Image

ജലീലിനെ അവരെല്ലാം തന്തൂരി ചിക്കനാക്കുമോ ? നാട്ടിലെ ഇന്നത്തെ വഹ : (കെ .എ ഫ്രാന്‍സിസ്)

കെ .എ ഫ്രാന്‍സിസ്  Published on 16 August, 2022
ജലീലിനെ അവരെല്ലാം തന്തൂരി ചിക്കനാക്കുമോ ? നാട്ടിലെ ഇന്നത്തെ വഹ : (കെ .എ ഫ്രാന്‍സിസ്)

ജലീലിന്  എന്തുപറ്റി എന്ന് ചോദിക്കുന്നവരല്ല അധികം. ജലീല്‍ അല്ലേ, അദ്ദേഹം പറയുന്നത് അദ്ദേഹത്തിനുതന്നെ എന്താണെന്ന് അറിയില്ലല്ലോ എന്നാണ് എല്ലാവരുടെയും പേശ്.  ചരിത്രത്തില്‍ ഡോക്ടറേറ്റ് കിട്ടിയത് ലാഹോര്‍ യൂണിവേഴ്‌സിറ്റിയില്‍  നിന്നാണോ എന്ന് ചില രസികര്‍.  മുസ്ലീം നാമധാരികളെ  മുഴുവന്‍ ഈ മനുഷ്യന്‍ നാണംകെടുത്തിയല്ലോ എന്ന് പരിതപിക്കുന്നവരും കൂട്ടത്തില്‍ ഇല്ലാതില്ലെന്ന്  പറഞ്ഞാല്‍ പോരെ ? ഫേസ്ബുക്ക് പോസ്റ്റ് ജലീല്‍ പിന്‍വലിച്ചാലും, ബിജെപി അത് ദേശീയ പ്രശ്‌നമാക്കി  ജലീലിനെ പൂട്ടാന്‍ ആണ് ശ്രമം ജലീലിനെ തന്തൂരിചിക്കനാക്കി കളയും എന്ന മട്ടിലാണവര്‍ ! 

ഡോക്ടര്‍ ജലീലിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ കിഴക്ക് സൂര്യന്‍ ഉദിക്കുന്നിടത്തോളം കാലം വര്‍ഗീയത മാക്‌സിമം മുതലാക്കി ജീവിതവിജയം കൊയ്‌തെടുക്കുന്നതിലാണ്  അദ്ദേഹത്തിനു താല്‍പര്യം. പോപ്പുലര്‍ ഫ്രണ്ടുകാര്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറി അധികാരസ്ഥാനം കയ്യടക്കുമെന്ന് ആരോപിക്കുന്നതും ജലീലിനെ പോലെ ചിലരെ മനസ്സില്‍ നിരൂപിച്ചാകും .അവരാണ് ജലീല്‍  ലീഗില്‍ നുഴഞ്ഞു കയറും  മുമ്പ് സിമി നേതാവായിരുന്നു എന്ന് പറഞ്ഞു പരത്തുന്നത്  അതിപ്പോള്‍  റേഡിയോ മാംഗോ പറയുന്നതു പോലെ നാട്ടിലെങ്ങും പാട്ട് ആവുകയും ചെയ്തു. സത്യത്തില്‍ വാണംപോലെ ഈയടുത്തകാലത്ത് കുതിച്ചുയര്‍ന്ന ഒരു ഇടതുപക്ഷ നേതാവ് വേറെ ഇല്ലതാനും. മുന്നില്‍ ഒരു 'ഡോ' ഉള്ളതുകൊണ്ട് പഞ്ചായത്തില്‍നിന്ന് കുതിച്ചുയര്‍ന്നു വെറും വിദ്യാഭ്യാസമന്ത്രി അല്ല , ഉന്നത വിദ്യാഭ്യാസ മന്ത്രിയായ പണ്ഡിത ശ്രേഷ്ഠനും  സര്‍വ്വോപരി നല്ലൊരു തമാശക്കാരനുമാണ് കക്ഷി . 

ഒരുകാലത്ത് ശശി എന്ന നാമം പീഡനക്കാരുടെയും ജമാല്‍ എന്ന പദം ജോക്കടിക്കുന്നവരുടെയും  പര്യായപദങ്ങള്‍ ആയിരുന്നല്ലോ പിന്നീടുള്ള ശശിയുടെ അര്‍ത്ഥതലങ്ങള്‍ എലിവേറ്റു ചെയ്തു അധികാരം കൈയാളുന്നവരുടെ മറുപേരായി  എങ്കിലും ജമാല്‍ എന്ന നാമം ഒട്ടും രൂപാന്തരപ്പെടാതെ  ആ പേര് ജലീല്‍ എന്ന് മാറുക മാത്രമാണല്ലോ ഉണ്ടായത് . അതൊക്കെ അതാത് കാലത്ത് ജലീല്‍ തന്‍ താന്‍ ചെയ്ത  കര്‍മ്മങ്ങളുടെ അനന്തരഫലവും. ഫേസ്ബുക്ക് എന്ന സാമൂഹിക മാധ്യമം ഒരിക്കലും ജലീലിനോട്  നീതി പുലര്‍ത്തിയിട്ടില്ല എന്ന് കാര്യവും എടുത്തു പറയണം മുന്തിരിവള്ളികള്‍ ജലീലിന്റെ  കാലില്‍ ചുറ്റിയപ്പോഴും ഈത്തപ്പഴവര്‍ഷം ഉണ്ടായപ്പോഴും സ്വപ്നസുന്ദരി താണ്ഡവ നൃത്തമാടിയപ്പോഴും  സോഷ്യല്‍ മീഡിയയില്‍ പരുക്കു പറ്റിയത് ജലീലിനായിരുന്നു . ഒരു സിപിഎം സൈബര്‍ പടയാളിയും  ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ സഹായത്തിന് എത്തിയിട്ടുമില്ല. അതു താന്‍ ഒരു പ്രത്യേകത മതവിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ട് ആകാമെന്ന് ജലീല്‍ പരാതിപ്പെടാം .

ഇന്ത്യയിലെ പൊള്ളുന്ന പ്രശ്‌നങ്ങള്‍ വിദേശരാജ്യങ്ങളില്‍ ഇരുന്നു അവിടുത്തെ രാജ്യസ്‌നേഹികള്‍ ചിന്തിക്കുന്നത് പോലെ മനനം ചെയ്യാനും, അത് സ്വര്‍ണ്ണലിപികളില്‍ രേഖപ്പെടുത്താനുള്ള ജലീലിന്റെ  വൈഭവമാണ് എടുത്തുപറയേണ്ടത് .കോവിഡ് കാലത്ത് ഇന്ത്യക്കാര്‍ അവിടെ മരിച്ചു വീഴുന്നത് ഗള്‍ഫുകാരുടെ മാനസികനിലയോടെ കാണാന്‍ അബ്ദുല്‍ ജലീലിനല്ലാതെ ഇന്ത്യയില്‍ പിറക്കുകയും വളരുകയും ചെയ്ത മറ്റാര്‍ക്ക് കഴിയും? ഇന്ത്യ അധീനപ്പെടുത്തിയ കാശ്മീര്‍ എന്ന് നീട്ടി ചൊല്ലാന്‍ ആര്‍ക്കു നാവു വളയും?  ഇതൊന്നും ഇന്ത്യയുടെ അഖണ്ഡത അംഗീകരിക്കാത്തത്  കൊണ്ടൊന്നുമല്ല അതൊക്കെയോരോ  ഉദ്ധരണികള്‍ ആണെന്ന് പോലും നമുക്കൊക്കെ തിരിച്ചറിയാന്‍ ഒത്തില്ലെങ്കില്‍  ഡോ. ജലീല്‍ എന്തുപിഴച്ചു?

വാല്‍ക്കഷണം : കണ്ണൂരിന്റെ സമീപകാല രാഷ്ട്രീയം പിണറായി - സുധാകരന്‍ പോരാട്ടമായി കാണുന്ന തിരുവനന്തപുരത്തെ ചില രാഷ്ട്രീയ ലേഖകര്‍ ഉണ്ട് .അവര്‍ക്ക് അതേ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല സുധാകരന്‍ പറഞ്ഞതും പിണറായി കുട്ടിചേര്‍ത്തതും  'മലബാര്‍ വിടല്‍സ്' ആണ് . സുധാകരന്‍ ഒരൊറ്റ  ചവിട്ടിന്  അക്കാലത്തെ പിണറായി ബ്രണ്ണന്‍ കോളേജിന്റെ മരകോണിയിലൂടെ ഉരുണ്ടുരുണ്ടു കോളേജ് മുറ്റത്ത് വീണു കിടന്നു എന്നത് സുധാകരന്റെ ഭാവനയില്‍ വിരിഞ്ഞ ഒരു ചെറു കഥ . അതിന് പിണറായി ഒരു കൈയില്‍ മറുകൈ വച്ച് കാണിച്ച കൂടോത്രം വേറൊരു ഹാസ്യകഥ .പോരാട്ടങ്ങള്‍ കണ്ണൂരില്‍ നടന്നത് സുധാകരനും ഇ.പി ജയരാജനും തമ്മിലായിരുന്നു രണ്ടും സ്റ്റണ്ട് മാസ്റ്റര്‍മാര്‍ !

സ്റ്റേജില്‍ കയറി നിന്നു പോര്‍ വിളിക്കുന്ന പല രാഷ്ട്രീയ നേതാക്കളും ഉറ്റ സുഹൃത്തുക്കളും ഒരുപക്ഷേ കൂട്ടു കച്ചവടങ്ങളില്‍ പങ്കാളികളുമാകുന്നതാണ്  മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും എങ്കില്‍ ഉത്തര കേരളത്തില്‍ അങ്ങനെയല്ല . രാഷ്ട്രീയ ജീവിതത്തിലെ പോരും  വാശിയും യഥാര്‍ത്ഥ ജീവിതത്തിലും അവര്‍ വെച്ചു പുലര്‍ത്തുന്നു .സുധാകരനും, പിണറായിയോ  ഇപി ജയരാജനോ  മുഖത്തോടു മുഖം കണ്ടാല്‍ മുഖം തിരിച്ചു കളയും .പരസ്പരം കുഴികള്‍ കുഴിക്കുന്ന ഗുലുമാലുകാരാണവര്‍ ! 

അങ്ങനെയുള്ള സുധാകരന്റെ ഗുണ്ട ഇ.പിയുടെ കഴുത്തിലേക്ക് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് വെടിയുതിര്‍ക്കുകയും ആ വെടിയുണ്ട ഇ.പിയുടെ സിരകളിലൂടെ ഇന്നും ഒഴുകി നടക്കുകയും ചെയ്യുന്നു ഒരു വടക്കന്‍ വീരഗാഥ എന്ന ചരിത്രസംഭവം കോടതിയില്‍ എത്തിയിരിക്കുന്നു!  അതൊരു മെഗാ ത്രില്ലര്‍ ആകും. ഇരുകക്ഷികളും ഒന്നിനൊന്നും  പോരുന്നവരായതുകൊണ്ട് കാത്തിരിക്കാം - നല്ലൊരു തൃശൂര്‍പൂരം വെടിക്കെട്ട് കാണാം . ഒട്ടും മുഷിയില്ലെന്നുറപ്പ് ! 

കെ .എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക