Image

പൂവൻ കോഴികൾ ( നർമ്മകഥ: സുഭദ്ര പടിഞ്ഞാറേക്കളം )

Published on 12 September, 2022
പൂവൻ കോഴികൾ ( നർമ്മകഥ: സുഭദ്ര പടിഞ്ഞാറേക്കളം )

എന്നോട്
ക്ഷമിക്കണം !

ആറുകൊല്ലം മുന്നത്തെ
ഒരു പ്രേമലേഖനം എഴുത്തു മത്സരത്തിൽ
പങ്കെടുത്തു ഞാൻ .

എന്റെ ഈ വരണ്ട ഹൃദയത്തിൽ എന്തൂട്ട് പ്രണയ ഓർമ്മകൾ വരാനാ ..

ഒടുവിൽ പേനയും പേപ്പറും കയ്യിലുപിടിച്ച് മാനം നോക്കി പത്തു മിനിറ്റ് ഇരുന്നപ്പോൾ
അതാ വരുന്നു പണ്ട് എന്റെ വീട്ടിന്റെ ഉള്ളിൽ വരെ കേറിയിറങ്ങാറുള്ള പൂവൻ കോഴിയും വൈഫും ..

ഒറ്റക്കായിരുന്നഎന്റെ ബാല്യം വല്ലപ്പോഴും കളർ ഫുൾ ആക്കിയിരുന്നത് ഈ കോഴികളും അവരുടെ ഫാമിലിയും ഒക്കെ ആയിരുന്നു.
അവരുടെ മാനറിസങ്ങൾ കാണാപ്പാഠം
ആയിരുന്നു ..

എന്നാൽ പിന്നെ അടയിരിക്കാൻ പോയ വൈഫിനു പൂവേട്ടൻ എഴുതുന്നപോലെ ഒന്നെഴുതാം എന്ന് കരുതി. ദ്രോഹികൾ രണ്ടാം സമ്മാനമേ തന്നുള്ളൂ ..

അപ്പൊ ഇത്‌ വി. ഡി രാജപ്പന്റെ കഥപ്രസംഗം സ്റ്റയിലിൽ വായിക്കാതെ ഒരു ചുന്നരൻ പൂവൻകോഴി എഴുതുന്ന ലേഖനമായി
വായിക്കൂ 
::      ::     ::    ::     ::

എന്‍റെ പ്രിയപ്പെട്ട പിടപ്പെണ്ണേ ,
എന്‍റെ ലോകം ഇപ്പോള്‍ ഇരുട്ടിലാണ്..
നിന്നെ പിരിഞ്ഞിരിക്കുന്ന ഓരോ നിമിഷങ്ങളും ഞാന്‍
ഞാനല്ലാതായികൊണ്ടിരിക്കുകയാണ്.

നമ്മളൊന്നിച്ചു
ചിക്കിപ്പെറുക്കി നടന്നിരുന്ന തോപ്പിലും തൊടിയിലും
പാടത്തും ഇപ്പോള്‍ ഞാനേകനായ്,
സങ്കടത്തോടെ 
ഒന്നുറക്കെ കൂകാന്‍പോലുമാകാതെ തൂങ്ങി നടക്കുകയാണ്.

എന്‍റെ ഊര്‍ജ്ജം, അത് നീ മാത്രമായിരുന്നല്ലോ.

എവിടെപ്പോയാലും ഒന്നിച്ചു നടക്കുന്ന നമ്മളെ നോക്കി
വീട്ടുകാരന്‍റെ ഫ്രീക്കന്‍ ചെക്കന്‍ കളിയാക്കിപ്പറഞ്ഞത്‌
നീയോര്‍ക്കുന്നുവോ - ''മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ '' എന്ന് ..

അന്നത് കേട്ട് നാണത്തോടെ നമ്മള്‍ അപ്പുറത്തെ തെങ്ങിന്‍
തോപ്പിലേക്ക് ഓടിപ്പോയതും ഓടും വഴി നിന്‍റെ കാലില്‍
വീട്ടമ്മയുടെ ഒരു കെട്ടു മുടി ചുറ്റിയതും,പിന്നീട് എന്‍റെ
ഷാര്‍പ്പായ കൊക്ക് കൊണ്ട് നിന്‍റെ കാലു നോവാതെ
അവയൊക്കെ അടര്‍ത്തി മാറ്റിയതും നമ്മുടെ കണ്ണുകള്‍
കഥ പറഞ്ഞതും ഓര്‍ക്കുന്നുവോ പ്രിയേ നീ..

നമ്മുടെ ആദ്യ സംഗമത്തിലുണ്ടായ മുട്ടകള്‍ക്ക് അടയിരിക്കാന്‍
നീപോയ ആ പത്തു നാളുകളിലും വിരഹം താങ്ങവയ്യാതെ
വെന്തു പോവുകയായിരുന്നു.

അന്ന് നിന്നെക്കാണാതെ ഞാന്‍
തീറ്റയൊന്നും എടുക്കാതെ അലസനായ് മയങ്ങിക്കിടന്നു.

വീട്ടുകാരന്‍ നിര്‍ബന്ധിച്ചപ്പോ,ഇട്ടുതന്ന ഗോതമ്പ് മണികള്‍
നഖം കൊണ്ട് വെറുതെ ചിക്കിയതല്ലാതെ കഴിച്ചില്ല ഞാന്‍.

പിന്നീട് ഓമനത്വം തുളുമ്പുന്ന കുഞ്ഞുങ്ങളുമായ് 
നീ വന്നപ്പോള്‍ ഒരു രാജാവിനെപ്പോലെ നിന്‍റെയും 
മക്കളുടേയും ചുറ്റും വട്ടമിട്ടു കൊക്കിപ്പറന്നത് നീ,സന്തോഷത്തോടെ നോക്കി നിന്നത്ഇന്നും ഞാനോര്‍ക്കുന്നു.
അന്ന് കൂട്ടില്‍ കയറും വരേനിന്‍റെപിന്നാലെയായിരുന്നല്ലോഞാന്‍.

കറുമ്പന്‍ പരുന്ത് എത്ര തവണതാഴ്ന്നു വന്നു 
നമ്മുടെ കുഞ്ഞുങ്ങളെ തട്ടിയെടുക്കാന്‍.
അപ്പോഴെല്ലാം ശരം കണക്കെ ഞാനവറ്റയെ ആട്ടിയകറ്റിയതും
നീയവരെ ചിറകിന്നുള്ളില്‍ വലിച്ചു കയറ്റിയതും 
ഞാനോര്‍ക്കുന്നു.

തെങ്ങിന്‍ ചോട്ടിന്‍ നിന്നും ചിതലുകളെ
നിനക്ക് മാത്രമായ് ചിക്കി ചികഞ്ഞു നിന്‍റെ പേര് ചൊല്ലി വിളിച്ചു കൊക്കില്‍ വെച്ച് തരാന്‍ ഞാന്‍ കാത്തു കാത്തിരിക്കയാണ്.

അതില്‍ കുശുമ്പുള്ള കോങ്കണ്ണി ഭൈരവിക്കോഴി,ഒരിക്കല്‍ നിന്നേക്കാള്‍ മുന്നേ ഓടിവന്നുചിതല് തിന്നാനാഞ്ഞ അവളെ 
ഞാന്‍ ചിറകു വിടര്‍ത്തി,കണ്ണ് ചുവപ്പിച്ച്,കൊക്ക് കൂര്‍പ്പിച്ച് കൊത്തിയോടിച്ചതും ചിതല് തിന്നാന്‍ മരമിറങ്ങി വന്ന അയ്യപ്പനണ്ണാനെ നിലംതൊടാതെ വഴക്കിട്ടോടിച്ചതും നീയോര്‍ക്കുന്നുവോ എന്‍റെ പ്രിയ പിടപ്പെണ്ണേ.

കര്‍ക്കിടകമഴ കോരി ചൊരിയുമ്പോള്‍,വീട്ടുകാരന്‍റെ ഉമ്മറ
മൂലയ്ക്ക് തണുത്തു വിറച്ചു നിന്ന,നനഞ്ഞ തൂവലുകള്‍ കോതി
മിനുക്കുന്ന നിന്നെ കാണാന്‍ എന്ത് ഭംഗിയായിരുന്നു.

കറുപ്പും ചുവപ്പും തവിട്ടും നിറമാര്‍ന്ന ആ തൂവലുകള്‍
നിന്‍റെ സൌന്ദര്യം പതിന്മടങ്ങ്‌ വര്‍ധിപ്പിച്ചു.എന്നെ ഒറ്റ 
നോട്ടത്തില്‍ പ്രണയത്തില്‍ വീഴ്ത്തിയതും ആ തൂവലുകള്‍ തന്നെ.മനുഷ്യര്‍ പറയും പോലെ....ലവ് അറ്റ്‌ ഫസ്റ്റ്‌ സൈറ്റ് ..!

നീയെപ്പോഴും പറയും പൂവേട്ടന്‍റെ കൊക്കിനു മുകളില്‍
ഉയര്‍ന്നു നില്‍ക്കുന്ന ആ പൂവ് കാണാന്‍ എന്തൊരു ഭംഗിയാന്ന്.

അല്‍പ്പം ചെരിഞ്ഞുള്ള എന്‍റെ നടപ്പ് കാണ്ടാല്‍ നീ കൂട്ടുകാരോട്
അഭിമാനത്തോടെ പറയുമായിരുന്നു,പൂവേട്ടനെ കാണാന്‍
മോഹന്‍ലാലിനെപ്പോലെ ഉണ്ടെന്ന്..

അതും പറഞ്ഞ് എന്‍റെ
ചാരത്തേക്ക്‌ ഒന്ന്കൂടി അമര്‍ന്നു നിന്നതും പരിസരം മറന്നു
നമ്മള്‍ കൊക്കുരുമ്മിയതും ഞാനോര്‍ക്കുന്നു.

എന്‍റെ കൂര്‍ത്തനഖങ്ങളും ഉയര്‍ന്നു വളഞ്ഞ അങ്കവാലുകളും
നിനക്കെന്നും പ്രിയപ്പെട്ടതായിരുന്നല്ലോ

നമ്മുടെ കോഴിക്കുഞ്ഞുങ്ങള്‍ക്കെല്ലാം പൂവേട്ടന്‍റെ ഛായ ആണെന്ന്
അയല്‍പ്പക്കത്തെ കോഴികളോടോക്കെ നീ പറയുമ്പോള്‍
ഞാന്‍ രോമാഞ്ചകഞ്ചുകം അണിയാറുണ്ട്..

ഒരിക്കല്‍ അടുത്ത വീട്ടിലെ സെക്സി,തടിച്ചി കോകിലക്കോഴി
മനപ്പൂര്‍വ്വം നമ്മുടെ വീട്ടില്‍ ''വഴി തെറ്റി '' വന്നനേരം 
അവളെന്നെയും ഞാനവളെയും കണ്ണിറുക്കി കാണിച്ചു എന്നാരോപിച്ച്,
നീയവളെ വേലികടക്കുവോളം 
കൊത്തിയാട്ടിയതും പരിഭവിച്ച് നാല് മണിക്കൂറുകളോളം
നിന്നെ തൊടാനോ ഉമ്മ വെക്കാനോ സമ്മതിക്കാതിരുന്നതും
ഞാനോര്‍ക്കുന്നു ..

എന്‍റെ പിടപ്പെണ്ണേ .
യുഗങ്ങള്‍ എത്ര വേണമെങ്കിലും കടന്നു പൊയ്ക്കോട്ടേ.
ഈ പൂവേട്ടന്,ബ്രാഹ്മമുഹൂര്‍ത്തത്തില്‍ വീട്ടുകാരെ
കൂകിയുണര്‍ത്താനും,പിടയ്ക്കുന്ന വെളുത്ത ചിതലുകളെ
സമ്മാനമായ്‌ നല്‍കാനും ഇനിയും എന്‍റെ കുഞ്ഞുങ്ങളെ
അടയിരുന്നു വിരിയിക്കാനും അരികെ നീ വേണം,ഏതോ
ഒരു ചട്ടിയില്‍ ഫ്രൈ ആയിത്തീരും വരെ എനിക്ക് സ്നേഹിക്കാന്‍ 
നീ വേണം കണ്ണേ...

അതിനായ് മൃഗദൈവത്തോട്
പ്രാര്‍ഥിച്ചുകൊണ്ടും ഇപ്പോള്‍ അടയിരിക്കാന്‍ പോയ 
നിനക്കായി ഈ പ്രണയലേഖനം സമര്‍പ്പിച്ചുകൊള്ളുന്നു. 

നിന്നെമാത്രം ഓര്‍ത്തു ജീവിക്കുന്ന,
കോകില പെണ്ണിന്‍റെ കള്ളനോട്ടത്തില്‍ വീഴാതെ
നിനക്കായ് കാത്തിരിക്കുന്ന നിന്‍റെ സ്വന്തം പൂവേട്ടന്‍❤

NB :
കടപ്പാട് ഉണ്ട്, ആർക്കെന്നോ ..
വലിയ തറവാട്ടിലെ വെളിച്ചം കേറാത്ത മുറികളിലെ ജനാല കമ്പി
പിടിച്ച് വിദൂരതയിലേക്ക്
കണ്ണും നട്ട് നിൽക്കുന്ന ആ മുറിപ്പാവാടക്കാരി
തുലഞ്ഞു പോകാതെ കാത്ത പൂവൻ കോഴികൾക്കും ഫാമിലിക്കും തൊഴുത്തിലെ പശുക്കൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും ..

നിങ്ങളില്ലാതിരുന്നെങ്കിൽ

എന്റെ വാക്കുകൾ തൊണ്ടയിലിരുന്ന് വീണ്ടും ഉള്ളിലേക്ക് ഇറങ്ങിപ്പോയേനെ 

നിങ്ങളോട് ഓരോ ദിവസത്തെയും സ്കൂൾ വിശേഷം പറഞ്ഞിരുന്നു സന്ധ്യയായത് നല്ല ഓർമ്മയുണ്ട് ..

നിങ്ങളുടെ ഫാമിലി പ്രശ്നങ്ങളിൽ, വഴക്കുകളിൽ, സന്തോഷത്തിൽ ഒക്കെ ഞാനിടപ്പെട്ടിരുന്നുവല്ലോ ..

POOVAN KOZHIKAL  HUMOUR STORY  SUBHADRA PADINJAREKKALAM

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക