Image

സൽമാൻ റുഷ്ദിക്ക് നേരെ  വധശ്രമത്തെ ലാന  അപലപിച്ചു

 അമ്പഴയ്ക്കാട്ട് ശങ്കരൻ Published on 14 August, 2022
സൽമാൻ റുഷ്ദിക്ക് നേരെ  വധശ്രമത്തെ ലാന  അപലപിച്ചു

പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ സൽമാൻ റുഷ്ദിക്കു നേരേയുള്ള വധശ്രമത്തെ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) എക്സിക്യുട്ടീവ് കമ്മിറ്റി അപലപിച്ചു. ലാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു.

“ആഗസ്റ്റ് 12 വെള്ളിയാഴ്ച്ചയാണ്‌ ന്യൂയോർക്കിൽ ചൗട്ടോക്യ വിദ്യഭ്യാസകേന്ദ്രത്തിൽ പ്രസംഗിക്കാൻ വേദിയിലെത്തിയ റുഷ്ദിയുടെ കഴുത്തിൽ മത തീവ്രവാദിയായ  അക്രമി കഠാര കുത്തിയിറക്കിയത്. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത എന്നീ ആധുനിക മൂല്യങ്ങളോട് മത മൗലികവാദികൾക്ക് എല്ലാക്കാലത്തും ചതുർത്ഥിയാണ്‌. എഴുത്തിന്റെ ശക്തിയോടുള്ള തീവ്രഭയം ഇത്തരക്കാരുടെ കൂടപ്പിറപ്പാണ്‌. ജനാധിപത്യ വ്യവസ്ഥയിൽ മാത്രമാണ് എഴുത്തുകാർക്ക് അത്യാവശ്യമായി  വേണ്ട സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാവുക. 

എഴുത്തിനോട് ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ആവാമെന്നിരിക്കെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിൽ അദ്ദേഹത്തിനെ ഇല്ലായ്മചെയ്യാനുള്ള ശ്രമത്തെ അപലപിക്കുന്നു . ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്താണ് ഇത്തരം അതിക്രമം നടന്നത് എന്നത് ലജ്ജാകരമായ വസ്തുതയാണ്.  ശ്രീ സൽമാൻ റുഷ്ദിയുടെ നേരയുള്ള വധശ്രമത്തെ ലാനാ എക്സിക്യൂട്ടിവ് കമ്മിറ്റി ശക്തിയായി അപലപിക്കുകയും, അക്രമിയെ നിയമത്തിന്റെ മുന്നിൽ വിസ്തരിച്ച് പരമാവധി ശിക്ഷ നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രി റുഷ്ദി എത്രയും വേഗം സുഖപ്പെടട്ടെ എന്ന് ആശിക്കുന്നു.”

സൽമാൻ റുഷ്ദി

സൽമാൻ റഷ്ദി, ജനനപ്പേര് അഹ്മെദ് സൽമാൻ റഷ്ദി, ജൂൺ 19, 1947-നു ഇന്ത്യയിലെ ബോംബെ നഗരത്തിൽ ജനിച്ചു. ഒരു ബ്രിട്ടീഷ്-ഇന്ത്യൻ ഉപന്യാസകാരനും നോവലിസ്റ്റുമാണ്. രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രൺ (അർദ്ധരാത്രിയുടെ കുഞ്ഞുങ്ങൾ) (1981) ആയിരുന്നു അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ചു. മിക്കവാറും എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യൻ ഉപഭൂഖണ്ഡം ആണ്. എങ്കിലും അദ്ദേഹത്തിന്റെ കൃതികളുടെ പ്രധാന ആശയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നീണ്ടതും ധന്യവും പലപ്പോഴും ദുഃഖപൂർണ്ണവുമായ ബന്ധങ്ങളുടെയും കുടിയേറ്റങ്ങളുടെയും ബന്ധവിച്ഛേദങ്ങളുടെയും കഥയാണ്. റഷ്ദിയുടെ നാ‍ലാമത്തെ നോവൽ ആയ ദ് സാറ്റാനിക്ക് വേഴ്സെസ് (1988) ശകതമായ വിമർശനങ്ങൾ ഉണ്ടാക്കി. പല വധഭീഷണികൾക്കും ശേഷം അദ്ദേഹം വർഷങ്ങളോളം ഒളിവിൽ താമസിച്ചു. ഈ കാലയളവിൽ വളരെ വിരളമായി മാത്രമേ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുള്ളൂ. എങ്കിലും കഴിഞ്ഞ ദശാബ്ദത്തിൽ സാധാരണ സാഹിത്യ ജീവിതം നയിക്കുവാൻ കഴിഞ്ഞു.

Join WhatsApp News
Oru LANA member 2022-08-15 15:48:52
“സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത എന്നീ ‘ആധുനിക' ജീവിത മൂല്യങ്ങളോട്‌ മതമൗലികവാദികൾക്ക് എക്കാലത്തും ചതുർഥിയാണ്.” ഇവ എക്കാലത്തെയും മാനവികതയുടെ മൂല്യങ്ങളല്ലേ? എന്നു മുതലാണ് “ആധുനിക" മൂല്യങ്ങളായി മാറിയത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക