MediaAppUSA

തെരുവ് പട്ടിയെ കൊല്ലാനും ഒരു ബില്ല് പാസാക്കാമോ ? നാട്ടിലെ ഇന്നത്തെ വഹ: (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 31 August, 2022
തെരുവ് പട്ടിയെ കൊല്ലാനും ഒരു ബില്ല് പാസാക്കാമോ ? നാട്ടിലെ ഇന്നത്തെ വഹ: (കെ.എ ഫ്രാന്‍സിസ്)

ഇത്രയേറെ പേരെ  തെരുവ് പട്ടി കടിച്ചിട്ടും, അവരില്‍ ചിലര്‍ മരിച്ചിട്ടും നിയമസഭയില്‍ ഇരിക്കുന്നവര്‍ക്ക് ഒരു കുലുക്കവുമില്ല . പട്ടിയുടെ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ നടത്താനാണ് അവരുടെ ശ്രമം . പഴയപോലെ അതിനെ കൊന്നൊടുക്കിയാല്‍ മനേക ഗാന്ധി ചെവിക്കു പിടിക്കുമോ ? ആരിഫ് മുഹമ്മദ് ഖാനെ  വെട്ടിലാക്കാന്‍  ബില്ല്  കൊണ്ടുവന്നവര്‍ക്ക് തെരുവ് പട്ടിയെ കൊന്നൊടുക്കാന്‍ , മനേക നിയമം തടസ്സമാണെങ്കില്‍, ഒരു ബില്ല് തന്നെ കൊണ്ടുവന്നു കൂടെ ? നിങ്ങള്‍ക്ക് വോട്ടു തന്നു വിജയിപ്പിച്ച പാവം ഞങ്ങള്‍ പേടി കൂടാതെ പ്രഭാതസവാരി എങ്കിലും നടത്തട്ടെ സാറന്മാരെ ...

കാലാവസ്ഥാ പ്രവചനം നടത്തുന്നത് കുട നിര്‍മാണ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പൊടെയാണോ ?കുറേക്കാലമായി മലയാളികള്‍ക്ക് പൊതുവേ കുട കൊണ്ടുനടക്കാന്‍ മടിയാണ് . കുട കമ്പനിക്കാര്‍ നാലായി മടക്കുന്ന കൂടെ വരെ ഇറക്കി നോക്കി അത് വാങ്ങി മടക്കി ബാഗിലിട്ടാല്‍ മതി . പക്ഷെ അതിനൊന്നും ജനം തയ്യാറല്ല . അല്പം മഴ കൊണ്ടാല്‍ എന്താ ? ചത്തു പോവുക ഒന്നുമില്ലല്ലോ. ചെറിയൊരു ജലദോഷവും മൂക്കൊലിപ്പും വരും . കൊറോണയെ പേടിക്കാത്ത വര്‍ക്കുണ്ടോ ചെറു ജലദോഷത്തെ പേടി ? 

പണ്ടൊക്കെ മഴക്കാലം തുടങ്ങിയാല്‍ കുട, കുട, കുട എന്ന പരസ്യവാചകം ടിവിയിലും പത്രങ്ങളിലും നിറയാറുണ്ടായിരുന്നല്ലോ .  ഇപ്പോള്‍ അവര്‍ പരസ്യം തന്നെ നല്‍കാറില്ല . മലയാളിക്ക് മഴയെ പേടി ഇല്ലാതായി എന്ന് സാരം ! പരമ്പരാഗതമായി മലയാളിക്ക് പേടിയില്ലാതിരുന്ന തെരുവുനായകളെ ആണ് ഇപ്പോള്‍ എല്ലാവര്‍ക്കും ഭയങ്കര പേടി . വെറുതെ വഴിയിലൂടെ നടന്നു പോകുമ്പോള്‍ തെരുവു പട്ടികള്‍ ഓടിവന്ന് കടിക്കുന്നു . കടി വേണ്ട പട്ടി ഒന്ന്  മാന്തിയാല്‍ തന്നെ പേ വിഷ വാക്‌സിന്‍ നാലുവട്ടം ശരീരത്തില്‍ കുത്തി കയറ്റണം . മുന്‍പത് വയറിന്റെ പൊക്കിളിനു ചുറ്റും 14 കുത്തോ മറ്റോ ആയിരുന്നു. അത് ഇങ്ങനെ കയ്യിലെ കുത്തായത് ആശ്വാസം. പക്ഷേ ഈ വാക്‌സിന്‍ കുത്തിയവരും  മരിച്ചുപോകുന്നതായാണ്  റിപ്പോര്‍ട്ട് . ലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടി കടിയേറ്റ് ആശുപത്രിയില്‍ ആവുകയും 20 പേര്‍ പരലോകം പൂകുകയും  ചെയ്തത് ഇക്കഴിഞ്ഞ ആറേഴു മാസത്തിനകം. എന്നാലും പട്ടികളെ നാം കൊല്ലില്ല . മാക്‌സിമം ചെയ്യാവുന്നത് വന്ധ്യംകരണം മാത്രം . ക്രിസ്ത്യാനി പട്ടികളുടെ കാര്യത്തിലും മുസ്ലീം പട്ടികളുടെ കാര്യത്തിലും നിര്‍ബന്ധിക്കാനും വയ്യ . ആകെ വന്ധ്യംകരിക്കപ്പെടുന്നത്  ഹിന്ദു പട്ടികള്‍ മാത്രമാണു താനും . പട്ടികള്‍ക്കിടയില്‍ ജാതി മതമില്ലെന്നാകും  വീണയുടെ വിശദീകരണം . 

എന്റെ സാറേ, പശുവിനെ കൊല്ലുന്ന ഈ നാട്ടില്‍ പട്ടികള്‍ക്ക്  എന്താ ഇത്ര പവിത്രത ? പണ്ടത്തെപ്പോലെ പട്ടി പിടുത്തക്കാരെ  ഏല്‍പ്പിച്ചു ഇവറ്റകളെ കൊന്നു കളയാന്‍ നിയമസഭ ചേരുന്ന സമയത്ത് ഒരു ക്രമപ്രശ്‌നം ഉന്നയിക്കാന്‍ പോലും ആരുമില്ലേ ? അതോ അവരും വാക്‌സിന്‍  കമ്പനിക്കാരുടെ ചിക്ലി  വാങ്ങുന്നുണ്ടോ?നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം വഴിനടക്കാന്‍ സമ്മതിക്കാത്ത തെരുവുപട്ടികള്‍ തന്നെയല്ലേ മാഷേ ? ഇക്കണക്കിന് കൊതുകുകളെയും മുട്ടകളെയും നിഷ്‌കരുണം കൊല്ലരുതല്ലൊ .  ലോകായുക്ത നിയമത്തില്‍ വരെ  ഭേദഗതി വരുത്തിയ സഭക്ക് മനേകാ ഗാന്ധിയുണ്ടാക്കുന്ന വയ്യാവേലി മറികടക്കാന്‍ ആണോ പ്രയാസം? അങ്ങനെയൊരു പട്ടി ബില്‍  വന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കില്ല, ഉറപ്പ് !

കേട്ടില്ലേ ? 'പൊടിപൊടിച്ചു പൊന്നു കടത്ത്' എന്ന ജയപ്രകാശ് ബാബുവിന്റെ മനോരമ പരമ്പരയിലെ വിശേഷം ? നയതന്ത്രം  വഴി കടത്തിയ സ്വര്‍ണ്ണക്കടത്തിനു  ചുക്കാന്‍പിടിച്ച (പണം ഇറക്കിയ) മൂന്നുപേര്‍ വീണ്ടും കളത്തില്‍ ഇറങ്ങി പോലും ! ദുബായ് കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍, 44 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയാണ് ഇവരിലൊരാള്‍ . സ്വപ്നയും  ശിവശങ്കര്‍ സാറും ഇത് വായിച്ചുകാണും. ഗതകാല സ്മരണകള്‍ അവര്‍ക്കു അയവിറക്കാം . 

എന്റെ പൊന്നു ബാലഗോപാലന്‍ മന്ത്രി, ഇവിടെയെത്തുന്ന കിലോക്കണക്കിന് സ്വര്‍ണം പോകുന്നവഴി താങ്കള്‍ എങ്കിലും ഒന്ന് കണ്ടെത്തുക. സ്വര്‍ണക്കടകളിലെ  വിറ്റുവരവ്  സെയില്‍സ് ടാക്‌സ്  ഉദ്യോഗസ്ഥര്‍ക്ക് അറിയാം . ഓരോ വര്‍ഷവും കേരളത്തിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്റെ ഏകദേശ കണക്ക് നമ്മുടെ ഇന്റലിജന്‍സ്‌കാരുടെ പക്കലുണ്ട് കൂട്ടാനും കിഴിക്കാനും താങ്കള്‍ക്ക് വശം ഉണ്ടല്ലോ വീട്ടില്‍ ഇതൊക്കെ നന്നായി അറിയാവുന്ന സഹോദരനുമില്ലേ ?  കിഡ്ബിയുടെ  കടം എടുക്കുകയോ ഓണത്തിന് കാണം വില്‍ക്കുകയോ ഒന്നും വേണ്ട സ്വര്‍ണ്ണക്കടകള്‍ കേന്ദ്രീകരിച്ച് ഒരു റെയ്ഡ് മാത്രം അതോടെ താങ്കള്‍ക്ക് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും . ആന്റണി രാജു ചോദിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ ശമ്പള തുകയും ഈസിയായി നല്‍കാം 

വാല്‍ക്കഷണം :  സ്പീക്കര്‍ രാജേഷ് തന്റെ മന്ത്രി കസേരയില്‍ കണ്ണുവെച്ച് ഇരിക്കുകയാണെന്ന വീണ ജോര്‍ജിന്റെ  സംശയം ബലപ്പെട്ടു വരികയാണ് . കൃത്യമായ മറുപടി നല്‍കണമെന്നും അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ രേഖാ മൂലം അറിയിച്ചതോടെ രാജേഷ് തന്നെ വെടക്കാക്കി കസേര തനിക്ക് ആക്കാനുള്ള ശ്രമത്തിലാണ് എന്ന സംശയം സത്യം തന്നെയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. തീര്‍ന്നില്ല ,പേവിഷ വാക്‌സിന്‍ വിഷയത്തില്‍ വീണ പഠിച്ചു നടത്തിയ പരാമര്‍ശത്തെ സ്പീക്കര്‍ തിരുത്തിയതും വീണക്ക് തലക്കടിയേറ്റത്  പോലെയായി എന്നു പറഞ്ഞാല്‍ പോരെ ? 

ഇന്ന് നിയമസഭയില്‍ അതൊക്കെ സ്പീക്കര്‍ തിരുത്തി പറഞ്ഞതും  ശ്രദ്ധേയം. റൂളിങ്‌നെ താക്കീതായും  ശാസനയായും കാണരുത് എന്നായിരുന്നു സ്പീക്കറുടെ ദാര്‍ശനിക പ്രഭാഷണം . അഞ്ചു ദിവസം കൂടി മഴ തുടരുമെന്നും, ഇന്ന് രാത്രി മുതല്‍ തുടര്‍ മഴപെയ്യും എന്ന പ്രവചനം കൊണ്ടും വീണയുടെ മനസ്സ് തണുക്കുമോ? ആര്‍ത്തുക്കരയില്‍ കാറില്‍ ഒരു മാസം കൂടിയ സാത്വികനായ പത്തടി മൂര്‍ഖന്‍ അതില്‍ സഞ്ചരിച്ച വരെ ഉപദ്രവിച്ചില്ലല്ലോ എന്ന സാന്ത്വനവും  വീണ ചെവി കൊടുക്കുന്നില്ല. വീട്ടുവേലക്കാരിയെ  പീഡിപ്പിച്ചതിന് അറസ്റ്റിലായ  സീമാ പത്രയേ പോലെയാണ് വീണ ഇപ്പോള്‍ രാജേഷിനെ കാണുന്നത് എന്ന് പറഞ്ഞാല്‍ മതിയല്ലോ. നമ്മുടെ പാര്‍ട്ടിയുടെ സ്വന്തം സീമയല്ല കേട്ടോ...

കെ.എ ഫ്രാന്‍സിസ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക