ഓണ സ്മൃതി (കവിത: സുധ അജിത്)

Published on 14 September, 2022
ഓണ സ്മൃതി (കവിത: സുധ അജിത്)

ഓണസ്മൃതിയിൽകേരളമെങ്ങും
ഓണപ്പൂവിളി ഉയരുമ്പോൾ
ഓണത്തപ്പനെ വരവേൽക്കാനായ്-
ഓണത്തുമ്പികളണയുന്നൂ


ഓണത്തുമ്പികൾ കേരളമെങ്ങും
ഓരിതൾ തോറും പാറിപ്പാറി
ഓണത്തിൻ കഥയോതീടുന്നു -
ണ്ടോരോ മലരിൻ കാതുകളിൽ

ഈരടിയോരടി കേളികളാ-
ടിയൂഞ്ഞാൽപ്പാട്ടിൻ വരവായി
ആടിത്തിമിർക്കാനുണ്ണികളെത്തി
ഓരോ തരുവിൻ ചോടുകളിൽ

ഓണക്കളികളു ,മോണത്തല്ലും
ഓണക്കാഴ്ചകളായീടുന്നു
ണ്ടോടിവള്ളക്കളികളുമായ്-
ഓണത്തപ്പനു വരവേല്പ്.

പുത്തനുടുപ്പിട്ടുണ്ണികളെങ്ങും
പൂക്കളിറുക്കാൻ മലയേറി
പൂക്കുരവയിട്ടവരെത്തുന്നു -
പൂക്കളമലങ്കരിച്ചാമോദം

അത്തപ്പൂവിൻ നിസ്തുലകാന്തി -
തൃത്താപ്പൂവതിൻ മോഹനഭംഗി
നിത്യവുമെൻ പൂക്കളമതിലാ -
ചന്തം ചാർത്തും പൂവുകളെല്ലാം

പത്താം നാളിലറവാതിൽക്കൽ
കത്തും ദീപപ്രഭയല്ലോ
മെതിയടി , ഓലക്കുടയും -
ചൂടി മന്നനങ്ങെഴുന്നെള്ളുന്നു

ഓണത്തപ്പാ കുടവയറാ -
ഓടി വന്നമരൂപീഠത്തിൽ
ഓണവില്ലിന്നമ്പു കൊണ്ടീ
യോട്ടടയൊന്നു ഞാൻ നേദിക്കട്ടെ

പത്തു വെളുപ്പിനുണർന്നൂ ഞാൻ-
പത്തുകൂട്ടം ചോറും കറിയും
തൂശനിലയിൽ വിളമ്പീ, യന്നാ -
ഓണസ്സദ്യയൊരുക്കീടുന്നൂ

ഊണു കഴിഞ്ഞൂ കുംഭതടവീ-
ട്ടൂറിക്കൂടും മിഴിനീർ , മന്നൻ
ഊറിച്ചിരിച്ചൊന്നു , മറച്ചിട്ടോ -
തീടുന്നു "ണ്ടിനിയും കാണാം "

കഴിഞ്ഞുപോയൊരാ സുദിനങ്ങൾ
ഒഴിഞ്ഞ ഹൃത്തിന്നോർമ്മകളായ്
അടുത്തൊരാണ്ടിൽ കാണുവാനായ്
ആശയോടെന്നും കാക്കുക നാം ..

Gopalakrishnan Naduvathery 2022-09-15 12:21:35
Awesome. You have good future. Keep writing continuously. Never stop. All the best.
Sarala.D, Eravskara 2022-09-15 17:16:15
Goodvone
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക