Image

ഇ.പി ജയരാജന്റെ ഉണ്ണിയാര്‍ച്ച സ്മരണ! ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 05 September, 2022
ഇ.പി ജയരാജന്റെ ഉണ്ണിയാര്‍ച്ച സ്മരണ! ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

ശപഥം ചെയ്യുന്നതൊക്കെ കൊള്ളാം അതുപോലെ പ്രവര്‍ത്തിക്കാന്‍ തുനിയുമ്പോഴാണ് അതിന്റെ പ്രയാസം അറിയുക! ഇ.പി ജയരാജന്റെ കാര്യം നോക്കുക.ഇന്‍ഡിഗോ കമ്പനി വിമാനത്തില്‍ മുഖ്യമന്ത്രിയെ  'വധിക്കാനെത്തിയ' ഫര്‍സീനും  നവീനും യാത്രാവിലക്ക് രണ്ടാഴ്ച മാത്രം. ഇന്നലെ അത് തീര്‍ന്നു. അവര്‍ക്കിനി ഇന്‍ഡിഗോ വിമാനത്തില്‍ കയറി സഞ്ചരിക്കാം. പക്ഷേ അതിന്റെ ആവശ്യം അവര്‍ക്ക് ഇല്ലല്ലോ 'പ്രതിഷേധം, പ്രതിഷേധം' എന്ന മുദ്രാവാക്യം മുഴക്കി ഇ.പിയുടെ ഉന്തുംതള്ളും ഏറ്റു വീഴുക മാത്രമായിരുന്നു, അവരുടെ നിയോഗം. അവരതു നിര്‍വ്വഹിച്ചു. ആ യാത്ര സ്‌പോണ്‍സര്‍ ചെയ്തത്  ഒരു ജില്ലയുടെ കലക്ടര്‍ ആയ ഭവതിയുടെ കെട്ടിയോന്‍ ആയിരുന്നു എന്നത് മാത്രമാണ് ശ്രദ്ധേയം. ആ കക്ഷിയെ പൂട്ടാന്‍ പോലീസ് തന്ത്രപരമായി നടത്തിയ ശ്രമം പാളി. കോടതി തോന്ന്യാസത്തിന് കൂട്ടു നിന്നതുമില്ല.

എന്നാ ഇ.പിയുടെ കഥ അതാണോ? ഒരാഴ്ച കൂടിയുണ്ട്  യാത്രാവിലക്ക്. അക്രമികള്‍ക്ക് യാത്രാവിലക്ക് രണ്ടാഴ്ച അത് തടഞ്ഞവനു  മൂന്നാഴ്ച. ഇന്‍ഡിഗോയുടെ വിധിക്കെതിരെ എന്ത് ചെയ്യണം എന്നത്  ഇ.പി  പാര്‍ട്ടിയോടൊ പിണറായിയോടോ  ചോദിച്ചില്ല. ആ കലിക്ക്  ഇന്‍ഡിഗോ തനിക്ക് മൂന്നാഴ്ച യാത്രാവിലക്കല്ലേ  നല്‍കിയത്, താന്‍ ജീവിതകാലത്ത് ഒരിക്കലും ഇന്‍ഡിഗോ  വിമാനത്തില്‍ കയറില്ല - ഇത് സത്യം, സത്യം. വടക്കന്‍പാട്ടിലെ  ഉണ്ണിയാര്‍ച്ചയെ  പോലെയായിരുന്നു ആ പ്രതിജ്ഞ . 

കണ്ണൂര്‍ - തിരുവനന്തപുരം റൂട്ടില്‍ ആകെയുള്ള ഒരേയൊരു വിമാനം ഇന്‍ഡിഗോയുടേത് ആണെന്നോന്നും ആ മൂച്ചില്‍ ഇ.പി ഓര്‍ത്തില്ല. പണ്ടൊക്കെ തീവണ്ടിയില്‍ കയറി കിടന്നുറങ്ങി തിരുവനന്തപുരത്ത് എത്തുകയായിരുന്നു പതിവ് എന്നത് ശരി. ഇന്‍ഡിഗോയില്‍ കയറിയാല്‍ ദാ എന്നു പറയുമ്പോഴേക്കും തിരുവനന്തപുരത്തെത്തും. രണ്ടാഴ്ച തീവണ്ടിയില്‍ കയറി കിടന്നു ഉറക്കം കളഞ്ഞതോടെ വാക്കല്ലേ നമുക്ക് മാറ്റാന്‍ പറ്റുവെന്ന  ഒരു നിഗമനത്തില്‍ എത്തുകയായിരുന്നു, ഇ.പി  

അതിനും വേണ്ടേ ഒരു ന്യായം? രാഹുലിന്റെ  ഓഫീസില്‍ കുട്ടികള്‍ വാഴ വെച്ചതിനുശേഷം രാഹുല്‍ ആദ്യമായി വരുന്ന നാളില്‍ അവര്‍ക്കൊരു പണി കൊടുക്കാതെ എങ്ങനെ ഇ.പിക്കു ഉറക്കം വരും?  

അപ്പോഴതാ എ.കെ.ജി സെന്ററില്‍  വലിയൊരു ബോംബ് സ്‌ഫോടനം. മുന്നിലുള്ളപാര്‍ട്ടി ഫ്‌ലാറ്റില്‍ നിന്ന് ചാടിയെണീറ്റ് ഓടിച്ചെന്നപ്പോള്‍, എകെജി സെന്ററിന്റെ  മൂന്നാം നിലയില്‍ പാര്‍ട്ടി മാനിഫെസ്റ്റോ വായിച്ചുകൊണ്ടിരുന്ന പത്‌നി സഹോദരി ശബ്ദംകേട്ട് ചെവിക്കല്ല് പൊട്ടിയ മട്ടില്‍ താഴെ കാത്തുനില്‍ക്കുന്നു. 

ഇ.പിയല്ലേ  പാര്‍ട്ടി? ആകെ ബഹളമയം പത്രക്കാര്‍ വരുന്നു, ക്യാമറക്കാര്‍  ഓടി കൂടുന്നു. കോണ്‍ഗ്രസുകാര്‍ ഒപ്പിച്ച പണിയാണെന്ന് ഇ.പി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുന്നു. മാധ്യമങ്ങള്‍ക്ക് എല്ലാം സിസിടിവി ദൃശ്യം നല്‍കുന്നു. നമ്പര്‍ തെളിയാത്ത ഒരു സ്‌കൂട്ടറില്‍ ഇരുന്നു പടക്കം അറിയുന്ന മെല്ലിച്ച പുരുഷന്‍ .തലയില്‍  ഹെല്‍മറ്റ് വെച്ചതിനാല്‍ മുഖം തിരിച്ചറിയില്ല. ആ പടം ടിവിയിലും പത്രങ്ങളിലും തേരാപ്പാര വന്നു .

പിറ്റേന്ന് മുതല്‍ പോലീസിന് അത് ടാസ്‌ക് ആയി. ആ പടം നാട്ടുകാര്‍ മുഴുവന്‍ കണ്ടതോടെ ഒരു ഡമ്മിയെ പോലും കിട്ടാത്ത അവസ്ഥ! കോണ്‍ഗ്രസ് അനുഭാവമുള്ള ഒരു ക്രിമിനലിനെ തേടി അവര്‍ അലയാത്ത ഇടമില്ല. അച്ചടിച്ചുവന്ന പടം നോക്കി ആ  നീളത്തിലും വണ്ണത്തിലും രൂപത്തിലും ഒന്നിനെ  കിട്ടണ്ടേ ? സുകുമാരക്കുറുപ്പ് കേസില്‍ ചുട്ടുകൊന്ന ചാക്കോയുടെ അളവ് കുറുപ്പിന്റെ കൂട്ടുകാര്‍ എടുത്തതുപോലെ ഒരുപാട് എണ്ണത്തിന്റെ  അളവും ആകൃതിയും വിജയ് സാഖറെയും കൂട്ടരും ഓടി നടന്നു നോക്കി. ഒരു മാസം കഴിഞ്ഞപ്പോള്‍ ആ ഡ്യൂട്ടി ക്രൈംബ്രാഞ്ചിനു വിട്ടു. അവരും കൈയ്യൊഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 'കിട്ടിയോ?' എന്ന്ഹാഷ് ടാഗ്!  അതിനിടെ ജലീല്‍ വഴി 'കണ്ടോ?' എന്ന മറ്റൊരു ഹാഷ്ടാഗ്! രണ്ടും ഇപ്പോഴും പ്രസക്തം 

ഇപ്പോഴിതാ ഇ.പിക്ക് ട്രെയിന്‍ യാത്ര മടുത്തു. ഒരാഴ്ച കഴിയുമ്പോഴേക്കും വീണ്ടും വിമാനത്തില്‍ കയറി സുഖമായി യാത്ര ചെയ്യണം. അതിനുള്ള വഴി കണ്ടെത്താന്‍ ആണോ ഇ.പിക്ക്  പ്രയാസം. ചെന്നൈയിലെ ഇന്‍ഡിഗോ  ഓഫീസിലെ ഒരു മലയാളി ഓഫീസര്‍ വിളിച്ചു ക്ഷമാപണം നടത്തുകയും വീണ്ടും ഇ.പിക്ക് വിമാനയാത്ര സ്വാഗതം ചെയ്യുകയും ചെയ്തു പോലും ! ഇന്‍ഡിഗോക്ക്  ചെന്നൈയില്‍ ഒരു മലയാളി മാനേജര്‍ ഇല്ലെന്നായി  ഇന്‍ഡിഗോ . എന്നാല്‍ നെടുമ്പാശ്ശേരി ഇന്‍ഡിഗോയുടെ മാനേജര്‍ ആയി ഒരു മലയാളിയുണ്ട് എന്ന കാര്യംഇ.പി ഓര്‍ത്തില്ല. പിണറായിയുടെ കൂടെ സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച കാര്‍ത്ത്യാനിയമ്മയുടെ മകന്‍ സുനില്‍ മേനോന്‍ ഇന്‍ഡിഗോ മാനേജറായി ഇയ്യിടെ മാറ്റം കിട്ടി വന്നിട്ടുണ്ട്. ജഹാംഗീര്‍ ആര്‍ട്ട്ഗ്യാലറി   സെക്രട്ടറിയായ കാര്‍ത്ത്യാനിയമ്മയുടെ പിതാവിനെ ചുവന്ന കൊടി പുതപ്പിച്ചാണ് ദഹിപ്പിച്ചത്  എന്ന ചരിത്രമൊന്നും ഇ.പി ഓര്‍ത്തു കാണില്ല. എന്തായാലും ഇന്‍ഡിഗോയില്‍  നിന്ന് ആരും വിളിച്ചില്ലെങ്കിലും അങ്ങനെ വിളിച്ചു വന്നു സങ്കല്‍പ്പിക്കാന്‍ ആയില്ലേ ? സ്വപ്ന പുഷ്പം വിമാനങ്ങളിലേറി  സഞ്ചരിച്ച എത്രയെത്ര പൂര്‍വികരായ കവികള്‍ നമുക്ക് ഉണ്ടായിട്ടുണ്ട് . ഇ.പി ഒരാഴ്ച കഴിഞ്ഞ് ട്രെയിനിന്  പകരം ഇന്‍ഡിഗോയില്‍  കയറിയാല്‍ ആകാശം ഇടിഞ്ഞു വീഴുക ഒന്നുമില്ലല്ലോ. നമ്മള്‍ കാശ് കൊടുത്ത് അല്ലേ പോകുന്നത്? എങ്ങനെ പോകണം എന്ന് പോകേണ്ടവര്‍ തീരുമാനിക്കട്ടെ. കുശുമ്പന്‍മാര്‍ എന്തും പറയട്ടെ. സുധാകരന്റെ  വെടിയുണ്ട പോലെ അത് ഇ.പിയുടെ വലിയ ശരീരം താങ്ങും.  

വാല്‍ക്കഷണം : കേരളമാകെ തെരുവുനായകള്‍ പെറ്റുപെരുകിയതിനാല്‍  സാധാരണക്കാര്‍ക്ക് വഴിനടക്കാന്‍ പറ്റാത്തതായിട്ടും സര്‍ക്കാറിന് ഒരു അനക്കവുമില്ല, കുലുക്കവുമില്ല. പ്രതിപക്ഷത്തിന്റെ  വായില്‍ ആരോ പ്ലാസ്റ്റര്‍ ഒട്ടിച്ചത് പോലെ അവരും മിണ്ടുന്നില്ല !  വാക്‌സിന് നല്ല ചെലവ്. കേരളം അവരുടെ പ്രധാന മാര്‍ക്കറ്റ് ആയി . പേപ്പട്ടി കടിയേറ്റ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആയിരക്കണക്കിന് വാക്‌സിന്‍ വേണ്ടേ? വീണ  മന്ത്രി അത് വാങ്ങിക്കൂട്ടുന്നു. ആ വാക്‌സിന്‍ ആകട്ടെ ഗുണ നിലവാരമുള്ളതാണെന്ന് നോക്കുന്നു പോലുമില്ല. വാക്‌സിന്‍  മാഫിയ ലാഭം കൊയ്തു  കൂട്ടുന്നതിന് അനുസരിച്ച് പണംവാരി എറിയുന്നതിന്റെ തോതും  കൂട്ടി. എന്തുവന്നാലും ഒരു തെരുവ് പട്ടിയെ  പോലും കൊല്ലാന്‍ ഇനി ഉത്തരവാദിത്തപ്പെട്ടവര്‍ സമ്മതിക്കില്ല. ഇങ്ങനെയുണ്ടോ ഒരു പട്ടി പ്രേമം? ഈ നമ്മുടെ പട്ടി അവര്‍ക്ക് വോട്ട് ചെയ്യും എന്നു പറഞ്ഞാലും ആരും കേള്‍ക്കില്ല നാലു വര്‍ഷം കഴിഞ്ഞുള്ള  കേസ് അല്ലേ? അത് അപ്പോള്‍ ആലോചിക്കാമല്ലോ.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക