Image

മറുക് (കഥ:ലത ബാലകൃഷ്ണൻ)

Published on 12 September, 2022
മറുക് (കഥ:ലത ബാലകൃഷ്ണൻ)

കീഴുകാവ് പഞ്ചായത്തിൽ ജനസഞ്ചാരവും ഉണർവും ഉണ്ടാക്കിയ ആദ്യത്തെ സർക്കാർ ഓഫീസ്  ആയിരുന്നു അത്. കേന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു കാര്യങ്ങളുടെ നടത്തിപ്പ്. അവിടേക്കാണ് മിത്രക്കരി ഗ്രാമത്തിലെ ചെറുപ്പക്കാരുടെ ദിവാസ്വപ്നങ്ങൾക്ക്  നിറക്കൂട്ടു വാരി വിതറി കൊണ്ടിരുന്ന ഹൈമകുട്ടി എന്ന ഗ്രാമ സുന്ദരിക്ക് അധോ മണ്ഡലം ഗുമസ്ത തസ്തികയിൽ   പ്രവേശിക്കാനുള്ള പോസ്റ്റിങ്ങ്‌ ഓർഡർ വന്നത്. മിത്രക്കരി ഗ്രാമത്തിലെ ആദ്യത്തെ സർക്കാർ ഉദ്യോഗസ്ഥ. ഗ്രാമത്തിന്റെ വിശപ്പും ദാഹവും തൊട്ടറിഞ്ഞ ഹോട്ടലുടമ    പഞ്ചരത്നം പിള്ളയുടെ പഞ്ചാര കുട്ടി ആയ ഏക മകൾ. പിള്ളയുടെ ചായയുടെ മാഹാത്മ്യം ആ നാട്ടിൽ പ്രസിദ്ധമായിരുന്നു.ബോയ്ലറിലെ തിളച്ച  വെള്ളം ടാപ്പു തുറന്നു കരിമ്പൻ കുത്തിയ തേയില സഞ്ചിയുടെ പള്ള വീർപ്പിമ്പോൾ പിള്ളയുടെ  വലതുകയ്യിലെ നാല് വിരലുകൾ മച്ചി പശുവിന്റെ അകിടിലെ ചോരപിഴിഞ്ഞെടുക്കുന്ന ലാഘവത്തോടെ തേയില സഞ്ചിയിൽ ഒരു പ്രയോഗമുണ്ട്. ബോയ്ലറിനു ചുവട്ടിൽ സ്ഥാനം പിടിച്ചിരിക്കുന്ന പിടി പോയ ഓട്ടു മൊന്തയുടെ ചുവട്ടിൽ ജീവനാംശംകാത്തുകിടക്കുന്ന ആട്ടിൻപാലിൽ കാലങ്ങളായി തേയില കറപുരണ്ട തുണിയിൽ നിന്നും വീഴുന്ന ചൂടുള്ള  കറുത്ത ലായനി ഒന്നു പതഞ്ഞു കൊഴുക്കും. ഒരു നിത്യാഭ്യാസിയുടെ എന്ന പോൽ പഞ്ചരത്നത്തിന്റെ വലതു  കൈയിലെ ചായ  ഗ്ലാസ്‌ നിലം തൊടാതെ പുരയുടെ മോന്തായം ടച്ച്‌ ചെയ്തു ഉയർന്നു താഴുമ്പോൾ     ആണി രോഗം ആലിംഗനം ചെയ്ത പിള്ളയുടെ  കാലിന്റെ ഉപ്പുറ്റി മെഴുക്കു പുരണ്ട ഗ്രൗണ്ടിൽ ഒന്ന് പിച്ച് ചെയ്ത ശേഷം ഇടതു കൈയിൽ സ്ഥാനം പിടിച്ച ഗ്ലാസ്‌, പത തുളുമ്പുന്ന ചൂട് ചായ ഏറ്റുവാങ്ങും. ചായയുടെ കൂടെ അര  തവി മാവുകൊണ്ട് ഒന്നര മീറ്റർ  ഡൈമെൻഷനിൽ ഉണ്ടാക്കുന്ന മുറം പോലുള്ള ദോശയും തേങ്ങയും തേങ്ങാ പിണ്ണാക്കും സമാസമം ഒത്തുചേർന്ന ചട്നിയും  ചൂടോടെ അകത്താക്കാൻ രാവിലെ കടയിൽ നല്ല തിരക്കാണ്. പിള്ളയുടെ മേശ വലിപ്പിലെ നാണയങ്ങളുടെ കിലുക്കം കൂടുന്നതിനനുസരിച്ചു മേശപ്പുറത്തിരിക്കുന്ന കുടവയറൻ  കുബേര പ്രതിമയുടെ തല ഇടം വലം കുലുങ്ങുമ്പോൾ പഞ്ചരത്നത്തിന് ആശ്വാസത്തിനു വക ആകും.
അന്ന്  പിള്ളയുടെ ഹോട്ടൽ cum ടീ ഷോപ്പ് ഉച്ച വരെ അവധി ആയിരുന്നു. മീൽസ് റെഡി  എന്ന ബോർഡ്‌ മറിച്ചിട്ടു പിള്ള ഹൈമകുട്ടിയെയും കൊണ്ടു കീഴ് കാവിലേക്കു വണ്ടി കയറി.
          കീഴുകാവിന്റെ മാറ് പിളർന്നു  അന്തമില്ലാതെ നീളുന്ന റയിൽ പാത ഹൈമക്കുട്ടിക്കു ഒരു പുത്തൻ കാഴ്ച ആയിരുന്നു. മിത്രക്കരിയുടെ ലാവണ്യം കീഴുകാവിന് ഇല്ല. മിത്രക്കരിയെ പട്ടണത്തിലേക്കുള്ള റോഡുമായി ബന്ധിപ്പിക്കുന്ന വലിയ പാലം മാത്രമാണ് ആ ഗ്രാമത്തിലെ ആർഭാടം എന്ന് പറയാനുള്ളത്. പാലത്തിനു ഇരു വശവും നോക്കെത്താ ദൂരത്തോളം പുഞ്ച വയൽ ആണ്. പകലിന്റെ വിടാവാങ്ങലിൽ  ചുവന്നു തുടുക്കുന്ന പടിഞ്ഞാറൻ സന്ധ്യയും  അകമ്പടി പോകുന്ന കൊറ്റിയും കാക്കയും എല്ലാം നിത്യവും  കാണുന്ന കാഴ്ച ആയതുകൊണ്ട് അതിൽ ഹൈമകുട്ടിക്ക് പുതുമ നഷ്ടപ്പെട്ടിരിക്കുന്നു. കീഴുകാവിന്റെ നിശബ്ദതയെ വലിച്ചു കീറുന്ന ട്രെയിനിന്റെ ഒച്ച ഹൈമകുട്ടിയെ പുളകം കൊള്ളിച്ചു.  താൻ ജനിച്ചു വളർന്ന ഒരു ഗ്രാമം വിട്ട് പുറം ലോകവുമായി പരിചയം കുറവായിരുന്നു. ഡിഗ്രി  പഠന കാലത്തെ  അവസാന വർഷങ്ങൾ കോവിഡ് മൊത്തമായി  വിഴുങ്ങിയത് മൂലം കോളേജിലെ പ്രവൃത്തി പരിചയം വേണ്ടിയ കാലയളവിൽ നിന്നും നേർ പകുതിയായി കുറഞ്ഞു. പഞ്ച രത്നത്തെ സംബന്ധിച്ചിടത്തോളം ഇത് പോലെ ഒരനുഗ്രഹം വേറെ വരാനില്ല.  ഓൺലൈൻ ക്ലാസ്സ്‌ ഓൺ ആക്കി  ചായക്കടയോട് ചേർന്നുള്ള ചായ്പിൽ മകൾ ഇരിക്കുമ്പോൾ പിള്ളക്ക് മകളുടെ മേൽ ഒരു നോട്ടവും കിട്ടും ഇടയ്ക്ക് ഹോട്ടൽ പണിയിൽ മകളുടെ സഹായവും തേടാം. ദിവസവും കോളേജിലേക്കുള്ള
പോക്കുവരവിന്റെ ചെലവ്, മുന്തിയ തരം വസ്ത്രങ്ങൾ വാങ്ങാനുള്ള മകളുടെ നിർബന്ധം  ഇവയിൽ നിന്നെല്ലാം സ്നേഹ സമ്പന്നനായ ആ പിതാവിന് മുക്തി കിട്ടി എന്ന് മാത്രമല്ല, പിള്ളക്ക് എന്നും തലവേദന ആയിരുന്ന  ബസ്സ്റ്റോപ്പിലെ ഹൈമകുട്ടി ഫാൻസ്‌ അസോസിയേഷനായ പൂവാല ശല്യത്തിൽനിന്നും  കൊച്ചിനെ കുറച്ചു നാളത്തേക്കെങ്കിലും മാറ്റി നിർത്താൻ കോവിഡിന് കഴിഞ്ഞു എന്നതിനാൽ  രാവിലേ കട  തുറക്കുമ്പോൾ ദീപം കാണിക്കുന്ന  ദൈവങ്ങളുടെ ചിത്രങ്ങൾക്ക് അരികിലായി ഈ വൈറസിന്റെ ചിത്രം കൂടി പ്രതിഷ്ഠിച്ചാലോ എന്ന ചിന്ത  പിള്ളക്ക് ഇല്ലാതില്ല. അടക്ക ആണെങ്കിൽ മടിയിൽ  വെക്കാം. പെണ്ണ് ചെന്തെങ്ങു കുലയ്ക്കും പോലെ പുര കടന്നപ്പോൾ പഞ്ചരത്നത്തിന്  ഉറക്കം കുറഞ്ഞു. തള്ളയില്ലാ വാവല് കീഴ്‌ക്കാം തൂക്ക് എന്ന് പറഞ്ഞപോലെ  വാത്സല്യം അല്പംകൂടിപ്പോയതുകൊണ്ടാണോ അടുത്ത കാലത്തായി കൊച്ചു തീരെ വകവെക്കുന്നുമില്ല. ക്ലാസ്സ്‌ ഓൺലൈൻ ആയപ്പോൾ ഹോട്ടലിൽ ഉച്ച ഊണിന്റെ എണ്ണം കൂടി. വിക്രമാദിത്യന്റെ തോളിൽ വേതാളം  എന്നപോലെ സ്ഥിരം ഒരു പഴക്കുല ഹോട്ടലിന്റെ ഉത്തരത്തിൽ തൂങ്ങി ആടുന്നുണ്ടായിരുന്നു. മേപ്പടി വേതാളം ഹോട്ടലിൽ നിന്ന്  പിള്ളയുടെ മകളുടെ  പഠന കേന്ദ്രമായ ചായ്‌പിലേക്കുള്ള നേരിട്ടുള്ള ദർശനത്തിന് തടസ്സം നിൽക്കുന്നത് മൂലം ഊണ് കഴിഞ്ഞു ഓരോ പഴം കൂടി കസ്റ്റമേഴ്സ് പിള്ളയുടെ സഹായം കൂടാതെ അടർത്തിഎടുക്കുന്ന പതിവ് ആരംഭിച്ചതോടെ രണ്ട് ദിവസം കൂടുമ്പോൾ ചായ്‌പിലേക്കുള്ള വിടവ്  അടക്കാൻ പുതിയ കുല തൂക്കേണ്ട അവസ്ഥ. ഉച്ചയൂണ് വെടിപ്പായി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ്     ഒരു പുതിയ അവതാരം കടയിലേക്ക് കാലെടുത്തു കുത്തിയത്.
'കഴിക്കാൻ എന്തുണ്ട്  ശെട്ടാ'
കടയിലെ തിരക്ക്  കാരണം നാട്ടിൽ കേട്ടു പരിചയം ഇല്ലാത്ത വഴു വഴുപ്പുള്ള ആ സ്ലാങ് പിള്ള കാര്യമാക്കിയില്ല. ഊണ്  ഇലയിൽ  വിളമ്പുന്നതിനൊപ്പം കടയിൽ അവശേഷിച്ച പല്ലഹാര ലിസ്റ്റ് പിള്ള വിളമ്പി. ആഗതന് അതൊന്നും യോജിച്ച മട്ടില്ല.
'പൂതി ഉണ്ടോ ശേട്ടാ '
അതെന്തു സാധനം ആണപ്പാ?
ഉടനെ ചായ്‌പ്പിൽ നിന്നും മറുപടി വന്നു.
' അച്ഛാ പൂരി ഉണ്ടോ എന്നാണ് ചോദിച്ചത്. ബംഗാളിയാ '.
മകൾ മൊഴിഞ്ഞപ്പോൾ പിള്ളക്ക് ആധി ആയി. ഇവൾക്കെങ്ങനെ അറിയാം. ഇതും ഇവളുടെ  അസോസിയേഷനിൽ പെട്ടതാണോ?
ബംഗാളിയായാലും നേപ്പാളിയായാലും കൊള്ളാം ഈ കച്ചവടം ഇവിടെ ചെലവാകില്ല  എന്ന മട്ടിൽ പിള്ള ആഗതനെ മടക്കി  അയച്ചു.
    കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ഒക്കെ കടന്നുപോകുമ്പോൾ ആയിരുന്നു മകൾക്ക് ഉദ്യോഗത്തിൽ പ്രവേശിക്കാനുള്ള അറിയിപ്പ് കിട്ടിയതും രക്ഷപ്പെട്ടു എന്ന ആശ്വാസത്തിൽ മകളെ കേന്ദ്രന്റെ കൈയിൽ ഏല്പിക്കാനായി വണ്ടി കയറിയതും. യോഗ്യത സർട്ടിഫിക്കറ്റ് അടങ്ങിയ ഫയൽ  നെഞ്ചോട് ചേർത്ത്  പഞ്ചരത്നത്തിന്റെ കൈ പിടിച്ചു ആദ്യമായി ആശാൻ പള്ളിക്കൂടത്തിൽ പോകുന്ന കുട്ടിയുടെ ഭയപ്പാടോടെ കഥാപാത്രം ആ കൂറ്റൻ കെട്ടിടത്തിലേക്കു കയറി ചെന്നു. കാക്കിയും തൊപ്പിയും ധരിച്ച കാവൽക്കാർ അകത്തേക്ക് ഉള്ള പാത തെളിച്ചു കൊടുത്തു. പടയാളികളുടെ അകമ്പടിയോടെ  മകളെയും കൂട്ടി അകത്തു കടന്നപ്പോൾ  പിള്ള അഭിമാന പുളകിതനായി.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്ന മാമൂൽ ചടങ്ങ്  കഴിഞ്ഞു. അടുത്തത്  വ്യക്തിഗത പരിശോധന. ഗതികേടിനു
ഹൈയ്മകുട്ടിയുടെ  വ്യക്തിഗത തിരിച്ചറിയൽ അടയാളങ്ങളിൽ ഒന്ന്  വലതു കാലിൽ മുട്ടിനു മുകളിലെ കറുത്ത മറുകയാണ്. പത്താം തരം സർട്ടിഫിക്കറ്റിൽ പേർസണൽ  ഐഡന്റിഫിക്കേഷൻമാർക്സ് രേഖ പ്പെടുത്താനായി  പായ്ക്ക്ഡ് ഫുഡിന്റെ
എക്സ്പൈറി ഡേറ്റ് തപ്പുന്നതുപോലെ ഹായ്മകൊച്ചിനെ തിരിച്ചും മറിച്ചും ക്ലാസ്സ്‌ ടീച്ചർ നോക്കിയപ്പോൾ കിട്ടിയ ഒരേ ഒരു തിരിച്ചറിയൽ  അടയാളം ആയിരുന്നു ആ കറുത്ത മറുക്. അന്ന്  ഹൈമകുട്ടി ആളിൽ ചെറുതും പ്രവൃത്തി പരിചയത്തിൽ കുട്ടിത്തം ബാക്കി നിൽപുണ്ടായിരുന്നതുകൊണ്ടും ക്ലാസ്സ്‌ ടീച്ചർ അംബിക മാഡം  ഒരുപാട് അലഞ്ഞ ശേഷം  കണ്ടെത്തിയ ആ മറുകിനെ താമ്ര പത്രത്തിന്റെ  ആദ്യ പേജിൽ തന്നെ രേഖ പ്പെടുത്തി. ഇന്നിപ്പോൾ മുട്ടുവരെയുള്ള പാവാടയുടെ കാലം മാറി. ഈ മറുക് ഒരു തല വേദന ആകുമല്ലോ എന്ന് ചിന്തിച്ചു നിന്നപ്പോൾ തന്നെ തെളിവെടുപ്പിന്റെ അന്നൗൺസ്‌മെന്റ് വന്നു കഴിഞ്ഞു.
'A black mole  above the right knee'
സൂപ്രണ്ടിനോട് വിവരം പറഞ്ഞൂ.  എന്റെ ആധാർ ഉണ്ടല്ലോ. ഈ മറുക് ഒഴിവാക്കരുതോ?
അകത്തു കണ്ണാടിക്കൂട്ടിൽ ഇരിക്കുന്ന മേലധികാരിയെ ചൂണ്ടി സൂപ്രണ്ട് മൊഴിഞ്ഞു.
സാർ സമ്മതിക്കില്ല. പുതിയ ആളാണ്‌. ഏതോ ചുരുക്കെഴുത്തു മാസികയുടെ മാനേജിങ് ഡയറക്ടർ തസ്തിക മാറ്റം വഴി വന്നതാണ്. പുള്ളിക്ക് എല്ലാം സംശയം ആണ്. ബോധ്യപ്പെടണം.
ഹൈമകുട്ടിക്ക് ബോധം പോയ പോലെ ആയി. പഞ്ചരത്നം വെളിയിൽ ഇരിപ്പുണ്ട്. അകത്തിരിക്കുന്ന കടുവയെ മറുക് കാണിക്കുന്നതിലും ഭേദം  വീട്ടിലെ ചായ്‌പ് തന്നെ. ഈ വിഷമ ഘട്ടം വീക്ഷിച്ച് സെക്ഷനിൽ ഒരാൾ നിലത്തു മുട്ടാത്ത കാലുകൾ ആട്ടി ഇരിപ്പുണ്ടായിരുന്നു. നിയമനങ്ങൾ ഒന്നും അടുത്ത കാലത്ത് നടക്കാത്തതിനാൽ ഓഫീസിലെ വസന്ത കാലം അകന്നു മാറിയ സമയത്താണ് കണ്ണിനും മനസ്സിനും സദ്യ ഒരുക്കി  വിളവെടുപ്പുത്സവം പോലെ ഒരു ചെറുപ്പക്കാരി ഓഫീസിൽ വരുന്നത്. നിലവിൽ ഉള്ളതെല്ലാം അർദ്ധ സെഞ്ച്വറി കഴിഞ്ഞത്. കണ്ടു മടുത്ത് മനസ്സിന് പട്ട മരപ്പ് ബാധിച്ച പോലായി. ആ സമയത്തു നീലക്കുറിഞ്ഞി പൂത്ത പോലെയുള്ള ഹൈമക്കുട്ടിയുടെ വരവ്  കുറച്ചൊന്നുമല്ല അയാളുടെ മനസ്സിനെ ആനന്ദിപ്പിച്ചത്. വെളിയിൽ ഇരിക്കുന്ന മൂപ്പിൽ പിള്ള പെങ്കൊച്ചിന്റെ അച്ഛനാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. തന്റെ ഭാഗം കളിക്കാനുള്ള സമയമായി. ആടുന്ന കാലുകൾ പതുക്കെ നിലത്തിറക്കി മേപ്പടിയാൻ പെങ്കൊച്ചിന്റെ അടുത്തേക്ക് വന്നു.
"എന്താണ് പ്രശ്നം "
അപ്പോഴാണ് മുന്നിൽ വന്നു നിൽക്കുന്ന വെറും നാലരഅടി മാത്രമുള്ള ആ രൂപത്തെ ഹൈമകുട്ടി ശ്രദ്ധിച്ചത്. സ്‌നോ വൈറ്റ് കഥ യിലെ കുള്ളനെ ഓർമ്മിപ്പിക്കുന്ന രൂപം.നീല യൂണിഫോം ആണ്  വേഷം.
ഈ ആൾ ഇവിടത്തെ പ്യൂൺ ആയിരിക്കാം. പെങ്കൊച്ചിന്റെ നോട്ടം തന്നില്ലാണെന്നു മനസ്സിലായപ്പോൾ താൻ നഗ്നനാണോ എന്ന ഒരു സംശയത്തിൽ അയാൾ കാലുകൾ ഒന്ന് കൂടി അടുപ്പിച്ചു ഒരു ചമ്മിയ ചിരി പാസ്സാക്കി. സൂപ്രണ്ട് ഒന്ന് ചെറുതായി അയാളുടെ തോളൊപ്പം കുനിഞ്ഞു ആ ചെവിയിൽ എന്തോ മന്ത്രിച്ചു?
'ശരി  ഞാൻ ഏറ്റു ' എന്ന് പറഞ്ഞു ആ നാലര  അടി വിദ്വാൻ അകത്തേക്ക് കയറി.
" അകത്തിരിക്കുന്ന സാറിനെ മയപ്പെടുത്താൻ ഇയാൾക്ക് എളുപ്പം
കഴിയും ' സൂപ്രണ്ട് പറഞ്ഞൂ.
ഇവിടുത്തെ സിസ്റ്റം ഇതാണോ?
ഒരു പ്യൂണിന്റെ മാന്ത്രിക ചരടിലാണോ ഇവിടത്തെ കാര്യങ്ങൾ. ഈ സൂപ്രണ്ടിന് യാതൊരു വിലയുമില്ലേ. അവൾ  അത്ഭുതപ്പെട്ടു.
ലേബർ റൂമിന്റെ വാതുക്കൽ ഭാര്യയെ ആദ്യ പ്രസവത്തിനു കയറ്റിയ ആധിയുമായി നിൽക്കുന്ന ഭർത്താവിനെപ്പോലെ ഹൈമകുട്ടി  മറുകിനെ ശപിച്ചു സകല ദൈവങ്ങളെയും വിളിച്ചു പുറത്തു നിന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അകത്തു നിന്നും വിളി ഉണ്ടായി.
അവൾ കണ്ണാടി കൂട്ടിലേക്കു വലതു കാൽ  വച്ചു കയറി.
"പുതിയ അപ്പോയ്ന്റ്മെന്റ് ആണല്ലേ "
'അതെ'
നിങ്ങളാണ് ഞങ്ങൾ  ഉദ്ദേശിച്ച ആളെന്നു ഞങ്ങൾക്ക് ഉറപ്പ് വേണ്ടേ?
മേലധികാരി മൊഴിഞ്ഞു. ആളിന്റെ  രൂപ
ഗാംഭീര്യം  ഒന്നും ശബ്ദത്തിൽ ഇല്ലായിരുന്നു. ശബ്ദത്തിൽ ഒരു തൊഴിലുറപ്പണ്ണാച്ചിയുടെ അക്‌സെന്റ്.
"ഇവിടെ നിന്നും അയച്ച കത്ത്, എന്റെ സർട്ടിഫിക്കറ്റ്, പിന്നെ ആധാർ, കൂടാതെ മറ്റു തെളിവെടുപ്പ് സർട്ടിഫിക്കറ്റുകൾ വേറെ. ഇതൊക്കെ പോരെ സർ"   അവൾ ചോദിച്ചു
"അത് മതി. പക്ഷേ നിങ്ങളുടെ മറുകും കൊണ്ട് വേറെ ആരെങ്കിലും വന്നാലോ?"
ഇയാൾക്ക് വിവരം തീരെ ഇല്ലേ. വഴിയിൽ കിടക്കുന്ന ആരെങ്കിലും തുടയിലെ മറുക് കാണിച്ചാൽ മറ്റു ഡോക്യൂമെന്റസ് ഒന്നും ഇല്ലാതെ ജോലികൊടുക്കുമോ?
ഹൈമകുട്ടി  തൊട്ടടുത്തു നിൽക്കുന്ന കുറുകിയ വേതാളത്തെ ദയനീയമായി നോക്കി. ഒരവസരം കിട്ടിയ സന്തോഷത്തിൽ പുള്ളി തന്റെ  തന്റെ  ചെറുവിരൽ ഉയർത്തി ഇപ്പോൾ ശരി ആക്കി തരാം എന്ന് ആംഗ്യം നൽകി.
"സാറിനു തീരെ ചെറിയ കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധ ആണ്. അതുകൊണ്ടാണ് സാർ ഈ കാര്യത്തിൽ നിർബന്ധം പിടിക്കുന്നത്. കുട്ടിയുടെ മറുക്  അവിടെ തന്നെ ഉണ്ടല്ലോ?" മര മാക്രി കരയുന്നത് പോലെ കുള്ളൻ പറഞ്ഞു.
ദൈവമേ എന്താണ് ഭാവം.
"അല്ല പിന്നീട് ഒരന്വേഷണം വന്നാൽ നമുക്ക് ഒരു പ്രൂഫ് വേണമല്ലോ?  " മാക്രി വീണ്ടും അണ്ണാച്ചിയുടെ മുഖത്തു നോക്കി ഒന്ന് താങ്ങി.
"അപ്പോൾ സാറെ കുട്ടിക്ക് ഹാജർ പുസ്തകത്തിൽ ഒപ്പിടാമല്ലോ".
ഏതാണ്ട് തൊഴിൽ ഉറപ്പിച്ചതുപോലെ  അണ്ണാച്ചിയുടെ അര സമ്മതം വാങ്ങി ഹാജർ   പുസ്തകം എടുത്ത്  അയാൾ പുറത്തിറങ്ങി.
നാലര അടി നീളമേ ഉളളൂ എങ്കിലും ഇയാൾക്ക് ആളെ വളക്കാൻ നാവിനു നല്ല നീളം  ആണല്ലോ?
വിജയ ശ്രീ ലാളിതൻ ആയി പ്യൂൺ വേതാളം മുൻപിലും പിറകിൽ ഹയ്മക്കുട്ടിയും കുള്ളൻ തെളിച്ച തേരിൽ സ്‌നോവൈറ്റ് എന്ന പോലെ സ്ഫടിക മാളത്തിൽ നിന്നും ഇറങ്ങി വന്നു.  അറ്റന്റൻസ് രജിസ്റ്ററിൽ സൂപ്രണ്ട്  കാണിച്ചു കൊടുത പേജിൽ എടത്വ പുണ്യാളൻ തൊട്ടു ഗുരുവായൂരപ്പൻ വരെ  സകല ദൈവങ്ങളെയും ഓർത്തു  ആദ്യത്തെ ഒപ്പ് വച്ചു. അങ്ങനെ ഹൈമകുട്ടിയുടെ ഓഫീസിലെ ആദ്യ പ്രവൃത്തി ദിവസം  ആരംഭിച്ചു. പഞ്ചരത്നം പിള്ള അപ്പോൾ, പുറത്ത്,  തന്റെ ചായക്കട  ഓഫീസിനടുത്തേക്ക് മാറ്റി കച്ചവടം വിപുലപ്പെടുത്തുന്നതിനെ കുറിച്ചുള്ള സാധ്യതയെക്കുറിച്ചുള്ള ആലോചനയിൽ ആയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക