ഉത്സവപ്പിറ്റേന്ന് (കവിത: സൂര്യഗായത്രി പിവി)

Published on 13 September, 2022
ഉത്സവപ്പിറ്റേന്ന് (കവിത: സൂര്യഗായത്രി പിവി)

നെറ്റിയിൽ
പശ പോയിത്തുടങ്ങിയ
കറുത്തൊരു വട്ടപ്പൊട്ട്
പാതി മുറിഞ്ഞ
പൊട്ടാത്ത കരിവള
മതിലിന്റെ തിണ്ടിന്മേൽ
നരച്ചൊരു മഞ്ഞപ്പൂ പെൺകുട്ടി 
അനേകം റോസാപ്പൂക്കളെ വിൽക്കുന്നു
അവളൊരു റോസാക്കടയാകുന്നു.

പൂക്കളെല്ലാം വിറ്റ് കഴിഞ്ഞ്
വെയിലൊളി ഇറങ്ങിപ്പോകുന്ന
നേരമില്ലാ നേരമുണ്ടല്ലോ,
അതുകഴിഞ്ഞതിൽപ്പിന്നെ
മതിലിന്റെ തിണ്ടിന്മേൽ
മഞ്ഞപ്പൂവിന്റെ
 മങ്ങിയുള്ളൊരു നിൽപ്പുണ്ട്.
ചന്തമില്ലാത്ത കുഴഞ്ഞുള്ള കിടപ്പ്.
സ്വന്തമായി വേരോടിക്കാൻ
തൊടിയോ മണ്ണോ ഇല്ലാതെ 
കരുവാളിച്ചത് തലകുനിച്ചു നിൽക്കും.

അപ്പോൾ
ജർമ്മനിക്ക് പോകുന്ന
 മേഘത്തിനിടയിലിരുന്നു
ഗ്ലാഡ് മൂൺ എന്ന് പേരായ
ഒരേസമയം അരക്കവിയും
മുഴുക്കവിയുമാകുന്നൊരാൾ 
നരച്ച മഞ്ഞപ്പൂവിലേക്കു
ഹീറോപേനയുടെ മഷി കുടയുന്നു.
അവളുടെ മഞ്ഞച്ച മേലാകെ
നീലമഷിച്ചോര
നിലാവിന്റെ പൂർണിമ
ആകാശത്തിന്റെ നിറം
കലങ്ങി മറിഞ്ഞ കടലിന്റെ
കടുംനീലക്കടുപ്പം.
അവൾക്ക്,
നാളേക്കുള്ള 
റോസപ്പൂക്കൾ വിടരുന്നുണ്ട്.

അവളുടെ റോസാപ്പൂക്കൾ
കൊണ്ട് പോയവർ
പല ആവശ്യക്കാരായിരുന്നു.
അതിൽ ഒരു കൂട്ടർ
രാഷ്ട്രീയക്കാർ .
അവർ കൊലചെയ്യാനുറച്ച
നേതാവിന്റെ വീട്ടിൽ ആദരാഞ്ജലികൾ
എന്നെഴുതി റോസപ്പൂക്കളുടെ
റീത്ത് വയ്ക്കുന്നു.

പിന്നൊരു കൂട്ടർ
റോസാപ്പൂക്കളുടെ
ബൊക്കയാണ് വാങ്ങിയത്.
പിന്നൊരുവൻ പനിനീരിൽ 
പ്രണയത്തിന്റെ രൂപകത്തെക്കണ്ടു.

ഉത്സവപ്പിറ്റേന്ന്,
പൂക്കളെയെല്ലാം വിറ്റ് കഴിഞ്ഞ് 
പോകാനിടമില്ലാത്ത മഞ്ഞപ്പൂവ്
മതിലിന്റെ തിണ്ടിന്മേൽ മങ്ങിയിരുന്നു.
ജർമനിയിൽ നിന്ന് തിരിച്ചു വരുന്ന വഴി 
മേഘത്തിനിടയിലിരുന്ന
ഗ്ലാഡ്മൂൺ എന്ന് പേരായ കവി
അന്ന് രാത്രി മുഴുക്കവിയായിരുന്നു.
അയാൾ,
ഹീറോപേനയുടെ മഷി കുടയുന്നു.
വെറും നീല മഷി.
നിലാവിന്റെ വെറും പൂർണിമ.
ആകാശത്തിന്റെ നിറം,
വെറുതെ ഒരുപമ.
കലങ്ങി മറിഞ്ഞ കടൽ,
വെറും ആലങ്കാരികത.

അപ്പോൾ മഷി നോട്ടത്തിൽ
കവി കണ്ടു,
മതിലിന്റെ തിണ്ടിന്മേൽ
അടർന്നു വീണ കറുത്ത വട്ടപ്പൊട്ട്,
ഉടഞ്ഞ കരിവള
ഉരിഞ്ഞ മഞ്ഞച്ച ഇതള്,
പച്ച ഞരമ്പിൽ ചവിട്ടി മെതിഞ്ഞ
വാർന്ന് കിടന്ന ചോപ്പ്
'കാറ്ററിയില്ല കടലറിയില്ല
കണ്ണിൽ കണ്ണിൽ കണ്ട കഥകൾ
പറഞ്ഞേയില്ല '
എന്നൊരു വായ്പ്പാട്ട് മുഴങ്ങി.
വളപ്പാകെയിപ്പോൾ
റോസാപ്പൂക്കളുടെ കാടായി.
മതിലിന്റെ തിണ്ടിടിഞ്ഞ്
മഞ്ഞച്ച നിറമുള്ള
മഞ്ഞപ്പൂക്കാരിയുടെ
അവസാന ഓർമ്മകളുടെയും വേരറ്റു.

ജർമ്മനിക്ക് തിരിച്ചു പോകുന്ന
മേ ഘത്തിനിടയിലിരുന്നു
ഗ്ലാഡ് മൂൺ എന്ന് പേരായ കവിയിപ്പോൾ മഷികുടയുകയോ
കവിതകൾ എഴുതുകയോ 
ചെയ്യാറില്ലെന്നാണ് പുതിയ വാർത്ത.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക