Image

ചുവപ്പു കണ്ടു പാഞ്ഞവര്‍ തിരിച്ചുവന്നാല്‍... ; നാട്ടിലെ ഇന്നത്തെ വഹ: (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 01 September, 2022
ചുവപ്പു കണ്ടു പാഞ്ഞവര്‍ തിരിച്ചുവന്നാല്‍... ; നാട്ടിലെ ഇന്നത്തെ വഹ: (കെ.എ ഫ്രാന്‍സിസ്)

ചെങ്കൊടി കണ്ടു പരിഭ്രമിച്ചു ഓടിയ എല്ലാ വ്യവസായ കാളക്കൂറ്റന്മാര്‍ക്കും, സംരംഭം തുടങ്ങി കുത്തുപാള എടുത്ത വാണിജ്യ പൈക്കിടാങ്ങള്‍ക്കും ധൈര്യമായി ഇനി കേരളത്തിലേക്ക് തിരിച്ചു വരാം .പണം മുടക്കാം. സംരക്ഷിക്കാന്‍ നമ്മുടെ വ്യവസായ മന്ത്രി രാജീവ് വക്കീല്‍ ഉണ്ട് .നിയമവകുപ്പും അദ്ദേഹത്തിന്റെ കീഴില്‍ ആണ്. ധൈര്യമായി പോരു,  കേരളം നിങ്ങളെ കാത്തിരിക്കുന്നു . രാജീവ് വക്കീല്‍ എത്ര ഉറക്കെ വിളിച്ചാലും  ചൂടുവെള്ളത്തില്‍ ചാടിയ പൂച്ചകളെപ്പോലെ അവരൊക്കെ അറച്ചു നില്‍ക്കും. വക്കീലേ ,  പെട്ടെന്നൊന്നും കേരളത്തിലേക്കുള്ള വണ്ടിയില്‍ അവർ  കയറില്ല .അത്ര വലിയ കയ്യിലിരിപ്പ് ആയിരുന്നല്ലോ നമ്മുടെ സഖാക്കള്‍ക്ക് ! 

നാട്ടിലെ വ്യവസായ സംരംഭങ്ങള്‍ക്ക് മുന്നില്‍ കൊടികുത്തി സമരം നടത്തുന്നതിന്റെ  അപകടം രാജീവ് മന്ത്രിയും  അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത് ഭാഗ്യം . നാലു പേര്‍ക്ക് തൊഴില്‍ കിട്ടുന്ന എന്ത് സംരംഭം തുടങ്ങിയാലും അവരെ പിച്ചപാളയെടുപ്പിച്ച  ചരിത്രം ആര്‍ക്കാണുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. രാജീവ് മന്ത്രിയുടെ വ്യവസായ കേരളത്തില്‍ ഇപ്പോള്‍ പറയത്തക്ക എന്ത് വ്യവസായം ആണ് ഉള്ളത് എന്ന്  ഓര്‍ത്തുനോക്കുക . അല്പം രാഷ്ട്രീയവും ചെറിയ ഗുണ്ടായിസവും  കൈമുതലാക്കി നാട്ടില്‍ പിടിച്ചുനിന്ന കിറ്റക്‌സ് മുതലാളിക്ക് തന്നെ നാടുവിടേണ്ടിവന്നില്ല ?  

മാവൂരില്‍ ബിര്‍ള  തുടങ്ങിയ കടലാസ് പള്‍പ്പ് ഫാക്ടറി  പൂട്ടിക്കുന്നതിനിടയിലും  മുതലാളിയുടെ ചിക്ലി വാങ്ങിയും അംബാസിഡര്‍ കാര്‍ വാങ്ങിയും  തൊഴിലാളി സേവനം നടത്തിയ പല 'യമണ്ടന്‍' നേതാക്കളൂം മരിച്ചു പോയി. അവരുടെ കൂട്ടാളികളും സഹായികളുമായി നടന്ന ചിലര്‍ ഇപ്പോഴും ഉണ്ടല്ലോ. 'കൊടി ആരുടേതായാലും അതിന് ഒരു മഹത്വമുണ്ട്' ഏതെങ്കിലും സംരംഭം തുടങ്ങി വച്ചവരുടെ മുന്നില്‍ നാട്ടാനുള്ളതല്ല'  എന്നാണ് രാജീവിന്  വൈകിവന്ന ബോധോദയം . 

ഗള്‍ഫ് നാടുകളില്‍ നിന്ന് കഷ്ടപ്പെട്ട് പണമുണ്ടാക്കി നാട്ടില്‍ ചെറിയ സംരംഭം തുടങ്ങിയ എത്ര യുവാക്കളെയാണ് ചുവന്ന കൊടി വെച്ചു  പിച്ചപ്പാളയെടുപ്പിച്ചത്. അതിന്റെ പേരില്‍ തന്നെ എത്ര എത്ര ആത്മഹത്യകള്‍ നടന്നു ? എത്ര കുടുംബങ്ങള്‍ കടക്കെണിയില്‍ പെട്ടു വഴിയാധാരമായി. സംരംഭങ്ങള്‍ തുടങ്ങുന്നവരെ  എല്ലാം മൂരാച്ചി മുതലാളിയായി കാണുകയും കൊടികുത്തി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് , ആ മൂരാച്ചിയുടെ മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കാനുള്ള ശ്രമം തുടങ്ങി വച്ചത് ആരാണ് രാജീവ് സാറേ ? വൈകിയാണെങ്കിലും ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടല്ലോ ഞങ്ങള്‍ക്ക് അതുമതി . 

ചൂടുവെള്ളത്തില്‍ വീണ സംരംഭകര്‍  ഇപ്പോഴത്തെ പച്ചവെള്ളം കണ്ടാലും ഒന്ന് പേടിച്ചു അറച്ച് നില്‍ക്കില്ലേ വക്കീലേ ?  ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഉള്ള ഈ കൊച്ചു വര്‍ത്തമാനം കേട്ട് ഞങ്ങള്‍ ആരെങ്കിലും ഒരു സംരംഭം തുടങ്ങി എന്ന് തന്നെ വെക്കുക അഥവാ നിങ്ങള്‍ പ്രതിപക്ഷത്ത് ആണെങ്കില്‍ കൊടി പിടിച്ചു വരുന്നവരുടെ മുന്നില്‍ രാജീവ് വക്കീലല്ലേ ഉണ്ടാവുക ?  എന്തിനാ സാറേ ഞങ്ങളെ വട്ടു കളിപ്പിക്കുന്നത് ? നിങ്ങള്‍ മാത്രമല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഇത്തരം വേഷം കെട്ടുകാരാണെന്ന്  ഞങ്ങള്‍ക്കറിയാം .

പാര്‍ട്ടിക്കാര്‍ എല്ലാം ചേര്‍ന്ന് വീണയെ ഇങ്ങനെ വേട്ടയാടുന്നതെന്ന്  എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല പക്ഷേ ഇ.പി ജയരാജന്റെ  പ്രസ്താവന വായിച്ചാല്‍ പത്രം വായിക്കുന്ന നാം വീണയെ  എന്തോ ചെയ്തു എന്നാണ് തോന്നുക . ഇത്ര കാര്യക്ഷമമായി ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന മന്ത്രി എന്നാണ് ജലീലിന്റെ  ഇന്‍വെര്‍ട്ടഡ് കോമ  കടമെടുത്ത്  ഇ.പി പറയുന്നത് . വീണയെ ഇ.പിയും  ആ വഴി ഒന്ന് വാരിയതല്ലേ  എന്നല്ലേ  വീണ കരുതുക ? 

സ്പീക്കര്‍ രാജേഷ് പരാതികള്‍ സ്വീകരിക്കുന്ന പൊതുനടപടി വീണക്ക്  മാത്രം ആക്കിയത് നാം  കേട്ടറിഞ്ഞതാണ് . ചോദ്യത്തിന്റെ ഉള്‍പിരിവുകളായ അനുബന്ധ ചോദ്യങ്ങള്‍ക്ക് ആവര്‍ത്തന വിരസത ഇല്ലാതാക്കാന്‍ ഒറ്റ ഉത്തരമാണ് നല്‍കുക എന്ന പൊതു നടപടിക്രമം സ്പീക്കര്‍ ഓര്‍ക്കാതെ പോയതാണ് പോലും. ഇത്രകാലം പാര്‍ലമെന്റില്‍ ഇരുന്നിട്ടും അങ്ങനെയൊരു മറവി ആര്‍ക്കും  വന്നുകൂടായ്ക ഇല്ലല്ലോ .ഏതായാലും പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് തീരും. തിരക്കിട്ടു പാസാക്കിയതെല്ലാം  പാസാക്കി ഗവര്‍ണറുടെ മുന്നിലെത്താന്‍ ഒത്തിരി ദിവസങ്ങളെടുക്കും അതിനിടയില്‍ ഓണാവധിയും  ഉണ്ട് . 

സി.പി.എമ്മിലെ തമാശ വീണക്കെതിരെ ഓരോ കുറ്റങ്ങളും കുറവുകളും കണ്ടെത്തലാണെങ്കില്‍, സി.പി.ഐയിലെ കാനന ചോലയില്‍ ആടുമേക്കാന്‍ പോയവരില്‍ പലര്‍ക്കും വീണയുടെ അനുഭവം തന്നെ. ഒരുകാലത്ത് സി.പി.ഐയിലെ  ഗോര്‍ബച്ചേവ് ആയിരുന്ന കാനത്തിനും  ഉണ്ടായി പെരിസ്‌ട്രോയിക്ക.അവിടെ മുഖം വീര്‍പ്പിച്ചു അടങ്ങിയും  ഒതുങ്ങിയും കഴിഞ്ഞിരുന്ന ഇസ്മായില്‍ ഫുള്‍ സ്‌മൈലില്‍  ആണ് . പ്രകാശ് ബാബുവിന്റെ  പ്രകാശം കൂടി കിട്ടിയതോടെ ഇസ്മായിലിനെ ചിരിക്ക് തിളക്കം കൂടി . പട്ടാളത്തില്‍ ചെയ്തതുപോലെ ജാഗ്രതയോടെ പാര്‍ട്ടി വണ്ടി ഓടിപിച്ചു കയറുകയാണ് അദ്ദേഹം .ഒരുവട്ടം കൂടി എന്ന കാനത്തിന്റെ മോഹം ഇസ്മായില്‍ ഇത്തവണ ഇടിച്ചു  തകര്‍ക്കുമോ ? 

 ഏതു മുഖ്യമന്ത്രി ആണ് ഭരിക്കുന്നതെങ്കിലും , ആ മുഖ്യന്റെ പേര് വെച്ചാണ് മന്ത്രിസഭ വിശേഷിപ്പിക്കാറ് അച്യുതമേനോന്‍ മന്ത്രിസഭ എന്നൊക്കെ അഭിമാനത്തോടെ പറയുന്ന സി.പി.ഐകാര്‍ക്ക് ഇപ്പോള്‍ പിണറായി മന്ത്രിസഭ എന്ന് കേള്‍ക്കുമ്പോള്‍ എന്തോ ഒരു ഇത്. എന്നും അങ്ങനെതന്നെയാണ് പറയാറ്. അത്  കാനത്തിനെതിരെ ഇസ്മായില്‍ പണിയുന്ന ഒരു പാരയുടെ ഭാഗം.  കാനത്തിന്റെ നാവ് പിണറായിയുടെ ബാങ്കില്‍ പണയം വെച്ച് എന്ന ആരോപണവും പാരയുടെ വേറൊരു രൂപം . പിണറായിയോട് സാധാരണക്കാരായ സി.പി.ഐകാര്‍ക്കുള്ള ചൊറിച്ചില്‍ ഇസ്മായില്‍ എത്ര സമര്‍ഥമായാണ് കാനത്തിനെതിരെ പെരിസ്‌ട്രോയിക്ക ആകുന്നത് എന്ന് നോക്കുക . നിയമസഭയില്‍ വരുന്ന ചോദ്യങ്ങളിലെ ഉള്‍പ്പിരിവുകളെ  പറ്റി രാജേഷ് പറയുന്നതും  ഇങ്ങനെയൊക്കെ തന്നെയാണ് . 

വാല്‍ക്കഷണം : പത്രക്കാരും വീണക്കെതിരെ തന്നെ. ഇന്നത്തെ മനോരമയിലെ ജയന്‍ മേനോന്‍ എഴുതിയ ആ ഒരു വാര്‍ത്തയുടെ തലക്കെട്ട് കണ്ടോ ?  'വാക്‌സിന്‍ പിന്‍വലിച്ചില്ലെന്ന് ആരോഗ്യമന്ത്രി; പിന്‍വലിച്ചു പുതിയത്  വിതരണം ചെയ്തു എന്ന രേഖകള്‍ ! ' കുത്തിവെപ്പ് നടത്തിയവരില്‍  ഒരു ചൊറിച്ചില്‍ കണ്ടതിനെ തുടര്‍ന്ന് പേവിഷവാക്‌സിന്‍  പിന്‍വലിച്ചിട്ടില്ല എന്ന് വീണ നിയമസഭയില്‍ ആണയിട്ടു പറഞ്ഞതാണ് . 27,271 വയല്‍ വാക്‌സിന്‍ പിന്‍വലിച്ചതോ  എന്ന് തെളിവ് സഹിതം രേഖകള്‍ ഹാജരാക്കി ജയന്‍ മേനോന്‍ വാദിക്കുന്നു. എല്ലാവരും വീണക്കെതിരെ. എങ്ങും ആ കവിതാ ശകലം -  വീണപൂവേ...

കെ.എ ഫ്രാന്‍സിസ് 

KA Francis's humour column on the plight of industrialists in Kerala

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക