Image

സ്വന്തം ശരീരമാണ്, അല്പം കരുതലാകാം (ദുർഗ മനോജ് )

Published on 02 September, 2022
സ്വന്തം ശരീരമാണ്, അല്പം കരുതലാകാം (ദുർഗ മനോജ് )

രണ്ടു ഗവേഷണഫലങ്ങളാണിന്ന് പുറത്തു വന്നിരിക്കുന്നത്. ടെലിവിഷൻ വന്നതോടെ രാത്രി ഒമ്പതുമണിക്ക് ഉറങ്ങാൻ കിടന്നിരുന്നവർ മെല്ലെ വൈകി ഉറങ്ങാൻ ആരംഭിച്ചു. പിന്നീട്, മൊബൈൽ വിപ്ലവം വന്നതോടെ ഉറക്കം, പുലർച്ചെ എപ്പോഴെങ്കിലും എന്നു പോലുമായിട്ടുണ്ട്. ചിലരാകട്ടെ നൈറ്റ് ഷിഫ്റ്റ് ജോലി കാരണം രാത്രി ഉറങ്ങാൻ സാധിക്കാത്തവരാണ്. എന്നാൽ അവർ പകൽ ഉറങ്ങി ആ കുറവ് കുറേയൊക്കെ നികത്താറുണ്ട്. ഉറക്കം നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ സ്വാധീനിക്കും എന്ന് ഇന്നു നമുക്കറിയാം. എന്നാൽ അത് ഒരാളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം ഉണ്ടാക്കും എന്ന വിവരം ഇപ്പോൾ ഗവേഷണ ഫലമായി പുറത്തു വന്നിരിക്കുന്നു. ഉറക്കക്കുറവ് നിരന്തരമായി തുടരുമ്പോൾ അത് ആ വ്യക്തിയെ കൂടുതൽ സ്വാർത്ഥരാക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. അതായത് മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാകുമെന്നു ചുരുക്കം. പുതിയ പഠനമനുസരിച്ച് ഉറക്കം ഒരു മണിക്കൂർ കുറഞ്ഞാൽപ്പോലും മറ്റൊരാൾക്ക് പ്രയോജനകരമായ ഒരു കാര്യം ചെയ്യാനുള്ള നമ്മുടെ തീരുമാനത്തെ അതു ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. 


ദീർഘനേരം ഉറങ്ങുക എന്നതല്ല മറിച്ച്, നല്ല ഉറക്കം കിട്ടുക എന്നതാണ് പ്രധാനം.വിഷാദം, ഉൽകണ്ഠ, തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഉറക്കക്കുറവു കാരണമാകുന്നുണ്ട്. 

അടുത്തത് മദ്യവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ ഫലമാണ്. മിതമായ അളവിൽ മദ്യം കഴിച്ചാലും അതു തലച്ചോറിൻ്റെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ആഴ്ചയിൽ അഞ്ചു ചെറിയ ഗ്ലാസ്സിൽ കൂടുതലോ മദ്യം കഴിക്കുന്നവർക്ക് തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് സാധ്യത കൂടുതലെന്നു പഠനങ്ങൾ. തലച്ചോറിൽ ഇരുമ്പിൻ്റെ അളവു വർദ്ധിക്കുന്നത് പാർക്കിൻസൺസ്, അൽഷിമേഴ്സ് എന്നീ രോഗങ്ങൾക്ക് കാരണമാകാം. ആഴ്ചയിൽ അഞ്ചു ചെറിയ ഗ്ലാസ്സിൽ കൂടുതൽ മദ്യപിക്കുന്നവരുടെ തലച്ചോറിൽ ഇരുമ്പിൻ്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയിരുന്നു. മിതമായ അളവിൽ ഉപയോഗിച്ചാലും അത് തലച്ചോറിനെ ബാധിക്കും എന്നതിൻ്റെ തെളിവാണിത് എന്നാണ് ഗവേഷകർ പറയുന്നത്. തലച്ചോറിൽ ഇരുമ്പിൻ്റെ അളവ് വർദ്ധിക്കുന്നത് ചിന്തയേയും കാര്യമായി ബാധിക്കും. ധാരണാശക്തിയേയും തിരിച്ചറിവിനേയും ഇതു ബാധിക്കാം എന്നും മുന്നറിയിപ്പു നൽകുന്നു.

human body

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക