Image

നൈജീരിയന്‍ കൊള്ളക്കാര്‍ക്ക് പ്രചോദനം കരുവന്നൂരോ? ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 06 September, 2022
നൈജീരിയന്‍ കൊള്ളക്കാര്‍ക്ക് പ്രചോദനം കരുവന്നൂരോ? ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കയറിയാല്‍ നാല് കാശ് എളുപ്പത്തിലുണ്ടാക്കാമെന്ന്  നൈജീരിയക്കാര്‍ തിരിച്ചറിഞ്ഞത് കരുവന്നൂര്‍ സഹകാരികള്‍ നടത്തിയ പകല്‍കൊള്ള കണ്ടിട്ടാണോ? എന്തായാലും അത് കയ്യോടെ പിടിച്ച പോലീസിനും വാസവന്‍ മന്ത്രിക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ !

വാസവന്‍ മന്ത്രിയുടെ സഹകരണ സംഘങ്ങളില്‍ കയറി രാഷ്ട്രീയക്കാര്‍ പകല്‍കൊള്ള നടത്തുന്നതിനിടെ മഞ്ചേരി സഹകരണ സംഘത്തിന്റെ സെര്‍വര്‍ ഹാക്ക് ചെയ്തു 70 ലക്ഷം രൂപ നാല് അക്കൗണ്ടുകളില്‍ നിന്നായി തട്ടിയെടുത്തതാണ് നാട്ടിലെ ഇന്നത്തെ പ്രധാന വഹ . പക്ഷേ, സംഭവം നടന്നിട്ട് ഒരു മാസത്തോളമായി. മിടുക്കന്മാരായ പോലീസുകാര്‍ പിന്നാലെ പോയി പ്രതികളെ പിടിച്ചു. 47 ലക്ഷം രൂപ അവര്‍ക്ക് മരവിപ്പിക്കാനും കഴിഞ്ഞു . 23 ലക്ഷം സഹകരണസംഘം ചേര്‍ത്തു  4 അകൗണ്ടുകളിലും  തിരിച്ചു പണമിടും! പോലീസിനും മഞ്ചേരി സഹകരണ സംഘത്തിനും വാസവന്‍ മന്ത്രിക്കും ഭാവുകങ്ങള്‍ നേരട്ടെ !

കരുവന്നൂരിലെയും മറ്റും ഉള്ള സഹകരണ ബാങ്ക് കൊള്ള സംഘത്തെയും വാസവന്‍ സാറെ ഇങ്ങനെ കണ്ടെത്തി അവന്റെയൊക്കെ  സ്വത്ത് കണ്ടെത്തി ഇങ്ങനെ ചെയ്യാന്‍ താങ്കള്‍ക്ക് പറ്റാത്തത് എന്തുകൊണ്ടാണ് സാറേ ? മഞ്ചേരി സഹകരണ സംഘത്തില്‍ തട്ടിപ്പ് നടത്തിയവരെല്ലാം സിപിഎമ്മുകാരായത് കൊണ്ടാണോ ? 

വേണമെന്ന് വെച്ചാല്‍ വാസവന്‍ മന്ത്രിക്കോ പോലീസിനോ ഇതിലും വലിയ ടാസ്‌ക്കുകള്‍ ഏറ്റെടുക്കാനോ നടപ്പാക്കാനോ എന്താണ് പ്രയാസം?  അവര്‍ അതിനൊക്കെ മിടുക്കരുമാണ് പക്ഷേ അവര്‍ വേണം എന്ന് വിചാരിക്കണം. അങ്ങനെയൊരു വിചാരമേ  വേണ്ട എന്ന് തലപ്പത്തുള്ളവര്‍ക്ക് തോന്നിയാല്‍ എതിരാളികള്‍ സോഷ്യല്‍ മീഡിയയില്‍ 'കിട്ടിയോ' എന്ന് ഹാഷ് ടാഗ് ഇട്ട്  പൊങ്കാലയിടും .  

സെര്‍വര്‍ ഹാക്ക് ചെയ്യുന്ന സംഭവം കേരളത്തില്‍ ആദ്യമാണ്. റിട്ടയര്‍ ചെയ്ത സുബൈദ ടീച്ചറുടെ 21 ലക്ഷം ഉള്‍പ്പെടെയാണ് നൈജീരിയക്കാര്‍ കട്ടു  മാറ്റിയത്. കേരള പോലീസും ഇത്തരമൊരു  കേസന്വേഷണവും ഇതാദ്യമായാണ് . കിട്ടിയ സൂചനകള്‍ കോര്‍ത്തിണക്കി സോഴ്‌സ് അവര്‍ കണ്ടെത്തി. പത്തുനാള്‍ പ്രതികളെ പിന്തുടര്‍ന്നു നിരീക്ഷിച്ച ശേഷം ആണ് പൂട്ടിയത് .  23 ലക്ഷം ഒഴിച്ച് 47 ലക്ഷം മരവിപ്പിച്ചു തിരിച്ചു പിടിക്കാനും കഴിഞ്ഞു. ഈ പോലീസിനാണോ  പാര്‍ട്ടി ഓഫീസിന് നേരെ ഏറുപടക്കം എറിഞ്ഞ  ആളെ പിടിക്കാന്‍ പ്രയാസം ? വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നു പറയുന്നത് വെറുതെയാണോ? 

വാസവന്‍ കോട്ടയംകാരന്‍ ആയതുകൊണ്ട് പറയുകയില്ല ഏതു വകുപ്പ് കൊടുത്താലും അത് കാര്യക്ഷമമായി വാസവന്‍ നടത്തും. ഈയടുത്തകാലത്ത് വാസവന് സാംസ്‌കാരിക വകുപ്പും കൂടി കിട്ടി അത് നേരെ ചൊവ്വേ നടത്തുമ്പോഴാണ് ഗോവിന്ദന്‍ മാഷ് പാര്‍ട്ടി സെക്രട്ടറി ആയതിന്റെ പേരില്‍ എക്‌സൈസ് വാസവന്റെ തലയില്‍ വെക്കാന്‍ വലിയൊരു ശ്രമം നടന്നത്. ഇന്നത്തെ ദൃശ്യമാധ്യമങ്ങള്‍ എല്ലാം സാംസ്‌കാരികം പുതിയ മന്ത്രി രാജേഷിന്  നല്‍കി എക്‌സൈസ് വാസവന് നല്‍കാന്‍ എന്തൊരു തിടുക്കമാണപ്പാ കാണിച്ചത്?

മന്ത്രിയായി  പുതുതായി ചുമതലയേറ്റ എം.ബി രാജേഷിന് എക്‌സൈസ് വകുപ്പ് താങ്ങാനാകില്ലെന്നും അത് വാസവന് ശരിയായി കൈകാര്യം ചെയ്യാനാവും എന്നും മാധ്യമ പ്രവചനക്കാര്‍ കവടി നിരത്തി ദൃശ്യമാധ്യമങ്ങളില്‍ ഇന്ന് ഉണ്ടാക്കിയത് വലിയ ആശയക്കുഴപ്പം. വാസവന്‍ സഹകരണത്തോടൊപ്പം ഭംഗിയായി കൊണ്ടുനടക്കുന്ന സാംസ്‌കാരികം രാജേഷിന് നല്‍കി രാജേഷിന്  കിട്ടുന്ന എക്‌സൈസ് വാസവന്  നല്‍കുകയായിരുന്നു മീഡിയ പ്ലാന്‍! എല്ലാ ദൃശ്യ മാധ്യമങ്ങളും ഇക്കാര്യം ഇന്ന് ഉച്ചവരെ ഒരേപോലെ പാടിയപ്പോള്‍ അതിനെ രചിച്ചു വിട്ടത് ഒരു കേന്ദ്രത്തില്‍ നിന്ന് ആണെന്ന് വ്യക്തം. ഇനി ഒരു ചാനല്‍ ചമച്ചത് മറ്റു ചാനലുകള്‍ ഏറ്റുപാടിയതോ? ബ്രേക്കിംഗ് ന്യൂസിന്  ക്രെഡിബിലിറ്റി എന്നകാര്യം വേണ്ടെന്ന് ആയോ? ഇത് കണ്ടുള്ള കള്ളു കച്ചവടക്കാര്‍ ഒക്കെ വാസവനുമായും സാംസ്‌കാരിക കൊയ്ത്തുകാരെല്ലാം രാജേഷനുമായും ബന്ധപ്പെടാന്‍ എന്തൊരു തിടുക്കമാണ് കാണിച്ചതെന്നു പറഞ്ഞാല്‍ മതിയല്ലോ .  
സാംസ്‌കാരികം ചിലര്‍ കള്ളൂകച്ചവടത്തെക്കാള്‍ ലാഭകരമായി പണ ശേഖരമാക്കിയതിന്റെ പുകിലുകള്‍ നാട്ടുകാര്‍ അറിയാന്‍ പോകുന്നതേയുള്ളൂ. വലിയവായില്‍ പറയുന്ന പലതും  സേവനമല്ല 'സേവ'യാണെന്ന കാര്യം എത്ര മൂടിവെച്ചാലും ഒരിക്കല്‍ പുറത്തു വരില്ലേ ?  അതാകുമോ  ഇന്ന് രാവിലെ ഉണ്ടായ സാംസ്‌കാരിക വകുപ്പിന് ചൊല്ലിയുള്ള അഭ്യൂഹത്തിന് പിന്നിലുള്ള ചാലകശക്തി? അവരാണോ ചാനലുകള്‍ക്കുള്ളത്  ഫീഡ് ചെയ്തത് ? 

രണ്ടാം പിണറായി മന്ത്രിസഭ രൂപംകൊണ്ട നാള്‍മുതല്‍ മാധ്യമക്കാര്‍ എക്‌സൈസ് വാസവനു  നല്‍കുമെന്ന് പ്രവചിച്ചിരുന്നു. വാസവന്‍ അന്നേ ആ  വകുപ്പ് വേണ്ടെന്ന് കൈകൂപ്പി പിണറായി സഖാവിനോട് പറഞ്ഞതാണ് ഒപ്പം സംസ്‌കാരികത്തോട് ഇഷ്ടം അറിയിച്ചതുമാണ്. 

കോട്ടയം ജില്ലയുടെ രാഷ്ട്രീയ ചിത്രം മാറ്റി വരച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച വാസവന് ഇഷ്ടമില്ലാത്ത ഒരു വകുപ്പ് പിണറായി സഖാവ് നല്‍കില്ലെന്നു നമുക്കൊക്കെ അറിയാമല്ലോ. ജോസ് കെ മാണിയെ വളച്ചെടുത്തു കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ സി.പി.എമ്മിന് അനുകൂലമാക്കി മാറ്റിയതില്‍ വാസവനു  ഉള്ള പങ്ക് അറിയാതെയാണോ സാറെ, മാധ്യമപ്രവര്‍ത്തനം ?

ഗോവിന്ദന്‍ മാഷ് കൈകാര്യം ചെയ്ത വകുപ്പുകള്‍ പകരം വെക്കുന്ന മന്ത്രിക്ക് നല്‍കാതെ ചില വകുപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി അസ്വസ്ഥതയുണ്ടാക്കുന്ന ആളല്ല പിണറായി .രണ്ടുതവണ പാര്‍ലമെന്റ്‌ലും ഒരു വര്‍ഷത്തിലേറെ സ്പീക്കര്‍ കസേരയില്‍ നിയമസഭയിലും  ഇരുന്നു കഴിവുതെളിയിച്ച രാജേഷിനെന്താ എക്‌സൈസ് ഭരിച്ചാല്‍? സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം ഉള്ള മന്ത്രിക്ക് എക്‌സൈസ് വകുപ്പാണ് ബാലഗോപാലന്‍ മന്ത്രിക്ക്  ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഉള്ള റവന്യൂ ഒപ്പിച്ചു കൊടുക്കുന്നതില്‍ പ്രധാന പങ്കെന്ന്  അറിയാത്തവനാണോ ? രാജേഷിന്റെ  ഭാഷയില്‍ പറഞ്ഞാല്‍ പാര്‍ലമെന്റിലേയും  നിയമസഭയെയും ലജിസ്ലേഷന്‍  പരിചയം എക്‌സിക്യൂട്ടീവ് ചെയ്യാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. നന്നായി ചെയ്താല്‍ പേരുദോഷം ഉണ്ടാവില്ല. വിദ്യാര്‍ത്ഥി പ്രസ്ഥാനം മുതല്‍ ഉണ്ടാക്കി കൊണ്ടുവന്ന സല്‍പ്പേര് രാജേഷ് കളയില്ലെന്ന് നമുക്ക് ഉറപ്പിക്കാം. സ്പീക്കര്‍ എന്ന നിലയില്‍ പ്രതിപക്ഷത്തിന്റെ നെഗറ്റീവ് മാര്‍ക്ക് ഇല്ലെന്നാണ് രാജേഷിന്റെ അവകാശവാദം. 

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഓരോ പൂക്കൂടയുമായി നേതാക്കളും മറ്റും പുതിയ മന്ത്രിയെ  അഭിനന്ദിക്കാന്‍ എത്തുന്ന ഒരു പതിവുണ്ട് . ആ പതിവിനിടയിലും പൂക്കടയില്ലാതെ  സഹപാഠിയെ  ആശ്ലേഷിച്ച റിയാസും, ഷംസീറും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. പൂക്കുട നല്‍കുന്ന ബോറന്‍ പരിപാടി നിങ്ങള്‍ ആവര്‍ത്തിക്കാതെ ഇരുന്നത് ദൃശ്യമാധ്യമങ്ങളില്‍  കണ്ടത് തന്നെ സന്തോഷം. ചെറുപ്പക്കാരായ നിങ്ങള്‍ ആകണം പുതിയ മാറ്റങ്ങളുടെ തുടക്കക്കാരും  തുടര്‍ച്ചക്കാരും  

വാല്‍ക്കഷണം : കേരളത്തിലെ തെരുവുനായ കേസ് സുപ്രീംകോടതി ഒടുവില്‍ ഈ വരുന്ന ഒമ്പതാം തീയതി പരിഗണിക്കും എന്നറിഞ്ഞതില്‍ അതിയായ പ്രതീക്ഷ തോന്നുന്നു. ഇവിടെ മനുഷ്യന്റെ ജീവനേക്കാള്‍ വില തെരുവുപട്ടിക്കാണോ  സുപ്രീംകോടതി നിശ്ചയിക്കുന്നത് എന്നുകൂടി അറിയാമല്ലോ. ഡല്‍ഹി കോടതിയില്‍ തന്നെ ജലീലിനെതിരെ കേസുണ്ടെന്ന് കേട്ടെങ്കിലും അതിന്റെ വിചാരണയിലെ പരാമര്‍ശങ്ങളിലും നമ്മെ ആരെയും ബാധിക്കുന്ന ഒന്നും ഉണ്ടാവില്ല. അതേസമയം പെറ്റുപെരുകി  നമുക്കൊന്നും വഴി നടക്കാനോ സുരക്ഷിതമായി സഞ്ചരിക്കാനോ  പറ്റാത്ത വിധം ശല്യം ചെയ്യുന്ന തെരുവുപട്ടികളെ ഇങ്ങനെ അധികൃതര്‍ സ്വതന്ത്രമായി അഴിഞ്ഞാടാന്‍ വിടുന്നതിനെതിരെ നമുക്ക് ഒരു രോക്ഷമുണ്ട്. അഭിരാമി എന്ന് 12 വയസുകാരിയുടെതു പോലെ ഈ കഴിഞ്ഞ ആറ് മാസത്തിനകം 21 മനുഷ്യജീവനുകളാണ്  പൊലിഞ്ഞു പോയത് . ഈ രാജ്യത്ത് മനുഷ്യ ജീവന്റെ കാര്യത്തില്‍ ചോദിക്കാനും പറയാനും ആളില്ലേ? നിയമസഭയിലേക്ക് നാം തിരഞ്ഞെടുത്ത അയച്ച 140  എണ്ണത്തിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ജനകീയ കോടതി 'വാക്‌സിന്‍ മാഫിയയെ പേടിച്ചാണോടാ നിന്റെ നാവ് ഒന്നും പൊന്താത്തത്'  എന്നല്ല ചോദിക്കേണ്ടത് ?

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക