Image

നിശബ്ദതയുടെ ഗോപുരങ്ങളിൽ വസിക്കുന്നവർ, കഥ,  മിനി സുരേഷ്

Published on 15 August, 2022
നിശബ്ദതയുടെ ഗോപുരങ്ങളിൽ വസിക്കുന്നവർ, കഥ,  മിനി സുരേഷ്

 

വൈകുന്നേരത്തെ മഞ്ഞ വെയിൽ മാഞ്ഞു തുടങ്ങിയ സമയത്താണ് റീജ ബാംഗ്ലൂരിലെ ഫ്ലാറ്റിലെത്തിയത്. നന്ദു ആന്റി ലൊക്കേഷൻ മാപ്പ് അയച്ചു കൊടുത്തത് കൊണ്ട് ഫ്ലാറ്റ് കണ്ടു പിടിക്കുവാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. അവളുടെ അച്ഛന്റെ സഹോദരിയാണ് നന്ദു. മകളുടെ കൂടെ സ്വീഡനിലാണിപ്പോൾ താമസം.
"പി.ജി ഒന്നും അന്വേഷിച്ച് നടക്കണ്ട റീജാ നീയ്യ്. നമ്മടെ ഫ്ലാറ്റ് അടച്ചിട്ടിരിക്കുകയല്ലേ. ഒറ്റക്ക് താമസിക്കാൻ പേടിയില്ലാച്ചാ അവ്ടെ കൂടിക്കോ" ആ മറുപടി തന്നെയാണ് റീജ പ്രതീക്ഷിച്ചതും. അടിപൊളിയായി ബാംഗ്ലൂർ ലൈഫ്
ഇനി ആഘോഷിക്കാം."

വിശ്വേട്ടൻ ഒന്നും ശ്രദ്ധിക്കാതെയാണെന്നേ  ആ ഫ്ലാറ്റ് വാങ്ങിയത്. പാഴ്സികളുടെ ശവക്കോട്ട കുറച്ചപ്പുറത്തുള്ളതിനാൽ നന്ദൂന് അതിപ്പോ വിൽക്കാനും ,വാടകക്ക് കൊടുക്കാനും
പറ്റുന്നില്ലാന്ന് പറയുവാ" - കഴിഞ്ഞയാഴ്ച നന്ദുആന്റിയുടെ ഫോൺ കാൾ സ്വീഡനിൽ നിന്ന്  വന്നു കഴിഞ്ഞപ്പോൾ അമ്മ ,അച്ഛനോട് പറയുന്നതവൾ കേട്ടിരുന്നു. അപ്പോഴേ മനസ്സിലുറപ്പിച്ചതാണ്. ബാംഗ്ലൂരിലെ പുതിയ ഓഫീസിൽ ചാർജെടുക്കുമ്പോൾ താമസം അവിടെത്തന്നെ വേണമെന്ന്. സ്വാതന്ത്ര്യത്തിന്റെ
ശുദ്ധവായു യഥേഷ്ടം ശ്വസിക്കാമല്ലോ."നിനക്ക് പേടിയില്ലേ റീജാ, ഒന്നാമതേ കല്യാണാലോചനകളൊക്കെ നടക്കുന്ന സമയമാ."
"നമ്മുടെ തലമുറക്കാരെപ്പോലെയല്ല. ഇപ്പോഴത്തെ
കുട്ടികൾ വളരെ കൂളാണ്. ഒന്നിനെയും പേടിയില്ല.".അച്ഛന്റെ പിന്തുണ കിട്ടിയിട്ടുണ്ട്.
"അമ്മക്കതിന് പാഴ്സികളുടെ ശവസംസ്കാര ചടങ്ങുകളെക്കുറിച്ച് എന്തറിയാം. ഒരു വലിയ കിടങ്ങിൽ അലങ്കരിച്ച മൃതദേഹം വച്ച ശേഷം ആളുകൾ കൈ കൊട്ടി കഴുകന്മാരെ വിളിക്കും. കഴുകന്മാർ ഭക്ഷിച്ചു ബാക്കിയാകുന്ന എല്ലിൻ കഷണങ്ങൾ കിടങ്ങിനു നടുവിലുള്ള കിണറിൽ നിക്ഷേപിക്കും. ജലവും അഗ്നിയും മലിനമാകരുതെന്ന വിശ്വാസത്തിലാണ് ഇങ്ങനെചെയ്യുന്നത്. പിന്നേ ..ഈ പാഴ്സികളെന്ന്
പറയുന്നത് പേർഷ്യയിൽ നിന്നും വന്നിട്ടുള്ളവരാ. നമ്മൾ മലയാളികൾക്ക് പേർഷ്യാക്കാരെ ബല്യ ഇഷ്ടമാണല്ലോ. പ്രത്യേക സ്റ്റൈലിൽ ചുണ്ടു കോട്ടി ചെറുചിരിയോടെ അവൾ
പറഞ്ഞു.
"നിന്നോട് എന്തെങ്കിലും പറഞ്ഞു ജയിക്കുവാൻ എന്നെക്കൊണ്ട് കഴിയില്ലേ. അമ്മയങ്ങനെ ഒടുവിൽ കീഴടങ്ങി.


 സെക്യുരിറ്റിയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി ലിഫ്റ്റിൽ കയറുമ്പോൾ പെട്ടെന്ന് ആരോ കൂടെ കയറിയതു പോലെ തോന്നി.ആഹ്..തോന്നലായിരിക്കും. ഒരുമൂളിപ്പാട്ടും
പാടി റീജ ഫ്ലാറ്റ് തുറന്നു. ഹൊ..എന്തൊരു ഗന്ധം.
അവൾ വേഗം ജനാലകളെല്ലാം തുറന്നിട്ടു.
താഴെ റോഡിൽ നിറയെ വാഹനങ്ങളൊഴുകുന്നുണ്ട്. കുറച്ചകലെ പ്രകൃതിരമണീയമായ മൈതാനത്തിൽ ശില്പചാതുര്യത്തിന്റെ സൗന്ദര്യം പ്രകടമാക്കിക്കൊണ്ട് വൃത്താകൃതിയിലുള്ള കിണർ കാണാം.
 ഓ, ഇവിടമായിരിക്കണം ടവർഓഫ് 
സൈലൻസ്. മൃതദേഹങ്ങൾ കഴുകന്മാർക്ക് ഇരയായി വച്ചു കൊടുക്കാനുള്ള സ്ഥലം. അവൾ കൗതുകത്തോടെ നോക്കി.
സന്ധ്യയുടെ ചുവപ്പ് ചാലിച്ച ഇരുളിൽപക്ഷിക്കൂട്ടം താണു പറക്കുന്നുണ്ട്. 
അടുത്ത കാലത്ത് മുംബൈയിൽ കഴുകന്മാർ അപ്രത്യക്ഷമായതിനാൽ പാർസിപഞ്ചായത്തും,മുംബൈ നാച്ചുറൽ ഹിസ്റ്റോറിക്സൊസൈറ്റിയും ചേർന്ന്  ബോറിവ്‌ലി
നാഷണൽ പാർക്കിൽ കഴുകന്മാരെ വളർത്തുന്ന പരിപാടി  ആരംഭിച്ചിട്ടുള്ളതായി വായിച്ചത് പെട്ടെന്നവളുടെ
മനസ്സിലെത്തി. പരിസ്ഥിതിസൗഹാർദ്ദത്തിന്റെ ഏറ്റവും നല്ല മാർഗ്ഗമായിട്ടാണ് മൃതദേഹങ്ങൾ തുറന്നുവയ്ക്കുന്നതത്രേ. കോസ്മോപൊളിറ്റൻ ഭാവശുദ്ധിയുടെ പ്രതീകമായി ഈ സ്ഥലത്തെ ചൂഴ്ന്നു നിൽക്കുന്ന അതീവ നിശബ്ദത തന്നെയാണ് ഇവിടം നിശബ്ദതയുടെ ഗോപുരമാക്കുന്നത്.


കിച്ചണിന്റെ മൂലക്കിരുന്ന വാക്വം ക്ലീനറെടുത്ത് ഒരു
മിന്നൽ പ്രകടനം നടത്തി. കൂടുതലൊന്നും ചെയ്യാനുള്ള ശക്തി ഇപ്പോഴില്ല. പോരാത്തതിന് നാളെ പുതിയ ഓഫീസിൽ ജോയിൻ ചെയ്യേണ്ടതുമാണ്. ഷവറിനടിയിൽ നിന്ന് പെട്ടെന്നൊരു കുളി പാസ്സാക്കി. ബാഗിൽ കരുതിയിരുന്ന ബർഗറും,വെള്ളവും കഴിച്ച് റീജ കിടക്കയിലേക്ക് വീണു. വ്യക്തമാകാത്ത ഏതൊക്കെയോ സ്വപ്നങ്ങളുടെ കുണ്ടിലും, കുഴിയിലും തട്ടി വീണ് പതിവില്ലാത്ത
വിധം അസ്വസ്ഥമായിരുന്നു ഉറക്കം. ജനൽപ്പാളികളിലൊന്ന് ശക്തിയായി കാറ്റത്ത് അടയുന്ന ശബ്ദം കേട്ടാണവൾ ഞെട്ടിയുണർന്നത്.
ശ്ശൊ,ജനൽ അടക്കാൻ മറന്നു പോയല്ലോ. ചില്ലു പൊട്ടിക്കാണുമോ എന്തോ.
പെട്ടെന്നാണവളത് കണ്ടത്. തല വഴി ഷാളിട്ടു മൂടിയ
ഒരു സ്ത്രീ രൂപം കട്ടിലിനരികിൽ ഇരിക്കുന്നു.
മുഖം ചരിച്ച് കത്തുന്ന മിഴികളോടെ അവളെ നോക്കുന്നുണ്ട്.
എൻറ്റമ്മോ .റീജ ഉമിനീർ വിഴുങ്ങി. 
''ഹൂ..ആർ..യു'' വിക്കി വിക്കി അവൾ ചോദിച്ചു.
"എനക്ക് മലയാളമറിയാം" സ്ത്രീരൂപത്തിന്റെ
ചുണ്ടുകൾ ചലിച്ചു.
ഓഹ് ഗ്രേറ്റ് ..നീയ്യ് ..നീയ്യ് പ്രേതമാണോ .ഉള്ളിലെ
പേടി പുറത്തു കാട്ടാതെ അവൾ ചോദിച്ചു.
"ഒരു മോക്ഷം കിട്ടാതെ അലയുന്ന ആത്മാവ്"
"മലയാളിയാ ഇല്ലേ "
"അല്ല ,സൊറാഷ്ട്രർ"
"ഓ ,പാഴ്സി .പിന്നെങ്ങനെ മലയാളം പഠിച്ചു. നിങ്ങളുടെ കൂട്ടരെപ്പറ്റിയും അഗ്നിസാക്ഷിയായുള്ള 
ആരാധനയെക്കുറിച്ചുമെല്ലാം വായിച്ചിട്ടുണ്ട് കേട്ടോ. മെത്തയിൽ നിന്നും കൈകുത്തി എഴുനേറ്റിരുന്നു കൊണ്ട് അവൾ വാചാലയായി. സംസാരിക്കുന്നത് ഒരു ആത്മാവിനോടാണെന്ന് അവളങ്ങ് മറന്നുപോയതുപോലെ.
"ഇന്ത്യയുടെ വ്യവസായ പുരോഗതിക്കു വേണ്ടിയൊക്കെ നിങ്ങളുടെ കൂട്ടരായ ടാറ്റായും,ഗോദ്റെജുമൊക്കെ എന്തൊക്കെ കോൺട്രിബ്യൂഷൻസാണ് ചെയ്തിട്ടുള്ളത്."

"അയ്യോ,റീജയുടെ അത്രയും വിവരമൊന്നുമില്ലപ്പാ..മുംബൈ ഡി.എൻ റോഡിൽ ചെറിയൊരു കഫേ ആയിരുന്നു ബാബാക്ക്.
അവിടെ അടുത്തൊരു മൊബൈൽ കടയിൽജോലിക്കായി വന്നതാണ് രാജീവ്. കണ്ണൂരാണ് വീടെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്
തമ്മിൽ പിരിശത്തിലായി. ഓനാ.. ന്നെ മലയാളംപഠിപ്പിച്ചത്. പാഴ്സി പെൺകുട്ടികൾക്ക് പുറത്ത് നിന്നുള്ള മംഗലം സമ്മതിക്കൂല്ലാ.
മറ്റൊരു മതത്തിൽപ്പെട്ടയാളെ
കല്യാണം കഴിച്ച എന്നെ കൂട്ടത്തിൽ നിന്നും
പുറത്താക്കി. മരണശേഷം മൃതദേഹം പോലും ആചാരപ്രകാരം സംസ്കരിക്കില്ലാ. അതാണ് ഞങ്ങടെ രീതി."അവളൊന്നു തേങ്ങി.
"പിന്നെയെങ്ങനെ ഇവിടെയെത്തി?''റീജക്ക് ആകാംക്ഷ അടക്കാനായില്ല.
''രാജീവിന് എന്നെ വലിയ ഇഷ്ടമായിരുന്നു. കേരളത്തെക്കുറിച്ചും , നാട്ടിലെ തെയ്യത്തെക്കുറിച്ചുമെല്ലാം പറയുമ്പോ ഓന് നൂറു
നാവായിരുന്നു.''

"നീയ്യ് ,അന്റെ പ്രാർത്ഥനകളും,വിശ്വാസങ്ങളും
തുടർന്നോളിൻ സാജിതാ"എന്ന് എപ്പോഴും
പറയുമായിരുന്നു. പക്ഷേ ഞങ്ങടെ കൂട്ടർക്കാ മംഗലം ബലിയ അഭിമാനപ്രശ്നമായിരുന്നു. എന്റെ പാവം ബാബക്ക് എന്തുചെയ്യാനാവും. 
 
ഭീഷണികളുടെ വലകൾ മുറുകിയപ്പോൾ ഞങ്ങൾ ആടെ
നിന്ന് പോന്നു. ഈടെ മൂപ്പർടെ ചങ്ങായിമാരുണ്ടല്ലോ എന്ന ബിചാരമാരുന്നു പോരുമ്പോൾ .ഓരു തന്നെ ഒടുവിൽ രണ്ടാളെയും..കൊല്ലിച്ചതാണ് ഞങ്ങടെ കൂട്ടർ.
ബാക്കി പറയാനാവാതെ അവൾ വിതുമ്പി.
"അപായപ്പെടുത്തീതാ, അരക്കു
താഴോട്ട് തളർന്നു പോയ ഓനെ ബീട്ടുകാര്
കൊണ്ടുപോയി. മോക്ഷം ലഭിക്കാത്ത ആത്മാവായി ഞാനിന്നും
ദഖ്മക്കു ചുറ്റും ചുറ്റിത്തിരിയുന്നു.
"അയ്യോ. കഷ്ടം. ദുരഭിമാനക്കൊലയുടെ ഒരു ഇരകൂടി.റീജക്ക് പാവം തോന്നി.
"അന്നെ കണ്ടപ്പോൾ എനക്ക് പെരുത്തിഷ്ടായി. അതാ ഈടെ കൂടിയത്".മുറിയിലേക്ക് മടിയില്ലാതെ അരിച്ചിറങ്ങുന്ന
മങ്ങിയ നിലാവെളിച്ചത്തിൽ അവൾ വളരെ സുന്ദരിയായിത്തോന്നി
"അടിപൊളി ,അപ്പോൾ എനിക്ക് കൂട്ടായി സാജിത
ഇവിടെക്കാണുമല്ലോ. ജോലി കഴിഞ്ഞ് വരുമ്പോൾ
ഒറ്റക്കാണെന്ന ബോറടി തോന്നില്ലല്ലോടീ ..ഡിയർ
പ്രേതമേ."
"ഈ പെണ്ണിന് പേടിയില്ലേ അപ്പാ"വിളറിയ പുഞ്ചിരി പോലൊരു രേഖ അവളുടെ മുഖത്ത് തെളിഞ്ഞു.
"ഞാനെന്തിനാ നിന്നെ പേടിക്കുന്നത്. നീയൊരു
പാവം പ്രേതമല്ലേ. ഒരു സുന്ദരിക്കുട്ടി. ഒന്നു തൊടാൻ കഴിഞ്ഞിരുന്നെങ്കിൽ താനവളെ കെട്ടിപ്പിടിച്ചൊരുമ്മ
കൊടുക്കുമായിരുന്നെന്ന് റീജ മനസ്സിലോർത്തു.
അമ്മയെങ്ങാനുമറിഞ്ഞാൽ അതോടെ ഇവിടുത്തെ
താമസം മതിയാക്കി തിരികെ കൊണ്ടുപോകും. പിന്നെ പൂജയായി..മന്ത്രവാദമായി.അതുകൊണ്ട്
തൽക്കാലം ഇതൊരു രഹസ്യമായിരിക്കട്ടെ. അല്ലെങ്കിലും ഇതൊക്കെ ഒരു ത്രിൽ അല്ലേ. ഇങ്ങനെയൊരു കൂട്ടുകാരിയെ കിട്ടുന്നത്. ജീവിച്ചിരിക്കുന്നവരേക്കാൾ വിശ്വസിക്കാം.
സ്വപ്നമാണോ കാണുന്നത്. അവളൊന്ന് നുള്ളിനോക്കി. അല്ല. വേദനിക്കുന്നുണ്ട്. പിന്നെ സാജിതയെ നോക്കി ഒന്നു കണ്ണിറുക്കി കാണിച്ചു.
"വട്ടാണെന്ന് വിചാരിക്കല്ലേ മിസ്സിസ് സാജിത. നിനക്ക് ഉറക്കമൊന്നും കാണില്ലല്ലോ. ഞാനേ ഉറങ്ങാൻ പോകുവാ. കാൽക്കീഴിൽ കിടന്ന
പുതപ്പെടുത്ത് അവൾ തല വഴി മൂടി.

ജീവിതത്തിനും ,മരണത്തിനും
ഇടയിലുള്ള യാത്രയിൽ ഇനിയും എത്തിച്ചേരാനുള്ള അതിഥികളെയും പ്രതീക്ഷിച്ച് നിശബ്ദതയുടെ ഗോപുരം മയങ്ങിക്കിടക്കുന്നത് തുറന്നിട്ട ജനാലയിലൂടെ കാണാമായിരുന്നു.

Join WhatsApp News
പത്മകുമാരി 2022-08-15 16:23:12
കഥ നന്നായി ഇഷ്ടപ്പെട്ടു മിനീ. ഒടുവിലതൊരു dream ആയിരുന്നു എന്നു രക്ഷപ്പെട്ടില്ല. അതു തന്നെ കഥയെ സീരിയസ് ആക്കി
Sheeja susan saji 2022-08-15 16:45:35
മിനികൂട്ടി എല്ലാ ആശംസകൾ. നന്നായിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക