Image

പിണറായി നിര്‍ബന്ധിക്കട്ടെ ; ഗവര്‍ണര്‍ പ്രശ്‌നം തീര്‍ക്കും ! ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 26 August, 2022
പിണറായി നിര്‍ബന്ധിക്കട്ടെ ; ഗവര്‍ണര്‍ പ്രശ്‌നം തീര്‍ക്കും ! ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

പിണറായി വിജയന്‍ നിര്‍ബന്ധിച്ചാല്‍ ഏതു ക്രിമിനലിനും, ഗുണ്ടക്കും, ഗൂഢാലോചനക്കാരനും, പാര്‍ട്ടി കേഡര്‍ക്കും എന്തു പേപ്പറിലും (വെള്ളക്കടലാസില്‍ വരെ) ഒപ്പിട്ടു കൊടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തിയതോടെ പിണറായി സഖാവിന് പ്രതീക്ഷയായി . ഇനി നിര്‍ബന്ധിക്കാന്‍ പറ്റിയ ഒരു സമയം കണ്ടാല്‍ മതി 

കാണം വിറ്റും ഓണമുണ്ണണം എന്നാണല്ലോ നമ്മുടെ കാരണവന്‍മാര്‍ പറയാറ് . നമ്മുടെ സര്‍ക്കാര്‍ 3000 കോടി കൂടി കടമെടുത്താണ് പരിപാടി നിര്‍വഹിക്കുന്നത് . ചൊവ്വാഴ്ച 1000 കോടി രൂപ കൂടി കടം എടുത്തിരുന്നു ഇപ്പോള്‍ ഓണക്കടം  4000 കോടി രൂപ . 

ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത എന്നിവ കൊടുത്തില്ലെങ്കില്‍ അവര്‍ കൊടി പിടിക്കില്ലേ ? കടം എടുക്കുന്നതിന് നല്ല പലിശ കൊടുക്കണം ചൊവ്വാഴ്ച വാങ്ങിയ 1000 കോടി രൂപ അഞ്ചാം പിണറായി (15 വര്‍ഷം) ഭരണകാലത്ത് തിരിച്ചടച്ചാല്‍ മതി . 7.76  ശതമാനമാണ് പലിശ. പണം എവിടെ നിന്ന് കടം കിട്ടിയാലും പലിശ  എത്രയെന്ന് നോക്കാതെ കടമെടുക്കാം 15 വര്‍ഷം കഴിഞ്ഞ് തിരിച്ചു കൊടുത്താല്‍ പോരെ? ഇത്തവണ ഡിസംബര്‍ വരെ 17,1936 കോടിരൂപ മാത്രമേ കടമെടുക്കാനാവുവെന്ന ഒരു നിയന്ത്രണം വന്നത് മാത്രമാണ് പ്രശ്‌നം . 

പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബോണസായി 4000 രൂപ എങ്കിലും കൊടുക്കണ്ടേ? ഉത്സവബത്ത 2750 രൂപയില്‍ നിന്ന് കുറഞ്ഞാല്‍ ആകെ മുറുമുറുപ്പാകും . 57 ലക്ഷം കുടുംബങ്ങള്‍ക്ക് ക്ഷേമപെന്‍ഷന്‍ (രണ്ടു മാസത്തെ) കൊടുക്കുമ്പോള്‍ ഓരോ കുടുംബത്തിനും 3200 രൂപ നല്‍കുന്നതാണ് മര്യാദ, അല്ലെങ്കില്‍ നാട്ടുനടപ്പ് ഇതൊക്കെ കൊടുക്കാതെ പറ്റുമോ ? 

നമുക്കെന്താ വരുമാനം? നാട്ടുകാര്‍ കള്ളുകുടിക്കുകയും,  ഭാഗ്യം പരീക്ഷിക്കുകയും, ട്രാഫിക് നിയമം ലംഘിക്കുകയും ചെയ്താലേ ബാലഗോപാലന്‍  മന്ത്രിക്ക് രക്ഷയുള്ളൂ . മദ്യത്തിനും ഭാഗ്യത്തിനും ചെലവഴിക്കുന്ന സാധാരണക്കാരെ പിഴിയാം . അവര്‍ അതില്‍ നിന്നു കൊടുക്കും . കുറെ പണം മുടക്കി റോഡില്‍ ക്യാമറ മുക്കിലും മൂലയിലും വെച്ചിട്ടുണ്ട് . സമ്പന്ന വിഭാഗക്കാര്‍ തങ്ങളുടെ  ഫോണില്‍ പുതിയൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്തു വച്ചിരിക്കുന്നു. ക്യാമറ വരുന്നതിനു മുന്‍പേ ഗൂഗിള്‍ അമ്മായി  പറഞ്ഞുകൊടുക്കും ക്യാമറയുടെ തൊട്ടു മുന്നിലെത്തുമ്പോള്‍ എത്തി മോനേ സതീശാ എന്ന മട്ടില്‍ ഒരു മണിയടിയും കേള്‍പ്പിക്കും. വിരലിലെ തൊലി മാറ്റി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തുന്ന നാട്ടിലാണോ രക്ഷപ്പെടാനുള്ള  വിള്ളലുകള്‍ കണ്ടെത്താന്‍ പ്രയാസം ?

എന്തു ചെയ്താലും നമുക്കതിന് ന്യായീകരണമുണ്ട് കണ്ണൂര്‍ വി.സിയായിരിക്കുന്ന  ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പാര്‍ട്ടി കേഡര്‍കാരനാണ്, ക്രിമിനലാണ്, കൂട്ടു ഗുണ്ടയാണ്   എന്നൊക്കെ ആരോപിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് പിന്നെന്തിനാ കക്ഷിയുടെ പുനര്‍നിയമനത്തിന്  താങ്കള്‍ ഒപ്പിട്ടു കൊടുത്തു എന്ന് ചോദിച്ചു നോക്കൂ, അപ്പോള്‍ തത്ത പറയുംപോലെ പറയും മുഖ്യമന്ത്രി നിര്‍ബന്ധിച്ചാല്‍ പിന്നെ എന്ത് ചെയ്യും? അതു തന്നെയാണ് ഗവര്‍ണര്‍ സാറേ, താങ്കള്‍ കാടിളക്കി ഓരോ ദിവസവും കൊമ്പു കോര്‍ക്കുമ്പോഴും  ഞങ്ങളുടെ മുഖ്യന്‍ മൗനം വിദ്വാനും പിണറായിക്കും  ഭൂഷണം എന്ന മട്ടില്‍ പ്രതീക്ഷയോടെ ഇരിക്കുന്നത് നാട്ടിലെ പേരുകേട്ട സരിതമാര്‍  പറയുന്ന ചൊല്ലാണിതെന്ന്  മലയാളിയായ സുരേന്ദ്രന്‍ ആരിഫ് ഖാന്‍ സാറിന്  അത് പറഞ്ഞു കൊടുകാത്തത്  കഷ്ടമല്ലേ ? 

എന്നെ നിര്‍ബന്ധിക്ക് , നിര്‍ബന്ധിക്ക്  എന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു പറഞ്ഞാല്‍ പിണറായി ഇപ്പോള്‍ തന്നെ നിര്‍ബന്ധിച്ച് കളയും കേട്ടോ . ലീഡര്‍ കരുണാകരന്‍ ശൈലിയില്‍ പ്രശ്‌നം കത്തി കയറി പൊട്ടിത്തെറിക്കുമെന്ന് ആകുമ്പോഴാണ് ക്യാപ്റ്റന്‍ കളത്തിലിറങ്ങി ഒരു സെല്‍ഫ് ഗോളടിച്ചു , തോറ്റേ  എന്ന മട്ടില്‍ നില്‍ക്കുക .  പിന്നെയാണ് അനുരഞ്ജനം അതുകഴിഞ്ഞാല്‍ മറു പോസ്റ്റിലേക്ക് തുരുതുരാ ഗോളുകള്‍ ഉതിര്‍ക്കും , അതാണല്ലോ പിണറായി ശൈലി . 

ആരെന്തുപറഞ്ഞാലും നമ്മുടെ മുഖ്യന് ഒരു കുലുക്കവുമില്ല എല്ലാം ശുഭകരമായി തീര്‍ക്കാനുള്ള  മാജിക് അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടല്ലോ അതല്ലേ നമുക്ക് മാത്രം പത്രങ്ങളില്‍ എന്തു വായിച്ചാലും ടിവിയില്‍ എന്തുകണ്ടാലും ബി.പി  കൂടാത്തത് നാടകത്തിലെ ചില രംഗങ്ങള്‍ മാത്രമായി നമുക്ക് അതിനെ കാണാന്‍ പറ്റുന്നു . 

വാല്‍ക്കഷണം : ഇതിനൊക്കെ പുറമേ സുപ്രീംകോടതിയില്‍ ലാവലിന്‍ കേസ് അടുത്ത മാസം 13 ന് വരുന്നു 29 തവണ മാറ്റിവെച്ച് കേസ് ഒരുതവണകൂടി മാറ്റിവെച്ചാല്‍ 30 തവണ മാറ്റിവെച്ച് എന്നല്ലാതെ മറ്റൊന്നും പെട്ടെന്നൊന്നും വരാനില്ലല്ലോ , ആന്റണി രാജു മന്ത്രിയുടെ ട്രൗസര്‍ കേസിന്റെ  വിചാരണയും മാറ്റിവച്ചിരിക്കുകയല്ലേ ? 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക