Image

പരിഭവങ്ങള്‍ തീര്‍ക്കാന്‍ പിണറായി മാജിക് ! ; നാട്ടിലെ ഇന്നത്തെ വഹ

കെ.എ ഫ്രാന്‍സിസ്  Published on 03 September, 2022
പരിഭവങ്ങള്‍ തീര്‍ക്കാന്‍ പിണറായി മാജിക് ! ; നാട്ടിലെ ഇന്നത്തെ വഹ

മാധ്യമങ്ങള്‍ കവടി നിരത്തിയതുപോലെ ഒരു കണ്‍ഫ്യൂഷനും പിണറായി സഖാവിന് ഇല്ല. സ്പീക്കര്‍ ആക്കിയതില്‍ രാജേഷിന് ചെറിയ പരിഭവം ഉണ്ടായിരുന്നതും, മന്ത്രിസഭാ രൂപീകരണ വേളയില്‍ തന്നെ കണ്ടില്ലെന്ന് നടിച്ചതില്‍  ഷംസീറിന്  വല്ലാത്തൊരു അസ്വസ്ഥത ഉണ്ടായിരുന്നതും ഗോവിന്ദന്‍ മാഷ് പാര്‍ട്ടി സെക്രട്ടറി ആയതോടെ മാറി കിട്ടിയില്ലേ? എല്ലാം സംശയങ്ങള്‍ മാത്രമായിരുന്നെന്ന് വീണ മന്ത്രിക്ക് ബോധ്യപ്പെടുകയും ചെയ്തു. 

ചിത്തരഞ്ജന്‍ കുപ്പായം തുന്നി വെച്ചത് മാത്രം വെറുതെയായി. ഭരണഘടനയുമായി ഏറ്റുമുട്ടിയ സജിക്ക് ശാപമോക്ഷം കിട്ടിയാലോ എന്ന ആശങ്കയിലാണ് ഈ ഉല്‍പ്രേക്ഷ സംഭവിച്ചതെന്ന് ചിത്തരഞ്ജന് അറിയാം. അപ്പോള്‍ പിണറായി ചെയ്തതെല്ലാം കറക്റ്റ്! എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ എന്ന് മോഹന്‍ലാല്‍ ഡയലോഗ് എപ്പോഴും പിണറായി സഖാവിന്റെ ചുണ്ടിലുണ്ട് മോനെ സതീശാ... 

ഗോവിന്ദന്‍ മാഷ് ഒഴിയുമ്പോള്‍  നല്ലൊരു അഴിച്ചുപണിയാണ് മാധ്യമ പ്രവാചകന്മാര്‍ പ്രതീക്ഷിച്ചത്. ഷംസീറിനെ ഗോവിന്ദന്‍ മാഷിന്റെ വകുപ്പ് തന്നെ മാധ്യമങ്ങള്‍ എഴുതിക്കൊടുത്തു. രാജേഷിനെ സ്പീക്കറായി തളച്ചിടാന്‍ അവര്‍ക്കും തോന്നിയില്ല. രാജേഷിന്  ആരോഗ്യം നല്‍കി വീണയെ സ്പീക്കര്‍ ആകാനായിരുന്നു പല മാധ്യമങ്ങളുടെയും പ്ലാന്‍. 

ഈ ചപ്പടാച്ചിയില്‍ മുന്‍ മാധ്യമപ്രവര്‍ത്തകയായ വീണ ഒരു പരിധിവരെ വഴുതി വീണില്ലെന്നു പറയാനാവില്ല. സ്പീക്കറായിരിക്കെ രാജേഷിന്റെ ചില കത്തിടപാടുകളും അനവസരത്തിലെ ഇടപെടലുകളും കണ്ടപ്പോള്‍ രാജേഷിനു  അങ്ങനെയൊരു കയ്യിലിരിപ്പുണ്ടോ എന്നു  നമ്മളും സംശയിച്ചതല്ലേ ? പിറ്റേന്ന്  തന്നെ പാര്‍ലമെന്റി  കാര്യങ്ങളിലുള്ള  തന്റെ അജ്ഞത രാജേഷ് വെളിപ്പെടുത്തിയല്ലോ. കത്തിലൊരു കുത്തോ കോമയോ ഇല്ലെന്നു രാജേഷിനു വീണ്ടുവിചാരം ഉണ്ടായതും പിണറായി പേടി കൊണ്ടാണെന്നാണ് പിന്നാമ്പുറ സംസാരം.

പിണറായിക്ക് വീണ എന്ന പേരിനോട് എന്നും ഒരു വാത്സല്യം ഉണ്ട്. വീണ ജോര്‍ജ് പരിചയക്കുറവ് കൊണ്ടും  പഴയ മാധ്യമ പ്രവര്‍ത്തകയായത്  മൂലം നടത്തുന്ന ചില പത്രപ്രര്‍ത്തക കസര്‍ത്തുകള്‍ കൊണ്ടും ചിലപ്പോഴൊക്കെ ചില ഇഷ്ടക്കേടുകള്‍ പിണറായിക്ക്  തോന്നാറുണ്ട് എങ്കിലും പേരിനോട് ഉള്ള ആ വാത്സല്യം കൊണ്ട് മാത്രമാണ് വീണയെ വീഴാതെ താങ്ങിനിര്‍ത്തുന്നത് എന്ന് പറയാം.  

കോണ്‍ഗ്രസിന്റെ ബല്‍റാമിനെ തോല്‍പ്പിച്ചു നിയമസഭയിലെത്തിയ പടക്കുതിരയാണല്ലോ രാജേഷ്, പോരാത്തതിന് പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഉള്ള തിളക്കവും ഉണ്ടല്ലോ. ബാലേട്ടന്‍ മന്ത്രിയല്ലാതായിട്ടും തന്നെ വെറുമൊരു സ്പീക്കറായി ഒതുക്കിയതില്‍ പിണറായി സഖാവിനോട് ചെറിയൊരു പരിഭവം രാജേഷിനെ തോന്നിയത് ന്യായം. ഒന്നാമതായി സ്പീക്കറായതോടെ സ്പീക്കിംഗ്- പ്രത്യേകിച്ചും രാഷ്ട്രീയ മൈക്കിലൂടെയുള്ള   കയ്യാങ്കളി നിര്‍ത്തിവെക്കേണ്ടി വന്നതിലായിരുന്നു കുണ്ഠിതം. മന്ത്രിയായതിലപ്പുറം പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കാന്‍ അവസരം കിട്ടിയതാണ് സന്തോഷം. രാഷ്ട്രീയ കാര്യങ്ങള്‍ അലകും  തൊങ്ങലും വെച്ച് അവതരിപ്പിക്കുന്നതില്‍ രാജേഷ് ആരുടെയും പിന്നിലല്ല. മഞ്ചേരി പരിസരത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്ന പാലക്കാട്ടുകാരനായ രാജേഷ് പ്രസംഗം ഒരു കലയാക്കി മാറ്റിയ  ചെറുപ്പക്കാരനാണ്.

രാജേഷിന്റെ വായിലൊട്ടിച്ച  പ്ലാസ്റ്റര്‍ ഊരി ഷംസീറിന്റെ  'മൗന'ത്തിലാണ് പാര്‍ട്ടി ഇപ്പോള്‍ ഫിറ്റ് ചെയ്തു വച്ചത്. കൊറോണ കൊടുമ്പിരി  കൊണ്ട കാലത്തുപോലും ഒരു മാസ്‌ക്  വെച്ചു തന്റെ ഉറച്ച ശബ്ദം നേര്‍ന്നു പോകരുത് എന്ന് കരുതിയ  ആ പോരാളിക്ക് ഒരു നല്ല തസ്തിക  നല്‍കിയെങ്കിലും മിണ്ടാമഠത്തിലാക്കി കളഞ്ഞതിലുള്ള പരിഭവം ആരോട് പറയാന്‍ ? സ്പീക്കര്‍ എന്നാല്‍ 'ദോസ് ഹൂ കനോട്ട് സ്പീക്ക്' എന്നല്ലേ എന്ന ദുഃഖം പങ്കുവെച്ച് കൊണ്ടായിരുന്നല്ലോ ആദ്യപ്രതികരണം തന്നെ. നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന വാപ്പാക്ക് എങ്ങനെ രാഷ്ട്രീയം പറയാതിരിക്കാന്‍ ആകും എന്നാണ് മകന്‍ ഇസാന്റെ  സംശയം. തൊണ്ടക്ക് അസുഖം വന്നു ശബ്ദം അടഞ്ഞാല്‍ പോലും സംസാരത്തിന് ഒരു കുറവും ഇല്ലാത്ത ഭര്‍ത്താവിനെ നിശബ്ദനാക്കാന്‍ പിണറായി സഖാവിന് എങ്കിലും കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് ഡോ. ഷഹല.

അതേസമയം കാനം  നേതാവ് പാര്‍ട്ടിയിലെ ചിലരുടെ അധിക പ്രസംഗം കേട്ട് അസ്വസ്ഥനായി ഇരിക്കുകയാണ്.  പ്രകാശ് ബാബുവിനേയും കൂട്ടി   ഇസ്മായില്‍ നടത്തുന്ന പടപ്പുറപ്പാട് എന്തിനാണെന്ന് കാനത്തിന് ശരിക്കും അറിയാം. അവര്‍ക്ക് ഉള്ള മരുന്ന് കാനത്തിന്റെ കൈവശമുണ്ട് പോലും!  ഇനി ആ മരുന്നിന്റെ ഔഷധഗുണത്തെപ്പറ്റിയും മറ്റുമാകും  സി.പി.ഐയിലെ ചര്‍ച്ച. ഇസ്മായിലിന്റെ  പ്രകാശം പരത്തുന്ന ചിരി  ഒക്കെ അതോടെ മാറും. ഇസ്മായില്‍ ഒരു സ്‌മൈലുമില്ലാതെ പാര്‍ട്ടി വരാന്തയില്‍  പഴയ പട്ടാളക്കാരനെ പോലെ പണ്ട് നടത്തിയ വീരശൂര പരാക്രമങ്ങലും  വിടല്‍സുകളുമായി ചൊറിയും കുത്തി ഇരിക്കുന്നത് കാണാം എന്നാണ് കാനത്തിന്റെ പ്രസ്താവനയുടെ രത്‌നച്ചുരുക്കം. 

വാല്‍ക്കഷണം :  കേരളത്തിലെ കോണ്‍ഗ്രസ് തമ്മില്‍ ഭേദം ആണെന്ന് പറയുന്ന ആദ്യത്തെ സി.പി.എം സെക്രട്ടറി ആയിരിക്കും ഗോവിന്ദന്‍ മാഷ്! മാഷിന് കാര്യങ്ങള്‍ ശരിയായി വിലയിരുത്തി മാത്രമേ പറയാന്‍ പറ്റൂ. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മോനെ സതീശാ എന്നു പറഞ്ഞു സാന്ത്വനിപ്പിക്കാന്‍ ഗോവിന്ദന്‍ മാഷ് എന്ന മൊറാഴക്കാരന്  മാത്രമേ പറ്റൂ. 

ഗോവിന്ദന്‍ മാഷ് ബി.ജെ.പിയെ കാണുന്നത് മറ്റു സര്‍ക്കാറുകളെ ശിഥലീകരിക്കുന്ന ഒരു മൂരാച്ചി സംവിധാനം ആയിട്ട് തന്നെയാണ്. ദേശീയ തലത്തില്‍ ബി.ജെ.പിക്കു  ബദലായി കോണ്‍ഗ്രസ് വരുന്നതില്‍ ഒന്നും മാഷിന് ഒരു എതിര്‍പ്പുമില്ല. പക്ഷേ, സതീശ്  കാര്യങ്ങള്‍ ശരിക്കു മനസ്സിലാക്കാതെ ചില ആനകാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ മാഷിന് ചിരിക്കാന്‍ തോന്നും. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ചില അഭ്യാസങ്ങളും സി.പി.ഐയുടെ ചില മുട്ടാപ്പോക്ക് കളികളും കാണുമ്പോള്‍, സി.പി.എമ്മും കോണ്‍ഗ്രസും (കേരളത്തില്‍ മാത്രം) കൈകോര്‍ത്താലെന്തെന്ന് മാഷ് ചിന്തിക്കാതില്ല. ചെറു പാര്‍ട്ടികളുടെയും വര്‍ഗീയ കോമരങ്ങളുടെയും വൃത്തികെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സഡന്‍ സ്റ്റോപ്പിടാന്‍ അതല്ലേ വഴിഎന്ന് വരെ മാഷ് ചിന്തിക്കും. പക്ഷേ സുധാകരന്‍ എന്ന സ്വന്തം നാട്ടുകാരന്‍ കാര്യക്കാരനായി നില്‍ക്കുമ്പോള്‍ അത് നടപ്പില്ല. സതീശനാകട്ടെ സുധാകരനെതിരെ സംസാരിക്കാന്‍ നാവു പൊന്തുകയും ഇല്ല,. കോണ്‍ഗ്രസില്‍ മറ്റൊരു നാട്ടുകാരന്‍ വേണു ഉള്ളത് ഡല്‍ഹിയില്‍ ആയി പോയി.ഓനെ കൂട്ടിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമാവുകയുമില്ല.

ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി വിചാരിച്ചാല്‍ മാത്രം നടക്കുന്നത്  ചൈനയില്‍ മാത്രം. എന്തു പറഞ്ഞാലും മാഷ് ചൈനയില്‍ എത്തുമെന്ന് പാര്‍ട്ടി സഖാക്കള്‍ക്ക് അറിയാം. പോളണ്ടിനെ അധിക്ഷേപിക്കുമ്പോള്‍ സമനില തെറ്റുന്ന ശ്രീനിവാസന്‍ കഥാപാത്രത്തെ പോലെയല്ല മാഷ്. വാദത്തിനോ  തര്‍ക്കത്തിനോ ചെന്നാല്‍ മാഷ്  സൈദ്ധാന്തികന്‍ ആവും. പക്ഷേ ഒന്നോ  ഒന്നരയോ  മണിക്കൂര്‍ ആകും ആ സ്റ്റഡി ക്ലാസ്സ്. ഇടക്ക് സംശയങ്ങള്‍ ചോദിച്ചാലും മാഷ് റെഡി. അതിനായി ഒരു ദിവസം മുഴുവനും മാറ്റിവെക്കുന്നത് പന്ന്യന് കോഴി ബിരിയാണി കഴിച്ചാലുള്ള  സുഖമാണ് മാഷിനും കിട്ടുക. പന്ന്യനെ പോലെ മാഷും മദ്യം തൊടില്ല.  പക്ഷേ മദ്യം കഴിച്ചു ജീവിച്ചവരുടെ ശീലം മാറ്റാന്‍ അവര്‍ക്ക് ശുദ്ധമായ മദ്യം നല്‍കണമെന്ന് സന്മനസ്സുമുണ്ട്. അതു കൊണ്ടു തന്നെ സകല മദ്യപാനികളും പാര്‍ട്ടി ഏതായാലും മാഷിന്റെ സ്തുതിപാഠകരാണെന്നു പറയേണ്ടതില്ലല്ലോ. 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക