Image

അടി... തിരിച്ചടി... കൂട്ട അടി... 'തല്ലുമാല' കണ്ടപ്പോൾ

Published on 13 August, 2022
അടി... തിരിച്ചടി... കൂട്ട അടി... 'തല്ലുമാല' കണ്ടപ്പോൾ

മുഹ്‌സിന്‍ പരാരി, അഷ്‌റഫ്‌ ഹംസ എന്നിവര്‍ തിരക്കഥ എഴുതി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ തല്ലുമാല ’. ആഷിക്ക് ഉസ്‌മാന്റെ നിര്‍മ്മാണത്തില്‍ തീയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്‌, കല്ല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ബിനു പപ്പു, ജോണി ആന്റണി തുടങ്ങിയവര്‍ ആണ് പ്രധാന താരങ്ങള്‍. 

ഒരു കംപ്ലീറ്റ്‌ കൊമേര്‍ഷ്യല്‍ ഇടിപ്പടം. അതാണ്‌ തല്ലുമാലയുടെ ടീം പ്രൊമോഷന്‍സില്‍ പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ആദ്യാവസാനം സംവിധായകന്‍ ചിത്രത്തില്‍ ശ്രമിച്ചിരിക്കുന്നതും അതിന് മാത്രം ആണ്. അതുകൊണ്ട് കാമ്പുള്ള ഒരു കഥയോ ആഴമുള്ള കഥാപാത്രങ്ങളോ തല്ലുമാലയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. രണ്ടര മണിക്കൂര്‍ പ്രേക്ഷകര്‍ക്ക് ഒരു പുതിയ കാഴ്ചാനുഭവം സമ്മാനിക്കുക എന്നത് മാത്രമാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. എന്നാല്‍ വമ്പന്‍ പ്രതീക്ഷകളുമായി എത്തിയ ചിത്രം ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. പേര് സൂചിപ്പിക്കുന്ന പോലെ മണവാളന്‍ വസീമിന്റെ ജീവിതത്തിലെ സീരീസ് ഓഫ് തല്ലുകള്‍ ആണ് ചിത്രത്തിന്റെ പ്രമേയം. വളരെ unconventional ആയുള്ള ഒരു narrative ന് ആണ് ആദ്യ രംഗം മുതല്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ ഈ വഴി മാറി നടത്തം പലയിടത്തും forced ആകുന്നത് ആസ്വാദനത്തിന് കല്ലുകടി ആകുന്നുണ്ട്. Non - linear narrative ല്‍ മുമ്പോട്ടും പുറകോട്ടും നടന്ന് കഥ പറഞ്ഞ് പോകുന്ന ചിത്രം അതിന്റെ യഥാര്‍ത്ഥ ഫോമിലേക്ക് എത്തുന്നത് അവസാന അര മുക്കാല്‍ മണിക്കൂറില്‍ ആണ്. ആ രംഗങ്ങളിലെ ചടുലതയും കൃത്യതയും ആദ്യം മുതലേ പ്രകടിപ്പിച്ചിരുന്നെങ്കില്‍ തല്ലുമാല പൂര്‍ണ്ണതയില്‍ എത്തിയേനെ. ഒരു അടി പൊട്ടണം എന്ന് കാണികളെ കൊണ്ട് കൂടി തോന്നിപ്പിക്കുമ്പോള്‍ ആണല്ലോ ഒരു സംഘട്ടന രംഗം ആസ്വാദ്യകരം ആകുന്നത്. അത് തല്ലുമാല പ്രേക്ഷകനെ തോന്നിപ്പിക്കുന്നത് അവസാന സ്റ്റേജില്‍ മാത്രമാണ് എന്നത് ദൗര്‍ഭാഗ്യകരമാണ്. കല്ല്യാണിയുടെ കഥാപാത്രത്തിന്റെ intro song ഒഴികെ ഉള്ള പാട്ടുകളുടെ placement ഉം മോശമായി അനുഭവപ്പെട്ടു.  


ക്ലൈമാക്സിനോട് അനുബന്ധിച്ചുള്ള ചിത്രത്തിന്റെ ചടുലതയും വേഗവും ഒരുപാട് കൈയ്യടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രം തീയറ്ററുകളില്‍ അവസാനിക്കുന്നത് ഒരു പക്ഷെ നിറഞ്ഞ കൈയ്യടികളോടെ ആയിരിക്കും. ട്രെയിലര്‍ സൂചിപ്പിച്ച പോലെ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണവും ഫൈറ്റ് സീക്വന്‍സുകള്‍ തന്നെയാണ്. സുപ്രീം സുന്ദര്‍ കൊറിയോഗ്രാഫ് ചെയ്ത സംഘട്ടനങ്ങള്‍ എണ്ണത്തില്‍ കുറച്ചേറെ ഉണ്ടെങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചം ആണ്. തീയറ്ററിലെയും കല്ല്യാണ ഓഡിറ്റോറിയത്തിലെയും ഫൈറ്റ് സീക്വന്‍സുകള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. പടത്തിന്റെ പേസിന് അനുസരിച്ച് ചടുലമായി ക്യാമറ ചലിപ്പിച്ച ജിംഷി ഖാലിദും ഷോ സ്റ്റീലര്‍ തന്നെയാണ്. അനുരാഗ കരിക്കിന്‍ വെള്ളം ചെയ്ത അതേ ക്യാമറാമാന്‍ തന്നെയാണ് തല്ലുമാലയ്ക്കും വിഷ്വല്‍സ് ഒരുക്കിയത് എന്നത് ആ ടെക്നീഷ്യന്റെ വൈവിധ്യത്തെ കാണിക്കുന്നു.
തല്ലുമാല ആവശ്യപ്പെടുന്ന എനര്‍ജറ്റിക്ക് പ്രകടനങ്ങള്‍ എല്ലാ നടീ നടന്മാരും നൂറ് ശതമാനം തന്നെ കൊടുത്തിട്ടുണ്ട്. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോയുടെ ഏറ്റവും രസകരമായ പെര്‍ഫോമന്‍സും തല്ലുമാലയില്‍ കാണാം. ഓരോ ചിത്രം കഴിയുന്തോറും മെച്ചപ്പെട്ട് വരുന്ന ഷൈന്‍ ടോം ചാക്കോയും അയാളുടെ മികച്ച ഫോം തുടരുന്നു. വരുന്ന സീനുകള്‍ എല്ലാം own ചെയ്യാനുള്ള ഒരു പ്രസന്‍സ് അയാളില്‍ ഉണ്ട്. കല്ല്യാണി പ്രിയദര്‍ശന്‍, ലുക്ക്മാന്‍, ജോണി ആന്റണി തുടങ്ങി പ്രധാന വേഷങ്ങളില്‍ എത്തിയ എല്ലാരും കാണാന്‍ രസമുള്ള കാഴ്ചകള്‍ ആയിരുന്നു. 

തീയറ്ററുകളിലേക്ക് ആളുകളെ തിരിച്ചെത്തിക്കാന്‍ നിര്‍ണ്ണായകമാവുന്ന ഒരു ചിത്രമായാണ് ഇന്‍ഡസ്ട്രി തല്ലുമാലയെ കണ്ടിരുന്നത്. ഫൈറ്റ് സീക്വന്‍സുകള്‍ മികവില്‍ എത്താന്‍ ശ്രദ്ധ ആവശ്യത്തിലധികം കൊടുത്തപ്പോള്‍ പ്രേക്ഷകനുമായി ഇമോഷണലി കണക്റ്റ് ആവാന്‍ മറന്നതാണ് ചിത്രത്തിന് വിന ആയേക്കാവുന്ന ഒരു ഘടകം. യൂത്തിന്റെ കൈയ്യടികള്‍ക്ക് അപ്പുറം ഫാമിലി പ്രേക്ഷകര്‍ ചിത്രത്തെ എങ്ങനെ ഏറ്റെടുക്കും എന്നത് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു...

ENGLISH SUMMERY: CINIEMA THALLUMALA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക