Image

ലൂസ് - (കവിത: പോളി പായമ്മൽ )

Published on 19 August, 2022
ലൂസ് - (കവിത: പോളി പായമ്മൽ )

ഓടറാ പിള്ളേരെ.. 
കുരിപ്പുകളേ...

പൂന്തോട്ടത്തിൽ നിന്നും പൂക്കൾ പറിച്ചെടുക്കുന്ന പിള്ളേരെ

അവൾ വിരട്ടിയോടിച്ചു.
പിന്നെ ഓരോ ചെടിയിലേയും പൂക്കളെ

മാറോട് ചേർത്ത്  ഉമ്മവച്ചു

എന്തിനാടി പെണ്ണേ ആ പിള്ളേരെ വിരട്ടി ഓടിച്ചതെന്ന്

അമ്മയും

ഓണമൊക്കെയല്ലേ പൂക്കളമിടാനാവും

കിടാങ്ങള് പൂക്കൾ പൊട്ടിച്ചതെന്ന്  മുത്തശ്ശിയും .
 
ഓമനിച്ച് വളർത്തിയ ചെടികളിൽ നിന്നും

ഒരു പൂവ് പോലും

ആരും പൊട്ടിക്കുന്നത് ഇഷ്ടമല്ലായെന്ന് അവൾ ,

കൊഴിഞ്ഞു പോകും മുൻപ് ആരെങ്കിലും പൂക്കൾ നുള്ളിയെടുത്താലെന്താ കുഴപ്പമെന്ന് അച്ഛൻ.
നമുക്കും പൂക്കളമിടാൻ

പൂക്കൾ വേണ്ടതല്ലേ ചേച്ചിയെന്ന് അനുജൻ .

"ഇവിടെ ആരും അങ്ങനെ  

പൂക്കളമിട്ട് ഓണം ആഘോഷിക്കേണ്ട .. "

ഓരോ ചെടിയും പിഴുതെറിഞ്ഞ്
അവൾ

പൊട്ടിക്കരഞ്ഞുക്കൊണ്ട് അകത്തേക്കോടി . ! 

ആരൊക്കെയോ പറയുന്നത് കേട്ടു
അവൾക്ക്  ലൂസാന്ന് ..

സത്യാണോ എന്തോ : !!

                            POLY PAAYAMMAL - LOOSE - POEM

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക