Image

പുത്തന്‍ ആവാസവ്യവസ്ഥയില്‍ ചീറ്റകള്‍ എത്രകാലം സംരക്ഷിക്കപ്പെടും?

ദുര്‍ഗ മനോജ് Published on 19 September, 2022
പുത്തന്‍ ആവാസവ്യവസ്ഥയില്‍ ചീറ്റകള്‍ എത്രകാലം സംരക്ഷിക്കപ്പെടും?

ഏറെ പ്രതീക്ഷയോടെ പുത്തന്‍ ആവാസവ്യവസ്ഥയിലേക്ക് ചീറ്റകള്‍ വന്നെത്തിക്കഴിഞ്ഞു. ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റകള്‍ കാലുകുത്തിയത് മാധ്യമങ്ങളും ആഘോഷമാക്കി. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടത്. എന്നാല്‍ പുതിയ ആവാസവ്യവസ്ഥയോട് ഇവ എങ്ങനെ പൊരുത്തപ്പെടും എന്നതാണ് പ്രധാന ആശങ്ക. പ്രമുഖ സംരക്ഷകനായ വാല്‍മിക് ഥാപ്പറുടെ അഭിപ്രായത്തില്‍, ചീറ്റകളുടെ പ്രധാന ശത്രുക്കളായ ഹൈനകളും പുള്ളിപ്പുലികളും നിറഞ്ഞ ഒരിടത്തേയ്ക്കാണ് ഇവയെ കൊണ്ടു വന്നിരിക്കുന്നത്. ഹൈനകള്‍ ചീറ്റകളെ ആക്രമിച്ചു കൊല്ലുക പതിവാണ്. കൂടാതെ നാഷണല്‍ പാര്‍ക്കിനു ചുറ്റുമുള്ള നൂറ്റമ്പതു ഗ്രാമങ്ങളില്‍ മിക്കവയിലും ചീറ്റകളെ കടിച്ചുകീറാന്‍ കഴിയുന്ന നായകളുണ്ട്. യഥാര്‍ത്ഥത്തില്‍ ചീറ്റകള്‍ വളരെ സൗമ്യരായ മൃഗമാണ്.


                             എന്തുകൊണ്ടാവും ഭൂമിയിലെ ഏറ്റവും വേഗതയേറിയ ചീറ്റപ്പുലികള്‍ക്ക് അതിന്റെ ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്തത് എന്നു ചോദിച്ചാല്‍, അവ അധിവസിച്ചു വന്നിരുന്ന സെറെന്‍ഗെറ്റി എന്ന ടാന്‍സാനിയയിലെ ദേശീയ ഉദ്യാനത്തിന്‍ വിസ്തൃതങ്ങളായ പുല്‍മേടുകള്‍ ധാരാളമുണ്ട്. അത്തരം പുല്‍മേടുകളിലാണ് ചീറ്റയ്ക്ക് അതിവേഗം കുതിച്ചു പായാന്‍ സാധിക്കുന്നത്. മാത്രവുമല്ല. മുപ്പതു സെക്കന്റ് സമയം മാത്രമേ ഈ അതിവേഗത സാധ്യമാകുകയും ഉള്ളൂ. അതിനു ശേഷം അമ്പേ തളരുന്ന ചീറ്റയെ മറ്റു മൃഗങ്ങള്‍ അനായാസം കീഴടക്കും. പലപ്പോഴും ചീറ്റ വേട്ടയാടിപ്പിടിക്കുന്ന ഭക്ഷണം മറ്റു മൃഗങ്ങളും വലിയ പക്ഷികളും വരെ തട്ടിയെടുക്കുന്നതും പതിവാണ്. 


                      മധ്യപ്രദേശിലെ കുനോ ഒരു വനപ്രദേശമാണ്. മരങ്ങള്‍ക്കിടയിലൂടെ അവയ്ക്ക് ഓടി ഇരതേടാനും പ്രയാസമുണ്ടാകും. അതു പോലെ കൃഷ്ണമൃഗങ്ങളുടെ അഭാവത്തില്‍ വലിയ കൊമ്പുകളുള്ള പുള്ളിമാനുകളെ വേട്ടയാടേണ്ട അവസ്ഥ വന്നാല്‍ അവയുടെ കൊമ്പ് കൊണ്ട് ഉണ്ടാകുന്ന ചെറിയ പരിക്കുകള്‍ പോലും ചീറ്റകള്‍ക്ക് മാരകമായി മാറിയേക്കാം.അതുപോലെ കടുവകളുടെ സാന്നിധ്യം കുനോയിലെ ചീറ്റയ്ക്ക് മറ്റൊരു ഭീഷണിയാണ്. ചിലപ്പോള്‍ രണ്‍തമ്പോറില്‍ നിന്നു പോലും കടുവകള്‍  ഇവിടെയെത്താറുണ്ട്. അവ വരുന്ന ഇടനാഴി അടക്കേണ്ടി വരും. യഥാര്‍ത്ഥത്തില്‍ ചീറ്റ ഒരു ''രാജകീയ വളര്‍ത്തുമൃഗമാണ്. ഒരു മനുഷ്യനെയും ഇതുവരേയും അവ കൊന്നിട്ടില്ല. വളരെ സൗമ്യവും, ദുര്‍ബലമായതുമാണ് ചീറ്റകള്‍. ഏതായാലും ചീറ്റകളെ കാണാന്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനായി കുറച്ചു നാള്‍ കാത്തിരിക്കണമെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്. അവ പ്രദേശവുമായി ഇണങ്ങുന്നതുവരെ, കുറച്ച് മാസങ്ങള്‍ കാത്തിരിക്കാനാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്.

വിനോദത്തിനായും അല്ലാതെയുമുള്ള വേട്ടയാടലും ആവാസ വ്യവസ്ഥയുടെ നാശവും കാരണം ഇന്ത്യയില്‍ നിന്ന് പൂര്‍ണ്ണമായും വംശനാശം സംഭവിച്ചു പോയ ഒരേയൊരു മാംസഭുക്കാണ് ചീറ്റ. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ല്‍ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജ്യത്ത് ചീറ്റയുടെ വംശനാശം സംഭവിച്ചതായി 1952 സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.മാനുകളെ വേട്ടയാടാനായി ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു. അക്ബറിന്റെ മകനായ ജഹാംഗീര്‍ ചീറ്റകളെ ഉപയോഗിച്ച് 400 കൃഷ്ണമൃഗങ്ങളെ പിടികൂടിയിട്ടുള്ളതായി സൂചനയുണ്ട്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നൂറിന്റെ ഏതാനും ഗുണിതങ്ങളില്‍ ഒതുങ്ങിയതോടെ രാജാക്കന്മാര്‍ വേട്ടയാടാനായി ആഫ്രിക്കയില്‍ നിന്ന് ഇവയെ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. 1918-നും 45-നും ഇടയില്‍ ഇത്തരത്തില്‍ 200 ചീറ്റകളെ ഇറക്കുമതി ചെയ്തതായാണ് കണക്ക്. ബ്രിട്ടീഷുകാര്‍ മടങ്ങിപ്പോകുകയും നാട്ടുരാജ്യങ്ങളെ സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തതോടെ ഈ വിനോദവും അതോടൊപ്പം ചീറ്റകളും ഇല്ലാതായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക