മനസ്സില്ല മരിക്കാന്‍(നര്‍മ്മ കഥ : ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ് Published on 13 September, 2022
മനസ്സില്ല മരിക്കാന്‍(നര്‍മ്മ കഥ : ജയന്‍ വര്‍ഗീസ് )

അയാള്‍ എന്ന മലയാളി അസ്വസ്ഥനായിരുന്നു. മാഫിയകളുടെ മഞ്ഞച്ചേരകള്‍ മാളങ്ങളില്‍ കയറി ഇര പിടിക്കുന്നകേരളത്തില്‍ കേവലമായ ഒരു തവളയായി എങ്ങിനെ ജീവിക്കും എന്നായിരുന്നു അയാളുടെ സത്യസന്ധമായആധി.

മദ്യ മാഫിയകള്‍, സ്വര്‍ണ്ണ മാഫിയകള്‍, പാര്‍ട്ടി മാഫിയകള്‍, മണ്ണ് മാഫിയകള്‍, പെണ്ണ് മാഫിയകള്‍, മണല്മാഫിയകള്‍, ക്വോറി മാഫിയകള്‍, സര്‍ക്കാര്‍ മാഫിയകള്‍, സര്‍വീസ് മാഫിയകള്‍ .....നിര നീളുകയാണ് ? 

അല്‍പ്പം ആശ്വാസം തേടിയാണ് അയാള്‍ കടപ്പുറത്ത് എത്തിയിരിക്കുന്നത്. ഒരാളോടെങ്കിലും ഒന്ന് മനസ്സ്തുറന്നിരുന്നെങ്കില്‍ എന്നയാള്‍ ആശിച്ചുവെങ്കിലും ആരെയും കാണുന്നുമില്ല.

 ' മാനസ മൈനേ വറൂ ' എന്ന ശീലുകള്‍ കേട്ടാണ് അയാള്‍ തിരിഞ്ഞു നോക്കിയത്. ഒരാള്‍ കടപ്പുറത്ത് കൂടിഅങ്ങനെ പാടിക്കൊണ്ട് വരികയാണ്..

'' ആരാ ? '

'ഞാന്‍ പരീക്കുട്ടി '

' എന്താ ? '

' കറുത്തമ്മ വരും. ഞങ്ങള്‍ക്ക് പോകണം '

'നില്‍ക്കൂ പ്ലീസ് നില്‍ക്കൂ '

അത് കേട്ടതായി പോലും ഭവിക്കാതെ അയാള്‍ നടന്നു. അകലെ നിന്ന് അയാളിലേക്ക് ഓടിയടുക്കുന്ന കതിര്‌പോലത്തെ  ഒരരയത്തിപ്പെണ്ണ് ചെന്തൊണ്ടിപ്പഴ സത്ത് കടഞ്ഞെടുത്ത അവളുടെ ചോരച്ചുണ്ടുകള്‍ അയാളുടെകവിളില്‍ ഉരസുന്നതും പിന്നെ ഇണ നാഗങ്ങളെപ്പോലെ കെട്ടുപിണഞ്ഞ്  കടലാഴങ്ങളില്‍ മറയുന്നതുംനിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു അയാള്‍ എന്ന മലയാളിക്ക്. 

 

 അല്പമകലെ, അലകടലിന്റെ അറ്റങ്ങളില്‍ ആരെയോ തെരയും പോലെ മിഴിയുടക്കി നില്‍ക്കുന്ന ഒരു യുവാവിനെകണ്ട് അയാള്‍ സമീപിച്ചുവെങ്കിലും 

അടുത്ത് ആരോ എത്തിയതൊന്നും ആള്‍ അറിഞ്ഞിട്ടേയില്ല. 

''എന്താ നോക്കുന്നത് ? '

' വര്‍ണ്ണത്തുമ്പികള്‍ ''ആള്‍ ഞെട്ടിത്തിരിഞ്ഞു :

'' കണ്ടില്ലേ വെള്ളിയാങ്കല്ലില്‍ ആത്മാവുകളായി അവ പാറിപ്പറക്കുന്നത് ? ' 

' അതിന് നിങ്ങള്‍ക്കെന്താ ? '

' എനിക്ക് കാര്യമുണ്ട്, എന്നെ അറിയില്ലേ ഞാന്‍ ദാസന്‍. '

' ഏത് ദാസന്‍ ? ' 

' മയ്യഴിയിലെ ദാസന്‍ ' 

' ഓ! അത് ശരി. വരൂ നമുക്കല്പം ... ' 

' വേണ്ട. എനിക്ക് പോകണം. അവിടെ ആത്മാവുകള്‍ എന്നെ കാത്തിരിക്കുകയാണ്. '

'അത് കടലാണ് ' 

' പ്രശ്‌നമല്ല '  അയാളും പോയി. അലകടലിന്റെ ആഴങ്ങളിലേക്ക്. 

 

തീരത്ത് കടലിലേക്ക് ചാഞ്ഞു നില്ക്കുന്ന മുതുക്കന്‍ തെങ്ങിന്റെ കടക്കല്‍ കാലല്പം ഉയര്‍ത്തി വച്ച് ഒരാള്‍നില്‍ക്കുന്നു. അയാളോട് മനസ് തുറക്കാം എന്നാശിച്ചാണ് ഓടിയടുത്തത്. 

'' അരുത്, അരുത്, അടുക്കരുത്. ' അയാള്‍ അലറുകയാണ്.

'' എന്താ കാര്യം? ' 

' ഇവിടെ ഈ പൂറ്റില്‍ പാമ്പുണ്ട്. കരിമൂര്‍ഖന്‍. '

' നിങ്ങളാ കാല് മാറ്റൂ ' 

' വേണ്ട. എനിക്ക് കടിയേല്‍ക്കണം, മരിക്കണം ' 

' വേണ്ടാ വേണ്ടാ പ്ലീസ് '

' നിങ്ങള്‍ പോകണം മിസ്റ്റര്‍. ഞാന്‍ രവി. ഖസാക്കിലെ രവി  വച്ച കാല്‍ പിന്‍വലിക്കുന്നവനല്ലാ  രവി ' 

 

കാലുകള്‍ അമര്‍ത്തിച്ചവിട്ടി രവി നിന്നു. പൂറ്റില്‍  നിന്ന് നീണ്ടുവന്ന കരിനീലത്തിളക്കം ഇളവെയിലില്‍ ഇണചേര്‍ന്നു കൊണ്ട് കാല്‍പ്പാദങ്ങളില്‍ ആഞ്ഞാഞ്ഞു കൊത്തുമ്പോള്‍ ചിര പരിചിതനായ ഒരതിഥിയെ പുണരുംപോലെ അയാള്‍ അവിടെ വീണു. 

മനസ്സ് കൊണ്ട് മരവിച്ചു പോയ മലയാളിക്ക് അയാളുടെ വഴി ഏതാണെന്ന് ഏകദേശം ഒരു ബോധോദയം ഉണ്ടായി. എല്ലാവരും മനം മടുത്ത് മരണത്തെ പുല്‍കുന്ന ഈ നാട്ടില്‍ ഇനിയെന്തിന് ജീവിക്കണം എന്ന തോന്നല്‍അയാള്‍ക്കും ഉണ്ടായി. ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട തന്നേപ്പോലുള്ളവര്‍ക്ക് എന്ത് ജീവിതം? അകലെഅലകടല്‍ ആഞ്ഞു വിളിക്കുന്നത് അയാളറിഞ്ഞു. 

പിന്നെ താമസിച്ചില്ല. ഓടി. മിനുത്ത ചൊരി മണലില്‍ കാലത്തിന്റെ കാല്‍പ്പാടുകള്‍ ചവിട്ടിത്താഴ്ത്തി അയാളോടി. കടലിലേക്ക് കമിഴ്ന്നടിച്ചു വീണ  അയാള്‍ എന്ന മലയാളിയെ ഒരു കിഴവന്റെ രണ്ട് ബലിഷ്ഠ ഹസ്തങ്ങള്‍ താങ്ങി. 

''എന്നെ വിടൂ, എനിക്കും മരിക്കണം '

' സാന്യോള്‍, വെന്‍ കോണ്‍ മിഗോ ' 

' ആരാണ് നിങ്ങള്‍ ? ഹൂ ആര്‍ യു ? ' 

' യോ സോയി സാന്റിയാഗോ '

തുടര്‍ന്ന്  കിഴവന്‍ തന്റെ കഥ പറഞ്ഞു : ' കഴിഞ്ഞ മൂന്നു മാസത്തോളം ഒന്നും കിട്ടാതെ കടലില്‍ചൂണ്ടയിടുകയായിരുന്നു താന്‍. എണ്‍പത്തിനാലാം  ദിവസം മീന്‍ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ വിലയുള്ളവലിയോരു മാര്‍ലിന്‍ മല്‍സ്യം തന്നെ ചൂണ്ടയില്‍ കുടുങ്ങിയപ്പോള്‍ തന്റെ അടുത്ത തലമുറകള്‍ക്ക് വരെജീവിക്കാനുള്ള പണം അത് വിറ്റ് സമ്പാദിക്കാമെന്ന് ആശിച്ചിരുന്നു. '

' എന്നിട്ട് ?''

പഴക്കമുള്ള വള്ളവും വലിച്ചു കൊണ്ടോടിയ വമ്പന്‍ മത്സ്യത്തിന് പിറകേ അനാരോഗ്യം വകവയ്ക്കാതെ രണ്ട്ദിവസം ഓടിയിട്ടാണ് അതിനെ കീഴ്പ്പെടുത്തി വള്ളത്തില്‍ ചേര്‍ത്ത് കെട്ടി വയ്ക്കാന്‍ സാധിച്ചത്. പിന്നെസ്വപ്നങ്ങള്‍ തുഴഞ്ഞുള്ള യാത്രയായിരുന്നു കരയിലേക്ക്. 

 

രാത്രിയിലെ ഇരുട്ടില്‍ ചോരയുടെ മണം പിടിച്ചെത്തിയ കൂറ്റന്‍ സ്രാവുകള്‍ വള്ളത്തെ വളഞ്ഞു. ഓരോ കടിയിലുംഅവ റാത്തലുകള്‍ വേര്‍പെടുത്തിക്കൊണ്ട് പോകുമ്പോള്‍ അവശേഷിച്ച മുഴുവന്‍ ഊര്‍ജ്ജവും സംഭരിച്ച് അവയെതടയാന്‍ 

ശ്രമിച്ചുവെങ്കിലും നടന്നില്ല.  സ്രാവുകള്‍ ബാക്കി വയ്ക്കുന്നത് വിറ്റാലും തനിക്ക് ജീവിക്കാനുള്ളത്കിട്ടുമെനായിരുന്നു അവസാന പ്രതീക്ഷ. 

 

രാത്രി വെളുത്ത് കരയിലെത്തി നോക്കുമ്പോള്‍ ഞെട്ടിപ്പോയി. ഒരു റാത്തല്‍ പോലും അവശേഷിക്കാതെ വലിയോരുതലയും വള്ളത്തെക്കാള്‍ നീളമുള്ള മീന്‍മുള്ളും മാത്രമാണ് ബാക്കിയെന്നറിഞ്ഞപ്പോള്‍ അത് കടലിലുപേക്ഷിച്ച്വരും വഴിയാണ് നിങ്ങളെ കാണുന്നത്. 

'' നിങ്ങള്‍ക്ക് മരിച്ചൂടെ? ഇനിയെന്തിന് ജീവിക്കണം? ' അയാള്‍ എന്ന മലയാളി.

'' മനസ്സില്ല  ' ഒരലര്‍ച്ച പോലെയായിരുന്നു കിഴവന്റെ ശബ്ദം. ' എനിക്കിനി കടലിന്റെ ഔദാര്യം ആവശ്യമില്ല. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ അലറി നടക്കുന്ന സിംഹങ്ങളുണ്ട്. അവയെ നേരിട്ട് വേട്ടയാടിപ്പിടിച്ച് വിറ്റ് ഞാന്‍ജീവിക്കും.'' 

 

ചാഞ്ഞു നില്‍ക്കുന്ന തെങ്ങിന്റെ ഓലത്തണല്‍ തുളച്ചു വന്ന തങ്ക നാണയങ്ങള്‍ വിരിച്ചിട്ട ചൊരി മണലില്‍കമിഴ്ന്നു കിടന്ന കിഴവന്‍ ഉറങ്ങിപ്പോയി. ഇടതുകാല്‍ ഇറക്കി, വലതുകാല്‍ മടക്കി ഇടതുകൈ നിവര്‍ത്തി വലതുകൈപ്പത്തിപ്പുറത്ത് മുഖം ചേര്‍ത്ത് കിഴവനുറങ്ങുകയാണ്, ആഫ്രിക്കന്‍ കാടുകളിലെ അലറുന്ന സിംഹങ്ങളെ താന്‍വേട്ടയാടിപ്പിടിക്കുന്നത് സ്വപ്നത്തില്‍ കണ്ടു കൊണ്ട്! 

അയാള്‍ എന്ന മലയാളി അവിടെ ചലനമറ്റ് നിന്നു. ഉദയ സൂര്യന്റെ ചെങ്കതിരുകള്‍ ഓലപ്പീലികള്‍ തുളച്ച്അയാളേയും സമൃദ്ധമായി തഴുകി. അയാള്‍ നടന്നു - കടലിന്റെ എതിര്‍ ദിശയിലേക്ക്. അയാളില്‍ നിന്ന് അയാള്‍പോലുമറിയാതെ ഒരൊറ്റ വാക്ക് തെറിച്ചു വീണു : ' മനസ്സില്ല '

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക