Image

മദ്യം മാത്രമല്ല, മയക്കുമരുന്ന് ഉപയോഗിച്ചു വണ്ടി ഓടിച്ചാലും ഇനി പണി കിട്ടും (ദുർഗ മനോജ്)

Published on 31 August, 2022
മദ്യം മാത്രമല്ല, മയക്കുമരുന്ന് ഉപയോഗിച്ചു വണ്ടി ഓടിച്ചാലും ഇനി പണി കിട്ടും (ദുർഗ മനോജ്)

രാജ്യത്ത് പുത്തൻ പരിശോധനാ സംവിധാനം ആരംഭിച്ചു

മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവരുടെ എണ്ണം വർദ്ധിച്ചു വരുമ്പോൾത്തന്നെ പോലീസിനേയും, പൊതുജനത്തേയും ഒന്നുപോലെ അങ്കലാപ്പിലാക്കുന്ന മറ്റൊരു കൂട്ടരുണ്ട്, അവർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. പക്ഷേ, നിലവിലെ ബ്രീത്ത് അനലൈസർ പരിശോധനയിൽ ഇവരെ കുടുക്കാൻ സാധിക്കില്ല. അതിനാൽത്തന്നെ, പിടിക്കപ്പെടില്ല എന്ന ധൈര്യത്തിൽ അപകടകരമാം വിധം വണ്ടി ഓടിക്കുകയും, അപകടങ്ങൾ ഉണ്ടാക്കുകയും മാത്രമല്ല, ചോദ്യം ചെയ്യുന്നവരെ ഭേദ്യം ചെയ്യാനും ഇക്കൂട്ടർ മടിക്കാറില്ല. മയക്കുമരുന്ന് ഉപയോഗിച്ചിരിക്കുന്നവരോട് സംസാരിക്കാൻ ചെന്നാൽ ചിലപ്പോൾ ജീവനും ആപത്താകും അത് എന്നതിനാൽ അക്രമങ്ങളെ ചെറുക്കാനും സാധിക്കാറില്ല. മയക്കുമരുന്ന് ഉപയോഗിച്ച് വണ്ടി ഓടിച്ചാൽ ഇനി പണിയാകും. സംശയമുള്ളവരെ പരിശോധിക്കാൻ രാജ്യത്ത് പുതിയ സംവിധാനം വരുന്നു. ആൽക്കോ സ്ക്കാൻ ബസ് എന്ന സംവിധാനം ഉപയോഗിച്ച് അര മണിക്കൂറിനുള്ളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനാകും. ഈ സംവിധാനം ഉപയോഗിച്ച് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാൽ തുടർ നിയമനടപടി സ്വീകരിക്കുകയാണ് ചെയ്യുക.

അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ആധുനിക ഉപകരണവും കിറ്റും ഉപയോഗിച്ചായിരിക്കും പരിശോധന. ഈ സംവിധാനത്തിന് അമ്പതുലക്ഷം രൂപയാണ് ചെലവ്.


സംശയമുള്ള വാഹനത്തിൻ്റെ ഡ്രൈവറെ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ബസ്സിൽ കയറ്റി, ഉമിനീർ ശേഖരിച്ച്, അതു പരിശോധിച്ച് ആണ് മയക്കുമരുന്നിൻ്റെ സാന്നിധ്യം തിരിച്ചറിയുക. രാജ്യത്ത് ആദ്യമായി ഈ സംവിധാനം വരുന്നത് കേരളത്തിലാണ്. പരിശോധനയ്ക്കുള്ള ആൽക്കോ സ്കാൻ ബസ് റോട്ടറി ക്ലബ്ബ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. റോട്ടറി ക്ലബ്ബും, പോലീസും സഹകരിച്ച് റോപ്പ് എന്ന പദ്ധതിയുടെ കീഴിലാണ് ലഹരിമരുന്നിനെതിരെ ഈ ആധുനിക മാർഗ്ഗം സജ്ജീകരിച്ചിരിക്കുന്നത്. മാർച്ച് 31ന് മുൻപ് ഇത്തരത്തിൻ 15 ആൽകോ സ്കാൻ ബസ്സുകൾ കൂടി റോട്ടറി ക്ലബ് വാഗ്ദാനം ചെയ്തിട്ടുണ്ട്.


ലഹരി ഉപഭോഗത്തിനെതിരായി സമൂഹത്തിൻ്റെ നാനാതുറകളിൽപ്പെട്ടവരേയും സഹകരിപ്പിച്ചു കൊണ്ടുള്ള ബൃഹദ് പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കും എന്ന് പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.

ALCHO SCAN BUS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക