Image

ഇന്ത്യയുടെ വെതര്‍ വുമണ്‍ അന്നമാണിയെ ആദരിക്കാന്‍ ഗൂഗിളും ( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 24 August, 2022
ഇന്ത്യയുടെ വെതര്‍ വുമണ്‍ അന്നമാണിയെ ആദരിക്കാന്‍ ഗൂഗിളും ( ദുര്‍ഗ മനോജ് )

മലയാളിയായ ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥ ശാസ്ത്രജ്ഞയും ആയിരുന്നു അന്ന മാണി. ഇന്ത്യയുടെ 'വെതര്‍ വുമണ്‍' എന്നാണവര്‍ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍, അന്ന മാണിയുടെ 104ാം ജന്മദിനം ആഘോഷമാക്കി മാറ്റാന്‍ ആഗോള സെര്‍ച്ച് എഞ്ചിനായ ഗൂഗിളും തയ്യാറായിരിക്കുന്നു. ഗൂഗിള്‍ ഡൂഡിലൊരുക്കിയാണ്  അന്ന മാണിയുടെ ഓര്‍മ പുതുക്കിയത്. . ഇന്ത്യന്‍ അന്തരീക്ഷ പഠനകേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു അന്ന മാണി. അന്തരീക്ഷ ഓസോണ്‍ ഗവേഷണ രംഗത്ത് അതീവ തല്‍പ്പരയായിരുന്ന ഇവര്‍ മുപ്പതില്‍പ്പരം വര്‍ഷം ഈ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1987-ല്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ കെ.ആര്‍ രാമനാഥന്‍ മെഡല്‍ നേടിയിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനില്‍ നിരവധി പ്രധാന പദവികളും വഹിച്ചിരുന്നു

1918 ഓഗസ്ത് 23 ന് പഴയ തിരുവിതാംകൂറിലെ പീരുമേടിലാണ് അന്ന മാണി ജനിച്ചത്. ഡോക്ടറാകാന്‍ മോഹമുണ്ടായിന്നെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ കാരണം മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്നും ഭൗതികശാസ്ത്രത്തിലും, രസതന്ത്രത്തിലും ബിരുദം നേടുകയാണ് ഉണ്ടായത്. ബിരുദപഠനത്തിനു ശേഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നോബല്‍ പുരസ്‌കാര ജേതാവ് സി.വി രാമന്റെ മേല്‍നോട്ടത്തില്‍ അന്ന ഗവേഷണം തുടങ്ങി. പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ കെ.ആര്‍ രാമനാഥനും അന്നയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. വജ്രത്തിന്റെയും മറ്റു അമൂല്യരത്‌നങ്ങളുടേയും പ്രകാശവികിരണ രീതികളായിരുന്നു ഗവേഷണവിഷയം. താമസിയാതെ ഈ വിഷയത്തില്‍ ആധികാരികമായ പ്രബന്ധങ്ങള്‍ അന്ന മാണി പ്രസിദ്ധീകരിച്ചു.1945-ല്‍ പി.എച്ച്.ഡി ബിരുദത്തിനായുള്ള തീസിസ് മദ്രാസ് യൂണിവേഴിസിറ്റിക്ക് സമര്‍പ്പിച്ചശേഷം പിന്നീട് ബ്രിട്ടണിലെ ഇംപീരിയല്‍ കോളജില്‍ കാലാവസ്ഥ ശാസ്ത്ര ഉപകരണങ്ങളെപ്പറ്റി പഠനം നടത്തി. എന്നാല്‍ ഓണേഴ്സ് ബിരുദം ബിരുദാനന്തര ബിരുദമായി കണക്കാക്കാനാവില്ലെന്ന് പറഞ്ഞ് മദ്രാസ് സര്‍വകലാശാല അന്നയ്ക്ക് ഡോക്ടറേറ്റ് നല്‍കാന്‍ വിസമ്മതിച്ചു. തീസിസ് ഇപ്പോഴും ബാംഗ്ലൂരിലെ രാമന്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിട്ടുണ്ട്.

1948-ല്‍ അവര്‍ ഇന്ത്യയില്‍ തിരിച്ചെത്തുകയും പൂനെയിലെ ഇന്ത്യന്‍ കാലാവസ്ഥ പഠനകേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. 1976-ല്‍ ഈ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്. 

1950-കളിലുടനീളം സോളാര്‍ റേഡിയേഷന്‍ മോണിറ്ററിംഗ് സ്റ്റേഷനുകളുടെ ഒരു ശൃംഖല അവര്‍ സ്ഥാപിക്കുകയും സുസ്ഥിര ഊര്‍ജ്ജ അളവ് സംബന്ധിച്ച് നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. .ഇന്ത്യന്‍ കാലാവസ്ഥ പഠന രംഗത്ത് ധാരാളം  കണ്ടുപിടിത്തങ്ങള്‍ നടത്തി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു മീതെയുളള സൗരോര്‍ജ വികിരണത്തെക്കുറിച്ച് അന്ന മാണിയുടെ നേതൃത്വത്തില്‍ ക്രോഡീകരിച്ച പുസ്തകവും പുറത്തറിക്കിയിരുന്നു. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് വഴി കാലാവസ്ഥ ഉപകരണങ്ങള്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും രാജ്യത്തെ സഹായിച്ചു. പുരുഷ മേധാവിത്വമുള്ള ഈ മേഖലയില്‍ മികവ് പുലര്‍ത്തിയ അന്ന 1953ല്‍ ഡിവിഷന്റെ തലവനായി. 100-ലധികം കാലാവസ്ഥ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തു. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനില്‍ നിരവധി പ്രധാന പദവികളും വഹിച്ചിരുന്നു.
വിരമിച്ച ശേഷം ബാംഗ്ലൂരിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റിയായി നിയമിതയായി. സൗരോര്‍ജ്ജം, കാറ്റ് എന്നിവയില്‍ നിന്നുള്ള ഊര്‍ജ്ജ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയും അവര്‍ സ്ഥാപിച്ചിരുന്നു. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടയായി ലളിതമായ ജീവിതം നയിച്ചിരുന്ന അന്ന മാണി 2001 ഓഗസ്റ്റ് 16 ന് തിരുവനന്തപുരത്ത് അന്തരിച്ചു.

ശാസ്ത്രരംഗത്ത് മലയാളികള്‍ക്ക് അഭിമാനമായിത്തീര്‍ന്ന അന്നമാണിയെ ഗൂഗിളും ആദരിക്കുമ്പോള്‍ രാജ്യത്തിന്റെ യശസ്സ് ഉയരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക