Image

തരൂരാവട്ടെ, അടുത്ത കോണ്‍ഗ്രസ് പ്രസിഡന്റ് ! നാട്ടിലെ ഇന്നത്തെ വഹ 

കെ.എ ഫ്രാന്‍സിസ്  Published on 07 September, 2022
തരൂരാവട്ടെ, അടുത്ത കോണ്‍ഗ്രസ് പ്രസിഡന്റ് ! നാട്ടിലെ ഇന്നത്തെ വഹ 

ശശി തരൂര്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് ആയാല്‍ എന്താ കുഴപ്പം ? ഗാന്ധി കുടുംബത്തിലെ ആരും മത്സരിക്കുന്നില്ലെങ്കില്‍ അവരുടെ ഒത്താശക്കാരന്‍ ആണെന്ന് പറഞ്ഞു തരൂരിനെതിരെ മത്സരിക്കാന്‍ ഏതെങ്കിലും ഞാഞ്ഞൂല്  തലപൊക്കും. ഇന്ദുലേഖക്ക്  ബദലായി ഇന്ദുലേഖയുടെ വേലക്കാരി എത്തിയാല്‍ കോണ്‍ഗ്രസുകാരെന്തിന് അനുകൂലിക്കണം ?  തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസ്സാക്ഷി വോട്ട് ചെയ്യുമെന്ന് സുധാകരന്‍ സൂചിപ്പിച്ചത് ഇപ്പോള്‍ വൈറലായി. ആ പ്രഖ്യാപനം തരൂരിന്റെ  ആത്മവിശ്വാസം കൂട്ടി. തരൂര്‍ ജയിക്കട്ടെ  നമുക്ക് അതിനായി പ്രാര്‍ത്ഥിക്കുക  എങ്കിലും ചെയ്യാം. 

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത്‌ജോഡോ യാത്ര നടത്തുന്നത് ഒക്കെ നല്ലത് തന്നെ. കോണ്‍ഗ്രസുകാര്‍ എന്നു നെഞ്ചിലേറ്റുന്ന ഗാന്ധി കുടുംബം വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാത്തതിലുള്ള സങ്കടം സുധാകരനും ഇന്ന് വെട്ടിത്തുറന്നു പറഞ്ഞു. തരൂര്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍  കേരളം ചെയ്യുന്നത് മനസാക്ഷി വോട്ട്  ആയിരിക്കുമെന്ന് സുധാകരന്‍ പറഞ്ഞത് നന്നായി. തരൂരിന് എന്താ ഒരു കുറവ് ?  കേരളത്തില്‍ നിന്നുള്ള അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന നല്ല അറിവും പ്രാപ്തിയുമുള്ള നേതാവാണ് തരൂര്‍ . നമ്മളൊക്കെ  കോണ്‍ഗ്രസ് ആയാലും അല്ലെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയില്‍ ഒരു മലയാളി ഇരിക്കുന്നതില്‍ സന്തോഷം ഉള്ളവരാണ്. 

വിമര്‍ശിക്കുന്നത് ഏത് അധികാരസ്ഥാനത്ത് ഇരുന്നവര്‍ക്കും ഇരിക്കുന്നവര്‍ക്കും  ഇഷ്ടമല്ല. അവരെ സോപ്പിട്ട് നില്‍ക്കുന്ന ആരാധക സംഘത്തിന്റെ പാടിപ്പുകഴ്ത്തലിനിടയില്‍  വിമര്‍ശനം എത്ര ചെറുതായാലും അതവര്‍ക്ക് അപശബ്ദമായി തന്നേ കാണൂ . അതാണ് ഗാന്ധി കുടുംബത്തിനു പറ്റിയ അബദ്ധം.അതേ സമയം ഗാന്ധി കുടുംബത്തോടൊപ്പം ഒട്ടി നില്‍ക്കുന്നവര്‍ ജി 23 കാരെ കൂടുതല്‍ അകറ്റാനുള്ള പണികള്‍ ഒപ്പിച്ചു കൊണ്ടിരിക്കുന്നു. കട്ടില്‍ ഒഴിഞ്ഞിട്ട് വേണമല്ലോ വേറെ ചിലര്‍ക്ക്  കയറി കിടക്കാന്‍ ! 

ഭരണം ഉള്ള കാലത്തും ഇല്ലാത്ത കാലത്തും ഗാന്ധി കുടുംബത്തിലെ പ്രകാശത്തില്‍ തിളങ്ങി നില്‍ക്കുന്നവര്‍ ഉണ്ടാവും. അവരുടെ തലയണമന്ത്രം കേട്ടാണ് ഗാന്ധികുടുംബം ജി 23 നേതാക്കളുടെ ഒരു അനുരഞ്ജന ശ്രമത്തിനും വഴങ്ങി കൊടുക്കാതിരുന്നത് എന്ന് കോണ്‍ഗ്രസില്‍  ആര്‍ക്കാണറിയാത്തത്?  ആ 23 ല്‍ ഒരാളായ  തരൂര്‍  പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ആവാനുള്ള സാധ്യത തെളിഞ്ഞു വന്നതോടെ പല കോണ്‍ഗ്രസ്സുകാരും സുധാകരനെ പോലെ ചിന്തിക്കുന്നു .അവരാരും ഗാന്ധി കുടുംബത്തിന് എതിരല്ല. പാര്‍ട്ടിയെ  വഷളാക്കുന്ന ഇത്തിക്കണ്ണികളെ  ഒഴിവാക്കണമെന്നേ  അവര്‍ പറയുന്നുള്ളൂ. ഗാന്ധി കുടുംബത്തിലെ ഗ്ലാമറില്‍ പ്രകാശിക്കുന്ന ഉപജാപക സംഘം ഒന്നടങ്കം തരൂരിനെതിരെ തിരിയാതിരിക്കില്ല. അതില്‍ നമ്മുടെ കെ.സി വേണുഗോപാല്‍ എന്തായാലുമുണ്ടാകും . വിഡി സതീശനും വേണുവും ആയുള്ള ഇരിപ്പുവശം വച്ച് കൂടെ കൂടാം  അങ്ങനെ കൂടെ കൂടാമായിരുന്ന സുധാകരന്‍ തരൂരിന്റെ കൂടെ നിന്നാല്‍ അത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമാവും എന്ന് ഉറപ്പ്.സതീശന്റെ നിലപാടാണ് ഇനി  അറിയേണ്ടത്. ജി 23 എതിര്‍ക്കുന്നത് ഗാന്ധി കുടുംബത്തെയല്ല അവരെ വഴിതെറ്റിക്കുന്ന പുത്തന്‍ സംഘത്തെ ആണെന്ന് അടിവരയിട്ടു  തരൂരും പറയുന്നു .

പെരുമ്പത്തൂരില്‍  ബോംബ് സ്‌ഫോടനത്തില്‍ മരിച്ച പിതാവ് രാജീവ് ഗാന്ധിയുടെ രക്തസാക്ഷി കുടീരത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് അഞ്ച് മാസത്തെ ജോഡോ യാത്ര രാഹുല്‍ തുടങ്ങുന്നത് . 3570 കിലോമീറ്റര്‍ നടന്നു ശ്രീനഗറില്‍ എത്തും. അടുത്തകാലത്തൊന്നും ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്ത വലിയൊരു പ്രവര്‍ത്തനം ആയിരിക്കും അത് .കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് താനോ തന്റെ ആരും  മത്സരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ശേഷമുള്ള 'യാത്ര'യായതിനാല്‍ രാഹുലിന്റെ  ഗ്ലാമര്‍ കൂടുകയും ചെയ്തിട്ടുണ്ട്. 

ഉത്രാടപ്പാച്ചില്‍ : 

സുധാകരനെ തരൂര്‍ തട്ടിക്കൊണ്ടുപോയി എന്നു രാഷ്ട്രീയം കളിക്കുന്ന വേണുവിന്  പറയാം. കൊട്ടിയൂരിലും  ഉണ്ടായി ഒരു തട്ടിക്കൊണ്ടുപോവല്‍. 10  ലക്ഷം രൂപ 2019 ല്‍ കടം നല്‍കിയത് തിരിച്ചു കിട്ടാന്‍ ഒരു ലക്ഷം രൂപ നല്‍കി ഒരു കൊട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചത് കടം നല്‍കിയ ആളുടെ മകനായ ഫിസിയോതെറാപ്പിസ്റ്റ്! സംഭവമറിഞ്ഞതോടെ തട്ടിക്കൊണ്ടുപോയ പതിനാലുകാരനെ കണ്ടെത്താന്‍ പോലീസിന് ഉത്രാടപ്പാച്ചില്‍. പയ്യനെ പോലീസ് പുഷ്പംപോലെ പൊക്കിയെടുത്ത്. ഫിസിയോതെറാപ്പിസ്റ്റിന്റെ  ഒരു ലക്ഷം രൂപ വെറുതെ പോയി, എന്ന് മാത്രമല്ല ഒരു കിഡ്നാപ്പ് കേസില്‍  പ്രതിയുമായി. 

അയല്‍വാസിക്ക് ബന്ധുക്കാരനില്‍ നിന്ന് കുട്ടിയുടെ ഉമ്മ വാങ്ങി കൊടുത്ത 10 ലക്ഷം രൂപ അവര്‍ തിരിച്ചു തന്നില്ല എന്നാണ് ആ ഉമ്മ പറയുന്ന ന്യായം. അതൊരു ന്യായം പറച്ചിലായി പോലീസിനു പോലും തോന്നിയിട്ടില്ല എന്നത് വേറെ കാര്യം. കൊട്ടേഷന്‍ സംഘത്തില്‍ ഏഴ് പേര്‍ ഉണ്ടായിരുന്നു പോലും അതിലൊരാള്‍  തടഞ്ഞ ഇത്തയെ  അടിച്ചുവീഴ്ത്തി എന്നും. തനിക്ക്  മയക്കുമരുന്ന് തന്നു കാര്‍ വരെ നിലത്തിലൂടെ വലിച്ചിഴച്ചു ദേഹം മുഴുവന്‍ മുറിഞ്ഞിട്ടുണ്ടെന്നും ആണ്  പയ്യന്റെ മൊഴി. അതിനൊക്കെ ഉള്ള പ്രത്യേകം പ്രത്യേകം കേസില്‍ സംഘാംഗങ്ങള്‍ക്ക്  പുറമേ ഫിസിയോതെറാപ്പിസ്റ്റും  ഉണ്ടാവും. 

ബി.ജെ.പി ട്രിക്ക് : 

ഇലക്ഷന്‍ വരും മുമ്പ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പാപ്പരാക്കുന്ന  തന്ത്രം ആണല്ലോ ബിജെപിയുടേത്. നോട്ട് നിരോധനം വന്നതോടെ ബിജെപി ഒഴിച്ചുള്ള മറ്റു എല്ലാ പാര്‍ട്ടികളും കാല്‍ കാശ് കള്ളപണം ഇറക്കാനാവാതെ ഒരു ഇലക്ഷനെ നേരിട്ടില്ലേ ?  അതെ ട്രിക്  ചെറിയൊരു മാറ്റത്തോടെ ഇപ്പോള്‍ തുടങ്ങി വച്ചിരിക്കുന്നു 
ആറ് സംസ്ഥാനങ്ങളില്‍ ഇത് സംബന്ധിച്ച് റെയ്ഡും ആരംഭിച്ചു. ഇതൊരു ടെസ്റ്റ് കേസ് . ഈര്‍ക്കിലി പാര്‍ട്ടികളാകും  ആദ്യ ഇരകള്‍ . അനധികൃതമായി പണപ്പിരിവ് നടത്തുന്നു  എന്നാണ് ആരോപണം. ഒരു കാര്യവും കാണാന്‍ പറ്റാത്തവര്‍ക്ക് ആരു പണം കൊടുക്കും, സാറേ? വാല് പൊക്കുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കൊക്കെ നന്നായി അറിയാം.

വാല്‍ക്കഷ്ണം : അത്തം കറുത്താല്‍ ഓണം വെളുക്കും എന്നായിരുന്നു മാവേലി മന്നന്റെ  പഴയ കാലം മുതല്‍ക്കുള്ള ഉറപ്പ് ഇപ്പോള്‍ അത്തവും കറുത്തു.   ഉത്രാടം മുതല്‍ മൂന്നാം ഓണം വരെയുള്ള ഓഫര്‍ യെല്ലോ അലര്‍ട്ടും  റെഡ് അലര്‍ട്ടുമല്ലേ ?  ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ചക്രവാത ചുഴി കൂടി  സഹായിച്ചാല്‍ ഓണക്കാലത്ത് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത പെരുമഴയും പ്രതീക്ഷിക്കാം. ഏറെക്കാലത്തിനു ശേഷം കിട്ടുന്ന ഓണം പെരുമഴയും തെരുവുപട്ടികളും  ചേര്‍ന്നു കുളമാക്കും എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നാലും സ്വന്തം വീട്ടില്‍ എത്താവുന്നവര്‍ക്ക് അന്ന് വീട്ടിലിരുന്ന് എല്ലാവര്‍ക്കും ഓണസദ്യ ഉണ്ണാമല്ലോ.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
Tom Abraham 2022-09-07 20:37:22
Tharoor is the most qualified leader in the Congress . Tharoor zindabad..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക