Image

ഡിറ്റക്റ്റീവ് പുരുഷോത്തമൻ (കഥ: ഷാജി.ജി.തുരുത്തിയിൽ)

Published on 18 August, 2022
ഡിറ്റക്റ്റീവ് പുരുഷോത്തമൻ (കഥ: ഷാജി.ജി.തുരുത്തിയിൽ)

ഉള്ളത് പറഞ്ഞാൽ  പുരുഷോത്തമൻ ഡിറ്റക്റ്റീവ്  ജീവിതത്തിൽ  പരമപ്രധാനമെന്ന്  കരുതി അത്യദ്ധ്വാനം  ചെയ്തന്വേഷിക്കുന്ന   നാലു കേസുകളിൽ ഒന്നുപോലും   പ്രമാദമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ അവയുടെ ഗൂഢോദ്ദേശ്യങ്ങളിലോ കൃത്യനിർവഹണഘട്ടങ്ങളിലോ  കൊലപാതകത്തിന്റെ ചോരമണമോ  ഒരു  പീഡകന്റെ പല്ലിറുമ്മലുകളോ പീഡിതരുടെ ദൈന്യതയോ വ്യഭിചാരത്തിന്റെ എരിഞ്ഞുപുളിച്ച ചേരുവകകളോ പിടിച്ചുപറിയുടേയോ കൊള്ളയുടെയോ   സംഭ്രമജനകമായ കുഴപ്പങ്ങളോ ഒന്നുംതന്നെ ഉൾപെട്ടിരുന്നതേയില്ലായിരുന്നു. വാദിയായോ പ്രതിയായോ ഉന്നതകുലജാതകളായ മദാലസകളോ കക്ഷി രാഷ്ട്രീയ സിംഹങ്ങളോ പേരിനെങ്കിലുമൊരു സെലിബ്രിറ്റിയോ      ഉൾപെടാതിരുന്നതുകൊണ്ട് അവയൊന്നും പരമാർത്ഥത്തിൽ ഗണനീയമായിരുന്നതേയില്ല. കനാലിറമ്പിലെ പുറമ്പോക്കുകളിൽ മരണങ്ങൾ എണ്ണപ്പെടുന്നത്  കൊലയാളികൾ ഇരയുടെ മൃതശരീരങ്ങൾ അറപ്പുതോന്നുംവിധം വികൃതമാക്കുമ്പോൾ മാത്രമാണെന്നാണ്  പുരുഷോത്തമന്  തോന്നിയിട്ടുള്ളത് . അല്ലെങ്കിൽ  കുറ്റവാളിയായി അന്യസംസ്ഥാനക്കാരൻ  ആരോപിക്കപ്പെടുകയും അവന് നാലാംവേദക്കാരന്റെ ഭാരം വന്നു  തൂങ്ങിയ പേരുണ്ടാകുകയും  പോരാത്തതിന് പഴുത്തുപൊട്ടാറായ ഒരു   കുരുവിൻറെ  വിങ്ങൽപോലെ   പൊതുതിരഞ്ഞെടുപ്പിന്റെ അസഹ്യത വന്ന്  കുലുക്കിവിളിക്കുകയും വേണം.    പൊതുസമൂഹത്തിന്റെ വീക്ഷണഅരിപ്പകളിൽ തങ്ങാതെ ഭോഷത്തരമെന്നു വിവക്ഷിച്ചൊഴുകിപ്പോകാവുന്ന വെറും ചീള് കേസുകളുടെ പൊട്ടും പൊടിയും തലയിൽ ചുമന്നുനടക്കുന്ന   ഒരു നിസ്സാരനാണ് താനെന്ന് നല്ല ബോധ്യവുമുള്ളയാളാണ് ഡിറ്റക്റ്റീവ് പുരുഷോത്തമൻ. 
കക്കൂസുകൾ സർവ്വസാധാരണമല്ലാതിരുന്ന എൺപതുകളുടെ ആരംഭത്തിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പുരുഷോത്തമന് ഒരു കേസന്വേഷണത്തിന്റെ ആദ്യദൗത്യം ഏല്പിച്ചുകിട്ടുന്നത്. നാരാണത്തുകാരുടെ വിശാലമായ വിളപ്പുരയിടത്തിൽ ഒരു ഉഷ്‌ണകാലഉച്ചയിൽ വെളിയിടവിസർജനത്തിന്റെ അളുമ്പുമണത്തെ മരച്ചീനിയില പൊട്ടിച്ചുകിട്ടുന്ന കട്ടുമണംകൊണ്ട് പ്രതിരോധിച്ചുകൊണ്ടിരുന്നപ്പോഴാണ്    അത് സംഭവിച്ചത്. നാല് മരച്ചീനിമൂടുകൾകൾക്കപ്പുറം ആയാസപ്പെട്ടു കാര്യസാധ്യം നടത്തിക്കൊണ്ടിരുന്ന   പങ്കൻപണിക്കനായിരുന്നു അയാളുടെ ആദ്യ ഇടപാടുകാരൻ.    
ഒറ്റയിരുപ്പിൽ സ്വന്തം കൂരയും വാറ്റുകാരൻ വേലായുധൻപിള്ളയുടെ വീടും പരിദർശനംചെയ്യാൻ   നാരാണത്ത്‌ വിളപുരയിടത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ആദ്യം തിരിച്ചറിഞ്ഞത് പങ്കൻതന്നെയായിരുന്നു. തന്റെ ഇളയമകൻ കൊച്ചുണ്ണിക്ക്‌ വേലായുധൻപിള്ളയുടെ മുഖച്ഛായയാണെന്ന് പാട്ടവിള അവ്വക്കറുമുതലാളിയുടെ ചായക്കടയിലെ പറ്റുകാർ ഒളിഞ്ഞും  ചില കരപ്രമാണികൾ   ഉറക്കെയും പറയുന്നത് അയാൾ സ്വന്തം ചെവികൊണ്ട് പലവട്ടം കേട്ടിട്ടുള്ളതാണ്. രതിയുടെ ഗോത്രനീതി തൻ്റെ   കട്ടകെട്ടിയ കൂരയ്ക്കുകീഴിലും വലിയിടത്തുവീട്ടിലെ ചായിപ്പുകളിലും അരങ്ങുതകർത്താടി തന്റെ ആണത്വത്തെ കീറപ്പായയിലിട്ടു ചവിട്ടിമെതിക്കുന്നതായി പങ്കൻ അമിതമദ്യപാനത്തിന്റെ അന്തംവിട്ടുള്ള ഉറക്കത്തിനിടയിൽപോലും മിക്കദിവസങ്ങളിലും   പേക്കിനാവുകണ്ടു. അല്ലെങ്കിൽ ഇടവഴിയലും വയലിറമ്പിലും നേരെതിരെ   നടന്നുവരുമ്പോൾ     വേലായുധൻപിള്ള ചാരായമണമുള്ള നീട്ടിത്തുപ്പലുകളിലൂടെ എന്റെ ആത്മാഭിമാനത്തെ ഊശിയാക്കുന്നതെന്തിനാണ്? എന്റെ ഇളയച്ചെറുക്കന്റെ ചെവികൾ അയാളെപ്പോലെ അല്പം കൂർത്തിട്ടാണോ? സംശയം ഒരു പൊള്ളുന്ന പനിയായിവന്ന് പിന്നീടത് വിട്ടുമാറാതെ പങ്കന്റെ ഉടലുയിരിനെ വളരെക്കാലം പൊതിഞ്ഞുനിന്നു. സമയത്തോ അസമയത്തോ വേലായുധൻപിള്ള തന്റെ കൂരയിയിലേക്കോ അല്ലെങ്കിൽ ഓമനയക്ക    തിരിച്ച് അയ്യാളുടെ വലിയിടത്തു വീട്ടിലേക്കോ പോക്കുവരവു നടത്തുന്നതിന്റെ വിശദാംശങ്ങള്‍ താമസംവിനാ തന്നെ അറിയിക്കുക. ആഴ്‍ചയിൽ അമ്പതു നയാപൈസയായിരുന്നു ആ നിയോഗത്തിന്റെ   വാഗ്ദാനം ചെയ്യപ്പെട്ട ആദ്യ പ്രതിഫലം. ആച്ചിപെമ്പിളയുടെ പെട്ടിക്കടയിലെ കപ്പലണ്ടിമുട്ടായിക്കും ഉരിഞ്ഞുവച്ച കമ്പിളിനാരങ്ങായുടെ അല്ലിയ്ക്കും യഥേഷ്ടമെടുത്തുപെരുമാറാനാകുന്ന ധാരാളിത്തം അമ്പതുപൈസയ്ക്കുണ്ടായിരുന്നെങ്കിലും പുരുഷോത്തമൻ ദൗത്യമേറ്റെടുക്കുന്നതിനു തൊട്ടുമുൻപ്‌ ഒന്നുനടുങ്ങി.  എപ്പോഴും വിയർത്തിറ്റിവീഴുന്ന കഷണ്ടിത്തലയും ഉപ്പന്റെ കണ്ണുകളും പൂടനിറഞ്ഞ നെഞ്ചും ചുമലും വിറപ്പിച്ചുകൊണ്ടു വേലായുധൻപിള്ള തന്നെ പൂണ്ടടക്കം പിടിക്കുന്നതും അയ്യാളുടെ കുറ്റിച്ചൂൽ മീശ പുറത്താകെ കുത്തിക്കയറി ചോരയൊലിക്കുന്നതും നിന്നനിൽപ്പിൽ    ദുസ്സ്വപ്നം കണ്ടാണത് സംഭവിച്ചത്.
മൂന്നാഴ്ചയോളം നീണ്ടുനിന്ന ഉൾക്കിടുക്കത്തിനൊടുവിൽ നടക്കാതെപോയ അന്വേഷണത്തെപ്പറ്റിയും തദ്വാരാ നഷ്ടപ്പെട്ട മോഹിപ്പിച്ച പ്രതിഫലത്തെപ്പറ്റിയും പുരുഷോത്തമൻ തന്റെ അഭ്യുദയകാംഷിയും സ്വല്പം മുതിർന്നവനുമായ മോനിയുമായി പങ്കുവച്ചിരുന്നു. വട്ടച്ചിറയുടെ പൊളിഞ്ഞ സിമന്റുകെട്ടിൽ  ചൂണ്ടക്കമ്പിന്റെ ബലത്തിൽപിടിച്ച്  കുന്തിച്ചിരിക്കാൻ പാടുപെട്ട് കള്ളകൊത്തിന്റെ പൊങ്ങുതടിദോലനങ്ങളിൽ അഭിരമിച്ചിരിക്കുന്നതിനിടയിൽ  ബീഡിപ്പുകയ്ക്കൊപ്പം വീതിച്ചെടുത്ത   താമാശക്കഷണംപോലെ ആ വിവരം  മോനി മറ്റൊരാൾക്ക് നൽകി.ബി എയ്‌ക്ക്‌  തോറ്റതും പിഎസ്സിപരീക്ഷയ്ക്കു  പഠിച്ചുകൊണ്ടിരിക്കുന്നവനും സർവോപരി  ലോക്കൽ സാഹിത്യകാരനുമായ കലാധരൻ പള്ളിശ്ശേരി അവ്വക്കറുമോലാളിയുടെ ചായക്കടയിൽവച്ച് ബെഞ്ചിലെ മെഴുക്കുചുരണ്ടി രസിച്ചിരുന്ന ഒരുപറ്റം ആസ്ഥാന  പറ്റുകാർക്കുമുന്നിൽ പുരുഷോത്തമന്  ആ  ആജീവനാന്ത  പട്ടം ചാർത്തിക്കൊടുത്തു..."ഡിറ്റക്റ്റീവ്  പുരുഷോത്തമൻ"....
പരിഹാസത്തിന്റെ മേമ്പൊടി തൂകാതെ ഒരു പൊതു പ്രസ്താവനയുടെ ലാഘവത്തോടെ   പറഞ്ഞാൽ പുരുഷോത്തമൻ ഇന്ന് ഒരു ഇരുത്തംവന്ന ഡിറ്റക്ടീവാണ്. 221 ബി ,ബേക്കർ സ്ട്രീറ്റിലെ കുടുസ്സുമുറിയിൽ  ഡോക്ടർ വാട്സണ്  പുറംതിരിഞ്ഞുനിന്ന്  ജന്നൽച്ചില്ലകൾക്കു പുറത്ത്  അരണ്ടപ്രകാശത്തിൽ  തണുത്തുമരച്ചുകിടക്കുന്ന വീഥിയിലേക്കു നിസ്സംഗതയോടെ നോക്കി പൈപ്പിൽ നിന്നും വലിച്ചൂതിവിടുന്ന പുകയിൽ കീറാമുട്ടികളുടെ  വരിപ്പാടു ചികയുന്ന ഇതിഹാസത്തിന്റെ നിഴൽപറ്റാനൊന്നും  അയ്യാൾ മിനക്കെട്ടതേയില്ല.എന്തിനേറെ ;അവധാനതയോടും അതില്ലാതെയും  അമ്പതുവർഷം നടന്നുതാണ്ടിയ  കർമ്മപഥങ്ങളിലെവിടെയും   മലയാളികളുടെ സ്വന്തം ഡിറ്റക്റ്റീവുകളായ പുഷ്പരാജോ മാർക്സിനോ  ആരുംതന്നെ അയാളെ കാത്തുനിന്ന് കൈവീശിക്കാണിച്ചതേയില്ലായിരുന്നു.
നാലാമത്തെയും അവസാനത്തെയും കേസിന്റെ അന്വേഷണം പൂർത്തീകരിക്കേണ്ടിയിരുന്നത് അങ്ങു ദൂരെ സിംഗപൂരിലായിരുന്നു. അതിന്റെ കാര്യങ്ങളും കാരണങ്ങളും ഒരു പ്രവാസിയുടെ സ്വയാർജിതസ്വത്തുക്കളായി ചുമന്നു തുടങ്ങിയിട്ട് കാലം കുറച്ചായി. മൂന്ന്  കേസുകളുടെ അന്വേഷണങ്ങൾ പഴുതുകളുടെ ശല്യങ്ങൾ വരാത്തവിധം നേരത്തെ അവസാനിപ്പിച്ചിരുന്നു.എല്ലാം കഴിഞ്ഞുവേണം വിശദമായ  റിപ്പോർട്ട്  എഴുതിയുണ്ടാക്കാൻ.
 ചാങ്കി എയർപോർട്ടിന്റെ വിസ്മയങ്ങളിൽ കുറേനേരം അലഞ്ഞുതിരിഞ്ഞുനടന്നു. ചുറ്റും സ്ഫടികഭിത്തികളിൽ നാനാവർണങ്ങൾ നൃത്തം വയ്ച്ചു ചിതറിത്തെറിക്കുന്ന പ്രകാശത്തിലൂടെ ഒരേതാളത്തിൽ ഒഴുകിനടക്കുന്ന പുരുഷാരം.അധികനേരം അവിടെ തങ്ങുകവയ്യ. എയർപ്പോർട്ടിനുള്ളിൽത്തന്നെയുള്ള  മാസ്സ് റാപിഡ് ട്രാൻസിറ്റ് ടെർമിനലിലേക്കു പോയി ട്രെയിൻ പിടിച്ച് ജുറോങ്ങിലേക്കു പോകണം. അവിടെയാണ് രണ്ടുമൂന്നു ദിവസം താമസം പറഞ്ഞുറപ്പിച്ചിരിക്കുന്നത്.സിംഗപ്പൂരിൽ പെർമനന്റ്  റെസിഡെൻസിയുള്ള ഒരു പരിചയക്കാരന്റെ അപ്പാർട്മെന്റിൽ അയാളും കുടുംബവും നാട്ടിലേക്ക് അവധിപോയതിന്റെ ഔദാര്യത്തിൽക്കിട്ടിയ ആശ്വാസമാണത്.ഹോട്ടൽച്ചെലവ് അചിന്തനീയമാണല്ലോ? 
ഈ   എംആർടി ട്രെയിനുകളും അതിശയിപ്പിക്കുകയാണ്. എല്ലാ അർത്ഥത്തിലും. അടുത്തു തുടങ്ങിവച്ച നമ്മുടെ മെട്രോകളും ഒത്തിരിവർഷങ്ങൾക്കുമുമ്പേയുള്ള ഇതും അജഗജാന്തരങ്ങളിൽതന്നെ.വിവിധ സ്റ്റേഷനുകളിൽ   നിറുത്തുന്നതും വാതിലുകൾ തുറന്നടയുന്നതും ആളുകൾ കയറിഇറങ്ങുന്നതും എല്ലാം ഒരു താളത്തിൽത്തന്നെയാണ്.ഈ. അവർ ധൃതിപ്പെടുന്നില്ല. തിക്കിത്തിരക്കുന്നുമില്ല. പക്ഷെ  ചലിക്കുന്നത് ചടുലമായിത്തന്നെയുമാണ്. ഈ സിംഗപ്പൂരിയന്മാർക്ക് ഇത്തിരി താളബോധത്തിന്റെ അസ്കിതയുണ്ടെന്നാണ് തോന്നുന്നത്. പുരുഷോത്തമൻ മനസ്സിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.വണ്ടി ജുറോങ്ങിലേക്കു പറക്കുകയാണ്.ചിലപ്പോൾ നിയോൺ പ്രകാശം പുറത്തേക്കൊഴുക്കിവിടുന്ന തുരങ്കങ്ങളിലൂടെയും ഇടയ്ക്കിടെ പുറത്തെ പച്ചപ്പിൽ പതിപ്പിച്ചുവച്ച ബഹുനിലക്കെട്ടിടങ്ങൾക്കിടയിലൂടെയും ഒരു കളിപ്പാട്ടംപോലെ.. ജുറോങ്ങിലേക്ക് ഇനിയും ദൂരമുണ്ട്. പുരുഷോത്തമൻ  മിനുസമുള്ള തിളങ്ങുന്ന സീറ്റിലേക്ക് ഒന്നുകൂടി അമർന്നിരുന്ന് സ്വസ്ഥമായി തല  പിന്നിലേക്കുചാരി.തന്റെ ഇടതുകൈ ആരോ അവരുടെ  മടിയിലേക്കെടുത്തുവച്ചപോലെ. ത്രീ റോളർമിൽ എന്ന കൂറ്റൻ യന്ത്രത്തിന്റെ മുഴക്കമുള്ള ഒച്ച ഇരുകാതുകളിലും വിറച്ചുകയറി. ഏറ്റക്കുറച്ചിലുകളില്ലാത്ത വേഗതയിൽ   വിപരീതദിശയിൽ കറങ്ങുന്ന അവയുടെ സെറാമിക് ചക്രങ്ങൾക്കിടയിൽപെട്ട് ചതഞ്ഞുപോയ പിന്നീട് പ്ളാസ്റ്റിക്ക് സർജറി ചെയ്‌ത്‌ രൂപഭംഗി തിരികെക്കിട്ടിയ മോതിരവിരലിലിന്റെ സ്പർശനശേഷികുറഞ്ഞ അഗ്രത്തിൽ ആരോ പ്രണയത്തിന്റെ കരുതലോടെ അമർത്തി തിരുമുകയാണ്. പെൺകരതലമെങ്കിലും ആ വിരലുകൾ അത്ര മൃദുലമായിരുന്നില്ല. ഇടതുനെഞ്ചോട് ഒട്ടിച്ചാരിയിരുന്ന മുടിയുംമുഖവും ഏലാദി വെളിച്ചെണ്ണയുടെ ഏറെ കൊതിപ്പിക്കുന്ന മണം ഉദ്വമിപ്പിക്കുകയാണ്. മധുവിധുനാളുകളിലെ അയഞ്ഞമനസ്സും  ചൂടുള്ള ശരീരവുമായി അയാളങ്ങനെയിരുന്ന്   മയങ്ങിപ്പോയി. അടുത്തസ്റ്റേഷൻ ജുറോങ്ങ് ഈസ്റ്റാണെന്നുള്ള ഇമ്പമാർന്ന പെൺശബ്ദത്തിലുള്ള അറിയിപ്പുകേട്ടാണ് ഉണർന്നുപോയത്. ചേർന്നിരുന്ന പെൺശരീരവും ഏലാദിമണവും ചതഞ്ഞവിരലിലെ തിരുമ്മലും സ്വപനമല്ലായിരുന്നുവെന്നും പണ്ടെങ്ങോ അപൂർവമായി സംഭവിച്ച ചില പ്രണയനിമിഷങ്ങളുടെ തിരത്തള്ളലായിരുന്നുവെന്നും അയാൾ ഓർത്തെടുത്തു. കമ്പാർട്മെന്റ് ഏറെക്കുറെ വിജനമായിരുന്നു. ട്രെയിനിറങ്ങി പുറത്തേക്കുനടന്നപ്പോൾ   നല്ല ചൂട് തോന്നിച്ചു.ട്രോളിബാഗും വലിച്ചുകൊണ്ടു പച്ചപ്പുൽത്തകിടികൾ അതിർവരയ്ക്കുന്ന ഓടുപാകിയ വൃത്തിയുള്ള  ഫുട്പ്പാത്തിലൂടെ  ഏഴാം നമ്പർ സ്ട്രീറ്റിലെ ബിൽഡിങ് നമ്പർ നൂറ്റിപത്തൊമ്പതിലെ നാലാം നിലയിലുള്ള ഇരുപതാം നമ്പർ ഫ്ളാറ്റിലെത്തി   തുറന്നുകണ്ട ഹാളിലെ സോഫയിലേക്ക് മറിഞ്ഞുവീണപ്പോൾ സമയം പകൽ പന്ത്രണ്ടുമണിയേ ആയിരുന്നുള്ളു.
അന്വേഷണത്തിന്റെ സാവകാശത്തിനും സിംഗപ്പൂരിൽ തങ്ങുന്നതിന്റെ ചിലവുകൾക്കും സാമ്പത്തികസംബന്ധമായ പരിമിതികളുടെ പിടിച്ചുവലികളുണ്ടായിരുന്നതിനാൽ ഒരു ചെറിയ മയക്കത്തിനുശേഷം അന്നേ ദിവസംതന്നെ ഡിറ്റക്റ്റീവ് പുരുഷോത്തമൻ നാലുമണിയോടെ അപാർട്മെന്റ് പൂട്ടി പുറത്തിറങ്ങി.സായാഹ്നവെയിലിൽ നടപ്പാതക്കിരുവശവും ചിട്ടയോടെ പൂത്തുനിന്ന ചെടികൾക്ക് ചുറ്റും ചിത്രശലഭങ്ങൾ ചിതറിപ്പറന്നു.നഗരവൽക്കരണത്തിന്റെ കാർക്കശ്യങ്ങളിൽ മുഖംനഷ്ടപ്പെടാതെ നിൽക്കുന്ന പച്ചപ്രകൃതിയിൽ മരങ്ങളും ചെടികളും പക്ഷികളും പടുകൂറ്റൻ കെട്ടിടസമുച്ചയങ്ങളും നാട്യങ്ങളില്ലാത്ത മൈത്രിയിൽതന്നെയെന്ന് തോന്നുന്നു.കാക്കകളില്ലാത്ത നാട്.! അതുകൊണ്ടുതന്നെ പുറത്തുകാണാവുന്ന നഗര ജീർണതയും ഹൈഡ്രജൻ സൾഫൈഡ് മണക്കുന്ന ഓടകളും അന്യമാവുന്ന ഒരിടം. ജുറോങ്ങ് ബ്ലോക്കിൽ നിന്നും എളുപ്പം നടന്നെത്താവുന്നത് ചൈനീസ് ഗാർഡൻ സ്റ്റേഷനിലേക്കാണ്.ജുറോങ് ഈസ്റ്റ്  സ്റേഷനിൽച്ചെന്ന്  ട്രെയിൻ മാറിക്കേറിവേണം എന്റെ അന്വേഷണത്തിന്റെ അവസാന തുരുത്തായ ബുകിറ്റ് ഗോംബാക്കിലെത്താൻ
 തിരക്കൊഴിഞ്ഞ ട്രെയിൻ നോക്കിനിന്നു നേരംപോയി. പതിനെട്ടാം നമ്പർ സ്ട്രീറ്റിലെ   ഇരുപത്തിയൊന്നാം നമ്പർ ബിൽഡിങ്ങിലെ മൂന്നാം നിലയിലെ പതിമൂന്നാമത്തെ വീടിന്റെ കിടപ്പുമുറിയുടെ ജന്നൽ ഈ പുൽത്തകിടിയിലിരുന്നാൽ എനിക്ക് വ്യക്തമായിക്കാണാം.ഹൃദയം ഉച്ചത്തിൽ മിടിക്കുന്നതുപോലെ.ബുക്കിത് ഗോംബാക്ക്   എംആർട്ടി സ്റ്റേഷനിലെ ഉയർത്തിപ്പണിത പാളങ്ങളിലെ വർണ്ണപ്രപഞ്ചത്തിലൂടെ  വെള്ളിവരകൾപോലെ  ട്രെയിനുകൾ അങ്ങോട്ടുമിങ്ങോട്ടും ചുവന്ന പടിഞ്ഞാറൻ ആകാശത്തിന്റെ തിരശീലയിലൂടെ പാഞ്ഞുപോയിക്കൊണ്ടിരുന്നു. സന്ധ്യയുടെ   ചുവന്ന സാന്ദ്രതയിലേക്ക് കറുപ്പ് പടർന്നിറങ്ങി. ജനാലയിലേക്കുറ്റുനോക്കി ഡിറ്റക്റ്റീവ് പ്യൂഷോത്തമൻ പുൽത്തകിടിയിൽ ചമ്രംപിടഞ്ഞിരുന്നു.നിമിഷങ്ങൾക്കുശേഷം ജനാല പതിയെതുറന്നു വെളുത്തകുപ്പായമിട്ട ഒരു കൈ അയാൾക്കുനേരെ ആരോ വീശിക്കാണിച്ചു.വെളിച്ചമില്ലാത്ത മുറിയിൽ മുഖം വ്യക്തമല്ലാത്ത ഒരു കുറിയമനുഷ്യനായിരുന്നു അത്.അയാൾ മൂക്ക് കിണുമ്പിയ ശബ്ദത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു.
"മിസ്റ്റർ പുരുഷോത്തമൻ ഞാനാണ് നിങ്ങളുടെ അവസാന കേസിലെ കുറ്റവാളി എന്ന് സംശയിക്കുന്നയാൾ...ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല...എന്റെ പെട്ടിയിൽനിന്നും എന്റെ ഭാര്യ കണ്ടെടുത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ എനിക്ക് ഓൺലൈൻ മാട്രിമോണിയൽ സൈറ്റിൽനിന്നും കിട്ടിയതാണ്. അതും എന്റെ വിവാഹാലോചനകൾ നടക്കുന്ന സമയത്ത്. അവയുടെ പ്രിന്റുകൾ ഞാൻ ഡൗൺലോഡ് ചെയ്തെടുത്തതാണ്...എന്റെ കൂട്ടുകാരെ കാണിക്കുവാൻ..." കാണാപ്പാഠം പഠിച്ച് കള്ളം പറയുന്നതുപോലെ ഒറ്റശ്വാസത്തിലാണയാൾ എല്ലാം വിളിച്ചു കൂവിയത്.
തെല്ലുനിറുത്തി അയാൾ വീണ്ടും പറഞ്ഞു. ഇത്തവണ ശബ്ദം വളരെ താഴ്ത്തിയിരുന്നു.
"ഇതിൽ അവിഹിതത്തിന്റെ പ്രശ്നങ്ങളൊന്നുമില്ല...”    
ദൂരെനിന്നൊരു രഹസ്യം പറയുന്നതുപോലെ ഒരു വലതുകൈ വായയുടെ വശംചേർത്ത് ശബ്ദം കുറച്ചുകൂടി ചെറുതാക്കി അയാൾ വീണ്ടും മുരണ്ടു.
"അല്ലങ്കിൽത്തന്നെ അവിഹിതത്തിനുള്ള ആമ്പിയറൊന്നും എനിക്കില്ലടോ..."
അയാളത് പറഞ്ഞ്   ഉച്ചത്തിൽ ചിരിച്ചു.പിന്നീട്  വിടപറയുന്നതുപോലെ കൈവീശി കാണിച്ചു ഉറക്കെപ്പറഞ്ഞു.  
“മടങ്ങിപ്പൊയ്ക്കൊള്ളൂ...”   
അനന്തരം കുറ്റാരോപിതനായ കുറിയ മനുഷ്യന്റെ നിഴൽരൂപം ജനാല വലിച്ചടച്ചുകളഞ്ഞു. പുരുഷോത്തമന് പേടിയും അമ്പരപ്പും ആശ്വാസവും മാറിമാറിതോന്നി.കെട്ടിടങ്ങളുടെ ഇടയിലെ ചെത്തിയൊരുക്കിയ പുൽത്തകിടികളിൽ   അവിടവിടെ തളം കെട്ടിയ ഇരുട്ടിൽചവിട്ടി അയാൾ എംആർട്ടി സ്റ്റേഷനിലേക്ക് അലസമായി തിരിച്ചു  നടന്നു.
സിംഗപ്പൂരിലെ രാത്രിയാത്ര വശ്യമാണ്. ഇരുട്ടിനെ പ്രലോഭിപ്പിച്ചുകൊണ്ടു തെരുവുകളിലും അടുക്കുകെട്ടിടങ്ങളിലും എണ്ണമറ്റ  പ്രകാശപ്പൂക്കൾ മണമില്ലാതെ  വിരിഞ്ഞുനിറഞ്ഞു കഴിഞ്ഞിരുന്നു. ബുകിറ്റ്  ഗോംബാക്കിൽ    നിന്നും ജുറോങ് ഈസ്റ്റിലേക്കും അവിടുന്നുമാറിക്കേറി ചൈനീസ് ഗാർഡനിലെ തടാകത്തിലെ തണുത്ത കാറ്റടിക്കുന്ന പ്ലാറ്റുഫോമിലേക്കിറങ്ങിയപ്പോഴേക്കും രാത്രിസമയം ഒൻപതരയായിരിക്കുന്നു.ഭക്ഷണം വേണ്ടെന്നു വച്ചു.അല്ലെങ്കിലും ഒരു സമൃദ്ധ അത്താഴം കഴിക്കുവാനോ സിങ്കപ്പൂർ രാവുകളെ ശരിയായ അർത്ഥത്തിൽ ആസ്വദിക്കാനോ പറ്റിയ  മാനസികാവസ്ഥയോ  സംമ്പത്തികപരിതഃസ്ഥിതിയോ തനിക്കില്ലെന്ന്   പുരുഷോത്തമൻ തിരിച്ചറിഞ്ഞിരിക്കുന്നു.രാത്രിയിലും പകലും ഒരുപോലെ തുറന്നിരിക്കുന്ന സെവൻ-ഇലവൻ ഷോപ്പിൽ നിന്നും രണ്ടു  വലിയ ടൈഗർബിയറിന്റെ ബോട്ടിലുകൾ വാങ്ങി.ഇന്നത്തെ അത്താഴം ഇങ്ങനെ ദ്രാവകരൂപത്തിൽ നിറയട്ടെന്നു  തീരുമാനിച്ചു.     
വീര്യംകൂടിയ ബിയറിന്റെ എരിവുപുളിവുകളിൽ മർദം അധികരിച്ച വയറുമായി അയാൾ സോഫയിൽ മലർന്നു കിടന്നു. മനസ്സമാധാനം സാവധാനം  വന്നു തന്നെ ബലമായിമായി പൊതിയുന്നതുപോലെ.പരമമായ മനസ്സമാധാനം ഒരു ലഹരിയാകുന്നു.വിവരണാതീതമായ ഉന്മാദലഹരി.അത് എല്ലാ     കാമനകളെയും അനുഭവയോഗ്യമാക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.ഞാൻ അഭിരമിക്കുകയാണ്. ഉയർച്ചതാഴ്ചകളും സുഖ-ദുഃഖങ്ങളും ഒരുപോലെ നിസ്സാരമാക്കുന്ന ഒരു നിർവൃതി. എന്റെ എല്ലാ അന്വേഷണങ്ങളും അവസാനിച്ചിരിക്കുന്നു.നാളെ റിപോർട്ടുകൾ തയ്യാറാക്കാണണം.അത്രമാത്രം.ഇനി നീണ്ടുനിവർന്നുകിടന്നുറങ്ങണം.ഞാൻ സമ്പൂർണനാകുകയാണ്.തികച്ചും നിലവാരമുയർന്നൊരു സംപൂജ്യൻ.
ഉറക്കമുണർന്നപ്പോൾ പിറ്റേദിവസം വൈകുന്നേരം മണി മൂന്നു കഴിഞ്ഞിരിക്കുന്നു. എന്തൊരു ഉറക്കമായിരുന്നു കഴിഞ്ഞത്? അമിതമനസ്സമാധാനത്തിന്റെ അബോധാലഹരിയിൽ തളർന്നുപോയതുകൊണ്ടാകാം അങ്ങനെകിടന്നുറങ്ങാൻ പറ്റിയത്. ഇനി പോകേണ്ടത് വടക്കു കിഴക്കോട്ടാണ്. സിംഗപ്പൂർ ദ്വീപിന്റെ വടക്കുകിഴക്കോട്ട്.അവിടെയാണ് പുലാവ് ഉബിൻ എന്ന ചെറുദ്വീപ്.ഇവിടുത്തെ ഇൻഡ്യാക്കാർ  കർക്കിടകമാസത്തിൽ ഒളിച്ചും പാത്തും അവിടെപ്പോയി ബലിതർപ്പണം നടത്താറുണ്ടെന്ന്‌ പണ്ടാരോ പറഞ്ഞ ഓർമപോലെ. ജുറോങ്ങ് ഈസ്റ്റിൽ നിന്നും ചാങ്കി പോയിന്റ് ഫെറി ടെർമിനലിലേക്ക് പോകാൻ ടാക്സിതന്നെ പിടിക്കേണ്ടിവരും. പോക്കറ്റ് മിക്കവാറും അയഞ്ഞുതന്നെയിരിക്കുന്നു.ആകെയുള്ള ധൈര്യം തിരിച്ചു പോകാനുള്ള വിമാനടിക്കറ്റിന്റെ ഉറപ്പാണ്. ഫെറി ശരിക്കും തിരക്കൊഴിഞ്ഞ ഉദാസീനതയിൽ പോക്കുവെയിലിന്റെ മഞ്ഞളിപ്പ് മനപ്പൂർവം വാരിപ്പുതച്ചുനിന്നു. ചുവന്ന തൊലിനിറവുമായി കുറച്ചു സായിപ്പന്മാരും മഞ്ഞകലർന്ന നിറമുള്ള ചീനക്കാരും അവിടവിടെ അടുത്ത ബം ബോട്ടുകാത്തിരിക്കുന്നു. കുറെ ദൂരെയായി രണ്ടു മോട്ടോർ ബൈക്കുകളിൽ എത്തിയ നാല് സർദാർജികൾ ഉച്ചത്തിൽ എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നു. സിങ്കപ്പൂർ നിയമങ്ങളുടെ കാർക്കശ്യത്തിൽ പോലും അവർക്ക് ഹെൽമെറ്റ് ധരിക്കേണ്ടിവരുന്നില്ലല്ലോ എന്നോർത്ത് ഒരു നിമിഷം ഞാൻ അസൂയപ്പെട്ടു.
ബംബോട്ടിലിരുന്നപ്പോഴും ഞാൻ ചുറ്റും പരതിനോക്കിയത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്ളാസ്റ്റിക്ക് കുപ്പികളോ മാലിന്യങ്ങളോ ആയിരുന്നു. അതെന്റെ സഹജ വാസനയായിരുന്നു.എനിക്ക് നിരാശപ്പെടേണ്ടിവന്നു. പുലാവ് ഉബിൻ  ദീപിന്റെ വടക്കു കിഴക്കോട്ടു തന്നെയാണ് എനിയ്ക്കിനിയും പോകേണ്ടത് .അവിടെ തവിട്ടു കലർന്ന വെള്ള മണൽപ്പരപ്പുണ്ട്.വേലിയേറ്റ സമയത്ത്  മുങ്ങിപ്പോകുന്ന ചെറു തീരങ്ങളുണ്ട്.ജോഹോർ കടലിടുക്കിന്റെ അപ്പുറത്ത്  തെളിഞ്ഞു കാണാവുന്ന ഏതോ മലേഷ്യൻ ഗ്രാമത്തിന്റെ ആകാശ വെളിച്ചമുണ്ട്.
ഇറുകിയ കറുത്ത ജീൻസും അയഞ്ഞ വെള്ള ടീ ഷർട്ടും ധരിച്ചു നനുത്ത തലമുടിയുള്ള മെലിഞ്ഞ ഒരു ചീനത്തി പെൺകുട്ടി എനിക്കുമുന്നിൽ ക്യാമറ ക്ലിക്കുകളുമായി ഉറച്ച കാൽവെയ്പ്പുകളോടെ അലസമായി നടന്നു പോയി. പണ്ടെങ്ങോ തുരന്നെടുത്ത ഗ്രാനൈറ്റ് ക്വാറികളിലെ തിളങ്ങുന്ന പച്ചനിറമുള്ള ഓളങ്ങളില്ലാത്ത വെള്ളത്തിനു മീതെ ഭംഗിയായി പണിതുണ്ടാക്കിയ തടിപ്പാലത്തിൽ വട്ടംചുറ്റിത്തിരിഞ്ഞ് കടും നീലനിറമുള്ള പുലാവു ഉബീന്റെ ആകാശവും കവിഞ്ഞു നിറയുന്ന പച്ചമരങ്ങളും അവൾ ആക്രാന്തത്തോടെ ഒപ്പിയെടുക്കുന്നു.  കാച്ചെണ്ണ പുരട്ടി പിന്നിക്കെട്ടിയ തലമുടിയും എപ്പോഴും നിറയെ പൂപുള്ളികളുള്ള ചുരിദാറും ധരിച്ചു ചൊവ്വ ദോഷം കല്യാണം മുടക്കിയ നീരസവുമായി മുഖംചുളിച്ചുനടക്കുന്ന ചാപ്പൻ കൊച്ചാട്ടന്റെ മകൾ ലീലയുടെ മുഖച്ഛായണ്ടായിരുന്നു അവൾക്ക് എന്ന് ഒരു തുറിച്ചുനോട്ടത്തിൽ   എനിക്ക് വെറുതെ തോന്നി.
ഈ കുളിർത്ത കാഴ്ചകൾ ഇവിടെ ഉണ്ടായിരുന്നതാണ്. അത് നാളെയും ഉണ്ടാകും.ചിലപ്പോൾ മറഞ്ഞുപോകാനും മതി.പക്ഷെ എനിക്ക് എന്റെ റിപ്പോർട്ടുകൾ ഉടനെ തയ്യാറാക്കണം.കേസുകളും അന്വേഷണങ്ങളും എനിക്ക് ജീവിതമാണ്.എന്റെ നിലയും നിൽപ്പുകളും ഈ അന്വേഷണങ്ങളുടെ തുടർച്ചയാണ്. അയാളുടെ പൊട്ടമനസ്സ്  റോബർട്ട് ഫ്രോസ്റ്റിന്റെ കാവ്യചിന്തകൾ  വെറുതെ കടംകൊണ്ടു.
തലതോർത്താനുപയോഗിച്ചുകൊണ്ടിരുന്ന ഒരു മുഷിഞ്ഞ ടവൽ  മാമം ബീച്ചിന്റെ കരയിൽ വിരിച്ച് അതിന്മേൽ ചമ്രംപിടഞ്ഞിരുന്ന് ഡിക്ടറ്റീവ് പുരുഷോത്തമൻ തൻറെ പെട്ടിതുറന്ന് റിപ്പോർട്ടിന്റെ നക്കലുകൾ പുറത്തെടുത്തു.
നാല് സ്ത്രീപക്ഷ പരാതികൾ. പീഡക പുരുഷജന്മങ്ങളുടെ നാല് വന്യതരഭേദങ്ങൾ .ചെറുത്തുനില്പിനും   അതിജീവനത്തിനും വേണ്ടി തെളിവുകൾ  ശേഖരിക്കേണ്ടതിന്റെ അനിവാര്യത..അതിനുവേണ്ടിയാണീ അന്വേഷണകോലാഹലങ്ങൾ..!.അതിലൊരുവൻ ഒരു മുഴു കുടിയനായിരുന്നു എന്നതായിരുന്നു.എന്നാൽ അയ്യാൾ ഒരു ദിവസം മൂന്നു പെഗ്ഗിൽ കൂടുതൽ കഴിക്കില്ലായിരുന്നു എന്നും കുടികഴിഞ്ഞാൽ സ്വന്തം കിടക്കയിൽ മൂടിപ്പുതച്ചുകിടന്നു കൂർക്കം വലിച്ചുറങ്ങന്ന ഒരു നിരുപദ്രവനായിരുന്നു എന്ന് എന്റെ അന്വേഷണത്തിൽ സംശയരഹിതമായി തെളിഞ്ഞതാണ്.രണ്ടാമൻ ഒരു കടുത്ത തെറിവിളിക്കാരനാണ് എന്നായിരുന്നു സ്ഥാപിച്ചെടുക്കേണ്ടിയിരുന്നത്.ഒരു മുൻശുണ്ഠിക്കാരൻ.ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് പച്ച തെറി പറയുന്ന ഒരു ദുർബലൻ.അത് ശരിയാണ് എന്നായിരുന്നു എന്റെ കണ്ടെത്തലുകൾ.അല്ലെങ്കിലും ദേഷ്യം ഉച്ചത്തിൽ പറയുന്നവനും തെറിവിളിയിൽ ധീരത പ്രകടിപ്പിക്കുന്നവനും ഭീരുവാണ്‌.ഭീരുത്വം പഞ്ചപാവത്തവുമാണ്.അതത്ര വലിയ കുറ്റമാണോ?അല്ലേയല്ല.!   
മൂന്നാമന്റെ കാര്യമായിരുന്നു പരിതാപകരം.അവൻ കുടുംബ സ്നേഹിയല്ലായിരുന്നു എന്നതായിരുന്നു ആരോപണം.ചിലവിനു കൊടുക്കാത്തവനും സമ്പാദ്യശീലം തൊട്ടുകൂടാത്തവനും  സ്വന്തം കുട്ടിയേയും ഭാര്യയേയും പരിഗണിക്കാത്ത ക്രൂരനുമായിരുന്നു എന്നുള്ളതുമായിരുന്നു  അധിക്ഷേപങ്ങൾ.അതങ്ങനെ സമർത്ഥിക്കാൻ എന്റെ അന്വേഷങ്ങൾക്ക് കെല്പില്ലായിരുന്നു.ആഴ്ചയിലൊരിക്കൽ പുറത്തുപോയി നല്ല ഹോട്ടൽ ഭക്ഷണം കഴിക്കുമെന്നുള്ളതായിരുന്നു അയ്യാളുടെ ആകെയുള്ള ദുർവ്യയം.ഒപ്പം പുസ്തകങ്ങൾ വാങ്ങിക്കൂട്ടാനുള്ള ഒരു അനാവശ്യ ത്വരയും .വിലകൂടിയ വസ്ത്രങ്ങളോ വാഹനങ്ങളോ ആഡംബരങ്ങളിലോ അയ്യാൾ വിമുഖനായിരുന്നു. കേൾക്കുന്നവർക്ക് വിചിത്രമായി തോന്നുന്ന ചെല്ലപ്പേരുകൾ വിളിച്ച് അയ്യാൾ സ്വന്തം കുട്ടിയെ ലാളിക്കുകയും ചെയ്യുമായിരുന്നു.ഏകാന്തയിൽപ്പോലും അയ്യാൾ മകളെ ഉച്ചത്തിൽ കൊഞ്ചിക്കുമായിരുന്നു എന്ന് എനിക്കറിവുള്ളതാണ്. അല്ലെങ്കിൽ ആ കൊഞ്ചലുകൾ എന്റെ തരളിത മനസ്സിലൂറി തൊള്ളയിലൂടെ പുറത്തുവന്നതല്ലേ? വേറൊരുത്തന്റെ ഉറപ്പുകൾ എനിക്കെന്തിനാണ്? മലേഷ്യൻ മുസ്ലിം പെൺകുട്ടികൾ ധരിക്കുന്നതുമാതിരയൊരു   പരമ്പരാഗത ഫ്രോക്ക് മകൾക്കുവേണ്ടി വാങ്ങുന്നതിന് ഒരു മാസക്കാലമായി ഒരു മലായ് വാസിയോടയാൾ നിരന്തരം ഇടപെട്ടിരുന്നു. സാമാന്യ വലിപ്പത്തിലുള്ള ഒരു ടെഡിബിയർ പാവയ്ക്കുവേണ്ടി ഇൻഡോനേഷ്യയിലെ ബത്താമിൽ  ടൂറിനിടയിൽ  തെരുവുതെരുവാന്തരം അയ്യാൾ അലഞ്ഞു നടന്നത് അയാളുടെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തിയത് എനിക്കോർക്കാൻ കഴിയുന്നുണ്ട്.   ജാഡകളില്ലാത്തഒരു പാവം ആധുനിക മനുഷ്യൻ എന്നയാളെ ഞാൻ നിസംശയം വിളിക്കും.
നാലാമൻ അമിതകാമാസക്തനും തദ്വാരാ പരസ്ത്രീഗമനക്കാരനും ആഭാസനുമാണെന്നായിരുന്നു കുറ്റച്ചാർത്തുകൾ. ബുക്കിറ്റ് ഗോംബാക്കിലെ  പതിനെട്ടാം നമ്പർ സ്ട്രീറ്റിലെ   ഇരുപത്തിയൊന്നാം നമ്പർ ബിൽഡിങ്ങിലെ മൂന്നാം നിലയിലെ പതിമൂന്നാമത്തെ വീടിന്റെ കിടപ്പുമുറിയുടെ  ജനാലയ്ക്കൽ നിഴൽ പോലെ നിന്ന്‌ അയ്യാൾ തന്നെ അത് തൊണ്ടപൊട്ടുമാറുച്ചത്തിൽ ഖണ്ഡിച്ചതാണല്ലോ?അതിൽക്കൂടുതൽ എനിക്കെന്തു പറയാനാണ്? ഞാനെന്താണിനി കണ്ടെത്തേണ്ടത്? 
ആരാണ് കുറ്റവാളികൾ?.എന്താണ് കുറ്റങ്ങൾ? എല്ലാവരും ചെയ്യുന്നത് അവരവരുടെ ശരികളാണല്ലോ!ഇരുട്ടുവാങ്ങിൽ തീവണ്ടി മുറിയിൽനിന്നും പുറത്തേക്കു തള്ളി പീഡനാനന്തരം പെൺകുട്ടിയെ  തലയിൽ കല്ലുകൊണ്ടിടിച്ചു കൊന്നുകളഞ്ഞ ഭിക്ഷക്കാരനും അവന്റെശരിയാണ്  ചെയ്തെന്നു വിശ്വസിക്കുന്നു.കുറ്റവും കുറ്റവാളികളും ഇല്ല.ഉള്ളതെല്ലാം ശരികൾ മാത്രമാകുന്നു. എന്റെ അന്വേഷങ്ങൾ എല്ലാം ഇവിടെ അവസാനിച്ചിരിക്കുന്നു. നിഗമനകളിൽ നിന്ന്‌ കണ്ടെത്തുകളുകളിലേക്കും കടന്നിരിക്കുന്നു.പെട്ടിയുടെ  ഉള്ളുറയിൽ നിന്നും അയാൾ തൻറെ പാസ്പോര്ട്ട് വലിപ്പത്തിലുള്ള ഫോട്ടോകളെടുത്ത് നാല് റിപ്പോർട്ടിലും കുറ്റാരോപിതരുടെ  സ്ഥാനത്ത്  ഒട്ടിച്ചുവച്ചു. അതൊരു ബലിതർപ്പണമായി അയാൾക്ക് തോന്നി. ബോധത്തിലേക്ക് വിമുക്തി വന്നു നിറയുകയാണ്. ഇവിടെ അന്വേഷകനും കുറ്റാരോപിതനും ഒരാളാകുകയാണ്. അന്വേഷണത്തിനും കണ്ടെത്തലുകൾക്കും പ്രസക്തി നഷ്‍ടമാകുന്നു.കുറ്റം മാത്രം അവശേഷിക്കുന്നു. 
വയലിറമ്പിലെ ഓലമേഞ്ഞവീടും തണുത്ത സന്ധ്യകളും തളർന്നു കത്തുന്ന മണ്ണെണ്ണവിളക്കിന്റെ പ്രകാശവും അയാൾക്ക് കാണാനായി.  കുലമഹിമയും അന്തസ്സുമില്ലാതെ രണ്ടു നിരക്ഷര ജന്മങ്ങളുടെ മകനായി അസ്പൃശ്യനായി     നാട്യങ്ങളില്ലാതെ ജനിച്ചുജീവിച്ചത് പൊറുക്കാൻ പറ്റാത്ത കുറ്റമായി അവശേഷിക്കുന്നു. നാലരവർഷം ഉരഞ്ഞുലഞ്ഞു നീങ്ങിയ സിംഗപ്പൂർ പ്രവാസത്തിനിടയിൽ പൊതിയാത്തേങ്ങപോലെ അടർന്നുവീണുകിട്ടിയയതാണ് സമ്പന്നതയുടെ ഈ നാട്യത.   ഒരു പരിഷ്ക്കാരിപ്പെണ്ണിനെ താലികെട്ടിയദിവസം കൊണ്ടാട്ടാരവങ്ങളുടെ ഒടുവിൽ    അടുത്തകുടിയിലെ കൊച്ചാളിയമ്മ ചൂണ്ടുവിരലും നടുവിരലും വിജയചിഹ്നത്തിൽ ചുണ്ടോടുചേർത്തുവച്ച് വായ്ച്ചക്കിലാട്ടിയ മുറുക്കാൻതുപ്പൽ ചെമ്മൺ മുറ്റത്തേക്ക് തെറിപ്പിച്ചശേഷം   പുരുഷോത്തമനെ നോക്കി കളിയാക്കുന്നതുപോലെ പ്രാകി “ഇവന്റെ കാര്യം കട്ടപ്പൊക".
 ആദ്യരാത്രിയുടെ നടുപ്പാതിരായിൽ പരിഷ്കാരങ്ങളുടെ പൊരുളറിയാൻ   കൊയ്ത്തൊഴിഞ്ഞ വരണ്ടപാടത്തിലേക്കിറങ്ങിയ അയാൾ കച്ചിക്കുറ്റികളുടെ ശരമുഖപ്പുകൾക്കുമീതെ അർദ്ധനഗ്നനായി ആകാശംനോക്കി മലർന്നുകിടന്നുറങ്ങിപ്പോയി.
തവിട്ടുമണലിൽ ആസ്തിബാധ്യതകളുടെ പട്ടികപോലെ തയ്യാറാക്കി   അടുക്കിവെച്ച റിപ്പോർട്ടുകൾക്കുമേൽ ഒരു ചെറുകല്ലെടുത്തുവച്ച് അനന്തരം   പെട്ടിയടച്ചു ഒരു തലയണപോലെയാക്കി  ഡിറ്റക്റ്റീവ് പുരുഷോത്തമൻ മലർന്നു നീണ്ടുകിടന്നു. ലാഭ നഷ്ടങ്ങളുടെ കണക്കുകൾ എന്തിനാണ് ?ആഹാരത്തിന്  മുട്ടുണ്ടാകാതിരിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനാകുന്നതും ലാഭം തന്നെയല്ലേ?അല്ലെങ്കിൽത്തന്നെ  അമ്പതുവർഷം നീട്ടിക്കിട്ടിയ ഈ ആയുർദൈർഘ്യവും വൻലാഭത്തെയാണ് കാണിക്കുന്നത്. എല്ലാ ജീവനുകളും പരമകർമമായ പുനരുൽപ്പത്തിക്കുവേണ്ടിയുള്ള വെമ്പലുകളിലാണ്.തനിപ്പകർപ്പുകളെ സൃഷ്ഠിച്ചുകഴിഞ്ഞതിന്നാലുള്ള നിതാന്ത  സംതൃപ്തി.ഞാനും കടമ നിർവഹിച്ചുകഴിഞ്ഞിരിക്കുന്നു.സസ്തനിയായതുകൊണ്ടുള്ള ബാലാരിഷ്ടത കളിൽ എന്റെ പകർപ്പിന്റെ കൂടെ ഞാനുമുണ്ടായിരുന്നല്ലോ?  വായതുറന്നുകരഞ്ഞ് ആദ്യശ്വാസമെടുക്കാനും   പാൽകുടിക്കാനും നിവർന്നുനിൽക്കാനുള്ള സന്നിഗ്ദ്ധ  ഘട്ടങ്ങളിൽ.
അയാൾക്ക്‌ മുകളിലൂടെ ഒരു വേഴാമ്പൽ കൂവിക്കൊണ്ടു പറന്നുപോയി പോയി. സിങ്കപ്പൂർ തുരുത്തിന്റെ വർണ്ണമേലാപ്പിനുമീതെ ഊറിക്കൂടിയ ഇരുട്ടൊലിച്ചുവന്നു പുലാവ് ഉബിനുമുകളിലൂടെ ജോഹോർ സ്ട്രെയ്റ്റിലെ വെള്ളത്തെ കരിപിടിപ്പിച്ച്  മലേഷ്യയുടെ ഗ്രാമങ്ങളിലേക്ക് പടർന്നു.ഇരുട്ടിനെ  ഇളക്കിമറിച്ച്   ഒരു ചെറുകപ്പൽ വലിയ ഒച്ചയുണ്ടാക്കി കടന്നു പോയി.വേലിയേറ്റത്തിൽ ഉയർന്നുവന്ന അണുനാശക ഉപ്പുവെള്ളത്തിൽ     ഡിറ്റക്റ്റീവ് പുരുഷത്തമന്റെ ദാമ്പത്യ ജീവിതാസ്വസ്ഥതകളുടെ  സമഗ്ര  റിപ്പോർട്ടുകൾ നനഞ്ഞു.ഒപ്പം അയാളുടെ കാലുകളും മുങ്ങിത്തുടങ്ങിയിരുന്നു.

 

Join WhatsApp News
Neil.P.T 2023-01-07 16:30:02
നന്നായിരിക്കുന്നു.. ആശംസകൾ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക