MediaAppUSA

നമ്മുടേത് DOGS OWN COUNTRY ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 13 September, 2022
നമ്മുടേത് DOGS OWN COUNTRY ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കുറെ നാളായില്ലേ ദൈവത്തിന്റെ സ്വന്തം നാടായി എല്ലാം സഹിച്ചും പൊറുത്തും നാം കഴിയുന്നത്? ഇനി നമുക്ക് DOGS OWN COUNTRY ആയാലെന്താ മാഷേ ...നോക്കാം അതിന്റെ ഗുണവും ദോഷവും 

ദൈവത്തിന്റെ സ്വന്തം നാടായ സസ്യ ശ്യാമള കോമള മലയാളനാട് ഇപ്പോള്‍ പട്ടികളുടെ അരുമ നാടായി  മാറി കഴിഞ്ഞല്ലോ . ഇന്ന് ലോകമാകെ POSITIVE THINKING DAY  ആചരിക്കുന്നതിനാല്‍ ഡോഗ്‌സ്  നാടായതിന്റെ   നല്ല വശങ്ങള്‍ മാത്രം ആദ്യം നോക്കാം . ഒന്നാമത്തെ നേട്ടം ദൈവത്തെ വിറ്റ് കാശാക്കാന്‍ നമ്മെ പോലുള്ളവര്‍ക്ക് അത്ര എളുപ്പമല്ല. പക്ഷേ നായയെ പിടിച്ച് പഞ്ചായത്തിന് വിറ്റാല്‍ നമുക്ക് ജീവിച്ചു പോകാം. ഒരു പണിയും ഇല്ലെങ്കില്‍ നിത്യേന ഒന്നോ രണ്ടോ പട്ടിയെ പിടികൂടി പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അധികൃതരെ ഏല്‍പ്പിച്ചാല്‍ ഓരോന്നിനും 500 രൂപവീതം റെഡി ക്യാഷ് കയ്യില്‍ വരും. 

കുരച്ചു ചാടുന്ന പട്ടിയെ പിടിക്കുകയോ? പരിഭ്രമിക്കേണ്ട, ഒമ്പത് ദിവസത്തെ പരിശീലനം സര്‍ക്കാര്‍ തന്നെ തരും. ആ കോഴ്‌സ് പൂര്‍ത്തിയായി വരുന്ന സംരംഭകനെ കണ്ടാല്‍ പട്ടികള്‍ വാലാട്ടി അടുത്തു വരും. ഇണക്കിയെടുത്തു കഴിഞ്ഞാല്‍ കഴുത്തിലൊരു ചങ്ങലയിട്ട് നേരെ അധികൃതരുടെ അരികില്‍ എത്തിച്ചാല്‍ 500 ന്റെ പിടയുന്ന ഒരു നോട്ട് കയ്യില്‍ പോരും.  ആ ചങ്ങല ഊരിയെടുത്തു അടുത്ത പട്ടിയെ തേടാം . സര്‍ക്കാരിന്റെ കണക്കനുസരിച്ച്  നാട്ടില്‍ തന്നെ മൂന്നുലക്ഷം നായ്ക്കള്‍ ഉണ്ട്. എണ്ണം എടുക്കാന്‍ എല്ലാ പട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ ക്യൂ നിന്നു കൊടുക്കാന്‍ ഇടയില്ലാത്തതുകൊണ്ട് എണ്ണം ഇരട്ടിയോ മൂന്നിരട്ടിയോ നാലിരട്ടിയോ ആവാം. ഈ തൊഴില്‍ സാധ്യത വരുന്ന 20 മുതല്‍ അടുത്ത 20 വരെ മാത്രം ആയതിനാല്‍ ജോലിക്ക് പോകുന്നവര്‍ക്ക്  ലീവ് എടുത്താല്‍ അടിച്ചുപൊളിക്കാനുള്ള പണം ചുരുങ്ങിയ ദിവസം കൊണ്ട് കിട്ടും എന്ന കാര്യം പലര്‍ക്കും അറിയില്ല. പ്രവാസികളായവര്‍ ലീവില്‍ നാട്ടില്‍ വരുന്നത് ഈമാസം ആക്കിയാല്‍ നല്ലൊരു വിനോദ പരിപാടിയും ആകും, കൂടെ കാശുപോരും. മന്ത്രിമാര്‍ വിദേശ യാത്ര നടത്തുന്ന പോലെ  ശ്രമിച്ചാല്‍ പട്ടിപണം കൊണ്ട് മാലിയില്‍  എങ്കിലും പോയി വരാം.തെരുവു നായ്ക്കളെ പിടികൂടാന്‍ രാജേഷ് മന്ത്രി ഒരു കര്‍മ്മപരിപാടി തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഒരു ദിവസം 10,000 പട്ടികളെ  (ആണും പെണ്ണും ഉള്‍പ്പെടെ) വന്ധ്യംകരണം ചെയ്യും. 30 ദിവസമാകുമ്പോള്‍ മൂന്നുലക്ഷം പട്ടികളില്‍ ഒന്നുപോലും പിന്നെ പെറില്ല. ഇനി പട്ടികള്‍ ആറു  ലക്ഷമായാലും വന്ധ്യംകരണം നടത്താനുള്ള മരുന്ന് വാങ്ങി വെച്ചിട്ടാണ് രാജേഷ്  മന്ത്രിയായ ശേഷമുള്ള ഈ കര്‍മ്മപരിപാടി.

നാട്ടുകാര്‍ പട്ടിയെ വേണ്ടത്ര പിടിച്ചില്ലെങ്കില്‍ വെറ്റിനറി കോളേജില്‍ പഠിക്കുന്നവരെ കൂടി അതിനു ഇറക്കും. അങ്ങനെ ഒരു  ബി പ്ലാനും  ഉണ്ട്. പട്ടികളുടെ ശല്യം രൂക്ഷമായ കേന്ദ്രങ്ങള്‍ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിക്കും. അതോടൊപ്പം ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നത് പോലെ പട്ടികളെയും കൊല്ലാനുള്ള അനുമതി തേടി സുപ്രീംകോടതിയിലേക്ക് പോകാനും മന്ത്രി തയ്യാര്‍. കോടതിവിധി ഇല്ലെങ്കില്‍ പട്ടി പ്രേമികള്‍ പുലിവാല് പിടിപ്പിക്കും. ആടിനോടോ,  പശുവിനോടോ, താറാവിനോടോ, കോഴിയോടോ അവര്‍ക്ക് ഒരു സ്‌നേഹവുമില്ല. എത്ര കാളകളെയും പോത്തുകളെയും ഓരോ ശനിയാഴ്ചകളിലും ഇറച്ചി ആക്കുന്നത്. അതിലൊന്നും അവര്‍ക്ക് പ്രശ്‌നമില്ല. പട്ടിയുടെ ജീവനു  അവര്‍ക്ക് മനുഷ്യ ജീവനെക്കാള്‍ വില. 

പോത്തിനെയോ  ആടിനെയോ പ്രണയിച്ചാല്‍ ആരു ചിക്ലി തരാന്‍. അവയൊന്നും മനുഷ്യനെ കടിക്കില്ല. പട്ടി കടിച്ചാലും പൂച്ച മാന്തിയാലും  പേവിഷ വാക്‌സിന്‍ നിര്‍ബന്ധം. ഓരോ വര്‍ഷവും പട്ടികള്‍ പെറ്റു പെരുകുന്നതിനാല്‍ വാക്‌സിനു  നല്ല ചെലവുണ്ട്. നമ്മുടെ നാട്ടില്‍ അതോടെ പട്ടി പ്രേമികള്‍ക്ക് കിട്ടി വരുന്ന ചിക്ലിയുടെ തോത് കൂടി. പണം ഇങ്ങനെ വെറുതെ കിട്ടുമ്പോള്‍ നാട്ടുകാരുടെ മുന്നില്‍ ഒന്ന് നാറിയാലും പട്ടി പ്രേമം പറഞ്ഞു നടന്നാല്‍ എന്താ? ചക്കരക്കുടത്തില്‍ ഒരിക്കല്‍ കൈയിട്ടവര്‍ പിന്നെ എന്നും ആര്‍ത്തിപണ്ടാരങ്ങള്‍ ആകുമല്ലോ 

പട്ടി കടിയേറ്റാലും  അത് നല്ലൊരു വരുമാനമാര്‍ഗം ആണെന്ന് മലയാളികള്‍ക്ക് അറിയില്ല. പട്ടി കടിയേറ്റ  ഒരാള്‍ക്ക്  32 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട് പോലും! നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്തു ജസ്റ്റിസ് സിരിജഗന്‍ സമിതിയെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ കണക്കനുസരിച്ച് മാത്രം ഒരു ലക്ഷത്തിലേറെ പേരെ പട്ടി കടിക്കുന്നുണ്ട്. കഴിഞ്ഞ ആറു വര്‍ഷം മിനിമം ആറ് ലക്ഷം മലയാളികള്‍ എങ്കിലും പട്ടി കടിയേറ്റിട്ടുണ്ട്. നഷ്ടപരിഹാരത്തിന് ആറു വര്‍ഷത്തിനിടെ എത്തിയതു 5036 പേര്‍ മാത്രം! ഇതില്‍ നഷ്ടപരിഹാരത്തുക കയ്യില്‍ കിട്ടിയത് 889 പേര്‍ക്ക്. 

എറണാകുളത്ത് ആണ് ജസ്റ്റിസിന്റെ  ഓഫീസ്. 2016 ല്‍  തുടങ്ങിയ ഈ ഓഫീസിലെ നിത്യ ചെലവുകള്‍ നടത്താന്‍ സര്‍ക്കാര്‍ പണം നല്‍കില്ല. ഒന്നരലക്ഷത്തോളം രൂപ കൈയില്‍നിന്ന് പോയത് കിട്ടാത്ത കലിപ്പിലാണ് ജസ്റ്റിസ് തന്നെ. എത്ര കത്തു കുത്തു നടത്തിയിട്ടും ആ പൈസ സര്‍ക്കാര്‍ കൊടുക്കുന്നില്ലത്രെ.

ആറു വര്‍ഷം കൊണ്ട് പട്ടി കടിയേറ്റ ആറു ലക്ഷം പേരും പരാതിയുമായി  വന്നാലും ജസ്റ്റിസിന് സന്തോഷം. പട്ടി കടിച്ചു ആശുപത്രിയിലായതിന്റെ  രേഖകളും അത് മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടതിന്റെ  രേഖകളും മറ്റും ഹാജരാക്കി ജസ്റ്റിസിന്റെ  ഓഫീസില്‍ ഒരൊറ്റ തവണ ചെന്ന് വെള്ളക്കടലാസില്‍ എഴുതി പരാതി കൊടുത്താല്‍ മോശമല്ലാത്ത ഒരു തുക എന്നെങ്കിലും കിട്ടും എന്നാണ് സിരിജഗന്‍ ജസ്റ്റിസിന്റെ  ഉറപ്പ്. അപ്പോള്‍ മലയാളിക്ക് പട്ടിയെ പിടിച്ചു കൊടുത്താലും പട്ടിയുടെ കടിയേറ്റാലും പണം !

ദൈവത്തിന്റെ നാടാവുന്നതിനേക്കാള്‍ ഗുണം ഡോഗ്‌സ്  ഓണ്‍ കണ്‍ട്രിയാകുന്നത് തന്നെയല്ലേ നമുക്ക് നല്ലത് !

വാല്‍ക്കഷണം : ചൊക്ലി പട്ടികളെ കൊണ്ട് വഴി നടക്കാന്‍ വയ്യാതാകുമ്പോള്‍ ആദ്യം അവയെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചു നോക്കും. എന്നിട്ടും പട്ടി കൂട്ടം വിട്ടു പോകുന്നില്ലെങ്കില്‍ എ.കെ.ജി സെന്ററിന്റെ മതിലില്‍ എറിഞ്ഞത്  പോലുള്ള ഏറുപടക്കം പൊട്ടിച്ചു  നോക്കും.  ഏറ്റവുമൊടുവില്‍ ചില പൊടികൈകള്‍ ഒക്കെ ചെയ്തു പട്ടിക്ക് പ്രിയപ്പെട്ട കോഴിയിറച്ചിയില്‍ അതൊക്കെ കലര്‍ത്തി പട്ടികള്‍ക്ക് തിന്നാന്‍ വെച്ചുകൊടുക്കും, ആ പട്ടികള്‍ ചത്തുവീഴും.  നാട്ടുകാരതിനെ മുഴുവന്‍ ഒരു കുഴി കുത്തി അതിലിട്ടു മൂടും.  ഇതാണ് നമ്മുടെ നാട്ടുനടപ്പ്. അതുതന്നെയാണ് കടുത്തുരുത്തിയിലെ മോന്‍സന്റെ പ്രജകളും ചെയ്തത്. കടുത്തുരുത്തിയിലെ മുളക്കുളത്ത്  അങ്ങനെ 12 പട്ടികളുടെ നിരന്തരമായ ശല്യം തീര്‍ന്നു കിട്ടി. അതിന്റെ പേരില്‍ കേസെടുക്കണമെന്നാണ് ഏതോ പട്ടിപ്രേമി പരാതിപ്പെട്ടിരിക്കുന്നത്. കുഴിച്ചിട്ട പട്ടികളെ മാന്തിയെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് അതിയാന്റെ ആവശ്യം. ലോകത്ത് എന്ത് നടന്നാലും മനസ്സ് അലിയാത്തവര്‍ക്ക്  പട്ടിയുടെ കാര്യത്തിലേ  കരളലിയൂ എന്നുവെച്ചാല്‍ നമുക്ക് എന്ത് ചെയ്യാനാകും. പക്ഷേ, നാട്ടുകാരുടെ പക്കല്‍ അതിനും  മരുന്ന് കാണില്ലേ, മാഷേ... 

കെ.എ ഫ്രാന്‍സിസ് 

Sudhir Panikkaveetil 2022-09-13 14:10:19
മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയതാണ് പട്ടികളുടെ നാടായിരുന്നു. ഏതോ ഒരു ഐ എ എസ ഓഫീസർ ടൂറിസത്തിന്റെ ചുമതലയുള്ളപ്പോൾ ന്യൂ സി ലാൻഡിൽ പോയി അവരുടെ നാടിന്റെ വിശേഷം അടിച്ച മാറ്റിയതാണ് God's own country". കേരളം ദൈവത്തിന്റെ നാടല്ല. ബലാൽസംഗക്കാരുടെ, നോക്കുകൂലിക്കാരുടെ, കൈകൂലിക്കാരുടെ ഗുണ്ടകളുടെ ഒക്കെ നാടാണെന്ന് പത്രങ്ങൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നു. എന്ത് ചെയ്താലും മിണ്ടാത്ത ദൈവത്തിന്റെ പേര് ചാർത്തികൊടുത്തതാനു. ഇനിമുതൽ "പട്ടികളുടെ നാട്" എന്നാകട്ടെ . നായകളുടെ എന്ന് വേണ്ട. തൃശ്ശർകാർക്ക് പട്ടി എന്ന് പറഞ്ഞാൽ bitch എന്നാണ്. അതേപോലെ പല ജില്ലക്കാർക്കും.നായ എന്ന് പറഞ്ഞു മേന്മ കൂട്ടണ്ട. പട്ടി മതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക