Image

വെയ്റ്റ്, ഞങ്ങൾ പോയി പഠിച്ചിട്ട് വരാം... കർണാടക ട്രാൻസ്പോർട്ട് ലാഭത്തിൽ; അതു പഠിക്കാൻ കേരളം (ദുർഗ മനോജ്)

Published on 13 September, 2022
വെയ്റ്റ്, ഞങ്ങൾ പോയി പഠിച്ചിട്ട് വരാം... കർണാടക ട്രാൻസ്പോർട്ട് ലാഭത്തിൽ; അതു പഠിക്കാൻ കേരളം (ദുർഗ മനോജ്)

രണ്ടുമാസം കൂടുമ്പോൾ ശമ്പളം കൊടുത്തും, കാശില്ല, അതുകൊണ്ട് അരി വാങ്ങാൻ കൂപ്പൺ തരാമെന്നു പറഞ്ഞും കെ എസ് ആർ ടി സി തൊഴിലാളികൾക്കു നേരെ സ്ഥാപനവും ഗവൺമെൻ്റും ആക്ഷേപം തുടരുന്നതിനിടയിലാണ് ഈ കൗതുകവാർത്ത പുറത്തു വന്നിരിക്കുന്നത്. കേരളത്തിലോടുന്ന ട്രാൻസ്പോർട്ട് ബസ്സുകൾ ഓട്ടം അവസാനിപ്പിക്കുമ്പോൾ നഷ്ടത്തിൽ മാത്രം കലാശിക്കുകയും, എന്നാൽ അതിർത്തി കടന്നാൽ, കർണാടകയുടെ സർവ്വീസുകൾ ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ഒന്നുപോലെ ലാഭത്തിലോടുന്നതിൻ്റെ പിന്നിലെ ഗുട്ടൻസ് തേടുകയാണ് കേരളത്തിലെ ധനവകുപ്പ്. അതിനായി ധനവകുപ്പ് ആസൂത്രണ ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി. സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം, നമശിവായം അധ്യക്ഷനായ സമിതിയെ ആണ് പഠനത്തിനു നിയോഗിച്ചിട്ടുള്ളത്. സർവ്വീസുകൾ, ടിക്കറ്റ് നിരക്ക്, മാനേജ്മെൻ്റ് രീതി തുടങ്ങിയവയാണ് പ്രധാനമായും പഠിക്കുക.

കർണാടകയിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രത്യേകമായാണ് കർണാടക എസ് ആർ ടി സി പ്രവർത്തിക്കുന്നത്. രണ്ടും രണ്ടാണെങ്കിലും രണ്ടും ലാഭത്തിലാണ് എന്നതിലാണ് കേരളത്തിൻ്റെ അതിശയം. അതു പഠിച്ച്, കേരളത്തിൽ അതെങ്ങനെ നടപ്പിൽ വരുത്താമെന്ന് ആലോചിച്ച് കണ്ടെത്തി നിർദ്ദേശങ്ങൾ സമർപ്പിക്കും. നിലവിൽ നഷ്ടത്തിൽ മൂക്കറ്റം മുങ്ങി നിൽക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷന് വല്ലപ്പോഴും ഇത്തിരി ജീവശ്വാസം സർക്കാർ ഖജനാവിൽ നിന്നും നൽകിക്കൊണ്ടാണ് നിലനിർത്തുന്നത്. ഓണത്തിനു കഞ്ഞി വയ്ക്കാനുള്ള അരി വാങ്ങാനെങ്കിലും സാധിക്കുമോ എന്നു സംശയിച്ചു നിന്നപ്പോഴാണ് സർക്കാർ കനിഞ്ഞ്, അടിയന്തിരമായി ഫണ്ട് അനുവദിച്ചതും ശമ്പളം കൊടുത്തതും. (അത് സർക്കാരിൻ്റെ ബാധ്യതയൊന്നുമല്ലെന്നു തൊഴിലാളികളെ സർക്കാർ പ്രത്യേകം ബോധ്യപ്പെടുത്തിയിട്ടുമുണ്ട്). ഇപ്പോൾ ജോലി ചെയ്താലും ശമ്പളം കിട്ടുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്ത അവസ്ഥയിലാണ് തൊഴിലാളികൾ ഉള്ളത്. അത്ഭുതങ്ങൾക്കായി കാത്തു നിൽക്കുകയാണവർ.

ഏതായാലും സമിതി പഠിച്ചിട്ടൊക്കെ വരട്ടെ. നിർദ്ദേശങ്ങൾ എഴുതി തയ്യാറാക്കി വയ്ക്കട്ടെ. നടപ്പിലാക്കുന്നതു പിന്നല്ലേ? മാത്രവുമല്ല പൊതുഗതാഗതം വളരെ വിശാലമായ വിഷയമല്ലേ? എവിടൊക്കെ ഇനി  പോയി പഠിക്കാൻ കിടക്കുന്നു. പഠിക്കാൻ കാശു കൊടുക്കുന്നതോ ധനവകുപ്പും, കാട്ടിലെ തടി, തേവരുടെ ആന... ന്നാലും വേണ്ടില്ല നന്നായാൽ മതിയായിരുന്നു.

KARNATAKA TRANSPORT

Join WhatsApp News
Sudhir Panikkaveetil 2022-09-14 01:33:57
പഠിക്കാൻ ഒന്നുമില്ല. അഞ്ചു വർഷത്തേക്ക് യൂണിയൻ നിരോധിക്കുക. ചട്ടങ്ങൾ അനുസരിച്ച ജോലിക്കാർ ജോലി ചെയ്യുക.ലാഭം ഉണ്ടാകുമ്പോൾ യൂണിയനെ നിയോഗിക്കാം പക്ഷെ ഇടപെടൽ ഉണ്ടാകരുതെന്ന വ്യവസ്ഥയിൽ. ഇനി ഇപ്പോൾ പഠനം എന്നും പറഞ്ഞു ഖജനാവിലെ കുറെ കാശു കളയും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക