MediaAppUSA

പിണറായിക്ക് തുണ ഗോവിന്ദന്‍ മാഷ് ! ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 29 August, 2022
പിണറായിക്ക് തുണ ഗോവിന്ദന്‍ മാഷ് ! ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കോടിയേരിയും പിണറായിയും ആയിരുന്നു ജോഡികള്‍. അസുഖമായി കോടിയേരി മാറുമ്പോള്‍ രാശിയൊത്ത  പുതിയൊരു ശക്തിയെ തന്നെ കൂട്ടണം, അതുകൊണ്ടാണ് ഗോവിന്ദന്‍ മാഷെ  കൂടെ കൂട്ടുന്നത് - പാര്‍ട്ടിക്ക് വേണ്ടത് ഇരട്ടചങ്കു തന്നെ !

പിണറായി ആരാ പാര്‍ട്ടി?  മന്ത്രിസഭയില്‍ ഒരു പുന:സംഘടന പെട്ടെന്ന് ഉണ്ടായാല്‍ പുതുമുഖങ്ങളെ കുത്തിനിറച്ച മന്ത്രിസഭയിലെ അംഗങ്ങള്‍ കാശിനു കൊള്ളാത്തവര്‍  ആണെന്ന് ജനം പറയില്ലേ? അവര്‍ മിടുക്കന്മാര്‍ തന്നെ. വേറെ ചില മിടുക്കന്മാര്‍ക്കു  കൂടി അവസരം കിട്ടണമെങ്കില്‍ ഒരു കശക്കികുത്ത്  കൂടി അത്യാവശ്യം .

വെറുതെ ആരെയെങ്കിലും ഒരു കളി തീരാതെ മറ്റൊരു കളി തുടങ്ങി വെക്കുമോ?  അതിനാണ് മന്ത്രിസഭയിലെ രണ്ടാമനെ  പാര്‍ട്ടിയുടെ ഒന്നാമന്‍  ആക്കി പിണറായി മാറ്റി കളിക്കുന്നത്. അതിന്റെ പേരില്‍ ഒരു കശക്കികുത്ത് എന്തായാലും വേണ്ടേ ? 

പിണറായിയോട് അടുത്തുനില്‍ക്കുന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജനും എ.കെ ബാലനും സെക്രട്ടറി പദം സ്വാഭാവികമായി ആഗ്രഹിച്ചു പോകാം. 75 വയസ്സ് എന്ന പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ അടുത്ത പാര്‍ട്ടി സമ്മേളനത്തിനു മുന്‍പ് ആ വയസ്സ് ഇവര്‍ക്ക് എത്തും. പിന്നെ വേറെ ഒരാളെ തെരയാന്‍ നടക്കണ്ടേ ? ഗോവിന്ദന്മാഷ്  ആകുമ്പോള്‍ പറ്റിയ പ്രായം. ആറും ആറിനെ മറിച്ചിട്ട 9 ഉം - 69. പിന്നെ ആര്‍ക്കാ തടസ്സം ?

പാര്‍ട്ടിയില്‍ ഗോവിന്ദന്മാഷ്  നടത്തിയത് ലോംഗ് ജംപ്  അല്ല  ഹോഫ്   സ്റ്റെപ് ജംപ് . ലോംഗ് ജംപില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്ത് ചാടി എത്തിയ കായിക താരമായിരുന്നല്ലോ മാഷ്.

അഞ്ചുവര്‍ഷം നാട്ടിലെ മാഷ്.   പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസ് എടുക്കുന്ന മാഷായല്ലോ പിന്നീട്. ശ്രീനിവാസന്‍ സിനിമകളില്‍ പോളണ്ടിനെ പറ്റി പറയുമ്പോള്‍ വികാരം കൊള്ളുന്ന ഒരു കഥാപാത്രമുണ്ട്. അതുപോലെ അല്ലെങ്കിലും ചൈനയാണ് ഗോവിന്ദന്‍ മാഷിന്  വലിയ പ്രചോദനം.

മാത്രവുമല്ല ഗോവിന്ദന്മാഷ് ചൈനയെ പറ്റി വിശദമായി പഠിച്ചിട്ടുണ്ട് . ഡോക്ടറേറ്റ് ഒരൊറ്റ പരീക്ഷ കൊണ്ട് കിട്ടുമെങ്കില്‍ ജലീലിന് ചരിത്രത്തില്‍ കിട്ടിയ പോലെ ഒന്നോ രണ്ടോ 'ഡോ.' ഗോവിന്ദന്‍ മാഷിന്റെ  പേരിനു മുമ്പില്‍ ചേര്‍ക്കാമായിരുന്നു . മാഷിന് അത്തരം ആഡംബരങ്ങളില്‍ ഒന്നും വിശ്വാസമില്ല. കെട്ടി കാഴ്ചകളോ കൊട്ടിഘോഷങ്ങളോ  ഒന്നും തിറകളുടെയും തറികളുടെയും നാട്ടില്‍ നിന്നു വരുന്ന മാഷിന് വേണ്ട . 

ഗോവിന്ദന്‍ മാഷെ തന്നെ വേണമെന്ന് പിണറായി നിശ്ചയിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. തന്നെ പോലെയും  തനിക്ക് തൊട്ടുമുന്‍പ് ഉണ്ടായിരുന്ന ചടയന്‍ ഗോവിന്ദനെ പോലെയും  സി.എച്ച് കണാരനെ പോലെയും  ഒരു കര്‍ക്കശക്കാരന്‍ കൂടി  ആവട്ടെ ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി എന്ന ചിന്ത കൂടി ഉണ്ടാകാം. ചടയന് ശേഷം പിണറായി സെക്രട്ടറിയായതും  മന്ത്രിസ്ഥാനം കഴിഞ്ഞായിരുന്നല്ലോ. ഇപ്പോള്‍ ഗോവിന്ദന്‍  മാഷും അങ്ങനെ തന്നെ .

സി.എച്ച് കണാരനു ശേഷം എ. കെ ഗോപാലന്‍ പിന്നെ ഇ.എം.എസ്, വീണ്ടും സി എച്ച് കണാരന്‍, ഇ.കെ നായനാര്‍, വി.എസ് അച്യുതാനന്ദന്‍ വീണ്ടും ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, കോടിയേരി. ഇടക്ക് വിജയരാഘവന്‍. വീണ്ടും കോടിയേരി എന്നതായിരുന്നല്ലോ സെക്രട്ടറിമാരുടെ നാള്‍വഴി . 

പാര്‍ട്ടി നേതൃത്വം പിന്നെയും കണ്ണൂരിന്റെ കൈയിലായി എന്നാണ് മാധ്യമങ്ങളുടെ പ്രയാസം. അഖിലേന്ത്യാ സെക്രട്ടറി യെച്ചൂരി ആണെങ്കിലും പാര്‍ട്ടിയെ നയിക്കുന്നത് കേരളമാണെന്ന് ഈ മാധ്യമങ്ങള്‍ക്ക് വല്ല തര്‍ക്കവും  ഉണ്ടോ?  കേരളത്തില്‍ കണ്ണൂരിന്റെ ചാലകശക്തി തിരിച്ചറിയാതെ ഈ മൊറാഴക്കാരന്‍ വന്നതില്‍ അവര്‍ക്ക് എന്തിനാ മുറുമുറുപ്പ് ?  

എം.എ ബേബിക്ക് ഒരു സങ്കടം ഒക്കെ വേണമെങ്കില്‍ തോന്നാവുന്നതാണ്. പാര്‍ലമെന്റ് അംഗമായിരുന്ന  അദ്ദേഹത്തെ  കേരളത്തിനു  വേണമെന്ന് പാര്‍ട്ടിക്ക്  തോന്നിയ ഒരു കാലത്താണ് ഡല്‍ഹിയില്‍ നിന്ന് സസ്യ ശ്യാമള കോമള കേരളത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ബിനാലെ തുടങ്ങിയ കൃഷ്ണമാചാരി പരിപാടികളിലും പൂര്‍ണ്ണ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ ഇടം ഡല്‍ഹി തന്നെ മതിയെന്ന് പാര്‍ട്ടി നിശ്ചയിക്കുകയായിരുന്നു. പിന്നെന്താ പോളിറ്റ്ബ്യൂറോ അംഗമല്ലേ ?  മനോഹരമായ അച്ചടി ഭാഷയില്‍ സംസാരിക്കാനും അറിയാമല്ലോ 

അച്ചടി ഭാഷയോടു സംസാരഭാഷയില്‍ നീതിപുലര്‍ത്തുന്ന മറ്റൊരാള്‍ കൂടിയുണ്ട്. മാധ്യമരംഗം വാണിരുന്ന കെ.പി മോഹനന്‍ ആണത് . അച്ചടി മാധ്യമങ്ങളില്‍ എഴുതിയ അതേ  ഭാഷാ ശുദ്ധിയോടെ  ദൃശ്യമാധ്യമങ്ങളിലും നിറഞ്ഞാടാന്‍  അദ്ദേഹത്തിനും പറ്റി . ഈ രണ്ടുപേരും മലയാള ഭാഷയുടെ സ്ഫുടത  സംസാരഭാഷയിലും  പുലര്‍ത്തി പോന്നതിനെപ്പറ്റി അത്തരം ഭാഷയിലേക്ക് പിച്ച വച്ച് നടക്കുന്ന പുതുപ്പള്ളി ഫെയിം ജെയ്ക്കിന്  റിസര്‍ച്ച് നടത്താനും എളുപ്പമാകും.

വാല്‍ക്കഷണം : കുടുംബശ്രീ , ലൈഫ് മിഷന്‍ തുടങ്ങി തദ്ദേശഭരണം വരെയുള്ള   കാര്യങ്ങളില്‍ ഗോവിന്ദന്‍ മാഷ് പരാതിക്ക് ഇടം കൊടുക്കാതെ പ്രവര്‍ത്തിച്ചുവെന്നത് വലിയകാര്യം . അതോടൊപ്പം മദ്യപാനം ശീലമാക്കിയ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ശുദ്ധമായ മദ്യം ന്യായവിലയ്ക്ക് അദ്ദേഹം നല്‍കി വരികയാണല്ലോ.

മദ്യപിച്ചതിന്റെ പിറ്റേന്ന് രാവിലെ ഉണരുമ്പോള്‍ ഹാംഗ് ഓവര്‍ ഇല്ലാത്ത ജവാന്‍ ഇപ്പോള്‍ ബുദ്ധിജീവികളും സ്വന്തം മദ്യം ആക്കി മാറ്റി. മദ്യത്തിന് അവര്‍ 'ഗോവിന്ദന്‍' എന്ന് പേരിട്ട കാര്യമൊന്നും മാഷ് അറിഞ്ഞു കാണില്ല .

കുറഞ്ഞ വിലക്ക് മലബാര്‍ ബ്രാണ്ടി ഇറക്കും  എന്ന വാക്ക് പാലിക്കാതെയാണ് മാഷ് മന്ത്രി സ്ഥാനം ഒഴിയുന്നത്  എന്ന് മാത്രമാണ് മദ്യപായികളുടെ (മദ്യപാനി തെറ്റായ പ്രയോഗം) സങ്കടം. പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോഴും ഈ പാവം മദ്യപായികളെ ഓര്‍ക്കണം എന്നാണ് അവരുടെ പ്രാര്‍ത്ഥന . ധനമന്ത്രി ബാലഗോപാലനും ഇതൊരു നഷ്ടമാകും. 

കെ.എ ഫ്രാന്‍സിസ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക