Image

കയ്യടക്കമുള്ള ഗ്യാങ്സ്റ്റർ ത്രില്ലർ; വെന്ത് തനിന്തത് കാട് (മൂവി റിവ്യൂ)

ട്രൂ ക്രിട്ടിക് Published on 20 September, 2022
കയ്യടക്കമുള്ള ഗ്യാങ്സ്റ്റർ ത്രില്ലർ; വെന്ത് തനിന്തത് കാട് (മൂവി റിവ്യൂ)

റൊമാന്‍സ്, ത്രില്ലര്‍ എന്നീ ജോണറുകളെ തനിയെയും, സമന്വയിപ്പിച്ചും സിനിമകളെടുത്തിട്ട് വിസ്മയിപ്പിച്ചിട്ടുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. കാക്ക കാക്ക, വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായാ, വേട്ടയാട് വിളയാട് എന്നിവയെല്ലാം ഉദാഹരണങ്ങള്‍. എന്നാല്‍ അവസാനമായി പുറത്തുവന്ന അച്ചം യെണ്‍പത് മടമയെടാ, എന്നൈ നോക്കി പായും തോട്ട എന്നീ സിനിമകളിലെല്ലാം ഒരു ഗൗതം മേനോന്‍ ടച്ചും, അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് പൊതുവെ ഉണ്ടാകുന്ന ഒരു ഒഴുക്കും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ഗൗതം മേനോന്റെ ഏറ്റവും പുതിയ സിനിമയായ 'വെന്ത് തനിന്തത് കാട്' ഒരു പരിധി വരെ സ്വന്തം സ്റ്റൈലിനോട് ചേര്‍ത്ത് നിര്‍ത്തി അണിയിച്ചൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ചിലമ്പരശന്‍, സിദ്ദിഖ്, രാധികാ ശരത്കുമാര്‍, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നേരത്തെ തമിഴില്‍ തന്നെ നായകന്‍ പോലുള്ള ഒട്ടനവധി സിനിമകളില്‍ കണ്ട അതേ കഥാഗതിയാണ് ഇവിടെ ഗൗതം മേനോനും പിന്തുടരുന്നത്. ഒരു നാട്ടിന്‍പുറത്തെ സാധാരണക്കാരനായ മുത്ത് എന്ന മുത്ത് വീരന്‍ ബോംബെയില്‍ എത്തപ്പെടുന്നതും, അവിടുത്തെ സാഹചര്യങ്ങള്‍ പടിപടിയായി അയാളെ അധോലോകത്തിലെ കണ്ണിയാക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

രണ്ട് ഭാഗങ്ങളായാണ് ഗൗതം മേനോന്‍ ചിത്രം വിഭാവനം ചെയ്തിട്ടുള്ളത് എന്നതിനാല്‍ സ്ലോ പേസ് ആയാണ് 'വെന്ത് തനിന്തത് കാട്' വികസിക്കുന്നത്. അതില്‍ തന്നെ ഏറിയ പങ്കും അധോലോകസംഘത്തിലേയ്ക്ക് പതിയെ പ്രയാണം ചെയ്യുന്ന മുത്തിന്റെ ജീവിതമാണ് കാണിച്ചുതരുന്നത്. ഒപ്പം അയാളുടെ പ്രണയത്തിനും ആവശ്യത്തിന് സ്‌പേസ് നല്‍കിയിട്ടുണ്ട്. ഒരു പ്രത്യേകസന്ദര്‍ഭത്തില്‍ തോക്ക് ഉപയോഗിക്കേണ്ടി വരുന്നതോടെയാണ് മുത്ത് വിധിയുടെ വഴിയേ എന്ന പോലെ അധോലോകസംഘത്തിലെ പ്രധാന കണ്ണിയായി മാറുന്നതും, അത്തരത്തില്‍ വളരുന്നതും.

ഗോഡ്ഫാദര്‍ അടക്കമുള്ള ഹോളിവുഡ് സിനിമകളും, നായകനും, ഗുരുവും പോലുള്ള ഇന്ത്യന്‍ സിനിമകളും കണ്ട പ്രേക്ഷകരെ, നായകന്റെ ജീവിതം സ്ലോ പേസില്‍ ഫീല്‍ ചെയ്യിച്ചും, അവസാനത്തോട് അടുക്കുമ്പോഴുള്ള വില്ലന്മാരുടെ പ്ലാനിങ്ങിലെ കയ്യടക്കം കാണിച്ചുകൊണ്ടുമാണ് സിനിമ പിടിച്ചിരുത്തുന്നത്. ഒപ്പം അഞ്ച് വര്‍ഷത്തിന് ശേഷം ബോംബെയിലും ഇന്ത്യയിലെ മറ്റ് പല നഗരങ്ങളിലും സ്വാധീനമുള്ളയാളായി വളര്‍ന്ന മുത്ത് എന്ന അധോലാകനായകനെയും അവസാന നിമിഷങ്ങളില്‍ കാണിക്കുന്നുണ്ട്. ആ വളര്‍ച്ചയും, അതിനിടെ അയാള്‍ക്ക് സംഭവിച്ച നഷ്ടങ്ങളും, അയാളുടെ ഭാവിയുമെല്ലാമാകും രണ്ടാം ഭാഗത്തിലെ കാഴ്ചകളെന്ന സൂചനയും നല്‍കിക്കൊണ്ടാണ് 'വെന്ത് തനിന്തത് കാട്' അവസാനിക്കുന്നത്. ഇവയെല്ലാമാണ് ആകെത്തുകയില്‍ വലിയ പുതുമയുള്ള കഥ അല്ലാതായിട്ടും സിനിമയെ കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

മികച്ച അഭിനയപ്രകടനങ്ങള്‍, നല്ല ക്യാമറ, എഡിറ്റിങ്, കഥയ്‌ക്കൊപ്പം ഒഴുകുന്ന പശ്ചാത്തല സംഗീതം, ഒപ്പം നല്ല പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയാണ് സിനിമയിലെ എടുത്ത് പറയാവുന്ന കാര്യങ്ങള്‍. അതില്‍ തന്നെ സിംഗിള്‍ ഷോട്ടുകളായും, ഹാന്‍ഡ് ഹെല്‍ഡ് ഷോട്ടുകളായുമെല്ലാം ക്യാമറ ഉപയോഗിച്ചിരിക്കുന്നത് പലപ്പോഴും കഥ പറച്ചിലിന്റെ തീവ്രതയെ സഹായിച്ചിട്ടുണ്ട്. ചിലമ്പരശന്‍, നീരജ് മാധവ്, ജാഫര്‍ സാദിഖ് (റാവുത്തര്‍ എന്ന കഥാപാത്രം) എന്നിവര്‍ പ്രകനത്തില്‍ മികച്ച് നിന്നു. മൂന്ന് കാലഘട്ടങ്ങളിലായി മൂന്ന് തരം ശരീരഭാഷയുള്ള മുത്ത് എന്ന കഥാപാത്രത്തെ ചിലമ്പരശന്‍ ഗംഭീരമാക്കിയിരിക്കുന്നു.

എ ആര്‍ റഹ്മാന്റെ പാട്ടുകള്‍ സിനിമ കണ്ടിരിക്കുമ്പോള്‍ ഒഴുക്കിനൊപ്പം പോയവയാണ്. എന്നാല്‍ പിന്നീട് ഓര്‍ത്തെടുത്ത് മൂളുമോ എന്ന കാര്യം സംശയമാണ്.

പതിവ് ഗൗതം മേനോന്‍ സിനിമകളുടെ അത്രയും വരില്ലെങ്കിലും ഒരു ഗ്യാങ്‌സ്റ്റര്‍ സിനിമ എന്ന തരത്തില്‍ ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമയാണ് 'വെന്ത് തനിന്തത് കാട്.'

MOVIE VENTHU THANITHATHU KADU

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക