Image

ഇ.പിയുടെ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍... ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 15 September, 2022
ഇ.പിയുടെ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍... ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉത്സവപ്പറമ്പില്‍ കയറുന്ന തെമ്മാടികളെ പോലെ സി.പി.എം വനിതാ എം.എല്‍.എമാരെ ഉപദ്രവിച്ചാല്‍ തങ്ങള്‍ കയ്യുംകെട്ടി നില്‍ക്കുമോ ? ഇ.പി ജയരാജന്‍ നിയമസഭ കയ്യാങ്കളിക്ക് പുതിയ വേര്‍ഷനുമായി... 

ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത്  തടയാന്‍ 2015 മാര്‍ച്ച് 13ന് നിയമസഭയില്‍ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി .ശിവന്‍കുട്ടി ഉള്‍പ്പെടെ ചിലര്‍ നടത്തിയ കൈയ്യാങ്കളി ചാനലില്‍ പലവട്ടം കണ്ടവരായ  നാം. ആ കഥ മറന്നോളു.  സംഭവിച്ചതെന്താണെന്ന് ഇ.പി ജയരാജന്‍ അതിന്റെ യഥാര്‍ത്ഥ കഥ ഏഴുവര്‍ഷത്തിനുശേഷം വെളിപ്പെടുത്തി. 

ഇന്നലെ കുറ്റപത്രം വായിച്ചു കേള്‍ക്കാനായി ആ കേസിലെ പ്രതികളായ ശിവന്‍കുട്ടി, കെ.ടി ജലീല്‍, കെ.അജിത്ത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവര്‍ ഹാജരായി. ഇ.പി ജയരാജന് വരാനൊത്തില്ല. കാരണം ദൃശ്യമാധ്യമങ്ങള്‍ ആണുപോലും. ഹാജരാകേണ്ടത് 14നോ 16നോ  ആണെന്ന കണ്‍ഫ്യൂഷന്‍ അവര്‍ ഉണ്ടാക്കി. ജയരാജന് ഹാജരാകാന്‍ അടുത്ത 26 ആണ് കോടതി പറഞ്ഞത്.  ദൃശ്യമാധ്യമങ്ങള്‍ ഈ മാസം ആണോ അടുത്തമാസം ആണോ എന്ന  ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും പാര്‍ട്ടി സംവിധാനം വെച്ച് ആ തീയതി വരുന്ന 26 തന്നെയാണെന്ന് ഇ.പി ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യം  സമ്മതിച്ചാല്‍ 26ന് തിങ്കളാഴ്ച ഇ.പിയും  കോടതിയിലെ  കുറ്റപത്രം വായിക്കുന്നത് കേള്‍ക്കും. കുറ്റം നിഷേധിക്കും. വെറുതെ നിഷേധിക്കുകയല്ല . 2.2 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കില്‍ അതിന്റെ കാരണക്കാര്‍ അന്നത്തെ ഭരണകക്ഷി ആണെന്നാണ് ഇ.പി സമര്‍ത്ഥിക്കുക. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അത് പൊടിക്ക് സമ്മതിച്ചില്ല. മാത്രമല്ല സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു കേസില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കേണ്ടയെന്നുമായി കോടതി. ഫിന്‍ലാന്‍ഡ്  യാത്രക്ക് കോട്ടും സ്യുട്ടും വാങ്ങിയ ശിവന്‍കുട്ടി മന്ത്രി കുറ്റം നിഷേധിച്ച ശേഷം മാധ്യമങ്ങളോട് ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആക്ഷേപിച്ചിട്ടുണ്ട്. നാശനഷ്ടം ഉണ്ടാക്കി എന്ന പരാമര്‍ശം കൂടുതല്‍ പരിശോധിക്കപ്പെടണം എന്നും അഭിപ്രായപ്പെട്ടു. 

ഇതിനിടെ സംഭവത്തിന്റെ  പേരില്‍ മറ്റൊരു ആക്ഷന്‍ കൂടി കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കുറ്റ്യാടി എം.എല്‍.എ ആയിരുന്ന കെ.കെ ലതികയെ മര്‍ദ്ധിച്ചുവന്ന കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന രണ്ടുപേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ട് . പലതവണ നിര്‍ദ്ദേശിച്ചിട്ടും ഹാജരാകാത്ത എ.എ വാഹിദ്, കെ.ടി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ്  കോടതിയുടെ മറ്റൊരു ആക്ഷന്‍. 

ഈ പശ്ചാത്തലത്തിലാണ് നിയമസഭയില്‍ അന്നു നടന്ന സംഭവങ്ങള്‍ ഇ.പി വിവരിക്കുന്നത്. ധനമന്ത്രി കെ.എം മാണി (ഇപ്പോള്‍ സി.പി.എമ്മിന്റെ കൂടെയുള്ള ജോസ് മോന്റെ അപ്പന്‍ മാണി തന്നെ) വലിയ കൈക്കൂലിക്കാരന്‍ ആയിരുന്നല്ലോ. കൈക്കൂലി എണ്ണി വാങ്ങാന്‍ വീട്ടില്‍ നോട്ടെണ്ണി യന്ത്രം വരെ വാങ്ങി വെച്ചവന്‍ ആണെന്ന ആരോപണം പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മറന്നു കളയാം. എത്ര കിട്ടിയാലും കാശിനോടുള്ള ആര്‍ത്തി തീരാത്ത ആ മനുഷ്യനെ പറ്റി പറഞ്ഞതും ഇപ്പോള്‍ വിഴുങ്ങാതെ  പറ്റില്ലല്ലോ. ഇ.പിയുടെ പുതിയ തിരക്കഥയില്‍ മാണി എന്ന മന്ത്രിയോ നിയമസഭാ സാമാജികനോ ഇല്ല .  സമാധാനപരമായി നടുത്തളത്തില്‍ മുദ്രാവാക്യം വിളിക്കുക മാത്രമാണ് താന്‍ അടക്കമുള്ള പ്രതിപക്ഷ എം.എല്‍.എമാര്‍ ചെയ്തത് എന്നാണ് ഇപ്പോള്‍ ആണയിട്ട് പറയുന്നത്. നാം  ടിവിയില്‍ കണ്ടതോ, ഉമ്മന്‍ചാണ്ടി സര്‍ക്കാരും പിണിയാളന്മാരും എഡിറ്റ് ചെയ്തത് ആയിക്കൂടേ ? ഇതിലും വലിയ തിരിമറികള്‍ സൈബര്‍ ടെക്‌നിക്കുകള്‍ നടക്കുന്ന ഈ കാലത്ത് അത് അസാധ്യമാണെന്നും ആര്‍ക്കും ഉറപ്പിച്ചു പറയാനാവില്ലല്ലോ. 

നമ്മളൊക്കെ കണ്ട ദൃശ്യത്തില്‍ ശിവന്‍കുട്ടിയെ അവശനിലയില്‍ നിയമസഭയില്‍നിന്ന് നീക്കുന്ന രംഗം കണ്ടില്ലേ? ബി.പി കൂടി വിയര്‍ത്തു അവശനായി എന്നൊക്കെ അല്ലേ അന്ന് പറഞ്ഞു കേട്ടത് . പക്ഷേ സംഭവിച്ചത് എന്താണെന്ന് ഇപ്പോള്‍ ഇ.പി  പറയും: ഭരണകക്ഷി എം.എല്‍.എമാര്‍ ശിവന്‍കുട്ടിയെ അടിച്ചും ഇടിച്ചും ബോധം കെടുത്തുകയായിരുന്നു. മാത്രമോ? തങ്ങളുടെ പക്ഷത്തുള്ള വനിതാ എം.എല്‍.എമാരുടെ തലയിലും അവിടെ ഇവിടെയും തൊടുകയും പിടിക്കുകയും ചെയ്തപ്പോള്‍ രക്ഷപ്പെടാന്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ കടിക്കേണ്ടതായി വന്നു . വാച്ച് ആന്‍ഡ് വാര്‍ഡിന്റെ അഴിഞ്ഞാട്ടം വേറെ. മസില്‍ പവര്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ ഒരു പ്രതിഷേധ സമരത്തെ അസംബ്ലിയിലെ കയ്യാങ്കളി ആക്കി മാറ്റിയത് കോണ്‍ഗ്രസ്സുകാരും കൂട്ടാളികളും ആയിരുന്നുവെന്ന് ഇ.പി സമര്‍ത്ഥിക്കുന്നു. 

ഒരു പ്രശ്‌നത്തിലും ഇ.പി ഇടപെടാറില്ല. ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ രണ്ട് പിള്ളേര്‍ പാഞ്ഞു വന്നപ്പോള്‍ ഒന്ന് തള്ളി. ഒരു വിമാനത്തില്‍ വച്ച് ഒരു അനിഷ്ട സംഭവം ഉണ്ടായാല്‍ ആ വിമാനക്കമ്പനിക്ക് മോശമല്ലേ? അതല്ലേ ഇന്‍ഡിഗോ കമ്പനിക്കാര്‍ നോക്കേണ്ടത് . പക്ഷേ അവര് ചെയ്തതോ? അക്രമികള്‍ക്ക് രണ്ട് ആഴ്ച യാത്രാവിലക്ക് അക്രമം തടഞ്ഞ ഇ.പിക്ക് മൂന്നാഴ്ച ! കോടതിയും ഏതാണ്ട് ഇങ്ങനെ തന്നെ. പ്രശ്‌നം മുഴുവന്‍ ഉണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയും കൂട്ടരും. അമ്പലപ്പറമ്പില്‍  റൗഡി പിള്ളേര്‍ ചെയ്യുന്നതു പോലെ തങ്ങളുടെ  വനിതാ എം.എല്‍.എമാരുടെ അവിടെയുമിവിടെയും തലയ്ക്കും മറ്റും തൊടുകയും പിടിക്കുകയും ചെയ്തവരെ തടഞ്ഞതാണ് ഇ.പിക്കും കൂട്ടുര്‍ക്കും  എതിരെയുള്ള പഴി. സഹികെട്ട് തങ്ങളുടെ കൂടെയുള്ള ഒരു വനിത എം.എല്‍.എയ്ക്ക്  ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ  കടിച്ചു രക്ഷപ്പെടേണ്ടി വരുന്ന ഒരു ഘട്ടം ഉണ്ടായാല്‍ അത് തടയേണ്ടേ ?  അപ്പോഴും ഇന്‍ഡിഗോ മുതലാളിമാര്‍ എടുത്ത നടപടിയാണ് കോടതി എടുക്കുന്നതില്‍ അത് ഇ.പി ചോദ്യം ചെയ്യുക തന്നെ ചെയ്യും. കളി കണ്ണൂര്‍ കണ്ണൂര്‍കാരോടോ ?  

വാല്‍ക്കഷണം:  ഭരണപക്ഷം എന്ത് ചെയ്താലും അത് കണ്ണടച്ച് പ്രതിപക്ഷം എതിര്‍ത്തോട്ടെ. ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത് എന്തിന്റെ സൂക്കേടാ? ഫിന്‍ലാന്‍ഡിലെ വിദ്യാഭ്യാസ വിപ്ലവം ലോകം മുഴുവന്‍ പാടിപ്പുകഴ്ത്തുന്നു  അത് എന്തെന്നറിയാന്‍ വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ സെക്രട്ടറിയും ബന്ധപ്പെട്ടവരും പോയി പഠിക്കുന്നത് നല്ല കാര്യം അല്ലേ ? മുണ്ടുമുറുക്കി ഉടുക്കാന്‍ ജനത്തോട് പറഞ്ഞു മന്ത്രിമാരും മറ്റും വിനോദയാത്രക്ക് പോവുകയാണെന്ന് വെറുതെ പ്രചരിപ്പിച്ചു  മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാക്കുന്നത് വേണ്ടാത്ത ആശയക്കുഴപ്പമേ  ഉണ്ടാക്കൂ.  ഈ യാത്രക്ക്  ഒരു സില്‍വര്‍ലൈന്‍ പദ്ധതിയുടെ ചെലവ് വരുമെന്ന് മട്ടിലായിപ്പോയി പ്രചാരണം. 

ഇതൊക്കെ ഇന്റര്‍നെറ്റില്‍ കാണാം എന്നാണ് ഇവരുടെ ന്യായം. എന്റെ മാഷെ, വിവരമുള്ളവര്‍ ഇന്റര്‍നെറ്റില്‍ കാണുകയും അതേ പറ്റി ചര്‍ച്ച നടത്തുകയും ചെയ്തത് കൊണ്ടാണ് ബന്ധപ്പെട്ടവര്‍ ഫിന്‍ലാന്‍ഡില്‍ പഠനത്തിനായി പോകുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ രവീന്ദ്രന്‍ മാഷും ഷാജഹാന്‍ എന്ന മുന്‍ മാധ്യമപ്രവര്‍ത്തകനും ഇതേപറ്റി ഇന്റര്‍നെറ്റില്‍ കുറെ കവടി നിരത്തി  നോക്കിയതാണ്. ഇപ്പോഴെങ്കിലും ഫിന്‍ലാന്‍ഡില്‍ പോകാനും പഠിക്കാനും തോന്നിയത് എത്ര നല്ല കാര്യം? വിദേശയാത്ര എന്ന് കേള്‍ക്കുമ്പോഴേക്കും അത് വിനോദയാത്ര ആണെന്ന് ആക്ഷേപിക്കുന്നവര്‍ക്കാണ് തെറ്റു പറ്റുന്നത്. കൃഷി ഉല്‍പ്പന്നങ്ങള്‍ക്ക് വാല്യം അഡിഷന്‍ വരുത്തി കര്‍ഷകരുടേയും ഉല്‍പാദകരുടെയും  വരുമാനം കൂട്ടുന്ന പല രാജ്യങ്ങളും ലോകത്തുണ്ട്. തായ്വാനിലും വിയറ്റ്‌നാമില്‍ പോലും മരച്ചീനി ഉല്‍പ്പാദകര്‍ക്ക് വര്‍ധിത  വരുമാനം ലഭിക്കാന്‍ അത് മിഠായി ആയും ബിസ്‌ക്കറ്റ് ആയും മറ്റും സഹകരണസംഘങ്ങള്‍ ഉണ്ടാക്കി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടാണ്. കേരം നിറഞ്ഞ കേരള നാട്ടിലെ കേരകര്‍ഷകര്‍ ഉപാദിപ്പിക്കുന്ന നാളികേരത്തിന് വില കൂട്ടി കിട്ടാന്‍ നമ്മുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ആ ശ്രമത്തില്‍ വിജയിച്ച നാട്ടില്‍ പോകുന്നതില്‍ എന്താണ് തെറ്റ്? 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക