Image

ലവനെയെങ്കിലും പൂട്ടാതെ മറ്റേ ബില്ല്  വരില്ല മാഷേ... ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 23 August, 2022
ലവനെയെങ്കിലും പൂട്ടാതെ മറ്റേ ബില്ല്  വരില്ല മാഷേ... ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

പത്രങ്ങള്‍ വായിച്ചാല്‍ നമ്മുടെ മുഖ്യന്‍  ഇപ്പോള്‍ ഉരുണ്ടു പെരണ്ട് വീഴും എന്നല്ലേ  തോന്നുക സര്‍വ്വകലാശാല ബില്‍ നാളെ വരുന്നതോടെ ഗവര്‍ണര്‍ കൊമ്പത്താകും, ബില്ല് ഒപ്പ്  ഇടാതെ ഫ്രിഡ്ജില്‍ വെക്കും , ലോകായുക്ത കാലാവധി തീരും , ലോകായുക്ത വിധി  വരികയും പിണറായിക്ക് എതിരെ  പരാമര്‍ശം വരികയും പിണറായി ഔട്ട് ആവുകയും ചെയ്യും എന്നല്ലേ പലരുടെയും പ്രവചനം - അതൊരു പാല്‍പ്പായസചിന്ത !  ഇത് പിണറായിയാണ് മോനെ...

ഗവര്‍ണര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ലെങ്കില്‍ തുറന്ന യുദ്ധം തന്നെയെന്ന് സി.പി.എമ്മിലെ പോരാളികള്‍ക്ക് പറയാം പക്ഷേ പിണറായി സഖാവിന് എങ്ങനെ പറയാന്‍ പറ്റും ? ഗവര്‍ണറാകട്ടെ ബെല്ലും ബ്രേക്കും ഇല്ലാതെ പായുന്നു . കണ്ണൂരിലെ വൈസ് ചാന്‍സലര്‍ പാര്‍ട്ടി കേഡറിനെ  പോലെ പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞത് സഹിക്കാം . സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങുന്ന ബുദ്ധിയുള്ളവര്‍ അങ്ങനെയായല്ലേ പറ്റൂ പക്ഷേ, ആ കക്ഷിയെ ഗവര്‍ണര്‍ ക്രിമിനല്‍ എന്ന് വിളിച്ചില്ലേ?  വെറും ഒരു ഗൂഢാലോചന നടത്തിയ വി.സിയെ ക്രിമിനല്‍ എന്ന് ഗവര്‍ണര്‍ വിളിക്കാമോ? അങ്ങനെ പാര്‍ട്ടി കേട്ടുനില്‍ക്കാന്‍ ആവും ?  

ഗവര്‍ണറെ കൂടുതല്‍ പ്രലോഭിപ്പിക്കാതിരിക്കാന്‍  സര്‍വകലാശാല ബില്‍ മാറ്റി വെച്ചാലോ എന്ന ചിന്തയിലായ  പാര്‍ട്ടിക്കാരും ഇപ്പോള്‍ വൈലന്റ്  ആവുകയാണ് . ബംഗാള്‍,  തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഇതുപോലെ പ്രശ്‌നം ഉണ്ടായപ്പോള്‍ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു കൊടുക്കുകയായിരുന്നു 
അവരോടൊപ്പം കൂടി കോടതി കയറാം എന്നാലും, ആറുമാസം ഗവര്‍ണര്‍ക്ക് അത് തട്ടീം മുട്ടീം  മാറ്റിവെക്കാം പാസാക്കിയ ലോകായുക്ത ബില്‍ എങ്കിലും ഒപ്പിട്ടു കിട്ടിയില്ലെങ്കില്‍ ലോകായുക്ത ഓര്‍ഡിനന്‍സിന്റെ കാലാവധി തീരും . ആ റിട്ടയേര്‍ഡ് ജഡ്ജിക്ക് എന്തും ഒപ്പിക്കാം പോണ പോക്കില്‍ ഒരു ബോംബിട്ടാലോ?  പിണറായി സഖാവ് അങ്ങനെയൊരു ഭാഗ്യപരീക്ഷണത്തിന് തലവെച്ച് കൊടുക്കില്ലെന്ന് തന്നെയല്ലേ നാമൊക്കെ കരുതുന്നത്. കാരണം നമുക്കൊക്കെ പിണറായി അറിയാം.

 നമ്മുടെ മുഖ്യന്‍ അതിനൊക്കെ വഴി കണ്ടിട്ടുണ്ടാവും ലോകായുക്തയുടെ മനസ്സ് അറിഞ്ഞാല്‍ പിണറായിക്ക് പ്രശ്‌നപരിഹാരം ലളിതം . ജലീലിനെ പിണറായി ശരിക്കും ഒന്ന് കണ്ടതോടെ ജലീലിന് കിളി തിരിച്ചുകിട്ടി വാ തുറക്കാതെ ജലീല്‍ ഇരിക്കുന്നത്  തന്നെ വലിയ സമാധാനം. അല്ലെങ്കില്‍ അനവസരത്തില്‍ കോട്ടയത്തെ കന്യാസ്ത്രീകുട്ടിയുടെ  മരണവും റിട്ടയേര്‍ഡ് ന്യായാധിപന്റെ  കേസ് ഇല്ലാതാക്കാനുള്ള നടപടിയും  ഫേസ്ബുക്കില്‍ വെറുതെ വന്നിട്ട് ഇളക്കിയാല്‍ പോരേ ? പിണറായി ആ മനുഷ്യനെ കൊണ്ട് തോറ്റു പോയി പിണറായി ഉപ്പയെ പോലെയാണ് , മുത്താപ്പയെ പോലെയാണെന്ന് എന്നൊക്കെ ഒക്കെ പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടക്കിടെ പറഞ്ഞാല്‍ 75 വയസ്സ് കഴിഞ്ഞ ആര്‍ക്കാണ്  ഇഷ്ടപ്പെടുക ? ചുരുങ്ങിയ പക്ഷം  ഇക്കയെ പോലെ എന്നോ കുഞ്ഞിക്കയെ പോലെ എന്നോ പറയണ്ടേ? അതും  നമ്മള്‍ പറഞ്ഞു കൊടുക്കണമെന്ന് ആയാലോ?

എന്തെങ്കിലും എവിടെയെങ്കിലും ഒരു പിടിവള്ളി (സ്‌ട്രോങ്  ചങ്ങല തന്നെ) കിട്ടിയാലേ സര്‍വകലാശാല ബില്‍ നാളെ നിയമസഭയില്‍ വരൂവെന്ന കാര്യത്തില്‍ സതീശന്  ഉറപ്പു ഉണ്ടായാല്‍ പോലും നമുക്ക് അങ്ങനെ തോന്നില്ല കാരണം നമ്മള്‍ പിണറായിയെ നന്നായി സ്റ്റഡി ചെയ്തിട്ടുണ്ട് മണ്ടത്തരം കാണിക്കാനും പറയാനും പിണറായി ജലീല്‍ ഒന്നുമല്ലല്ലോ 

ജനം രണ്ടാംഘട്ടം വലിയ പ്രതീക്ഷയുടെ വോട്ടു നല്‍കി പിണറായിയെ  ജയിപ്പിച്ചത് ദുര്‍വാശി കാട്ടി ഇടക്ക് ഇറങ്ങി പോകാന്‍ അല്ല ശരിക്കും അഞ്ചുവര്‍ഷം ഭരിക്കാന്‍ തന്നെയാണ്.  ലീഡര്‍ കരുണാകരന്റെ ശൈലി  ഓര്‍മ്മയില്ലേ ? വെറുതെ നിശ്ചലമായി  രാഷ്ട്രീയം നില്‍ക്കുകയും പത്രവായനക്കാര്‍ ഒരു വാര്‍ത്തയും ഇല്ല എന്ന് വിചാരിച്ച്  ബോറടിച്ച് നില്‍ക്കുകയും ചെയ്യുമ്പോള്‍ പുതിയൊരു രാഷ്ട്രീയപ്രശ്‌നം കരുണാകരന്‍ തന്നെ ഉണ്ടാക്കും, അതും അതേ ലീഡര്‍ തന്നെ പരിഹരിക്കും. ആ ശൈലിയുടെ  പരിഷ്‌കരിച്ച പതിപ്പാണ് 'പിണറായി ക്യാപ്റ്റന്‍' ഈയ്യിടെ  പ്രകാശനം ചെയ്യുന്നത് . 

പ്രിയ വര്‍ഗീസിന്റെ  നിയമനം തടയുകയും, പ്രിയ പഠിപ്പിച്ചത് 20 ദിവസം ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തത്  പ്രിയക്കോ  രാഗേഷിനോ  ഒരു പ്രശ്‌നം ഉണ്ടാക്കിയിട്ടില്ല . പാര്‍ട്ടിക്ക് വേണ്ടി നിന്നുകൊടുക്കുന്നു  എന്നല്ലാതെ ഇപ്പോള്‍ അവര്‍ക്ക് ഈ കാര്യത്തില്‍ ഒരു താല്‍പര്യവുമില്ല . ആദ്യം ഇങ്ങനെയൊരു ആശയം വന്നപ്പോള്‍ സ്വാഭാവികമായി ഒരാശ വന്നത് ശരി തന്നെ ഇതിങ്ങനെ വിവാദ കോടാലി ആകും എന്ന് ആരെങ്കിലും വിചാരിക്കുമോ ? നമ്മുടെ പാര്‍ട്ടി, നമ്മുടെ ഭരണം, നമ്മുടെ വാഴ്‌സിറ്റി എന്നൊക്കെയല്ലേ  ഏത് സഖാവും  വിചാരിക്കുക.

 മോനെ സതീശാ, താങ്കള്‍ മിടുക്കന്‍ തന്നെ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെന്ന് ജനത്തിന് തോന്നി തുടങ്ങിയിട്ടുണ്ട് തൃക്കാക്കരയില്‍ താങ്കള്‍ കാണിച്ച മിതത്വവും ഗൃഹപാഠവും വളരെ നന്നായിരുന്നു ഗവര്‍ണറും മുഖ്യനും തമ്മിലുള്ള  ഉഗ്ര പോരാട്ടം കാണുമ്പോള്‍ ഒരുകാരണവശാലും ചാടി ഗവര്‍ണറുടെ കക്ഷി  ചേരല്ലേ. അത് ഒരു സൗഹൃദമാണെന്ന  ഒരു തിരിച്ചറിവ് കൂടി താങ്കള്‍ കാണിക്കണം എന്ന് മാത്രമേ നമുക്ക് പറയാനുള്ളൂ . മോനേ ദിനേശാ, എന്നു  ലാലേട്ടന്‍ വിളിക്കുന്ന  ഒരു സുഖം മോനെ സതീശാ  എന്ന് വിളിക്കുമ്പോള്‍ നമുക്കും കിട്ടുന്നുണ്ട് . സതീശാ  താങ്കള്‍ മിടുക്കനാണ് പിണറായിക്ക് പിഴച്ചാല്‍ താങ്കള്‍ തന്നെയാണ് അടുത്ത മുഖ്യന്‍  ഉറപ്പിച്ചോ, പിഴക്കാന്‍ പ്രാര്‍ത്ഥിക്ക്.

വാല്‍ക്കഷണം : കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ 3000 രൂപ കൈക്കൂലി വാങ്ങിയതിന്  അറസ്റ്റിലായി എന്ന വാര്‍ത്ത വായിച്ചില്ലേ? ഈ കക്ഷി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ ആയിരുന്നെങ്കില്‍ എത്ര രൂപ കൈക്കൂലി വാങ്ങുമെന്നാണ്  സകല ചായക്കടകളിലും ഇന്നത്തെ ചര്‍ച്ച 

നല്ലോണം ശമ്പളം കിട്ടിയാലും ഇത്തരം ആര്‍ത്തി പണ്ടാരങ്ങള്‍ വേണ്ടാത്ത മരുന്ന് എഴുതി രോഗം മാറുന്നതിനു പകരം  നമ്മളെ തീരാരോഗികളാക്കി മാറ്റുകയല്ലേ ? ഈ ദ്രോഹികള്‍ക്ക് കൈക്കൂലി നല്‍കി ഒരു മെഡിക്കല്‍ കമ്പനി മാത്രം 1000 കോടി രൂപ മാറ്റിവച്ചിരിക്കുന്നു പോലും ! പെട്ടിയും ബാഗും തൂക്കി 'ഡോക്ടര്‍ ഇന്‍'  ബോര്‍ഡ് വെച്ചവരുടെ മുന്നില്‍ സ്‌റ്റൈലില്‍  നില്‍ക്കുന്നവരുടെ ഒരു ക്യൂ ഉണ്ടെങ്കില്‍ നമുക്കും ആ ഡോക്ടറെ  ആര്‍ത്തി പണ്ടാരം  ഗ്രൂപ്പില്‍ ചേര്‍ത്തി പേര് വെട്ടാം .ആതുര സേവനത്തിന് വന്നു ആരാച്ചാരാകുന്ന  ഈ 'കഴുവേറീടെ മക്കളെ' പാഠം പഠിപ്പിക്കാന്‍ നമ്മുടെ എത്ര നികുതിപ്പണമാണ് ബാലഗോപാലന്‍  മന്ത്രി ഈ ദാരിദ്ര്യത്തിനിടയിലും മുടക്കുന്നതെന്ന് ഓര്‍ക്കുമ്പോഴാണ്  നമുക്ക് സങ്കടം ! 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക