MediaAppUSA

എല്ലാറ്റിനും കാരണം രാഗേഷ് ഒരുത്തന്‍ ! ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 19 September, 2022
എല്ലാറ്റിനും കാരണം രാഗേഷ് ഒരുത്തന്‍ ! ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

മുഖ്യമന്ത്രി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷ് ഇത്രയും ഭീകരനാണോ? മുഖ്യനെയും ഗവര്‍ണറെയും തെറ്റിച്ചതിന് കാരണക്കാരന്‍ രാഗേഷ് മാത്രം! ഗവര്‍ണര്‍ക്ക് ജ്യോതിലാലിനോട് തോന്നിയ അതേ കലിയാണ ഇപ്പോള്‍ രാഗേഷിനോട് . 'ജ്യോതി പ്രയോഗം' നടത്തിയാല്‍ ഗവര്‍ണര്‍ തണുക്കുമോ ? പക്ഷെ പിന്നിലുള്ള ആര്‍.എസ്എസ് അതിനനുവദിക്കില്ലല്ലോ. 

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ നിയമനം ഇത്ര ശക്തിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എതിര്‍ത്തതിന് പിന്നിലെ രഹസ്യം ഇന്നാണ് കൃത്യമായി മറനീക്കി പുറത്തുവന്നത് ! മൂന്നുവര്‍ഷം മുമ്പ് കണ്ണൂരില്‍ നടന്ന ചരിത്രകാരന്മാരുടെ വിവാദ സമ്മേളനത്തില്‍ ബഹളം വെച്ചവര്‍ക്ക് എതിരെ പോലീസ് കേസെടുക്കാത്തത് പിന്നില്‍ പ്രവര്‍ത്തിച്ചതിന് നേതൃത്വം നല്‍കിയത്  കെ.കെ രാഗേഷ് എന്ന രാജ്യസഭാംഗമായിരുന്നു! അന്ന് നടന്ന സംഭവങ്ങളില്‍ മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണര്‍ക്ക് ഒരു സംശയമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ രാഗേഷിനെ  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതോടെ ആ സംശയം ബലപ്പെട്ടു. അതിനുശേഷമാണ് രാഗേഷിന്റെ  ഭാര്യ പ്രിയ വര്‍ഗീസിനെ  അനധികൃതമായി അവിട നിയമിക്കുന്നതിന് മുഖ്യന്‍ കൂട്ടുനില്‍ക്കുന്നത്. അന്ന് ബഹളം വെച്ച ഇര്‍ഫാന്‍ ഹബീബിനേക്കാള്‍ രാഗേഷിനോട് ആണ് ആരിഫ് മുഹമ്മദ് ഖാന് ഇപ്പോള്‍ അരിശം. 

ഗവര്‍ണര്‍ക്കെതിരെ 'വധശ്രമം' നടത്തിയതിന് ഇര്‍ഫാനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും പോലീസിന് പൂട്ടാമായിരുന്നു . ഏഴു വര്‍ഷവും തടവും ലഭിക്കുന്ന ശിക്ഷയാണിത്. ഗവര്‍ണറുടെ വേദിയില്‍ ഇരുന്നിരുന്ന രാഗേഷ്  ബഹളംവെച്ച ഇര്‍ഫാന്റെ കൂട്ടാളികളെ രക്ഷിക്കാന്‍  വേദിയില്‍നിന്ന് ഇറങ്ങിച്ചെന്ന് പോലീസിനെ തടഞ്ഞു. കഴിഞ്ഞദിവസം രാഗേഷിനെയും ഭാര്യയെയും പിണറായി ന്യായീകരിക്കുകയും കൂടി  ചെയ്തതോടെയാണ് എല്ലാ പതിവുകളും കീഴ്വഴക്കങ്ങളും ലംഘിച്ച് മുന്‍കൂട്ടി പ്രസ്താവിച്ചു  വലിയ ഒരുക്കത്തോടെ ആരിഫ് മുഹമ്മദ് ഖാന്‍ ഒരു പത്രസമ്മേളനം രാജ്ഭവനില്‍ ഇന്ന് വിളിച്ചുകൂട്ടിയത്. 

വെടിക്കെട്ട് കേമം : 

അനുനയിപ്പിക്കാന്‍ അവസാന നിമിഷം പിണറായി തന്റെ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയെ ഇറക്കിയിട്ടും ഗവര്‍ണര്‍ വഴങ്ങാതെ താന്‍ പ്രഖ്യാപിച്ച വെടിക്കെട്ട് ദൃശ്യങ്ങള്‍ കാണിച്ചും രേഖകള്‍ വെളിപ്പെടുത്തിയും ആഘോഷമായിത്തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് ചരിത്രമായി. ഇങ്ങനെ ഒരു നിലപാട് ഒരു ഗവര്‍ണര്‍ എടുക്കുന്നത് ഇതാദ്യം. എല്ലാത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍.എസ്എസും. ഇതോടെ  കോട്ടിട്ട  മോദിയും മുണ്ടുടുത്ത മോദിയും തമ്മിലുള്ള അന്തര്‍ധാരയും അവതാളത്തിലായി 

മോദിക്ക് തെറിയോ ? 

കേരളത്തില്‍ കോണ്‍ഗ്രസിനെ ശിഥിലമാക്കാന്‍ സി.പി.എമ്മിനെ സഹായിക്കുന്ന തന്ത്രമാണ് മോദി അനുവര്‍ത്തിച്ചതെങ്കിലും ആര്‍.എസ്എസ് സി.പി.എമ്മിനെ കാണുന്നത് അപകടകാരികളായിട്ട്  തന്നെയാണ്.  കണ്ണൂരില്‍ അവര്‍ തമ്മില്‍ നടന്ന പോരാട്ടങ്ങളില്‍ നിന്ന് കേരളത്തിലെ പ്രഥമ ശത്രു സി.പി.എം ആണെന്ന് മുന്‍പേ തിരിച്ചറിഞ്ഞതുമാണ്. പക്ഷേ കേരളത്തിലെ ഭരണം സുഗമമാക്കാന്‍ മോദിയുടെ സൗഹൃദം ഈ കാലയളവില്‍ പിണറായി പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടായിരുന്നു. അതിനു ഡി.ജി.പി  ആയിരുന്ന ബഹ്‌റയും ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാനും ഒരു പരിധി വരെ സഹായിച്ചിരുന്നു എന്നതും നേര് തന്നെ. അതെല്ലാം ആണ് ഇപ്പോള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ഇത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

കര്‍ണാടകയിലും :

സില്‍വര്‍ലൈനിന്റെ കാര്യത്തില്‍ പിണറായിക്ക് ഉണ്ടായിരുന്ന പ്രതീക്ഷ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ മുളയിലെ തന്നെ നുള്ളി കളഞ്ഞതിന് പിന്നിലും ആര്‍.എസ്എസ് തന്നെയാണെന്ന് പ്രവര്‍ത്തിച്ചത്. കൂടെ നില്‍ക്കുകയാണെന്ന് ഭാവിച്ച് പിണറായി കാര്യം നേരിടുകയാണെന്ന ഒരു ചിന്ത അഖിലേന്ത്യാ നേതാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന് കേന്ദ്രമന്ത്രി മുരളീധരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും നടത്തിവരുന്ന ക്യാമ്പയിന്‍  ഫലപ്രാപ്തിയില്‍ എത്തിത്തുടങ്ങിയത് അടുത്തകാലത്താണ്.

ഭരണ തലപ്പത്തെ രണ്ട് അധികാരസ്ഥാനത്ത് ഇരിക്കുന്നവര്‍ തമ്മില്‍ നടന്ന പോരാട്ടം നമ്മുടെ ഭരണ വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കി. മാത്രമല്ല സി.പി.എം നേതാക്കളും മന്ത്രിമാരും ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞു. വിമാനത്തില്‍ കയറി ബഹളമുണ്ടാക്കിയതിന് വിമാനക്കമ്പനിക്ക് യാത്രാവിലക്ക് നേരിടേണ്ടിവന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ആയ ഇ.പി ജയരാജനെയും രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട എം.എല്‍.എയായ ജലീലിനെതിരെയും പരാമര്‍ശവുമായി ആരിഫ് ഖാന്‍ കത്തിക്കയറി.

പിണറായിക്കെതിരെ : 

വി.സി പുനര്‍നിയമനത്തിന്  പിണറായി വഴി വിട്ടു തന്നെ രാജ്ഭവനില്‍ വന്നു സമ്മര്‍ദ്ദം ചെലുത്തി എന്ന ആരോപണമാണ് പിണറായിക്കെതിരെ ഉന്നയിച്ചത്. മുഖ്യന്‍  എഴുതിയ മൂന്നു കത്തുകളും കോപ്പിയെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കി. ചാന്‍സലര്‍ പദവി വീണ്ടും ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സമയത്ത് എഴുതിയ കത്തുകള്‍ ആയിരുന്നു മൂന്നും. വ്യക്തിപരമായി തനിക്ക്  ക്ഷീണം ഉണ്ടാക്കുന്നത് സഹിക്കാനാവില്ലെന്ന് ആയിരുന്നു പത്രസമ്മേളനത്തിന്റെ  ചുരുക്കം. അതോടൊപ്പം 1986 മുതല്‍ താനൊരു ആര്‍.എസ്എസുകാരന്‍ ആണെന്നും അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഇതേ ചൊല്ലി ആയി സി.പി.എം നേതാക്കളുടെ ബഹളം. എല്ലാം കൂടി കുളമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. 

ഇ.പി യുടെ വക : 

ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞപാടെ ഇ.പി ജയരാജന്റെ ഒരു വിലയിരുത്തല്‍ മാധ്യമ പ്രവര്‍ത്തകരോട് ഉണ്ടായതും  ജോറായി. ഗവര്‍ണര്‍ക്ക് ഭ്രാന്താണെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം. 
മന്ത്രി ശിവന്‍കുട്ടിക്ക് ഏഴ് വര്‍ഷം മുമ്പ് നടന്ന നിയമസഭ കയ്യാങ്കളിക്കിടെ സംഭവിച്ചത് എന്താണെന്ന് ഈയ്യിടെ ബോധ്യമായത് പോലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും  എന്തെങ്കിലും തിരിച്ചറിവ്  ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ചീഫ് സെക്രട്ടറി വി.പി ജോയ് തിരക്കിട്ട് വാര്‍ത്താ സമ്മേളനത്തിന് ഒരുങ്ങുന്നതിനിടയില്‍ 45 മിനിറ്റ് മുമ്പ് ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവര്‍ണറെ ക്ഷണിക്കാന്‍ പോയി എന്നാണല്ലോ ഔദ്യോഗിക ഭാഷ്യം. ക്ഷണം ഗവര്‍ണര്‍ സ്വീകരിച്ചോ? 

വാല്‍ക്കഷണം : സ്വപ്നയെ മുഖ്യനില്‍ നിന്നും ശിവശങ്കരന്‍ സാറില്‍ നിന്നും രക്ഷിക്കാന്‍ ജോലി നല്‍കി ആദ്യം അഭയം നല്‍കിയ പാലക്കാട്ടെ  എന്‍.ജി.ഒ , ഇ.ഡിയെ  സമീപിച്ചിരിക്കുകയാണ്. ചെമ്പു കേസില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി, ഭാര്യ കമല, മകള്‍ വീണ, എന്നിവരുടെ  മൊഴി എടുത്തില്ല എന്നാണ് അവരുടെ ചോദ്യം. ആര്‍.എസ്എസ് പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഇ.ഡി  അതിന് വഴങ്ങിയില്ലെങ്കില്‍ കോടതിയില്‍ പോകും പോലും ! 

കെ.എ ഫ്രാന്‍സിസ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക