Image

പട്ടിയുടെ പിന്നാലെ രാജേഷ്; ഷംസീര്‍ കണ്ണട കടയിലേക്ക്... നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 12 September, 2022
പട്ടിയുടെ പിന്നാലെ രാജേഷ്; ഷംസീര്‍ കണ്ണട കടയിലേക്ക്... നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

നിയമസഭയിലെ തിളങ്ങും താരങ്ങള്‍ ആണല്ലോ ഷംസീറും രാജേഷും. ഷംസീറിന് കണ്ണട വേണ്ട, രാജേഷിന്  കണ്ണട വേണം. കണ്ണട വെക്കാതെ ക്ലീന്‍ ഷേവ് അടിച്ചു ചെത്തി നടക്കുകയായിരുന്ന ഷംസീറിനു സ്പീക്കറായത് അക്കിടിയായി. സ്പീക്കറുടെ എഴുതിത്തയ്യാറാക്കിയ കന്നി പ്രസംഗം  വായിക്കാന്‍ കൈനീട്ടുന്നതിനും   ഒരു അതിരില്ലേ? വീട്ടില്‍ പത്രം നിലത്തിട്ട് കസേരയിലിരുന്ന് വായിച്ചാലും കണ്ണട വെച്ചു ഗ്ലാമര്‍ കളയില്ലെന്ന  വാശിയില്‍ ആണല്ലോ ഷംസീര്‍. ഒടുവില്‍ കൈ നീട്ടാവുന്നതിന്റെ പരമാവധി നീളത്തില്‍ നീട്ടി. പ്രസംഗ വായന  ഒരു വിധം ഒപ്പിച്ചു. 

തലശ്ശേരിയിലെ വോട്ടര്‍മാരെ ശരിക്കും കാണണമെങ്കില്‍ ഷംസീര്‍ മാഹിയില്‍ ചെന്ന് നില്‍ക്കണമെന്നാണ് പുതിയ തമാശ. ഏതായാലും ഷംസീറിനെ കണ്ണട വച്ചേ  ഇനി അടുത്ത ദിവസം നിയമസഭയിലേക്ക്  ഡോക്ടറായ ബീവി  വീടു... 

രാജേഷിന്റെ  ബീവിക്ക്  ആവട്ടെ മന്ത്രിയായ ശേഷം രാജേഷിനെ കാണാന്‍ പറ്റുന്നില്ല. തെരുവുപട്ടികളുടെ  പിന്നാലെയാണ് ആ കന്നി  മന്ത്രി. ഗോവിന്ദന്‍ മാഷ് ഉള്ള ശ്രദ്ധ മുഴുവന്‍ മദ്യപന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും കേന്ദ്രീകരിച്ചതിനാല്‍  ഒരു പട്ടിയുടെ  കാര്യവും ഗൗരവമായി കണ്ടില്ല. 

ചൈനയില്‍ പട്ടികള്‍ മൂലം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായതായി മാഷ് കേട്ടിട്ടുമില്ല. ചില കമ്മിറ്റികള്‍ ഉണ്ടാക്കുന്നതിനപ്പുറം വലിയ ഗൗരവം ഒന്നും മാഷ്  കണ്ടതുമില്ല. അതിനാല്‍ രാജേഷ് സ്ഥാനം  ഏറ്റെടുത്ത ഉടന്‍  പ്രധാന പ്രശ്‌നം കുരച്ചു ചാടി നാട്ടുകാരെ മുഴുവന്‍ ഓടിച്ചിട്ട്   കടിക്കുന്ന പട്ടികളായി. നടന്നു പോകുന്നവരെ മാത്രമല്ല സൈക്കിളില്‍ പോകുന്ന കുട്ടിയെ വരെ ചാടി കയ്യില്‍ കടിച്ചു വലിച്ചു ആക്രമിക്കുന്ന പട്ടിയുടെ അതിക്രമങ്ങള്‍ ഇന്ന് ടിവിയില്‍ ലൈവ് ദൃശ്യങ്ങള്‍ ! 

പട്ടി കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ 12,000 പേര്‍ എത്തിയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത. പട്ടികളുടെ പേറു നിര്‍ത്തി പരിഹാരം കാണാന്‍ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച  കഥകള്‍. തെരുവു നായ്ക്കളെ വന്ധ്യംകഴിക്കണമെങ്കില്‍ ശീതീകരിച്ച ഓപ്പറേഷന്‍ തീയേറ്ററും പ്രീ ഓപ്പറേഷന്‍ വാര്‍ഡു നഴ്‌സുമാരും വേണമെന്ന് കോടതി. അതനുസരിച്ച് 30 ആശുപത്രികള്‍ കേരളത്തില്‍ വരേണ്ട സ്ഥാനത്ത് വന്നത് കോഴിക്കോട്ടെ ഒരേ ഒരു ശ്വാന  ഹോസ്പിറ്റല്‍ ! 

അവിടെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ബക്കറ്റും  സോപ്പും സമ്മാനം വാങ്ങി പോയതില്‍  ഒരു പട്ടി പ്രസവിച്ചു എന്ന വാര്‍ത്ത കോഴിക്കോട്ടുകാര്‍ക്ക് ഒരു തമാശയായി . മേയറും  മറ്റും വാര്‍ത്ത ശരിയല്ലെന്ന് വാദിച്ചു  തെളിയിക്കാന്‍ സമയമേറെയെടുത്തു.

ഷംസീര്‍ കണ്ണട വെക്കുമെങ്കില്‍ ഏതുതരം കണ്ണട ആയിരിക്കുമെന്നാണ് ചര്‍ച്ച. ശൈലജ ടീച്ചര്‍ കഴിഞ്ഞ നിയമസഭാ കാലത്ത് ഒരു കണ്ണട വാങ്ങിയതിന്റെ പുകില്  ഇപ്പോഴും തീര്‍ന്നിട്ടില്ല. ഷംസീര്‍ പിണറായിയോ, കോടിയേരിയോ, ഗോവിന്ദന്‍ മാഷോ  വെക്കുന്ന തരത്തിലുള്ള പഴഞ്ചന്‍ കണ്ണട വാങ്ങില്ല. ഇപ്പോള്‍ ഏറ്റവും ഗുണവും വിലയും കൂടിയ പല ന്യൂജന്‍ കണ്ണടകള്‍ ഉണ്ട്. കണ്ണട  വേണ്ടെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് കണ്ണില്‍ വെക്കാം. ഷംസീര്‍ തിരയുന്നത് ഏതുതരം കണ്ണട ആയാലും അതൊരു ചര്‍ച്ച ആവാതെ നോക്കാന്‍ ആണ് ശ്രമം. രാഹുലിന്റെ  ടീഷര്‍ട്ടും മോദിയുടെ സ്യൂട്ടും പോലെ ഷംസീറിന്റെ  കണ്ണടയും  വൈറലാകും. 

കണ്ണട വച്ചിരിക്കുന്ന പിണറായിയെയും പി.ജെ ജോസഫിനെയും വായിക്കാന്‍ മാത്രം കണ്ണട  വെക്കുന്ന ഉമ്മന്‍ചാണ്ടിയെയും സീനിയര്‍ സിറ്റിസണ്‍മാരും താന്‍ ജനിക്കുമ്പോഴേ നിയമ സഭാംഗങ്ങളായവരെന്നും  പറഞ്ഞു കന്നി  പ്രസംഗത്തില്‍ അനുസ്മരിച്ചത്  നന്നായി. രാജേഷിനെക്കാള്‍  പ്രതിപക്ഷ ബഹുമാനം തനിക്കുണ്ടെന്ന് ഷംസീര്‍  തെളിയിക്കുകയും ചെയ്തു. അങ്ങനെ സ്മരിച്ചത് 1:2 എന്ന കണക്കിലാണല്ലോ .

നല്ലൊരു ഖ്യാതിയോടെ  സ്പീക്കര്‍ കസേരയില്‍നിന്ന് മന്ത്രിക്കസേരയില്‍ രാജേഷ് എത്തിയതോടൊപ്പം മന്ത്രിമാരില്‍ മുഖ്യന്‍  കഴിഞ്ഞാലുള്ള  രണ്ടാമത്തെ സീറ്റില്‍ രാധാകൃഷ്ണനു  ഇരിക്കാന്‍ ഒത്തു. ഗോവിന്ദന്‍ മാഷും, ബാലനും, ഇ.പിയും ഇരുന്ന സീറ്റില്‍ രാധാകൃഷ്ണന്‍ വരുന്നതോടെ, മൂന്നാമന്‍ രാജന്‍ മന്ത്രി ആയതിനാല്‍ തൃശൂര്‍ക്കാര്‍ക്ക് ലോട്ടറി അടിച്ച സന്തോഷം (ന്തൂട്ടായീ പറയണെ,രണ്ടും മൂന്നും സീറ്റ് തൃശൂര്‍ക്കാര്‍ക്കാണിഷ്ടാ)

പട്ടികളെ നശിപ്പിക്കാനുള്ള യോഗത്തിലേക്ക് രാജേഷ് മന്ത്രി പട്ടി പ്രേമികളെ  ക്ഷണിച്ചുവെന്നു  കേട്ടു. വാക്‌സിന്‍  മാഫിയയുടെ കിമ്പളം എത്രയുണ്ടെന്ന് ചോദിച്ചാല്‍ ഒന്നും അവര്‍ പറയില്ല. പട്ടികളെ കൊല്ലാതെ വന്ധ്യംകരിക്കുക എന്ന ആശയം ഈ മാഫിയകളുടെതാണ്. അത് നടത്താന്‍ പട്ടികള്‍ക്ക്  എയര്‍കണ്ടീഷന്‍ പ്രസവവാര്‍ഡും  പ്രീ ഓപ്പറേഷന്‍ സംരക്ഷണ വാര്‍ഡും വേണമെന്ന് നിര്‍ബന്ധിച്ചതും ഇവര്‍ തന്നെ. കോടതിയില്‍  പോയി കുടുംബശ്രീക്കാര്‍ ചിട്ടയായി നടത്തിയിരുന്ന പട്ടിപിടുത്തം നിര്‍ത്തലാക്കാന്‍ ഓടി നടന്നതും ഇവര്‍  തന്നെ.

അക്രമാസക്തരായ പട്ടികളെയും  പേപിടിച്ച പട്ടികളെയും  ഇപ്പോഴും കൊന്നു കളയാം, അതിന് നിയമമുണ്ട്. പട്ടികളെ  കറി വെച്ചു  തിന്നുന്നവര്‍ ഇന്ത്യയില്‍ തന്നെയുണ്ട്. വലിയ തോതില്‍ പട്ടിയിറച്ചി കയറ്റി അയക്കുന്ന സംരംഭങ്ങള്‍ക്ക് രാജീവ് മന്ത്രിക്ക് സഹായം നല്‍കാം. രാജേഷ് മന്ത്രി അതിന് അനുമതി നല്‍കിയാല്‍  കുറച്ചുപേര്‍ക്ക് അതു വഴിയും പണിയാകും .കോഴിയെയും ആടിനേയും കൊന്നു അതിന്റെ മാംസം വില്‍ക്കുന്നതുപോലെ പട്ടി ഇറച്ചിക്കും അത്  സ്ഥിരമായി കഴിച്ചു  ശീലിച്ചവര്‍ക്ക് കഴിക്കാമല്ലോ. ഗോവിന്ദന്‍ മാഷ് ഇപ്പോഴും മന്ത്രിയായിരുന്നെങ്കില്‍ ജീവനുള്ള പട്ടികളെ തന്നെ ചൈനയിലേക്ക് കയറ്റി അയക്കാന്‍ ഉള്ള വഴി തേടിയേനെ. 

പട്ടികളുടെ കടിയേറ്റ് ദിനംപ്രതി ഒട്ടേറെപ്പേര്‍ ആശുപത്രിയില്‍ എത്തുന്നു. ഈ സമയത്ത് തന്നെ ഡോക്ടര്‍മാര്‍ സമരവുമായി രംഗത്ത് വരുന്നു. നാളെ ഉച്ചക്ക് ശേഷം അവര്‍ ഒന്നടങ്കം പ്രതിഷേധ ദിനം ആചരിക്കുന്നു. കഴിഞ്ഞവര്‍ഷം ആനുകൂല്യങ്ങള്‍ക്ക് വേണ്ടി നടത്തിയ സമരം ഇക്കൊല്ലം ജനുവരിയില്‍ അവസാനിപ്പിച്ചത് ആരോഗ്യ മന്ത്രിയുടെ രേഖാമൂലമുള്ള ചില ഉറപ്പുകള്‍ മാനിച്ചായിരുന്നു. 8  മാസമായിട്ടും അത് നടപ്പാക്കാത്തതിലാണ്  പ്രതിഷേധം. മന്ത്രി വാക്കുപാലിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 11ന് ഡോക്ടര്‍മാരെല്ലാം കൂട്ട അവധിയെടുക്കും. 

വാല്‍ക്കഷണം: രാഹുല്‍ഗാന്ധിയുടെ ജോഡോ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയില്‍ എത്തി. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ പതാക നല്‍കി യാത്രയയച്ച ഈ  യാത്രക്ക് പിണറായി കേരളത്തിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ എത്തേണ്ടതായിരുന്നു എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നല്ല ആള്‍ക്കൂട്ടം ആയതിനാല്‍ പോക്കറ്റടിക്കാര്‍ക്കും  കോളായി. രണ്ടിടത്ത് ഇതിനോടകം പോക്കറ്റടിയും  നടന്നു. 

വയനാട്ടിലെ രാഹുലിന്റെ  ഓഫീസില്‍ വാഴ വച്ചതിനുശേഷം രാഹുല്‍ വന്ന സമയത്താണ്  എ.കെ.ജി സെന്റര്‍റിലേക്ക് ആരോ ബോംബെറിഞ്ഞത്. രാഹുല്‍ തിരുവനന്തപുരത്തെത്തുന്ന സമയത്ത് ആ കേസിലെ പ്രതികള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ആണെന്ന് ക്രൈംബ്രാഞ്ച് പോലീസ് വാര്‍ത്ത പുറത്തുവിട്ടു. ഇതൊക്കെ ഇ.പിയുടെ ചില തമാശകള്‍ ആയി കോണ്‍ഗ്രസുകാര്‍ കാണുന്നു. പിണറായിയെ സംബന്ധിച്ചെടുത്തോളം നിയമം നിയമത്തിന്റെ വഴിക്ക് തന്നെ . അതു തന്നെയല്ലേ ഉമ്മന്‍ചാണ്ടി മുഖ്യന്‍ ആയിരുന്നപ്പോഴും നാം കേട്ട പല്ലവി. 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക