൻ സ്വീകരിച്ചില്ല.
ഈ സമയം വാനരന്മാർ ലങ്കാനഗരിക്കു പുറത്തുള്ള ചെറുകുന്നുകളിൽ കയറി ലങ്കാ വീക്ഷണം നടത്തി.
പിന്നെ രാമൻ രണ്ടു യോജന വലുപ്പമുള്ള സുവേല ശിരസ്സിൽ വാനരനായകരോടും സുഗ്രീവനോടുമൊപ്പം ആരോഹണം ചെയ്തു. അവിടെ നിന്നും സുഗ്രീവൻ കലി മൂത്ത് കരുത്തോടും നെഞ്ചുറപ്പോടും കൂടി ഗോപുരത്തിലേക്ക് എടുത്തു ചാടി. ഈ സമയം രാവണനും സുഗ്രീവനെതിരെ പോരാടാൻ ഒരുങ്ങി.യുദ്ധം കനത്തു. കൊല്ലാനായി തമ്മിലേറ്റിടഞ്ഞ്, നേരിട്ടു തല്ലൽ, ഒഴിഞ്ഞോടൽ, ചാടൽ, കൈയ് നീട്ടൽ, അങ്ങനെ പോരു നീണ്ടു. ഒടുവിൽ സുഗ്രീവൻ പോരിൽ രാവണനെ തളർത്തി. തിരികെ രാമസവിധത്തിലെത്തി.

 സുഗ്രീവനോടു രാമൻ എടുത്തു ചാടിയതെന്തിന്? നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? എന്നു ചോദിച്ചു. പിന്നെ എല്ലാവരും ഒത്തുചേർന്നാലോചിച്ചു ലങ്കാ നിരോധത്തിനൊരുങ്ങി. വാനരന്മാരാൽ ലങ്ക വളയപ്പെട്ടതോടെ രാക്ഷസൻമാരും യുദ്ധ സന്നാഹത്തോടെ പുറപ്പെട്ടു വന്നു. അങ്ങനെ യുദ്ധാരംഭമായി.

യുദ്ധമാരംഭിച്ചതോടെ വാനരന്മാർക്കു കടുത്ത കോപം വന്നു. അവർ പോരു തുടങ്ങി . അതു പോലെ തന്നെ അരക്കന്മാരും പത്തുദിക്കും മുഴക്കിക്കൊണ്ടു പാഞ്ഞടുത്തു. അങ്ഗദനോട് രാവണപുത്രൻ ഇന്ദ്രജിത്ത്, മുക്കണ്ണനോട് യമൻ എന്ന പോലെ പോരുതി. പ്രഘസനോടു സുഗ്രീവനും, വിരൂപാക്ഷനോടു ലക്ഷ്മണനും, രശ്മികേതുവും, സപ്തഘ്നനും, യജ്ഞ കോപനുമായി രാമനും യുദ്ധം ചെയ്തു. ഓരോ വാനരനും ഓരോ രാക്ഷസനുമായി പോരു തുടർന്നു. ഉഗ്രമായ യുദ്ധത്തിൽ രാക്ഷസരുടെ ദേഹത്തു നിന്നും ചാലിട്ടൊഴുകിയ ചോരപ്പുഴ കണ്ട് ഇന്ദ്രജിത്ത് ക്രുദ്ധനായി. അവൻ ആഞ്ഞടിച്ചു. പക്ഷേ, പിന്നീടുണ്ടായ ശക്തമായ യുദ്ധത്തിൽ  അങ്ഗദനോടേറ്റു തളർന്ന ഇന്ദ്രജിത്തിൻ്റെ തേരും തേരാളിയും നഷ്ടമായി. അതു കണ്ടു ദേവകൾ ബാലീ പുത്രൻ അങ്ഗദനെ വാഴ്ത്തി.ഒടുവിൽ സന്ധ്യ വന്നണഞ്ഞു. മെല്ലെ കതിരോൻ മറഞ്ഞു. പക്ഷേ ആ ഇരുട്ടിലും പോരു തുടർന്നു. ആരെന്നും എന്തെന്നു മറിയാതെ, ആരെടാ ഞാനെടാ എന്ന മട്ടിൽ യുദ്ധം തുടർന്നു. ഈ സമയം ഇരുട്ടിൻ്റെ മറവിൽ, മായാ വിദ്യകൊണ്ട് ഇന്ദ്രജിത്ത്, നാഗാ സ്ത്രങ്ങളാൽ രാമലക്ഷ്മണന്മാരെ നേരിട്ടു. ചോരയിൽ കുളിച്ച്, ശരങ്ങൾ കൊണ്ടു മൂടപ്പെട്ടു രാമലക്ഷ്മണന്മാർ കിടപ്പായി. അവരിരുവരും വീണതു കണ്ടിട്ടും ഇരുട്ടിൽ മറഞ്ഞു നിന്നു വാനരപ്പടയെ കൊന്നൊടുക്കുന്ന ഇന്ദ്രജിത്തിനെ കണ്ടെത്താൻ ആർക്കും സാധിച്ചില്ല.പടമുടിച്ചുവെന്നാശ്വസിച്ചു രാവണി ,അച്ഛൻ രാവണനു മുൻപാകെ എത്തി.

രാമനും സോദരനും വാനരപ്പടയും അപ്പാടെ മുടിഞ്ഞുവെന്നു രാവണനെ അറിയിച്ചു. അതു കേട്ട രാവണൻ, വേഗം രാക്ഷസികളോടു സീതയെ പുഷ്പകവിമാനത്തിൽ കയറ്റി രണഭൂമിയിൽ ബാണങ്ങളേറ്റു ജീവൻ വെടിഞ്ഞ രാമലക്ഷ്മണന്മാരെ നേരിട്ടു  കാണിച്ചു കൊടുക്കുവാൻ ഉത്തരവിട്ടു.
ഈ സമയം യുദ്ധഭൂമിയിൽ പരിക്കേറ്റ രാമലക്ഷ്മണന്മാർക്കു സമീപം വിഭീഷണൻ ഓടിയെത്തി അതു ഇന്ദ്രജിത്തിൻ്റെ മോഹ ബന്ധനമാണെന്നു തിരിച്ചറിഞ്ഞു. നാഗാസ്ത്രം കൊണ്ടു, ആയിരക്കണക്കിനു കദ്രുപുത്രന്മാർ രാമനേയും സോദരനേയും മോഹാലസ്യപ്പെടുത്തിയതാണ്. അത്ര വേഗം ആ ബന്ധനം മാറ്റാവതല്ല. എന്നാൽ എല്ലാവരും അതോർത്തു ദുഃഖിച്ചാൽ വാനര സൈന്യത്തിൻ്റെ മനോബലം നശിക്കും. വാനര സൈന്യത്തിൻ്റെ മനോബലം കാത്ത്, രാമലക്ഷ്മണന്മാർ രക്ഷിക്കാൻ വഴിയെന്തെന്ന് ആലോചിച്ചു വിഭീഷണൻ.

രാമൻ്റെ പടയുടെ നടുക്ക് ഇപ്രകാരം അനിശ്ചിതത്വം തുടരുന്ന സമയത്തു സീതയെ നിർബന്ധിച്ചു പുഷ്പകത്തിൽ കയറ്റി വീണു കിടക്കുന്ന രാമനേയും സോദരനേയും കാട്ടിക്കൊടുത്തു രാക്ഷസികൾ. അതു കണ്ടു എണ്ണിപ്പറഞ്ഞു സീത വിലപിക്കവേ ത്രിജട എന്ന രാക്ഷസി സീതയെ ആശ്വസിപ്പിച്ചു. അവൾ പറഞ്ഞു, നിൻ്റെ ഭർത്താവും സഹോദരനും മരിച്ചിട്ടില്ല. മരിച്ചവരുടെ മുഖത്തു ശ്രീ ഉണ്ടാകില്ല. എന്നാൽ വീണു കിടക്കുന്നവരുടെ മുഖത്തു ശ്രീ കാണുന്നില്ലേ? അവർ ലങ്ക മുടിച്ചു നിന്നേയും കൊണ്ടു അയോധ്യയിലേക്കു മടങ്ങും. അങ്ങനെ ത്രിജടയുടെ വാക്കു കേട്ടു സീത ഒരല്പം ആശ്വാസം കൊണ്ടു.

സീതയേയും കൊണ്ടു രാക്ഷസികൾ മടങ്ങിയ ശേഷം പെട്ടന്ന് ഒത്ഭുതം രണഭൂമിയിൽ സംഭവിച്ചു. അവിടേക്കു ഗരുഡൻ പറന്നെത്തി. ഗരുഡൻ്റെ ചിറകടി കേട്ടതോടെ നാഗങ്ങളപ്പാടെ സമുദ്രത്തിലൊളിച്ചു. അതോടെ നാഗാസ്ത്ര മോചിതനായ രാമൻ ഗരുഡനോടു കൃത്യ സമയത്തു രക്ഷിച്ചതിനു നന്ദി പറഞ്ഞു. ഗരുഡനാകട്ടെ താൻ രാമനുമായി മൈത്രിയാണ് ആഗ്രഹിക്കുന്നത് എന്നും അറിയിച്ചു മടങ്ങി.

ഈ സമയം വാനരപ്പടമുടിഞ്ഞുവെന്നു നിനച്ച് ആഹ്ലാദിച്ച രാക്ഷസക്കൂട്ടം, പെട്ടന്ന് ശത്രു പാളയത്തിൽ നിന്നുയർന്നു കേട്ട ആക്രോശവും ആവേശവും കണ്ടമ്പരന്നു. രാമൻ മരിച്ചില്ലേ? രാവണനും സംശയമായി. അധികം കഴിഞ്ഞില്ല സുഗ്രീവ പോരാളികൾ കയ്യിൽ കിട്ടിയ കല്ലുംപാറയും മരവും തടിയും ഒക്കെയായി രാക്ഷസർക്കു മീതേ പാഞ്ഞടുത്തു. അതോടെ രാവണൻ ധൂമ്രാക്ഷനെ അയച്ചു. അവൻ വാനരസേനക്കു മീതേ അക്രമം അഴിച്ചുവിട്ടു. പക്ഷേ അത് ഏറെ നേരം നീണ്ടുനിന്നില്ല. ഹനുമാൻ  അവനെ കാലപുരിക്കയച്ചു. പിന്നീടു വന്ന വജ്രദംഷ്ട്രനെ അങ്ഗദനും, അകമ്പനെ ഹനുമാനും, പ്രഹസ്തനെ നീലനും കൊന്നൊടുക്കി.എല്ലാ വമ്പന്മാരേയും കൊന്നു തള്ളുകയാണ് വാനരസേന. രാവണൻ ഇനിയെന്ത് എന്ന് ചിന്തിച്ചു. ഒട്ടും വൈകരുത് എന്നു തീരുമാനിച്ചു രാവണൻ സ്വയം യുദ്ധത്തിനിറങ്ങി. കിരീടമണിഞ്ഞ്, കുണ്ഡലങ്ങൾ ചാർത്തി, ഭീമാകായനും, സൂര്യനെപ്പോലെ തിളങ്ങുന്നവനുമായ രാക്ഷസ രാജൻ രാവണൻ രണഭൂവിൽ എത്തിയപ്പോൾ ആ തേജസ്സു കണ്ട് രാമൻ വിഭീഷണനോടു പറഞ്ഞു സീതാഹരണം കൊണ്ടുണ്ടായ കോപം ഞാനിന്ന് ഇവൻ്റെ മേലെ തീർക്കും. രാമൻ വില്ലുമെടുത്തു ലക്ഷ്മണനൊത്തു നിലകൊണ്ടു. 

 രാവണൻ്റെ പൊടുന്നനെയുള്ള ശരവർഷം വാനരന്മാർക്കു മേൽ മരണവർഷമാകുന്നതു കണ്ടു മാരുതി തൻ്റെ പെരുത്ത കൈ കൊണ്ടവനെ ഊക്കി നടിച്ചു. ആ അടിയിൽ പത്തു തലയൻ ഒന്നു നിന്നാടി. അവർ തമ്മിൽ മെയ്പ്പോരും. വാക്പ്പോരും തുടങ്ങി. ഇതിനിടയിൽ രാവണൻ ലക്ഷ്മണനു മുന്നിലെത്തി. ആ യുദ്ധത്തിൽ രാവണൻ വില്ലറ്റ്, അമ്പേറ്റ്, രക്തത്തിൽ മുങ്ങി. അവൻ ദേഷ്യം കൊണ്ടു ജ്വലിച്ചു. അവൻ ഉഗ്രനായ ദേവ ശത്രു എന്ന വേൽ കൈയ്യിലെടുത്തു.സൗമിത്രിക്കു നേരെ പ്രയോഗിച്ചു. വേൽ കൊണ്ടു വീണ സൗമിത്രിയെ പൊക്കി എടുക്കാൻ ശ്രമിച്ച രാവണനെ ഹനുമാൻ തടഞ്ഞു. പിന്നെ രാമൻ ഹനുമാനു പുറത്തേറി രാവണനുമായി പോര് തുടങ്ങി.ആ പോരിൽ രാവണൻ ആകെ മുടിഞ്ഞു. അവൻ ഓടി രക്ഷപ്പെട്ടു ലങ്കയിൽ പ്രവേശിച്ചു. രാവണൻ ആകെ ദുഃഖിതനായി. ബ്രഹ്മ വാക്യം സത്യമാകുവാൻ സമയമായിരിക്കുന്നു. മനുഷ്യരിൽ നിന്നും ഭയമേർപ്പെടും എന്ന ബ്രഹ്മവാക്യം അടുത്തെത്തിയിരിക്കുന്നു. പണ്ട് ഇക്ഷാകുകുലത്തിലെ അനരണ്യനും, പിന്നീടു വേദവതിയും പറഞ്ഞ വാക്കുകൾ സത്യമാകുന്നു. വേദവതിയെ അവളുടെ ആഗ്രഹത്തോടെയല്ലാതെ ആക്രമിപ്പോൾ അവൾ ശപിച്ചു. ജനകനന്ദിനിയായി വന്നിരിക്കുന്നത് അവൾ തന്നെ. ഋഷിഭാഷിതം മിഥ്യയാകില്ല. 

 ഇനി മറ്റുവഴിയില്ല. കുംഭകർണ്ണനെ ഉണർത്തുക .കുംഭകർണ്ണൻ മുപ്പത്തിനാലു മാസം ഉറങ്ങും. ഒരു ദിവസം ഉണർന്നിരിക്കും. ഒമ്പതു ദിവസം മുൻപാണു കുംഭകർണ്ണൻ വീണ്ടും ഉറങ്ങിത്തുടങ്ങിയത്. അവനെ അങ്ങനെ ഉണർത്തിയാൽ അതവൻ്റെ മരണകാരണമാകുമെന്നു രാവണനറിയാത്തതല്ല. ദീർഘകാലം തപസ്സു ചെയ്തു മരണമില്ലാത്ത അവസ്ഥക്കു വേണ്ടി പ്രാർത്ഥിച്ച അവൻ്റെ മനസ്സ് തിരിച്ചറിഞ്ഞ ബ്രഹ്മാവ് സരസ്വതി ദേവിയെക്കൊണ്ടു ചെറുതായി നാക്കുളുക്കിച്ചു. അതോടെ എന്നും ഉറങ്ങുവാനുള്ള വരമാണ് അവൻ ചോദിച്ചത്. പറ്റിയ അബദ്ധം, താണുകേണു പറഞ്ഞു  ചെറിയ ഇളവു നേടിയതാണ് ആ ഒമ്പതു ദിവസമെന്നത്. ഉറക്കത്തിൽ ഭംഗം വരുത്തിയാൽ മരണം തന്നെയാണു ഫലം. പക്ഷേ അതൊന്നും കണക്കിലെടുക്കാതെ രാവണൻ അനുചരരെക്കൊണ്ടു ഒരു വിധത്തിൽ അവനെ ഉണർത്തി എടുത്തു. പിന്നെ, സ്വന്തം പടയ്ക്കും തനിക്കുമേറ്റ പരാജയം രാവണൻ പറഞ്ഞു കേൾപ്പിച്ചു. രാവണനോട് അപ്പോഴും അവൻ സ്വന്തം നീതിവാക്യം പറയുവാൻ ശ്രമിച്ചു. സീതയെ തിരികെ നൽകു എന്ന അവൻ്റെ പറച്ചിൽ രാവണനെ കോപം കൊള്ളിച്ചു. എന്നാൽ മഹോദരൻ എന്ന രാക്ഷസൻ, രാജവാക്യം നിഷേധിക്കുന്നതിനു കുംഭകർണ്ണനെ ശാസിച്ചു. ഒടുവിൽ കുംഭകർണ്ണൻ പോരിനിറങ്ങുവാൻ തയ്യാറായി.

 സാരാംശം

 സേതുബന്ധനത്തിനുള്ള ഒരുക്കത്തിലാണ് രാമ പക്ഷം. മുന്നിൽ അഗാധമായ ആഴി. അതു മറികടക്കുക എന്ന ഏറെക്കുറെ അസാധ്യമായ കാര്യത്തിലൂടെ മാത്രമേ സീതയെ നേടുവാനാകൂ. ഇവിടെ സീതയുടെ രാമനിലുള്ള വിശ്വാസവും രാമനു സീതയിലുള്ള വിശ്വാസവും മാത്രമാണ് മുന്നോട്ടു നയിക്കുവാനുള്ള ഏക ശക്തി. ആ വിശ്വാസത്തിനു മുന്നിൽ സമുദ്രം പിൻമാറുന്നു. രാമായണ കഥയിൽ ആദ്യമായി രാവണൻ തൻ്റെ സ്വന്തം നില തിരിച്ചറിയുന്നു ഈ ഘട്ടത്തിൽ. വേദവതിയുടെ ശാപം നിമിത്തം അവൾ തൻ്റെ ജീവനെടുക്കാൻ പിറക്കുമെന്ന ഓർമ്മയും, ദേവൻമാരിൽ നിന്നും മറ്റെല്ലാത്തിൽ നിന്നും മരണഭയമുണ്ടാകരുത് എന്നു വരം നേടുമ്പോഴും അതിൽ മനുഷ്യരെ ഉൾപ്പെടുത്താതിരുന്നതും രാവണൻ്റെ അമിത ആത്മവിശ്വാസത്താലാണ്. ആ വിശ്വാസം തെറ്റിയെന്നും രാവണൻ മനസിലാക്കുന്നു.ഇത്തരം അവസാന ഘട്ട ഓർമകൾ സ്വന്തം ജീവിതത്തിലെ ഒടുവിലത്തെ പോരാട്ടത്തിലാണു രാവണനിൽ കടന്നു വരുന്നതും. മനുഷ്യർക്കും ഇതിൽ നിന്നു പഠിക്കുവാനേറെ. സ്വന്തം മരണമടുക്കുമ്പോഴും സഹോദരനെയും മറ്റെല്ലാവരേയും സ്വന്തം സുരക്ഷക്കായി ഉപയോഗിക്കാൻ രാവണൻ മടിക്കുന്നില്ല. എങ്ങനെയും വിജയിക്കുക എന്നതു മാത്രമേ അപ്പോൾ രാവണൻ ചിന്തിക്കുന്നുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക