Image

ഓണാഘോഷത്തിനു തിരശ്ശീല വീഴുമ്പോള്‍ : (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 12 September, 2022
ഓണാഘോഷത്തിനു തിരശ്ശീല വീഴുമ്പോള്‍ : (ദുര്‍ഗ മനോജ്)


സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് ഇന്നു കൊടിയിറങ്ങുകയാണ്. തലസ്ഥാനനഗരിയിലെ രാജപാതയിലൂടെയുള്ള വര്‍ണാഭമായ സാംസ്‌ക്കാരിക ഘോഷയാത്രയോടെയാണ് ഇക്കൊല്ലത്തെ ഓണാഘോഷത്തിനു തിരശ്ശീല വീഴുക. രണ്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം നിയന്ത്രണങ്ങളും ഭയവും ഒഴിഞ്ഞു മനുഷ്യര്‍ പുറത്തിറങ്ങിയത് ഈ വര്‍ഷമാണ്. നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. 76 ഫ്‌ലോട്ടുകളും, ഇതര സംസ്ഥാനങ്ങളിലേത് ഉള്‍പ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.അശ്വാരൂഢ സേനയും, വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും നഗരവീഥിയിലൂടെ കടന്നു പോകും. വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യമന്ത്രി, മാനവീയം വീഥിയില്‍ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ ഒരുക്കിയ പ്രത്യേക പവിലിയനില്‍ വച്ചു മന്ത്രിമാരും എം എല്‍ എ മാരും മറ്റു പ്രമുഖരും ഘോഷയാത്ര വീക്ഷിക്കും.

അതേ സമയം ഇന്നലെ തൃശ്ശൂര്‍ നഗരത്തിലെ ഓണാഘോഷം സമാപിച്ചത് പുലികളിയോടെയാണ്. തൃശ്ശൂര്‍ നഗരം കീഴടക്കിയത് 250 ലേറെ പുലികളാണ്. കോവിഡ് സൃഷ്ടിച്ച നീണ്ട ഇടവേളയില്‍ നിന്നുള്ള ഒരു മോചനത്തിനായിരുന്നു ഇന്നലെ തൃശ്ശൂര്‍ നഗരം സാക്ഷി ആയത്. വിയ്യൂര്‍ സെന്‍ട്രല്‍, പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോള്‍, ശക്തന്‍പുലികളി സംഘം എന്നീ അഞ്ചു ടീമുകളാണ് ഇക്കുറി പുലികളുമായി നഗരം ചുറ്റാന്‍ എത്തിയത്. അതോടെ കാഴ്ചക്കാര്‍ക്കും ഹരമായി. കണികള്‍ തിങ്ങിനിറഞ്ഞ സ്വരാജ് റൗണ്ടില്‍ പുലികള്‍ ഇളകിയാടി.

 ഓണാവധി കഴിഞ്ഞ് ഇന്ന് ഓഫീസുകള്‍ എല്ലാം പ്രവര്‍ത്തിച്ചു തുടങ്ങുകയാണ്. സ്‌ക്കൂളുകളിലും ഇന്ന് ക്ലാസ്സ് പുനരാരംഭിക്കുകയായി. ഏറ്റവും ഉല്‍സാഹത്തോടെ ഒരു ഓണം കടന്നു പോയ ആവേശത്തിലാണിപ്പോള്‍ കേരളക്കരയിലെ മലയാളികള്‍.

ദുര്‍ഗ മനോജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക