MediaAppUSA

കുഞ്ഞേ മാപ്പ്... (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 06 September, 2022
കുഞ്ഞേ മാപ്പ്... (ദുര്‍ഗ മനോജ് )

ഒരു ജീവന്‍ കൂടി പേവിഷബാധയേറ്റ് പൊലിയുമ്പോള്‍ ലജ്ജിക്കണം നമ്മള്‍. ഇതു ഭരണകൂടത്തിന്റെ മാത്രം പിഴവല്ല, ഉത്തരവാദിത്തബോധം ലവലേശം തൊട്ടു തീണ്ടാത്ത വിദ്യാസമ്പന്നരായ, സാംസ്‌ക്കാരികമായി ഉന്നതരെന്നു ഘോഷിക്കുന്ന ഒരു ജനതയുടെ അജ്ഞതയുടെ ബാക്കിപത്രമാണ്.

അലഞ്ഞു തിരിയുന്ന നായകളെ കൊല്ലരുത് എന്നു നിയമം ഉണ്ടാക്കുമ്പോള്‍ അതിന്റെ ബദല്‍ മാര്‍ഗം കൃത്യമായി പിന്തുടരാനുള്ള കെല്പ് ഭരണകൂടത്തിനു വേണമായിരുന്നു. ഏതാണ്ട് രണ്ടര ലക്ഷം തെരുവുനായ്ക്കള്‍ ചേര്‍ന്ന് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെ ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയാക്കി മാറ്റുമ്പോള്‍ കണ്ണു തുറക്കാന്‍ കെല്പുള്ള, പ്രവര്‍ത്തിക്കാന്‍ നട്ടെല്ലുള്ള ഭരണ നേതൃത്വം നമുക്ക് വേണമായിരുന്നു, ഒപ്പം, തെരുവുനായ്ക്കളോടുള്ള സ്‌നേഹം പറയുന്നവര്‍, ആ സ്‌നേഹം പങ്കിടേണ്ടത് ഭക്ഷണം തെരുവില്‍ വലിച്ചെറിഞ്ഞും, തെരുവോരത്ത് ഭക്ഷണം നല്‍കിയും ആകരുതായിരുന്നു. ഇപ്പോള്‍ വാക്‌സിനെടുത്തിട്ടും ആളുകള്‍ മരിക്കുമ്പോള്‍, എന്താണ്, എവിടാണ് പിഴവെന്നു ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കും ആകുന്നില്ല. പലപ്പോഴും വാക്‌സിനു വേണ്ടി ജില്ലാ ആശുപത്രിയിലോ, താലൂക്ക് ആശുപത്രിയിലോ തന്നെ എത്തണം. ഇന്നലെ പൊലിഞ്ഞ പന്ത്രണ്ടു വയസ്സുകാരി അഭിരാമിയുടെ ജീവനെടുത്തത്, വിദഗ്ദരുടെ അഭിപ്രായത്തില്‍ കണ്ണിനു താഴെ കിട്ടിയ ആഴത്തിലുള്ള കടിയില്‍ നിന്നും തലച്ചോറിലേക്ക് അതിവേഗം വൈറസ് പ്രവേശിച്ചതിനാലാകാം. അതായത് മുഖം, കഴുത്ത്, കൈവെളള, കാല്‍വെള്ള തുടങ്ങിയ ഭാഗങ്ങളില്‍ ഏല്‍ക്കുന്ന കടികള്‍ വളരെ ആപല്‍ക്കരമാണ്. എത്രയും വേഗം അവര്‍ക്ക് ആദ്യം ഇമ്യൂണോ ഗ്ലോബുലിനും, തുടര്‍ന്ന് കൃത്യമായി നാലു ഡോസ് വാക്‌സിനും നല്‍കേണ്ടതുണ്ട്.

ആറു വര്‍ഷം മുന്‍പ് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ റിപ്പോര്‍ട്ട് പ്രകാരം നായകളുടെ വന്ധ്യംകരണം കൊണ്ടുമാത്രം കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കില്ല എന്നു വ്യക്തമായി പരാമര്‍ശിച്ചിട്ടുള്ളതാണ്. 2001 വരെ കേരളത്തില്‍ നായകളെ പിടികൂടി കൊല്ലാന്‍ അനുമതി ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ അവയുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചില്ല. വന്ധ്യംകരണം എന്ന ചട്ടം നിലവില്‍ വന്നപ്പോള്‍ ഫലത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിലച്ചു. കൂട്ടിനു സ്വന്തം വീടു വൃത്തിയാക്കി ആരാന്റെ പറമ്പില്‍ തള്ളുന്ന വൃത്തിശീലമുള്ള ജനങ്ങള്‍ കൂടി ആയപ്പോള്‍ എല്ലാം തികഞ്ഞു. ഇന്ന് അതിന്റെ ദുരനുഭവം, സാധാരണക്കാരെ മാത്രം ബാധിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഭരണാധികാരികള്‍ കാറുകളില്‍ നിലം തൊടാതെ പറക്കുമ്പോള്‍ എന്ത് തെരുവുനായ? സമൂഹത്തിലെ ഉന്നതരും തഥൈവ.അന്നന്നുള്ള അന്നത്തിനോടുന്നവര്‍ ജീവന്‍ പണയം വച്ച് വേണം റോഡിലേക്ക് ഇറങ്ങാന്‍. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൂക്ഷിക്കുക. ഏതു നിമിഷവും ഒരു നായ ചാടി വീഴാം.

ജാഗ്രത ! ഇതിപ്പോള്‍ നായകള്‍ വാഴും വീഥികള്‍ ഉള്ള നാടാണ്.

 

Sudhir Panikkaveetil 2022-09-06 15:56:43
സത്യമാണോ അറിയില്ല എവിടെയോ വായിച്ചതാണ്. നായ്ക്കളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഭരണാധികാരികൾ പ്രതികരിക്കാത്തത്. കോടിക്കണക്കിനു രൂപ മരുന്നുകമ്പനിക്കാർ നൽകുന്നത് വാങ്ങി അനുഭവിക്കുമ്പോൾ എന്ത് പൊതുജനം. പൊതുജനവും കന്നിപ്പട്ടികളെപോലെ ഒന്നും ചെയ്യാനാകാതെ കുരയ്ക്കുന്നു അതായത് അവർ എഴുതുന്നു , ശബ്ദം വയ്ക്കുന്നു.ആര് കേൾക്കാൻ. പട്ടി കുരച്ചാൽ പണ്ടും യജമാനന്മാർ പടിവാതിൽ തുറക്കാറില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക