MediaAppUSA

പെൺകിടാങ്ങളേ മാപ്പ് (ദുർഗ മനോജ് )

Published on 15 September, 2022
പെൺകിടാങ്ങളേ മാപ്പ് (ദുർഗ മനോജ് )

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഈ വാർത്ത വായിച്ച് തലയിൽ മുണ്ടിടാൻ ഓടണ്ട. ഭാഗ്യം! അതു കേരളത്തിലല്ല. അങ്ങ് ഉത്തർപ്രദേശിലാണ്. ഇനി ആശ്വാസത്തോടെ നെഞ്ചുംവിരിച്ച് വാർത്ത വായിക്കാം. അങ്ങ് ലഖ്നൗവിൽ പതിനേഴും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെ കരിമ്പിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. ഗ്രാമീണർ മൃതദേഹങ്ങൾ കണ്ടെത്തിയപ്പോൾ തന്നെ അത് കൊലപാതകമാണ് എന്ന് അധികൃതരെ അറിയിച്ചിരുന്നു. ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തു വന്നിരിക്കുന്നു, ലൈംഗികാതിക്രമത്തിനു ശേഷം കഴുത്തുഞെരിച്ചു കൊന്നതാണു കുട്ടികളെ എന്ന്. അതിൻ്റെ കാരണമാകട്ടെ, കുട്ടികൾ ലൈംഗികമായി പീഡിപ്പിച്ചവരോട് തങ്ങളെ വിവാഹം ചെയ്യണം എന്ന് ആവശ്യപ്പെട്ടതും.

വാർത്ത അവിടെ നിൽക്കട്ടെ, ഒരു ദിവസം ഭാരതത്തിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ എണ്ണം കേട്ടാൽ നമ്മൾ ഞെട്ടി മരിക്കണം. കാരണം ഭാരത തലസ്ഥാനത്തിൽ ദിവസം 6 റേപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടാത്തവയോ? ഈ 2022 ൻ്റെ ആദ്യ ആറു മാസത്തിൽ 1100 റേപ്പ് കേസുകളാണ് ദില്ലി പോലീസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങളെ ആകെ പരിഗണിച്ചാൽ രാജസ്ഥാനിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കണക്കുകളെ മാറ്റിനിർത്താം.
സ്ത്രീകളെ മാനസികമായി തകർക്കാൻ പറ്റിയ ഏറ്റവും ശക്തമായ ആയുധമായി പല പുരുഷന്മാരും ഇന്നും കരുതുന്നത് അവളെ ലൈംഗികമായി ആക്രമിക്കുക എന്നതാണ്. സ്ത്രീയെ കീഴ്പ്പെടുത്തി, മാനസികമായി ഒരു അടിമയാക്കി മാറ്റാനുള്ള എളുപ്പവഴി ഇതു തന്നെ എന്നു ചിന്തിക്കുന്നവർ സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ചു വർഷത്തിനു ശേഷവും ഇവിടെ നിലനിൽക്കുന്നു എന്നതിൽ ലജ്ജിക്കേണ്ടതില്ലേ? 
 യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത്? കാലം മുന്നേറുമ്പോൾ പീഡകർ പുതിയ മുറകൾ സ്വീകരിക്കുന്നു. പണ്ട് റേപ്പ് എന്നതു തന്നെ വലിയ അക്രമമായി കരുതിയിരുന്നെങ്കിൽ ഇന്ന്, ആ ക്രൂരതയ്ക്കു ശേഷം അവളുടെ പ്രാണനെടുത്താലേ തൃപ്തിയാകൂ എന്നായി മാറി. മുൻപ്, റേപ്പ് കേസുകളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറവായിരുന്നു. അതിനു ശേഷം, ഇര അപമാനത്താൻ ആത്മഹത്യ ചെയ്തിരുന്നതു മാറ്റി നിർത്തിയാൽ, ഒരു ക്രൂരതയുടെ തെളിവു നശിപ്പിക്കാൻ ഇരയെ അപ്പാടെ ഇല്ലാതാക്കുന്ന ചിന്ത ഇന്നത്തെ മാറിയ കാലത്തിൻ്റെ സംഭാവനയാണ്. വർഷങ്ങൾ കഴിയുംതോറും ആക്രമണത്തിലെ ക്രൂരത വർദ്ധിക്കുന്നതല്ലാതെ കുറയുന്നതായി കണക്കുകൾ പറയുന്നില്ല. 
അതാടൊപ്പം ഉണ്ടായ ഒരു മാറ്റം പ്രണയം സമം മരണം എന്നൊരു സമവാക്യം പുതുതായി രൂപംകൊണ്ടു എന്നതാണ്. മുൻ കാലങ്ങളിൽ പലരും പ്രണയിക്കും, ചിലത് വിവാഹത്തിൽ കലാശിക്കും, തൊണ്ണൂറ്റൊമ്പ തു ശതമാനവും കണ്ണീരും മൂക്കൊലിപ്പും നടത്തി വീട്ടുകാരു നടത്തുന്ന വിവാഹം സ്വീകരിച്ച് മുന്നോട്ടു പോകും. മിക്കവാറും കേസിലും കാമുകിമാർ ആദ്യം വിവാഹിതരാകുന്നതിനാൽ കാമുകന്മാർ താടിവളർത്തി, സിഗററ്റ് വലിച്ച് രണ്ട് വർഷം കഴിഞ്ഞ് സ്വന്തം ജീവിതം കെട്ടിപ്പൊക്കുകയും ചെയ്തിരുന്നു. അതിൽ ചില ദുർബല ചിത്തർ മാത്രം ജീവിതം സ്വയം തീർത്ത് മണ്ടന്മാരാവുകയും ചെയ്തുവന്നു. എന്നാൽ ഇന്നോ? മുട്ടേന്നു വിരിയാത്ത ഇരുപതുകാരൻ അമ്പതുകാരിയായ രണ്ടു മക്കളുടെ അമ്മയോട് പ്രണയം പറയുന്ന കാലം! എഴുപതുകാരൻ നാല്പതിലേറിയ പെണ്ണുങ്ങളുടെ പൂക്കാലമോർത്ത് സ്വപ്നം കാണുകയും, പ്രണയമാണെന്ന് പറയാൻ ധൈര്യപ്പെടുകയും ചെയ്യുന്നു. അതൊക്കെ പോട്ടെ, കാരണം അതിനൊക്കെ കാരണം സോഷ്യൽ മീഡിയ ആണല്ലോ എന്ന് സമാധാനിക്കാം. പക്ഷേ, കൂടെ പഠിച്ച പെൺകുട്ടി പ്രണയം പറഞ്ഞു എന്ന പേരിൽ അവളെ പിന്നീട് പെട്രോൾ ഒഴിച്ച് കത്തിക്കുന്ന, കഴുത്തിനു കുത്തിക്കൊല്ലുന്ന വികാരം എന്താണെന്നു മാത്രം മനസ്സിലാകുന്നില്ല. പിന്നെ ഒന്നുണ്ട്, ലൈംഗികാതിക്രമങ്ങളിൽ 80 % അടുത്തറിയുന്നവരിൽ നിന്നാണ് ഉണ്ടാകുന്നത് എന്നതിനു മാത്രമാണ് മാറ്റമൊന്നും സംഭവിക്കാത്തത്.
ഇനി വാർത്തയിലേക്കു വരാം.കേരളത്തിലും നമ്മൾ സാംസ്ക്കാരിക പ്രബുദ്ധർ കണ്ണടച്ചു മറന്നുകളഞ്ഞ രണ്ടു കുരുന്നുകളുടെ തൂങ്ങിയാടുന്ന ചിത്രമുണ്ട്. ആ വാർത്തയോടു ചേർത്ത് നമുക്ക് മുകളിലെ വാർത്തയും വായിക്കാം. ആദ്യം പ്രായപൂർത്തി ആകാത്ത കുട്ടികളോടു പ്രണയം ഭാവിച്ച്, ഒടുവിൽ അവൻ്റെ കൂട്ടുകാർക്കു മുന്നിൽ അവരെ ഇട്ടുകൊടുത്തു. വിവാഹം കഴിക്കണം എന്ന ആവശ്യം പെൺകുട്ടികൾ മുന്നോട്ടുവച്ചപ്പോൾ ശ്വാസം മുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി. എത്ര ലളിതമായി തെളിവു നശിപ്പിക്കുന്നു! പെൺകുട്ടികളെ കുറ്റം പറയാൻ പറ്റില്ല, ബലാൽസംഗ കേസിലെ പ്രതി, ഇരയെ വിവാഹം കഴിച്ചാൽ നീതി നടപ്പായി എന്ന നമ്മുടെയൊക്കെ ഒടുക്കത്തെ ഒരു ന്യായബോധമില്ലേ, അതേ ന്യായമാണ് പാവം ആ പെൺകുട്ടികളും മുന്നോട്ടുവച്ചത്. കൊന്നാൽ പാപം തിന്നാൽ തീരുമെന്ന് വിശ്വസിക്കുന്ന ജനങ്ങൾക്കിടയിൽ നിന്ന്, സ്വന്തം ശരീരത്തിൻ്റെ അവകാശത്തെക്കുറിച്ച് ആരാണ് ഈ കുട്ടികളെ ബോധവൽക്കരിക്കേണ്ടിയിരുന്നത്?
ആ പെൺകുട്ടികൾ ഇനി നീതി യാചിച്ച് ആർക്കു മുന്നിലും വരില്ല.അവർ നിഷ്ഠൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. പ്രതികളെ പിടികൂടിയിട്ടുണ്ട്. നിയമം അതിൻ്റെ വഴിക്ക് നീങ്ങട്ടെ,
പക്ഷേ, എൻ്റെ പെൺകുട്ടികളേ, നിങ്ങൾ ജാഗ്രത പുലർത്തുക. തേൻ പുരട്ടിയ വാക്കുകൾ, പിന്നീടു നിങ്ങളുടെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ദംഷ്ട്രങ്ങൾ ആകാതിരിക്കട്ടെ.

Sudhir Panikkaveetil 2022-09-15 14:22:39
ഭാരതത്തിനു നന്മ ആഗ്രഹിക്കുന്ന ജനങ്ങൾ സ്വാതന്ത്ര്യത്തിനായി സമരം ചെയ്യണം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു വിശ്വസിക്കാത്ത ആളുകളിൽ ഒരാളാണ് ഞാൻ. നമ്മൾ തിരഞ്ഞെടുക്കപ്പെട്ടവരുടെ അടിമകളാകുന്നതിനു മകുടോദാഹരണമല്ലേ മേനക ഗാന്ധിയെ പേടിച്ച് മനുഷ്യരെ ഉപദ്രവിക്കുന്ന പട്ടികളെ കൊല്ലാത്തതു. തിരുവായ്ക് എതിർവായില്ല എന്ന പണ്ടത്തെ അടിമത്തം. .പുതിയ തലമുറ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതണം. മുമ്പ് സായിപ്പിൽ നിന്നും സ്വാതന്ത്ര്യം .ഇനി രാഷ്ട്രീയക്കാരിൽ നിന്നും സ്വാതന്ത്ര്യം. അപ്പോൾ കുറ്റവാളികളെ ശിക്ഷിക്കാൻ നിയമമുണ്ടാകും. കുറ്റങ്ങൾ പെരുകുന്നത് ശിക്ഷ ഇല്ലാഞ്ഞിട്ടാണ്. മാതൃകാപരമായി ഒരാളെ ശിക്ഷിക്കു അപ്പോൾ കാണാം കുറ്റങ്ങൾ കുറയുന്നത്. ഒരു പ്രശസ്ത്ത നടിക്കുപോലും അഞ്ചു വർഷമായി നീതി കിട്ടിയില്ല. പിന്നെയാണോ സാധാരണ ജനങ്ങൾക്ക്. പെൺകുട്ടികൾക്ക് ആൺകുട്ടികളോട് പ്രണയവും ആകർഷണവും തോന്നും. അതിനു അവരെ ബലാൽസംഗം ചെയ്യുകയോ, കൊല്ലുകയോ ചെയ്യുന്നത് എങ്ങനെ ശരിയാകും. ഇതൊക്കെ തടയാൻ നിയമം വേണം. അതില്ലല്ലോ. അതുകൊണ്ടു പുരുഷന്മാർ കൂത്താടുന്നു എഴുത്തിലൂടെയുള്ള വിലാപങ്ങൾക്ക് ഒരു ദിവസത്തെ ആയുസ്സ് മാത്രം. രാഷ്ട്രീയക്കാർ ഇപ്പോൾ പെരുമാറുന്നത് രാജാക്കന്മാരെപോലെയാണ്. രാജാക്കന്മാർ ഭേദമായിരുന്നു. അതുകൊണ്ട് എഴുത്തുകാരെ അക്ഷര കരച്ചിൽ നിർത്തു ഭാരതത്തെ രാഷ്ട്രീയ അടിമത്തത്തിൽ നിന്നും മോചിപ്പിക്കു സ്വാതന്ത്ര്യം നേടൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക