Image

സ്വപ്നക്ക്  തിരിച്ചടി ജലീല്‍ മിണ്ടുന്നില്ല... ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 19 August, 2022
സ്വപ്നക്ക്  തിരിച്ചടി ജലീല്‍ മിണ്ടുന്നില്ല... ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)


സ്വപ്ന നടത്തുന്ന ചെമ്പ് വിപ്ലവം ഒരു കലാപം തന്നെ പിണറായിയെയും കുടുംബത്തെയും ലക്ഷ്യംവെച്ച് ഗൂഢാലോചന നടത്തിയ കുറ്റം തന്നെ അത് ഹൈക്കോടതി ഇന്ന്  ശരിവെച്ചു . നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതില്‍ കോടതി എന്തുപറയാന്‍?  ഇതേ പറ്റി ജലീലിന്റെ നല്ലൊരു  പ്രതികരണം പ്രതീക്ഷിച്ചിരുന്നു  അതുണ്ടായില്ല  പിണറായി ഇതിനുമുമ്പ് ജലീലിനെ  നോക്കിയതിനൊപ്പം 'കണ്ടു' കാണും . 

സ്വപ്നയും  ജോര്‍ജേട്ടനും  ചേര്‍ന്ന് സര്‍ക്കാരിനെതിരെ കലാപം നയിക്കുകയും അതിനായി സ്വപ്ന ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന കേസ് തള്ളിക്കളയണമെന്ന സ്വപ്നയുടെ ഹര്‍ജി ഹൈക്കോടതി ഗൗരവമായി കണ്ടില്ലേ ? പോലീസ് കേസ് അല്ലേ, അന്വേഷണം എല്ലാം അതിന്റെ വഴിക്ക് പോട്ടെ മോളെ എന്ന മട്ടിലായിരുന്നു കോടതി . സ്വപ്നക്ക്  അത് വലിയ തിരിച്ചടി തന്നെ !  സ്വപ്ന ആയതുകൊണ്ട് ഇതിനെതിരെ സുപ്രീം കോടതി വരെ പോകും, സ്വപ്ന വാശിക്കാരി ആണല്ലോ. 

ഈ കേസും കൂട്ടവും കഴിഞ്ഞാല്‍ പോലീസ് സ്വപ്നയെയും  ജോര്‍ജിനെയും അറസ്റ്റ് ചെയ്യും എന്നത് നൂറു തരം ജോര്‍ജേട്ടന്‍ പതിവുപോലെ ഊരി  പോയാലും ചെമ്പ് ഉണ്ടാക്കിയ പുലിവാലുകള്‍ തീരുന്നില്ലല്ലോ പിണറായിയെ മാത്രമല്ല ഭാര്യയും മകളെയും മോശക്കാരായി ചിത്രീകരിച്ച് കേസായതിനാല്‍ സ്വപ്ന അതിനു വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് പോലീസുകാര്‍ക്കിടയില്‍ ഉള്ള സംസാരം അതിനിടെ രാഹുലിന്റെ വയനാട്ടിലെ ഓഫീസില്‍ ഡി.വൈ.എഫ്‌ഐ കുട്ടികള്‍ കയറി കളിച്ചല്ലോ അതിന്റെ പേരില്‍ എങ്ങനെ കോണ്‍ഗ്രസുകാരെ  കുടുക്കാം എന്നായിരുന്നു ഏതാണ്ട് ഒരു മാസം നീണ്ട പോലീസിന്റെ ഗവേഷണം . അതിന്‍പടി ഗാന്ധിജിയുടെ ചിത്രം എറിഞ്ഞുടച്ചതിന് രാഹുലിന്റെ  പി.എ  ഉള്‍പ്പെടെ നാല് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്തു . അതുപോലെയാണ് ഇപ്പോഴത്തെ അറസ്റ്റ് ഡി.വൈ.എഫ്‌ഐ കുട്ടികള്‍ എല്ലാം തകര്‍ത്ത കൂട്ടത്തില്‍ ഗാന്ധിജിയുടെ പടം  തൊട്ടില്ല അവരത്  മറന്നതാകും  എന്ന് കരുതി ഈ നാലുപേര്‍ക്ക് അതെറിഞ്ഞു  ഉടക്കാമല്ലോ . എന്താ, അങ്ങനെ ആലോചികാത്തത് ?  മുഖ്യമന്ത്രിക്ക് ചാനല്‍ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ അങ്ങനെ ഒരു തോന്നല്‍ വന്നതല്ലേ . 

ഇത്രയും വായിച്ചപ്പോള്‍ എന്താണ് ശരിയായ നടപടിയെന്നും എന്തൊക്കെയാണ് അതില്‍ വന്ന  തെറ്റായ രീതി എന്നും എല്ലാവര്‍ക്കും ചില സംശയങ്ങള്‍ വരാം . ശരിയും തെറ്റും ഓരോരുത്തരും തിരിച്ചറിയുന്നത് എങ്ങനെ എന്ന് നോക്കാം . ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കണ്ണൂര്‍ വാഴ്‌സിറ്റിയിലെ  പ്രിയയെ കൈകാര്യം ചെയ്തത് ശരിയായ നടപടി ആണെന്ന് സതീശന്‍ ലീഡര്‍ക്ക് ബോധ്യമായി . ഇപ്പോഴാണ് ഗവര്‍ണര്‍ ശരി ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് .കണ്ണൂര്‍ വി.സിയെ വിമര്‍ശിച്ചു പ്രിയയുടെ നിയമനം റദ്ദാക്കി ഉള്ള ഗവര്‍ണറുടെ നടപടി സര്‍ക്കാറിന് ശരിയായി  തോന്നിയില്ലെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നു . അതേസമയം കോടിയേരി, ബാലന്‍ എന്നിവര്‍ പ്രതികരിക്കും .കണ്ണൂര്‍ വാഴ്‌സിറ്റി ഹൈക്കോടതിയില്‍ ഗവര്‍ണര്‍ക്കെതിരെ കേസിനു പോകുന്നതാണ് ശരിയെന്ന് തീരുമാനിച്ചെങ്കിലും വൈസ് ചാന്‍സിലര്‍ ഇന്നലെ നിയമ ഉപദേശമനുസരിച്ച് ഇന്നത് രാവിലെ തന്നെ അങ്ങനെയല്ല  വേണ്ടതെന്ന് തിരിച്ചറിഞ്ഞു . അതുകൊണ്ട് കേസ് തീരെ വേണ്ടെന്ന് വെക്കേണ്ട കാര്യമില്ല രാഗേഷിന്റെ  പ്രിയ പത്‌നിക്ക് കേസിനു പോകാമല്ലോ ? അതിലാകട്ടെ, ഒരു ശരികേടുമില്ല !  

ഇപ്പോള്‍ പിണറായി തിങ്കളാഴ്ചമുതല്‍ അടിയന്തരമായി നിയമസഭ വിളിച്ച് കൂട്ടുന്നത് ഗവര്‍ണറുടെ നിലപാടുകള്‍ ശരിയല്ല എന്നതു കൊണ്ടു മാത്രം ! ഗവര്‍ണറെ ഒരു പാഠം പഠിപ്പിക്കണം എന്ന ഉദ്ദേശവും പിണറായിക്ക് ഇല്ലാതില്ല.  ഗവര്‍ണറാകട്ടെ ആ പാഠം ചത്താലും പഠിക്കില്ല എന്ന വാശിയില്‍ . ചില മണ്ടച്ചാരായ കുട്ടികളെപ്പോലെ നാട്ടില്‍ നിന്നുതന്നെ ഒളിച്ചോടിയിരിക്കുന്നു . 10 ദിവസം കഴിയുമ്പോള്‍ തിരിച്ചെത്തിയാല്‍ ഭാഗ്യം ! ഗവര്‍ണറെ മടങ്ങി ഉടനെ എത്തുക താങ്കള്‍ക്ക് പല പ്രലോഭനങ്ങളും ഞങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു എന്ന് പിണറായിക്ക് പത്രങ്ങളില്‍ രണ്ടുപേരുടെയും ഫോട്ടോ വെച്ച് പരസ്യം ചെയ്യാം എന്തായാലും ഗവര്‍ണര്‍ തിരിച്ചുവരാന്‍ വൈകിയാല്‍ വേറെ പല ഏടാകൂടങ്ങളും  വഴിക്കു വഴി വരാനുണ്ട് . 

ലോകായുക്തയുടെ പതിനാലാം വകുപ്പ് ഓര്‍ഡിനന്‍സ് മൂലം മരവിപ്പിച്ചിരിക്കുകയാണല്ലോ  ഓര്‍ഡിനന്‍സിന്റെ  കാലാവധി കഴിഞ്ഞാല്‍ കൂടത്തില്‍  അടച്ചുവെച്ച ഭൂതത്തെ തുറന്നു കൊടുക്കുന്നത് പോലെയാകും . ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് കേസ് വിചാരണയും തെളിവെടുപ്പും കഴിഞ്ഞ മാര്‍ച്ച് 18ന് കഴിഞ്ഞതാണ് . കഴിഞ്ഞ മന്ത്രിസഭയിലെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഒരു പരാമര്‍ശം മതി അധികാരസ്ഥാനത്ത് ഇപ്പോള്‍ ഇരിക്കുന്ന പഴയ മന്ത്രിസഭയിലെ മുഖ്യന്‍ ഉള്‍പ്പെടെയുള്ള പലരും അത്  ഉപേക്ഷിക്കേണ്ടി വരും അങ്ങനെ ഒരു ഉത്തരവോടെ വഴിയാധാരമായ മന്ത്രിയാണ് ഡോ. ജലീല്‍  കിളി പോയത് പോലെ ഓരോ ഇനം  പ്രസ്താവനകള്‍ വഴിക്കു വഴി  നടത്താന്‍ അദ്ദേഹം തുടങ്ങിയത് അതോടെ ആണല്ലോ .അധികാരം തിരിച്ചു കിട്ടിയ മൂച്ചിനു   പോണ പോക്കില്‍ എന്തെങ്കിലും പറയാന്‍ ലോകായുക്തക്കു  തോന്നിയാല്‍ പണിപാളും . പിന്നെ കേരളത്തിന്റെ ഭാവി വികസന പരിപാടികള്‍ ആരു നോക്കും എന്ന് ലോകായുക്ത പറയട്ടെ കൈവിട്ട കളിക്ക് ആരു മുതിര്‍ന്നാലും അവരെ പാട്ടിലാക്കാനുള്ള വിദ്യയൊക്കെ ഉണ്ടെങ്കിലും അത് എപ്പോഴും പുറത്തെടുക്കാന്‍ ആവുമോ ? ആ  തെറ്റും ശരിയും പിണറായി സഖാവ് തീരുമാനിക്കട്ടെ നമുക്ക് കാഴ്ചക്കാര്‍ ആവാം ആര് നന്നായി കളിച്ചാലും ഞങ്ങള്‍ കയ്യടിക്കും 

എന്നാല്‍ പാലക്കാട്ടെ ഒരു ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാന്റെ വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളുടെയും അവരുടെ രാഷ്ട്രീയത്തെയും പേരില്‍ കുറേ ശരിയും അത്രതന്നെ തെറ്റുമില്ലേ ? പ്രതികള്‍ തന്നെ പറയുന്നത് ഞങ്ങള്‍ സിപിഎമ്മുകാര്‍ ആണെന്നും ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പില്‍ ഷാജഹാന്‍ പൊരുതി ജയിച്ചതോടെ ശത്രുത വര്‍ധിച്ചത് ആണെന്നും  തുറന്നുപറയുന്നു അതൊരു ശരി എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതികള്‍ക്ക് ബിജെപിക്കാര്‍ കയ്യില്‍ ചരടും കെട്ടി അവരുടെ കൂടെ ആക്കി എന്നു പറയുന്നതിലും  വേറെ ഒരു ശരിയല്ലേ ? പാര്‍ട്ടി ഗ്രാമത്തില്‍ ആണ് ഇത് സംഭവിച്ചത് എന്ന് മറ്റൊരു ശരി 

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്ന ഒരൊറ്റ പഴയ കൂട്ടുകാരനാണ് ദിലീപിനെ ഇത്രയേറെ അലോസരപ്പെടുത്തിയത് എന്നതിലും കുറെ ശരിയും അതിലേറെ  തെറ്റും ഇല്ലേ ?  എങ്കിലും ബാലചന്ദ്രകുമാറിനെ രു സിവിക് ചന്ദ്രനാക്കാന്‍ മാറ്റാന്‍ ദിലീപും സുഹൃത്തായ സംവിധായകന്‍ ശാന്തിവിള യും ഒരു പെണ്ണിനെ ചട്ടംകെട്ടി പീഡനക്കേസ് ഉണ്ടാക്കിയത് ഒട്ടും ശരിയല്ലെന്ന് പോലീസ് കണ്ടെത്തി. പണം  വാങ്ങിയോ മറ്റു പ്രലോഭനങ്ങളില്‍ പെട്ടോ  ഒരു സരിത ആകാന്‍ തുനിഞ്ഞ  ആ പെണ്ണൊരുത്തി  നാണംകെട്ടു  തലയും മുഖവും മൂടി 'കഴിച്ചിലായി' എന്നു പറഞ്ഞാല്‍ പോരെ . 

സിവിക്  വിധിക്കെതിരെയുള്ള രണ്ടാം കേസിലായിരുന്നു കോഴിക്കോട് സെഷന്‍സ് ജഡ്ജിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം . ഒന്നാമത്തെ വിധിയും വേണമെങ്കില്‍ ഒരു വിവാദമാക്കാന്‍ വകുപ്പുണ്ട് പിന്നോക്ക ജാതി ആണെന്ന് അറിഞ്ഞു കൊണ്ടാണ് സിവിക്ക രുതിക്കൂട്ടി ആ സ്ത്രീയെ  തോണ്ടിയതും വേണ്ടാത്തിടത്ത്  തൊട്ടതും പിടിച്ചതും . ഇതിനെയും നാമൊക്കെ അപലപിച്ചാലും കൃഷ്ണകുമാര്‍ അങ്ങനെയൊന്നും സിവിക് ചന്ദ്രന്‍  എന്ന ഒരു സിവിലൈസ്ഡ് മാന്‍  ചെയ്യില്ലെന്ന് ഉറച്ച വിശ്വാസത്തിലാണ് .  മാത്രമല്ല എസ്എസ്എല്‍സി ബുക്കില്‍ ജാതി ചേര്‍ക്കാത്ത ആ മാന്യ  സുഹൃത്ത് ഒരു ജാതിക്കോമരം ആയി ആ ജഡ്ജ്  കാണുന്നില്ല അത് അദ്ദേഹത്തിന്റെ ശരി . നമ്മുടെ ശരിയായി ഒത്തു പോകുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ വിധി നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും . 

സിവിക്കിന്റെ  രണ്ടാം കേസില്‍ കോടതിയുടെ പരാമര്‍ശത്തില്‍ സ്ത്രീവിരുദ്ധത കണ്ടെത്തി നാമൊക്കെ പ്രതികരിച്ചപ്പോള്‍ ആ പരാമര്‍ശത്തെ കാന്തപുരം സുന്നി വിഭാഗം വാനോളം പുകഴ്ത്തുന്നു. പുരുഷന്മാര്‍ക്ക് വികാരം ഉണ്ടാക്കുന്ന വിധം ഉള്ള വേഷവിധാനം പ്രശ്‌നമാണെന്ന മൗലവിമാരുടെ നിലപാടുമായി അത് ഒത്തുപോകുന്നു. പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറുമ്പോള്‍ 'എന്താ പറയാ, ഒരു നാണം വരില്ലേ എന്ന്  പറഞ്ഞ മുസ്ലിയാരുടെ വിശദീകരണം അങ്ങനെ അത് അവരുടെ ശരി . 

അതേസമയം ലീഗ് നേതാവ് മുനീറിന്റെ  വാദഗതികള്‍ വേറെ. ഒരേപോലെയുള്ള വസ്ത്രധാരണം വന്നാല്‍ സ്ത്രീകളോടുള്ള ആകര്‍ഷണം പോകുമെന്നും , സ്വവര്‍ഗ്ഗ മോഹികള്‍ കൂടുമെന്നും മുനീറിന് ഒരു ഭയം . അത് ഡോ. മുനീറിന്റെ  സ്‌പെഷ്യല്‍ ഭയം . മുനീര്‍ സാര്‍ മെഡിക്കല്‍ കോളേജ് പഠനം നടത്തി ഡോക്ടറായ ആള്‍ തന്നെയാണ് കേട്ടോ,  അതാണ് മുനീറിന്റെ  ശരി 

ഇതിനിടെ സി.പി.ഐയുടെ ചില ശരികളും ചേര്‍ത്തുവയ്ക്കാം . കൊല്ലം ജില്ലാ സമ്മേളനത്തിലാണ് ഏറെക്കാലമായി റിസര്‍ച്ച് ചെയ്ത് കണ്ടെത്തിയ സത്യം അവര്‍ തുറന്നു പറഞ്ഞത് (ഒന്ന്) പിണറായി ഏകാധിപതി ആണ് . (രണ്ട്) കാനത്തിന്റെ നാവ് പിണറായിയുടെ സഹകരണബാങ്കില്‍ പണയത്തിലാണ് . ഇത് ശരിയോ തെറ്റോ എന്ന കാര്യത്തില്‍ ഏതായാലും ഒരു വോട്ടെടുപ്പ് നമ്മളാരും ആവശ്യപ്പെടുകയും ഇല്ലല്ലോ . 

വാല്‍ക്കഷണം:  എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഉദ്യോഗെയിം കിട്ടിയാല്‍ അവന്റെ സ്വര്‍ണ്ണ കാലം ഓരോ ഫ്‌ലൈറ്റിലും  ഉണ്ടാവും സ്വര്‍ണക്കടത്തുകാര്‍ .പണ്ടൊക്കെ പ്രവാസികളുടെ കള്ളിന്‍ കുപ്പിയും വാച്ചും മറ്റുമായിരുന്നു നോട്ടം . ഇപ്പോള്‍ പല ഓഫീസര്‍മാരും കണക്കുപറഞ്ഞ് കാശും വാങ്ങി സാധനം വിട്ടുകൊടുക്കുന്ന ഒരാളായി മാറുന്നു ജോലിക്കാലം  കഴിഞ്ഞാലും അടിച്ചുപൊളിക്കാനുള്ള വഹ വാരിക്കോരി പിടിക്കാനാണ് ഈ ചാകരക്കാലം  പ്രയോജനപ്പെടുത്തുക കൂട്ടത്തില്‍ സത്യസന്ധന്‍മാരും ഉണ്ടാകും . അധികം ശരി നോക്കിയാല്‍ ജീവിതകാലം മുഴുവന്‍ തെറ്റ് ആക്കാനുള്ള ശക്തികളും അവിടെ കാണുമല്ലോ . എന്തായാലും ഇമ്മാതിരി കുറ്റത്തിന് കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് തന്നെ പിടിയിലായി സി.ബി.ഐ അദ്ദേഹത്തിനെതിരെ അന്വേഷണവും തുടങ്ങി !  അദ്ദേഹത്തിന്റെ മോഡസ് ഓപ്പറാണ്ടിയാണ്  ജോറ് . കള്ളക്കടത്ത് സ്വര്‍ണ്ണമായി വരുന്നവരുടെ പാസ്‌പോര്‍ട്ട് മാത്രം പിടിച്ചുവെക്കും  അത് വാങ്ങാന്‍ എന്നെങ്കിലും വരുമല്ലോ അപ്പോഴാണ് പിടിച്ചുപറി,  പുതിയതരം ഫിഷിംഗ് ! 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക