MediaAppUSA

ഫൊക്കാന പ്രസിഡന്റിന് കേരളത്തിൽ വൻ വരവേൽപ്പ്; ഗവർണർ   വിരുന്ന് നൽകി

രാജേഷ് വി.എസ് Published on 12 September, 2022
ഫൊക്കാന പ്രസിഡന്റിന് കേരളത്തിൽ വൻ വരവേൽപ്പ്; ഗവർണർ   വിരുന്ന് നൽകി

തിരുവനന്തപുരം.അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ   പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന് കേരളം അവിസ്മരണീയമായ വരവേൽപ്പ് നൽകി. നാലു പതിറ്റാണ്ടു നീളുന്ന ഫൊക്കാനയുടെ ചരിത്രത്തിൽ ഒരു പ്രസിഡന്റിനും ലഭിക്കാത്ത സ്വീകരണമാണ് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കേരളത്തിലെത്തിയ വേളയിൽ ബാബു സ്റ്റീഫന് ലഭിച്ചത്.

അമേരിക്കൻ മലയാളികളുടെ അംബാസിഡർ

കഴിഞ്ഞ നാൽപ്പതുവർഷമായി അമേരിക്കയിൽ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമെന്ന നിലയിൽ പ്രവർത്തിക്കുന്ന ബാബു സ്റ്റീഫന്റെ സേവനം അമേരിക്കൻ മലയാളി സമൂഹത്തിന് ഒരു  അംബാസിഡറുടേതെന്ന പോലെ വിലമതിക്കാനാവാത്തതാണെന്ന് പ്രമുഖ സന്നദ്ധ സംഘടനയായ കേരളീയം തിരുവനന്തപുരത്തൊരുക്കിയ സ്വീകരണച്ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു. കേരള ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാനാണ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്.

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബുകൾ വിതരണം ചെയ്യുന്ന കേരളീയം പദ്ധതിയുടെ ഉദ്ഘാടനവും ഗവർണർ തദവസരത്തിൽ നിർവഹിച്ചു. കേരളത്തിനും അമേരിക്കൻ മലയാളികൾക്കുമിടയിൽ ഒരു പാലം പോലെയാണ് ഫൊക്കാന പ്രവർത്തിക്കുന്നതെന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ബാബു സ്റ്റീഫനെ അനുമോദിച്ചുസംസാരിക്കവെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ബാബു സ്റ്റീഫനെപ്പോലെ കർമ്മനിരതനും യോഗ്യനുമായ ഒരാൾ ഫൊക്കാനയുടെ തലപ്പത്തെത്തുന്നത് ഏറെ പ്രയോജനകരമാകുമെന്നും ഗവർണർ പറഞ്ഞു. ബാബു സ്റ്റീഫനെ പൊന്നാടയണിയിച്ച ഗവർണർ അദ്ദേഹത്തിന് ഉപഹാരവും സമ്മാനിച്ചു.

ഫൊക്കാനയുടെ ഉപഹാരം ജനറൽ സെക്രട്ടറി ഡോ.കലാ ഷഹി ,മുൻ ട്രഷറർ തോമസ് കെ.തോമസ്, ട്രഷറർ ബിജു കൊട്ടാരക്കര എന്നിവർ ചേർന്ന് ഗവർണർക്ക് സമർപ്പിച്ചു.

ഇന്ത്യൻ എംബസിയുടെ എക്കാലത്തെയുംസുഹൃത്ത്

അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് ഒരിക്കലും മറക്കാനാവാത്ത സുഹൃത്താണ് ഡോ.ബാബു സ്റ്റീഫനെന്ന് ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയ മുൻ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ഡോ. ടി.പി. ശ്രീനിവാസൻ പറഞ്ഞു. ഇന്ത്യയുടെ മുൻ രാഷ്ട്രപതി പരേതനായ കെ.ആർ.നാരായണൻ അമേരിക്കയിൽ അംബാസിഡറായിരിക്കുമ്പോൾ ഇന്ത്യൻ എംബസിയിൽ രണ്ടാമനായി താനുമുണ്ടായിരുന്നു. അന്ന് മലയാളികൾ മാത്രമല്ല, ഇന്ത്യക്കാരുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും എംബസി ആശ്രയിച്ചിരുന്നത് ബാബു സ്റ്റീഫനെയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച പേഴ് സണൽ ബാർ ബാബു സ്റ്റീഫന്റെ വസതിയിലാണ് താൻ കണ്ടിട്ടുള്ളതെന്നും ടി.പി.ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

ആതിഥ്യ മര്യാദയിലും മുന്നിൽ

അമേരിക്കയിൽ മലയാളികളെ സംബന്ധിച്ചിടത്തോളം രണ്ട് പ്രസിഡന്റുമാരാണുള്ളതെന്നും അത് അമേരിക്കൻ പ്രസിഡന്റും ഫൊക്കാന പ്രസിഡന്റുമാണെന്ന് ആശംസാ പ്രസംഗത്തിൽ സി.പി.എം പി.ബി.അംഗവും മുൻ മന്ത്രിയുമായ എം.എ. ബേബി പറഞ്ഞു. സ്റ്റീഫന്റെ ആതിഥ്യ മര്യാദ മറക്കാൻ പറ്റുന്നതല്ല. അംബാസിഡർ ടി.പി.ശ്രീനിവാസനെ താൻ ആദ്യമായി പരിചയപ്പെട്ടത് അമേരിക്കയിലെ ബാബു സ്റ്റീഫന്റെ വസതിയിൽ വച്ചാണെന്നും ബേബി ചൂണ്ടിക്കാട്ടി.

കേരള വികസനത്തിൽ ഫൊക്കാനയുടെ സഹായം

കേരളത്തിന്റെ വികസന കാര്യങ്ങളിൽ ഫൊക്കാനയ്ക്ക് ചെയ്യാൻ കഴിയുന്നതെല്ലാം നൽകുമെന്ന് മറുപടി പ്രസംഗത്തിൽ ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. ഭവന രഹിതരായ ആദിവാസികൾക്ക് 25 വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ തുടക്കം തിരുവനന്തപുരത്ത് അമ്പൂരിയിൽ ആരംഭിച്ചിട്ടുണ്ടെന്നും , സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തി അപകടത്തിൽപ്പെടുന്ന നിരാലംബർക്ക് കൈത്താങ്ങായി ഫൊക്കാന മാറുമെന്നും സ്റ്റീഫൻ വിശദമാക്കി.

എന്നും സഹായി

പാവപ്പെട്ടവരെ സഹായിക്കുന്ന കേരളീയത്തിന്റെ പല പദ്ധതികളിലും ബാബു സ്റ്റീഫന്റെ നല്ല പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ കേരളീയം ചെയർമാനും രാജ്യസഭാംഗവുമായ പി.വി.അബ്ദുൾ വഹാബ് പറഞ്ഞു. ചടങ്ങിൽ കേരളീയം വർക്കിംഗ് ചെയർമാൻ ജി.രാജ് മോഹൻ സ്വാഗതവും ലാലു ജോസഫ് നന്ദിയും പറഞ്ഞു.

ഗവർണറുടെ വിരുന്ന് സത്ക്കാരം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സ്വീകരിച്ച് രാജ് ഭവനിലെത്തിയ ഡോ. ബാബു സ്റ്റീഫനെയും സഹപ്രവർത്തകരെയും ഗവർണറും കുടുംബാംഗങ്ങളും ചേർന്നാണ് സ്വീകരിച്ചത്. ഒരു മണിക്കൂറിലധിക നേരം  സ്റ്റീഫനുമായി ഗവർണർ സംസാരിച്ചിരുന്നു. ഗവർണറെയും കുടുംബത്തേയും ഫൊക്കാനയുടെ പരിപാടികൾക്ക് സ്റ്റീഫൻ ക്ഷണിക്കുകയും ഗവർണർ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഫൊക്കാനയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഗവർണർ രാജ്ഭവനിൽ ഫൊക്കാന പ്രസിഡന്റിന് വിരുന്നൊരുക്കിയത്. തദവസരത്തിൽ ഓണ സമ്മാനവും ഗവർണർ നൽകി.

ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കല ഷഹി, മുൻ ട്രഷറർ തോമസ്.കെ.തോമസ്, കേരളീയം വർക്കിംഗ് ചെയർമാൻ ജി.രാജ് മോഹൻ, സെക്രട്ടറി ജനറൽ എൻ.ആർ.ഹരികുമാർ ,ലാലു ജോസഫ് ,ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു.

ആസ്ഥാന മന്ദിരം ഉടൻ

ഫൊക്കാനയ്ക്ക് അമേരിക്കയിൽ ഉടൻ ആസ്ഥാന മന്ദിരം സ്ഥാപിക്കുമെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു. ഇത്രയും കാലവും ഫൊക്കാന ചില വ്യക്തികളെ കേന്ദ്രീകരിച്ചു നിൽക്കുകയായിരുന്നു .ഇനി മുതൽ അത് ഓരോ അംഗങ്ങൾക്കും അവകാശപ്പെട്ടതാണ്. ഫൊക്കാനയുടെ 2024 ലെ വാഷിംഗ്ടൺ കൺവൻഷനിൽ അമേരിക്കൻ പ്രസിഡന്റോ ,വൈസ് പ്രസിഡന്റോ പങ്കെടുക്കാൻ ശ്രമങ്ങൾ ആരംഭിച്ചുവെന്നും സ്റ്റീഫൻ പറ‌ഞ്ഞു. പത്തു ദിവസത്തെ കേരള സന്ദർശനത്തിനിടയിൽ പത്തു ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ബാബു സ്റ്റീഫൻ നടത്തി. സംസ്ഥാനത്തെ പല മന്ത്രിമാരുമായും കൂടിക്കാഴ്ചകൾ നടത്തി. അടുത്ത വരവിൽ മുഖ്യമന്ത്രിയടക്കമുള്ളവരെ ബാബു സ്റ്റീഫൻ കാണുന്നുണ്ട്. അടുത്ത വർഷം കേരളത്തിൽ ഫൊക്കാനയുടെ വിപുലമായ കൺവൻഷൻ നടത്തുമെന്നും ബാബു സ്റ്റീഫൻ വ്യക്തമാക്കി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക