Image

ബോക്‌സ് ഓഫീസ് കളറാക്കി 'തല്ലുമാല

Published on 16 August, 2022
 ബോക്‌സ് ഓഫീസ് കളറാക്കി 'തല്ലുമാല

 


ഒരിടവേളയ്ക്കു ശേഷം മലയാള ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി വിജയം നേടുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് സിനിമാ വ്യവസായം. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാലയാണ് അക്കൂട്ടത്തില്‍ ഒന്ന്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം മലയാളത്തിന് അത്ര പരിചിതമല്ലാത്ത തരത്തിലുള്ള ദൃശ്യഭാഷയിലാണ് എത്തിയിരിക്കുന്നത്. അതേസമയം ആദ്യ ദിനങ്ങളില്‍ തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ വാരാന്ത്യ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ലഭിച്ചത്. തിങ്കളാഴ്ച സ്വാതന്ത്ര്യദിനത്തിന്റെ പൊതു അവധി ആയിരുന്നതിനാലാണ് നാല് ദിനങ്ങള്‍ ലഭിച്ചത്. സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വൈഡ് റിലീസും ആയിരുന്നു ചിത്രത്തിന്റേത്. കേരളത്തില്‍ മാത്രം 231 സെന്ററുകളിലാണ് എത്തിയ ചിത്രം വിദേശ മാര്‍ക്കറ്റുകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വെള്ളിയാഴ്ച തന്നെ എത്തി. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസും ആയിരുന്നു ചിത്രം. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 31 കോടി വരുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. അതേസമയം ബോക്‌സ് ഓഫീസ് സംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക