Image

കേരളം തുറക്കാന്‍ പറ്റാത്ത ആംബുലന്‍സിലോ ? നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 30 August, 2022
കേരളം തുറക്കാന്‍ പറ്റാത്ത ആംബുലന്‍സിലോ ? നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)


തുറക്കാന്‍ പറ്റാത്ത ആംബുലന്‍സിന്റെ വാതില്‍ വെട്ടിപ്പൊളിച്ചാണ് അതിനകത്തെ  രോഗിയെയും ഡോക്ടറെയും പുറത്തിറക്കിയത് പോലും !  കാലം തെറ്റി ചിലയിടത്ത് മാത്രം പെയ്തിറങ്ങി നാശം വിതയ്ക്കുന്ന മഴ, തെറ്റുന്ന കാലാവസ്ഥ പ്രവചനങ്ങള്‍, കേരളത്തില്‍ നിന്നുള്ള  ബ്രെയിന്‍ ഡ്രെയിന്‍, സ്വര്‍ണം പൊടിയാക്കിയും ഗുളികയാക്കിയും  ഉള്ള പലയിനം കള്ളക്കടത്ത് തുടങ്ങിയ എല്ലാ കാര്യങ്ങളും ഓര്‍ത്താല്‍ നാം കേരളീയര്‍ ഇപ്പോള്‍ വാതില്‍ തുറക്കാന്‍ പറ്റാത്ത ഒരു ആംബുലന്‍സില്‍ പെട്ടു പോയോ ? ഈ വാതില്‍ ആര് വെട്ടി പൊളിച്ചു തരുമെന്റെ ദൈവമേ, എന്ന് ഓര്‍ത്ത് നാമൊക്കെ ഉറക്കെ കരയണോ ? 

കോഴിക്കോട് അങ്ങാടിയില്‍ ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ ഒരാളെ വിദഗ്ധചികിത്സയ്ക്കായി ഡോക്ടറെയും പരിവാരങ്ങളെയും കൂട്ടി മറ്റ് അനുസാരികളുമായി  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി. പക്ഷേ ആംബുലന്‍സിന്റെ  വാതില്‍ എന്ത് ചെയ്തിട്ടും തുറക്കുന്നില്ല! ഗ്യാസ് ചേമ്പറില്‍  പെട്ടപോലെ ബേജാറിലായ  അവര്‍ ബഹളം വെക്കാനും കരയാനും തുടങ്ങി. ഓടിക്കൂടിയവര്‍ അരമണിക്കൂര്‍ നേരത്തെ അധ്വാനത്തിന് ശേഷം വാതില്‍ വെട്ടിപ്പൊളിച്ച് അവരെ മോചിപ്പിച്ചു. ചികിത്സ വൈകിയത് കൊണ്ടാകാം രോഗി അധികം വൈകാതെ മര്‍ഗയാ ... കേരളത്തില്‍ ജീവിക്കുന്ന നാമൊക്കെ ഇപ്പോള്‍ ആംബുലന്‍സില്‍ കുടുങ്ങിയത് പോലെ ആയോ ? 

'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന് ജയകുമാര്‍  ഐ.എ.എസ് ടൂറിസം ഡയറക്ടര്‍ ആയ കാലത്ത് പേരിട്ടത് കൊണ്ടു മാത്രം ദൈവകൃപയാല്‍  അങ്ങു  പോകുന്നുവെന്നേയുളൂ. ദൈവത്തിന്റെ സ്വന്തം നാടിന് ഒരു ദോഷം വന്നാല്‍ ദൈവത്തിനല്ലേ പേരുദോഷം?  ഭരിക്കുന്നത് ദൈവം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു സംശയം  ഉള്ളില്‍ വച്ച് നടക്കുന്നവരാണെങ്കിലും ഇങ്ങനെയൊരു പേര് വന്നില്ലായിരുന്നെങ്കില്‍ ദൈവം തന്നെ കാണിച്ചു തരുമായിരുന്നു.

ഇപ്പോഴത്തെ കാലാവസ്ഥയിലെ മാറ്റം, ഏതാനും ജില്ലകളെ മാറ്റിനിര്‍ത്തി മൂന്നോ നാലോ ജില്ലകളിലായി മഴ. അതും ഓരോ ജില്ലയിലെ ചിലയിടങ്ങളില്‍ മാത്രം . അത് പ്രവചിക്കാന്‍ സര്‍ക്കാറിനോ കാലാവസ്ഥ നിരീക്ഷകര്‍ക്കോ  കഴിയുന്നുണ്ടോയെന്ന് സതീശന്‍ . അത് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജന്‍ മന്ത്രി പോരാത്തതിന് കിഡ്ബിക്ക്  കടം ചോദിക്കുന്നത് പോലെ  നമ്മുടെ കാലാവസ്ഥ പ്രവചിക്കാന്‍ ഇതൊക്കെ ശരിക്കും അറിയുന്ന മൂന്നാല് രാജ്യങ്ങളുടെ സഹായം പണംകൊടുത്ത് ചോദിക്കുന്നുണ്ട് എന്നും രാജന്‍ മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു . മുറ്റത്തെ മുല്ലക്കുമില്ലേ  മണം എന്ന പഴഞ്ചൊല്ലില്‍ പതിരില്ല എന്ന ഉറപ്പോടെ, അത് കൊച്ചിന്‍ സര്‍വകലാശാലയെ  ഏല്‍പ്പിച്ചാല്‍ നന്നാവുമെന്ന് തന്റെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി സതീശന്‍. അവരെയും അതില്‍ പെടുത്താം മോനേ , സതീശാണ്  മന്ത്രിയും !  

കാലാവസ്ഥ വകുപ്പ് കുഴങ്ങി , എറണാകുളം കലക്ടര്‍ രേണുരാജ (ഡോക്ടര്‍ വിത്ത് ഐ.എ.എസ് പ്ലസ് ശ്രീറാം വെങ്കിട്ടറാം) യുടെ പാദങ്ങള്‍ അവര്‍ പിന്തുടര്‍ന്നു. ഉറങ്ങി രാവിലെ എണീക്കാന്‍ വൈകിയത് മൂലം സ്‌കൂളിന് അവധി പ്രഖ്യാപിച്ചത് വൈകി എന്നായിരുന്നല്ലോ പുകില് . ഇപ്പോള്‍ മാനം  കറുത്താല്‍ അപ്പോള്‍ എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിക്കും . കാലാവസ്ഥ വകുപ്പുകാര്‍  ഇപ്പോള്‍ നാലല്ല 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് മുന്‍കൂറായി പ്രഖ്യാപിച്ചിരിക്കുന്നു. ഇതാണ് ശരിയായ കുലുക്കി കുത്ത് , ഒത്താല്‍ ഒത്തു.  അതല്ല പ്രശ്നം ഈ പ്രഖ്യാപനം വന്നപാടെ മാനം  വെളുത്തു . അത്തം നാളില്‍ തന്നെ കറുത്ത മാനം വെളുത്തു ഇനി  എല്ലാം ദൈവനിശ്ചയം.

ശാസ്ത്രം ഇത്രയും വികസിച്ചിട്ടും നമ്മുടെ നാട്ടിലെ കാലാവസ്ഥാ പ്രവചനം ശരിയാകാത്തത് പോലെ നമ്മുടെ നാട്ടില്‍ നിത്യേന എത്തുന്ന (കടല്‍ വഴിയും, ആകാശം വഴിയും, കര വഴിയും) സ്വര്‍ണ്ണം എവിടെ പോകുന്നു എന്ന് മന്ത്രി ബാലഗോപാലിനോ നിര്‍മല മന്ത്രിക്കോ അവരുടെ മിടുക്കരായ ഉദ്യോഗസ്ഥ വൃന്ദത്തിനോ   അറിയില്ല പോലും. ഇന്നത്തെ മനോരമ പത്രത്തില്‍ ജയപ്രകാശ് ബാബു തുടങ്ങുന്ന ഒരു പരമ്പരയുണ്ട്. പൊടി പൊടിച്ചുള്ള  പൊന്നു കടത്തു മാത്രമേ ബാബു തന്റെ അന്വേഷണാത്മക  പത്രപ്രവര്‍ത്തന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ . അതനുസരിച്ച് ജൂലൈ 28 ന് വൈകീട്ട് 6 മണിക്കും 29ന് പുലര്‍ച്ചെക്കുമിടക്ക്  (12 മണിക്കൂര്‍ എന്ന് കൂട്ടാം) കടത്തിയ പൊടി സ്വര്‍ണ്ണത്തിന്റെ കണക്കുകൂടി പറയാം: ഒന്നര കിലോ സ്വര്‍ണ്ണം പൊടിയാക്കി കാരിയര്‍  ആയ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ചു കടത്തുകയും, അത് തിരിച്ചു പൊടി സ്വര്‍ണമാക്കി സ്വര്‍ണക്കടകളില്‍ എത്തിക്കുകയും ചെയ്യത്തക്കവിധം ശാസ്ത്രസാങ്കേതിക വിദ്യ സ്വര്‍ണക്കടത്തുകാര്‍  നേടിക്കഴിഞ്ഞു പോലും!

സ്വര്‍ണ്ണം പൊടിയാക്കി മൈദ തരിയില്‍ കൂട്ടിയിളക്കി ഗുളികകള്‍ ആക്കി മാറ്റുകയാണത്രെ !  ഒന്നരക്കിലോ ഇങ്ങനെ കടത്തുമ്പോള്‍ അത് ആസൂത്രണം ചെയ്തവര്‍ക്ക് കിട്ടുന്ന ലാഭം ഏതാണ്ട് മൂന്നു ലക്ഷം രൂപ. വാങ്ങാനും പൊടിക്കാനും കടത്താനും വേണ്ടിവരുന്ന ചെലവ് കഴിച്ചുള്ള ലാഭ കണക്കാണിത് . നിത്യേന ഇതുമാതിരി പലതരത്തിലാക്കി  പലരും സ്വര്‍ണം കേരളത്തില്‍ എത്തിക്കുന്നുണ്ട്. ഇതില്‍ ഒരു  പണത്തൂക്കം സ്വര്‍ണ്ണം പോലും കേരളത്തിനു പുറത്തു പോകുന്നുമില്ല .  ഇതൊക്കെ എവിടെ പോകുന്നു? അത് ആര്‍ക്കും അറിയില്ല. അറിഞ്ഞാല്‍ (അറിയേണ്ടത് പോലെ അറിഞ്ഞാല്‍) ബാലഗോപാലന്‍ മന്ത്രിക്കും കേന്ദ്രത്തിലെ മാഡം മന്ത്രിക്കും പണത്തിന് ണത്തിന് ഒരു  ക്ഷാമവും വരില്ല . പക്ഷേ അത് അവര്‍ക്ക് അറിയുകയേയില്ല അവരും എന്തു ചെയ്യണമെന്നറിയാതെ ആംബുലന്‍സില്‍ കുടുങ്ങി കിടപ്പാണല്ലോ !  

'ബ്രെയിന്‍ ഡ്രെയിന്‍' എന്ന പ്രതിഭാസം ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ നടക്കുന്നുണ്ടെന്ന കാര്യം നമ്മള്‍ക്കറിയാം. മിടുക്കന്മാരായ യുവാക്കളില്‍ പലരും കേരളത്തില്‍ ഇല്ല . പല വീടുകളിലും വയസ്സായ മാതാപിതാക്കള്‍ മാത്രം - അതു നമുക്കറിയാം . ഒന്നിനും കൊള്ളാത്ത മക്കളാണോ പിന്നെ നാട്ടില്‍ അവശേഷിക്കുന്നത് എന്ന ഒരു ചോദ്യം ഉണ്ടാവാം.  ഒന്നിനും കൊള്ളില്ലെങ്കിലും പണം ഉണ്ടായാല്‍ ഏറ്റവും മുന്നിലാകും എന്ന് നമുക്ക് അറിയാം. അത് ശരിക്കും അറിയുന്ന യുവതലമുറയില്‍ ചിലര്‍ രണ്ടും കല്‍പ്പിച്ച് പണക്കാരാകാന്‍ തീരുമാനിച്ചത് ആകുമോ?  എന്തായാലും കേരളത്തിലെ  മിടുക്കന്മാരായ സ്വര്‍ണക്കട  മുതലാളിമാരുടെ സുവര്‍ണ്ണകാലം തന്നെ.  ആകാശവും കടലും കടന്ന് നിത്യേന എത്തുന്ന കള്ളക്കടത്ത് സ്വര്‍ണം മാലയായും, മോതിരമായും, കൈച്ചങ്ങലയായും  കെട്ടു താലിയുമായി അണിഞ്ഞു സര്‍ക്കാരിന്റെ നികുതിപ്പണം തട്ടിക്കുന്നതില്‍  നാമും പങ്കാളികളാവുന്നു. അതെ, നാമും  തുറക്കാന്‍ പറ്റാത്ത ആംബുലന്‍സില്‍ തന്നെ ! 

വാല്‍ക്കഷണം : ആംബുലന്‍സിനു പിഴച്ചാലും ആശുപത്രിക്കാര്‍ക്ക് അടിതെറ്റിയാലും പാവം വീണാ ജോര്‍ജ്  എന്ന മുന്‍ മാധ്യമപ്രവര്‍ത്തകക്ക് കുറ്റം. വെറുമൊരു ടീച്ചറായിരുന്ന ശൈലജ ടീച്ചര്‍ ആരോഗ്യ മന്ത്രി എന്ന നിലയില്‍ ശരിക്കും തിളങ്ങിയില്ലേ ?  ശൈലജ ടീച്ചര്‍ ഭരിച്ച വകുപ്പ് വീണക്ക് നല്‍കിയത്  തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ ആയില്ല എന്ന് ചോദിക്കുന്ന ചില ചില യാക്കോബാ വിശ്വാസികളുണ്ട് . ഇതൊക്കെ തന്നെ ഒരു ചിത്രശലഭമാക്കി സ്പീക്കര്‍ കസേരയില്‍ പാറിപ്പറക്കാന്‍ ഉള്ള വിദ്യകളായി  മാത്രമേ വീണക്ക് കാണാനാവൂ .

പാലാരൂപതയിലെ ഒരു ഡോക്ടര്‍ കത്തോലിക്കനെ തൃക്കാക്കര വഴി ആരോഗ്യ വകുപ്പ് മന്ത്രിയാക്കാന്‍ യാക്കോബയിലെ  ചിലര്‍  ഒരു കര്‍ദിനാളിനെ പിടിച്ചു ഗൂഢാലോചന നടത്തിയത്, അതേ സഭയിലെ വിമോചന പ്രസ്ഥാനം തിരിച്ചറിഞ്ഞത് ദൈവകൃപ. പരുമല തിരുമേനി വീണയെയും ഭര്‍ത്താവ് ജോര്‍ജിനെയും തുണക്കട്ടെ , ആമേന്‍ . 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക