Image

ഇതാ ഒരു യഥാർത്ഥ  രാജകുമാരി (ദുർഗ മനോജ്)

Published on 18 September, 2022
ഇതാ ഒരു യഥാർത്ഥ  രാജകുമാരി (ദുർഗ മനോജ്)

ശനിയാഴ്ച പുലർച്ചെയുള്ള ഷിഫ്റ്റിൽ ജോലിക്ക് എത്തിയതായിരുന്നു തമിഴ്നാട്, വെല്ലൂർ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാജകുമാരി. ഒപ്പിടുന്നതിനിടയിൽ പുറത്തു നിന്ന് ഒരു കരച്ചിൽ കേട്ടു. ശബ്ദം കേട്ട ദിക്കിലേക്ക് അവർ ഓടിച്ചെന്നു. നോക്കുമ്പോൾ ഒരു ഭിക്ഷാടക പ്രസവവേദനയിൽ പുളയുകയാണ്. അവളുടെ ഒപ്പം ഒരു ആറ് വയസ്സുള്ള ആൺകുട്ടിയുമുണ്ട്. രാജകുമാരി ഏതായാലും മടിച്ചു നിന്നില്ല, വേഗം തിരികെ സ്റ്റേഷനിലെത്തി, സബ് ഇൻസ്പെക്ടർ പത്മനാഭനേയും വനിതാ കോൺസ്റ്റബിൾ ശാന്തിയേയും സഹായത്തിനായി ഒപ്പം കൂട്ടി ഭിക്ഷാടകയുടെ പ്രസവം എടുത്തു. ഉടൻ തന്നെ അമ്മയേയും കുഞ്ഞിനേയും അടിയന്തിരമായി സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഭർത്താവ് ഉപേക്ഷിച്ചു പോയതുകൊണ്ടാണ് ജീവിക്കാൻ നിവർത്തിയില്ലാതെ ഭിക്ഷാടകയാകേണ്ടി വന്നത് എന്നാണ് യുവതി പറഞ്ഞത്. ഏതായാലും ആ യുവതിക്കും കുഞ്ഞിനും ആവശ്യമായ കാര്യങ്ങൾ നൽകിയ ശേഷമാണ് രാജകുമാരി മടങ്ങിയത്.

 പോലീസിനെതിരായി  പരാതികൾ ഉയർന്നുവരാറുള്ള ഈ കാലഘട്ടത്തിൽ ഇത്തരത്തിൽ അവസരോചിതമായി പ്രവർത്തിക്കുന്നവർ അന്യം നിന്നിട്ടില്ല എന്നത് ആശ്വാസകരമായ വാർത്തയാണ്. ഒരു പക്ഷേ, രാജകുമാരിയുടെ സമയോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ അമ്മയുടേയും കുഞ്ഞിൻ്റേയും ജീവൻ അപകടത്തിലാകുമായിരുന്നു. ഏതായാലും ഇപ്പോൾരാജകുമാരിയെത്തേടി അഭിനന്ദന പ്രവാഹമാണ്. ഒപ്പം, സ്ത്രീകൾ ഭിക്ഷാടനത്തിലേക്കു തിരിയേണ്ട അവസ്ഥ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന വസ്തുതയും നമ്മൾ ചിന്തിക്കേണ്ടതു തന്നെ. ഇനിയും ഭിക്ഷാടനം നിയന്ത്രിക്കാനാകുന്നില്ല എന്നത് നമ്മുടെ സാമൂഹിക നീതിയിലെ അസമത്വത്തെ തുറന്നു കാട്ടുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക