Image

സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ മണ്ണില്‍ നിന്നും പ്രതിപക്ഷത്തിന് ഒരു സമഗ്ര ഉയര്‍ത്തെഴുന്നേല്‍പിന് സാധിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 13 August, 2022
സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ മണ്ണില്‍ നിന്നും പ്രതിപക്ഷത്തിന് ഒരു സമഗ്ര ഉയര്‍ത്തെഴുന്നേല്‍പിന് സാധിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

1975-ല്‍ ജയ്പ്രകാശ് നാരയണ്‍ ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ സമ്പൂര്‍ണ്ണവിപ്ലവത്തിന്റെ കാഹളം മുഴക്കിയ ബീഹാറിന്റെ മണ്ണില്‍നിന്നും പ്രതിപക്ഷകക്ഷികളുടെ ഒരു മുന്നേറ്റം മോദിയ്ക്കും ഷായ്ക്കും ബി.ജെ.പി.യ്ക്കും എതിരെ നടന്നരിക്കുകയാണ്. ബി.ജെ.പി.ക്ക് മേധാവിത്വമുള്ള മുന്നണിവിട്ട് മുഖ്യമന്ത്രി നീതീഷ്‌കുമാര്‍ മറ്റൊരു സഖ്യക്ഷി ഗവണ്‍മെന്റ് സ്ഥാപിച്ചിരിക്കുകയാണ്. ഇത് പ്രതിപക്ഷത്തിന്റെ ദേശീയ തലത്തിലുള്ള ഒരു സമഗ്ര ഉയര്‍ത്തെഴുപ്പിന് വഴിതെളിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ സശ്രദ്ധം വീക്ഷിക്കുന്നത്.

അങ്ങനെ കുതിരക്കച്ചവടമോ റിസോര്‍ട്ട് രാഷ്ട്രീയമോ ചാട്ടേഡ് വിമാനവ്യൂഹമോ ഒന്നും ഇ്ല്ലാതെ ബീഹാറില്‍ പൊടുന്നനെ ഒരു അധികാര മാറ്റം ഉണ്ടായി. നിതീഷ് കുമാറില്‍ നിന്നും നിതീഷ് കുമാറിലേക്ക്. ബി.ജെ.പി. എന്ന ഭരണസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി(77) പുറത്തായി. ആര്‍.ജെ.ഡി.യും(79), കോണ്‍ഗ്രസും(19) അധികാരത്തിലുമായി. നിതീഷിന്റെ ജെ.ഡി.(യു) തന്നെ (45) ഭരണസാരഥ്യം വഹിക്കുന്നു. ജെ.ഡി.യുവിന്റെ കേന്ദ്രമന്ത്രിയായ ആര്‍.സി.പി. സിംങ്ങിനെ വശത്താക്കി അയാളിലൂടെ ഒരു ഏക്‌നാഥ്ഷിന്റെയെ വളര്‍ത്തി ബീഹാറില്‍ ഒരു മഹാരാഷ്ട്ര മാതൃകയിലുളള അട്ടിമറി നടത്തുവാനുള്ള ബി.ജെ.പി.യുടെ അണിയറ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് രാഷ്ട്രീയ ചാണക്യനായ നിതീഷ് ഈ നീക്കം നടത്തിയത്. ഇതിനായി  ആദ്യമേ തന്നെ സിംങ്ങിന്റെ ചിറകരിഞ്ഞു. അദ്ദേഹത്തിന് രാജ്യസഭ നോമിനേഷന്‍ നിരസിച്ചു. സഭാംഗത്വം നഷ്ടപ്പെട്ട സിംങ്ങിന് മന്ത്രിസ്ഥാനവും ഇല്ലാതായി. ഇതിനൊപ്പം തന്നെ കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും ആയിട്ടുള്ള സഖ്യചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തു. ഓഗസ്റ്റ് എട്ടിന് ഇത് വിജയം കണ്ടു.

നിതീഷും ബി.ജെ.പി.യും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യോടു ചേര്‍ന്ന് മത്സരിച്ച് ഭരണത്തില്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. സഖ്യത്തില്‍ ജെ.ഡി.യു. ബി.ജെ.പി.യില്‍ നിന്നും വളരെ പിറകില്‍ പോയി. ഇത് ബി.ജെ.പി.യുടെ ഗൂഢരാഷ്ട്രീയ തന്ത്രങ്ങള്‍ മൂലം ആണെന്ന് നിതീഷ് കരുതി, പ്രത്യേകിച്ചും എല്‍.ജെ.പി.യുടെ ചിരാഗ് പസ്വാനെ ഉപയോഗിച്ച് ജെ.ഡി.യുവിന്റെ വോട്ട് ബാങ്ക് തകര്‍ത്തത്. ജെ.ഡിയു.വി.നെ തകര്‍ക്കുവാനും കാലക്രമണത്തില്‍ ബീഹാറില്‍ ആധിപത്യം സ്ഥാപിക്കുവാനുമുള്ള ബി.ജെ.പി. തന്ത്രം ആണ് ഇതെന്ന് നിതീഷ് കണക്കുകൂട്ടി. ചെറുകക്ഷിയായ ജെ.ഡി.യുവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയെങ്കിലും സ്പീക്കര്‍ സ്ഥാനം നിഷേധിച്ചു. രണ്ട് ഉപമുഖ്യമന്ത്രിമാരെയും ബി.ജെ.പി. നിതീഷിന്റെ ഇടവും വലവും നിയമിച്ചു. ക്രമേണ ബി.ജെ.പി.യുടെ ശ്രമം ജെ.ഡി.യുവിന്റെ വോട്ടുബാങ്ക് പിടിച്ചെടുക്കുവാന്‍ ആയിരുന്നു. പ്രത്യേകിച്ചും മഹാപിന്നോക്ക വിഭാഗത്തെ. കേന്ദ്രത്തിന്റെ ചില നയങ്ങളുടം ആയി നിതീഷ് ഉടക്കി. നിതീഷിന്റെ കാസ്റ്റ് സെന്‍സസിനെ ബി.ജെ.പി. എതിര്‍ത്തപ്പോള്‍ ആര്‍.ജെ.ഡി. പിന്തുണച്ചു. പകരം നിതീഷ് കേന്ദ്രത്തിന്റെ ജനസംഖ്യാ നിയന്ത്രണ നിയമത്തെ എതിര്‍ത്തു. അമിത്ഷായുടെ ചരിത്രത്തിന്റെ പുനഃപരിശോധനക്കുള്ള നീക്കത്തെയും നിതീഷ് എതിര്‍ത്തു. കേന്ദ്രഭരണത്തില്‍ ജെ.ഡി.യുവിന് ഒരേ ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കിയതിലും അദ്ദേഹം അസ്വസ്ഥന്‍ ആയിരുന്നു. ബി.ജെ.പി.യുമായിട്ടുള്ള സഖ്യം അതിന്റെ അവസാനനാളുകളില്‍ എത്തിയപ്പോള്‍ നിതീഷ് നാല് പ്രധാന മീറ്റിംങ്ങുകള്‍ ദല്‍ഹിയില്‍ ബഹിഷ്‌ക്കരിച്ചു: നീതി ആയോഗ്, പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ, സ്ഥാനം ഒഴിയുന്ന രാഷ്ട്രപതിയുടെ വിടവാങ്ങല്‍ വിരുന്ന്, അമിത്ഷാ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനം.

നിതീഷ്‌കുമാര്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ അവസരവാദ നീക്കങ്ങളുടെ കുലപതിയാണ്. ചാണക്യന്‍ എന്നും പറയാം. മതനിരപേക്ഷത എന്നത് അദ്ദേഹം വോട്ട ബാങ്ക് രാഷ്ട്രീയത്തിനായി അണിയുന്ന ഒരു തൊപ്പി മാത്രം ആണ്. പക്ഷേ, അദ്ദേഹം അടിസ്ഥാനപരമായി ഒരു മതനിരപേക്ഷവാദിയാണ്. അധികാരത്തിനായി സംഘപരിവാറിനൊപ്പവും ചേരും എന്നു മാത്രം. ഉദാഹരണമായി 1994-ല്‍ നിതീഷ് സമതപാര്‍ട്ടി രൂപീകരിക്കുകയും 1998-ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി. ഗവണ്‍മെന്റില്‍ ചേരുകയും ചെയ്തു. 2000-ല്‍ ഇതേ സഖ്യത്തിന്റെ ശക്തിയോടെ ആദ്യമായി ബീഹാറിലെ മുഖ്യമന്ത്രി ആവുകയും ചെയ്തു. 2002-ല്‍ നിതീഷ് കേന്ദ്രത്തില്‍ റെയില്‍വെ മന്ത്രി ആയി. അദ്ദേഹം ഗുജറാത്തു കലാപത്തെ തുടര്‍ന്ന് രാജിവച്ചില്ല. എന്നാല്‍ 2013-ല്‍ അദ്ദേഹം എന്‍.ഡി.എ.യുമായിട്ടുള്ള 17 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചു. കാരണം നരേന്ദ്രമോദിയെ ബി.ജെ.പി.യുടെ (എന്‍.ഡി.എ) 2014-ലെ പ്രധാനമന്ത്രിസ്ഥാനാര്‍്തഥിയായി പ്രഖ്യാപിച്ചു. പിന്നീട് അദ്ദേഹം ബദ്ധവൈരിയായ ആര്‍.ജെ.ഡി.യുമായി സഖ്യത്തിലായി. 2015-ല്‍ നിതീഷ് ആര്‍.ജെ.ഡി.-കോണ്‍ഗ്രസ് സഖ്യത്തില്‍ അഞ്ചാമത്തെ പ്രവാശ്യം മുഖ്യമന്ത്രിയായി. എന്നാല്‍ ആര്‍.ജെ.ഡി.യുമായിട്ടുള്ള ബന്ധവും സുഗമം ആയിരുന്നില്ല. തേജസ്വിയാദവ്, നിതീഷിന്റെ ഒരു മന്ത്രി, ഒരു ഭൂമി ഇടപാടില്‍ കുറ്റാരോപിതനായി. നിതീഷ് വിശദീകരണം ചോദിച്ചു. തേജസ്വ രാജിവച്ചു. ഒരു കുറ്റാരോപിതനെ എങ്ങനെ സഹപ്രവര്‍ത്തകനായി വച്ചു കൊണ്ടിരിക്കുവാന്‍ സാധിക്കുമെന്ന് നിതീഷ് ചോദിച്ചു. നിതീഷ് ബി.ജെ.പി.യുടെ സഹായത്തോടെ ഗവണ്‍മെന്റ് രൂപീകരിച്ചു. അത് ഇപ്പോള്‍ ഇങ്ങനെയും ആയി. അതേ കുറ്റാരോപിതന്‍ തേജ്വസിയുമായിട്ടാണ് നിതീഷ് വീണ്ടും സഖ്യം ചേര്‍ന്നതും ഉപമുഖ്യമന്ത്രി ആയി അവരോധിച്ചതും! തേജസ്വി യാദവ് ഇപ്പോള്‍ ജാമ്യത്തില്‍ ആണ്. ഈ കേസ് വീണ്ടും ഉയര്‍ന്നെഴുന്നേല്‍ക്കുമെന്ന് ബി.ജെ.പി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി സത്യപ്രതിജ്ഞ കഴിഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയത് ഓര്‍മ്മിക്കുക.

ഏതായാലും നിതീഷ് കുമാര്‍ വീണ്ടും ബീഹാറിലെ മുഖ്യമന്ത്രി ആയിരിക്കുകയാണ്. മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി.യും ജെ.ഡി.യുവും കോണ്‍ഗ്രസും കൂടാതെ സി.പി.ഐ.(എം.എല്‍.)(12) സി.പി.ഐ., സിപിഎം(2 വീതം) എന്നീ പാര്‍ട്ടികളും ഉണ്ട്. ഇതിന് ഒരു അഖിലേന്ത്യാ സഖ്യമായി വളര്‍ന്ന് 2024-ല്‍ മോദിക്കും ബി.ജെ.പി.ക്കും എതിരായ ഒരു സഖ്യം ആകുവാന്‍ സാധിക്കുമോ? 2024-ല്‍ മോദി ആയിരിക്കുകയില്ല പ്രധാനമന്ത്രി എന്ന ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയാണ് സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ നിതീഷ് നടത്തിയത്. എന്തായിരിക്കും ഇതിന്റെ സത്യാവസ്ഥ? എന്തായിരിക്കും ഇതില്‍ നിതീഷിന്റെ പങ്ക്? തലക്കെട്ടില്‍ സൂചിപ്പിച്ചതുപോലെ സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ മണ്ണില്‍ നിന്നും പ്രതിപക്ഷത്തിന്റെ ഒരു സമൂല പരിവര്‍ത്തനത്തിന് ബാല്യം ഉണ്ടോ?

പ്രതിപക്ഷത്തിന്‍ സംഖ്യാബലം ഉണ്ട്. പക്ഷേ, അത് വിഘടിതമാണ്. 2014-ല്‍ 31 ശതമാനം വോട്ടു നേടിയാണ് ബി.ജെ.പി. കേവല ഭൂരിപക്ഷത്തോടെ എന്‍.ഡി.എ.യുമായി അധികാരത്തില്‍ വന്നത്. അപ്പോള്‍ പ്രതിപക്ഷത്തിന് 69 ശതമാനം വോട്ട് ഉണ്ട്. പക്ഷേ, അത് ഒറ്റക്കെട്ടല്ല. 2019-ല്‍ ബി.ജെ.പി. 303 സീറ്റുകള്‍ നേടി അധികാരത്തില്‍ വന്നപ്പോള്‍ 40 ശതമാനം വോട്ട് ഉണ്ടായിരുന്നു. പ്രതിപക്ഷം 60 ശതമാനം വോട്ടും. പക്ഷേ പ്രതിപക്ഷം പതിവുപോലെ വിഘടിതമായിരുന്നു. ഈ വിഘടിതമായ പ്രതിപക്ഷത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരുവാന്‍ നിതീഷിന് സാധിക്കുമോ? എങ്കില്‍ അദ്ദേഹം പറഞ്ഞത് ശരിയാകും- 2024-ല്‍ മോദി പ്രധാനമന്ത്രി ആയിരിക്കുകയില്ല-പക്ഷേ, അത് അത്ര എളുപ്പം അല്ല. ബിജു പട്‌നായിക്കും(ഒഡീഷ) ജഗ് മോഹന്‍ റെഡ്ഢിയും പളനിസ്വാമിയും(തമിഴ്‌നാട്) ഒന്നും ഈ വിശാല മതേതര സംഖ്യത്തില്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയില്ല. മമതബാനര്‍ജി ഒരു വിഷമവൃത്തം ആയിരിക്കും. ഇതെല്ലാം ഒരുമിച്ചുവന്നാല്‍ എന്തുതരം സംഖ്യം ആയിരിക്കും അത്? എന്നിരുന്നാലും പ്രതിപക്ഷത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ട്. ബീഹാര്‍ നല്‍കുന്ന സന്ദേശം അതാണ്.

English summary: india's opposition, PV Thomas

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക